സ്ഥിതിവിവര, പദ്ധതി നിര്‍വഹണ മന്ത്രാലയം
ഇന്നോവേറ്റ് വിത്ത് GoIസ്റ്റാറ്റ്സ്’ ഹാക്കത്തോൺ പ്രഖ്യാപിച്ച് സ്ഥിതിവിവരക്കണക്ക്-പദ്ധതിനിർവഹണ മന്ത്രാലയം : ‘വികസിത ഭാരതത്തിനായി ഡാറ്റാ അധിഷ്ഠിത ഉൾക്കാഴ്ചകളു’മായി മുന്നോട്ടുവരാൻ യുവാക്കളെ ക്ഷണിക്കുന്നു
Posted On:
25 FEB 2025 9:42AM by PIB Thiruvananthpuram
‘വികസിത ഭാരതത്തിനായി ഡാറ്റാ അധിഷ്ഠിത ഉൾക്കാഴ്ചകൾ’ എന്ന വിഷയം കേന്ദ്രീകരിച്ച്, സ്ഥിതിവിവരക്കണക്ക്-പദ്ധതിനിർവഹണ മന്ത്രാലയം (MoSPI) “ഇന്നോവേറ്റ് വിത്ത് GoIസ്റ്റാറ്റ്സ്” എന്ന പേരിൽ ആവേശോജ്വലമായ ഡേറ്റ-വിഷ്വലൈസേഷൻ ഹാക്കത്തോണിനു തുടക്കം കുറിക്കുന്നു. ഡാറ്റ അടിസ്ഥാനത്തിൽ നൂതനമായ ഉൾക്കാഴ്ചകൾ സൃഷ്ടിക്കുന്നതിന്, നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിൽ (NSO) നിന്നുള്ള വിപുലമായ ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകൾ ഉപയോഗിക്കാൻ, വിദ്യാർത്ഥികളും ഗവേഷകരുമായ ഇന്ത്യയിലെ പ്രഗത്ഭരായ യുവാക്കളെ പ്രചോദിപ്പിക്കുക എന്നതാണ് ഹാക്കത്തോൺ ലക്ഷ്യമിടുന്നത്.
വികസിത ഭാരതത്തിലേക്കുള്ള യാത്രയിൽ തെളിവുകൾ അടിസ്ഥാനമാക്കിയുള്ള നയരൂപീകരണത്തെ പിന്തുണയ്ക്കുന്നതിനും ഫലപ്രദമായ ദൃശ്യ മാതൃകകൾ സൃഷ്ടിക്കുന്നതിനുമാണ് ഇതിലൂടെ ശ്രമിക്കുന്നത്. മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ ലഭ്യമായ ആനുകാലിക തൊഴിൽ ശക്തി സർവേ (PLFS), ഗാർഹിക ഉപഭോക്തൃ ചെലവ് സർവേ (HCES), വ്യവസായങ്ങളുടെ വാർഷിക സർവേ (ASI), ഉപഭോക്തൃ വില സൂചിക (CPI), മൊത്ത ആഭ്യന്തര ഉൽപ്പാദനം (GDP) തുടങ്ങിയ റിപ്പോർട്ടുകൾ, മൈക്രോഡാറ്റ, മറ്റ് ഡാറ്റാസെറ്റുകൾ എന്നിവയിൽ നിന്നുള്ള ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകൾ പര്യവേക്ഷണം ചെയ്യാനും വിശകലനം ചെയ്യാനും ഹാക്കത്തോണിൽ പങ്കെടുക്കുന്നവരെ മന്ത്രാലയം ക്ഷണിക്കുന്നു .പങ്കെടുക്കുന്നവർക്ക് ഡാറ്റാധിഷ്ഠിത നയ ഉൾക്കാഴ്ചകളിൽ ശക്തമായ അടിത്തറ സൃഷ്ടിക്കാനും ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകളുമായി പ്രായോഗിക അനുഭവം നേടാനും ഇതിലൂടെ കഴിയും.
2025 ഫെബ്രുവരി 25 മുതൽ 2025 മാർച്ച് 31 വരെ MyGov പ്ലാറ്റ്‌ഫോമിലാണ് ഹാക്കത്തോൺ നടക്കുക. ബിരുദ, ബിരുദാനന്തര അല്ലെങ്കിൽ ഗവേഷണ വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. വ്യവസായ, അക്കാദമിക മേഖലകളിൽ നിന്നുള്ള വിദഗ്ദ്ധരുടെ ഒരു മൂല്യനിർണ്ണയ പാനൽ തിരഞ്ഞെടുക്കുന്ന മികച്ച 30 എൻട്രികൾക്ക് സമ്മാനം ലഭിക്കും. ഒന്നാം സമ്മാനം 2 ലക്ഷം രൂപയാണ്.ഒരു ലക്ഷം വീതമുള്ള രണ്ട് രണ്ടാം സമ്മാനങ്ങൾ, 50,000 രൂപ വീതമുള്ള രണ്ട് മൂന്നാം സമ്മാനങ്ങൾ, 20,000 രൂപ വീതമുള്ള ഇരുപത്തിയഞ്ച് സമാശ്വാസ സമ്മാനങ്ങൾ എന്നിവ ലഭിക്കും.
ഡാറ്റ, വീക്ഷണവുമായി സംയോജിക്കുന്ന 'ഇന്നോവേറ്റ് വിത്ത് GoIസ്റ്റാറ്റ്സ്'-ൽ പങ്കെടുക്കുക.
കൂടുതൽ വിവരങ്ങൾക്കും രജിസ്റ്റർ ചെയ്യുന്നതിനും, ദയവായി ലിങ്ക് സന്ദർശിക്കുക:
https://innovateindia.mygov.in/goistats
SKY
(Release ID: 2106058)
Visitor Counter : 24