സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയം
azadi ka amrit mahotsav

ഫെബ്രുവരി 20 - ലോക സാമൂഹിക നീതി ദിനം

സമത്വവും സർവ്വാശ്ലേഷിത്വവും കൈവരിക്കുന്നതിൽ  ഇന്ത്യ പ്രതിജ്ഞാബദ്ധം

Posted On: 19 FEB 2025 6:54PM by PIB Thiruvananthpuram
ആമുഖം

ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും ഫെബ്രുവരി 20 ന് ആചരിക്കുന്ന ലോക സാമൂഹിക നീതി ദിനം, ദാരിദ്ര്യം, അവഗണന, തൊഴിലില്ലായ്മ എന്നിവ പരിഹരിക്കുന്നതിനുള്ള ആഗോള ആഹ്വാനമായി വർത്തിക്കുന്നു. ഒപ്പം ജനസമൂഹങ്ങൾക്കുള്ളിലും ജനസമൂഹങ്ങൾക്കിടയിലും ഉള്ള ഐക്യം, മൈത്രി, അവസര സമത്വം എന്നിവ പ്രോത്സാഹിപ്പിക്കുകയും ദിനാചരണത്തിന്റെ ലക്ഷ്യങ്ങളാണ്. ലോക സാമൂഹിക നീതി ദിനത്തിന്റെ ആദർശങ്ങൾക്ക് അനുപൂരകമായി, കേന്ദ്ര സാമൂഹിക നീതി, ശാക്തീകരണ മന്ത്രാലയം (MoSJE) നിയമനിർമ്മാണ പരിഷ്കാരങ്ങൾ, അടിസ്ഥാനതല ശാക്തീകരണം, ആഗോള പങ്കാളിത്തം എന്നിവയിലൂടെ സാമൂഹിക-സാമ്പത്തിക അസമത്വങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കിയിട്ടുണ്ട്.

പശ്ചാത്തലവും ആഗോള സാഹചര്യവും

2007 നവംബർ 26 ന് നടന്ന 62-ാമത് സമ്മേളനത്തിൽ ഐക്യരാഷ്ട്രസഭയുടെ പൊതുസഭ (UNGA) നിശ്ചയിച്ച പ്രകാരം, 2009 ലെ 63-ാമത് സമ്മേളനം മുതൽ എല്ലാ വർഷവും ഫെബ്രുവരി 20 ന് ലോക സാമൂഹിക നീതി ദിനമായി ആചാരിച്ചു പോരുന്നു. രാജ്യങ്ങൾക്കുള്ളിലും രാജ്യങ്ങൾക്കിടയിലും സമാധാനവും സുരക്ഷയും ഉറപ്പാക്കുന്നതിനും നിലനിർത്തുന്നതിനും സാമൂഹിക വികാസവും സാമൂഹിക നീതിയും അനിവാര്യമാണെന്ന തിരിച്ചറിവിൽ നിന്നാണ് ദിനാചരണം ഉടലെടുത്തത്. സമാധാനം, സുരക്ഷ എന്നിവ ഉറപ്പാക്കാതെയും മനുഷ്യാവകാശങ്ങളെയും മൗലിക സ്വാതന്ത്ര്യങ്ങളെയും ബഹുമാനിക്കാതെയും  സാമൂഹിക നീതി കൈവരിക്കാനാവില്ലെന്ന് ദിനാചരണം ഓർമ്മിപ്പിക്കുന്നു.

2008-ൽ അംഗീകരിച്ച, 'നീതിയുക്തമായ ആഗോളവത്ക്കരണത്തിനായുള്ള സാമൂഹിക നീതി വിളംബര' ത്തിലൂടെ സാമൂഹിക നീതി പ്രോത്സാഹിപ്പിക്കുന്നതിൽ അന്താരാഷ്ട്ര തൊഴിൽ സംഘടന (ILO) നിർണായക പങ്ക് വഹിച്ചു. അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ മുൻ പ്രഖ്യാപനങ്ങളുടെ ചുവട് പിടിച്ചാണ് ഈ പ്രസ്താവനയും. മാന്യമായ തൊഴിൽ എന്ന അജണ്ടയാണ് സംഘടനയുടെ നയങ്ങളുടെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിച്ചിരിക്കുന്നത്.

വികസനവും മനുഷ്യന്റെ അന്തസ്സും ഉയർത്തിപ്പിടിക്കുന്നതിനുള്ള ഐക്യരാഷ്ട്രസഭയുടെ വിശാലമായ ദൗത്യത്തിന് അനുപൂരകമായും ഈ ദിനം വർത്തിക്കുന്നു. 2009-ൽ ആരംഭിച്ച സോഷ്യൽ പ്രൊട്ടക്ഷൻ ഫ്ലോർ പോലുള്ള സംരംഭങ്ങൾ, എല്ലാവർക്കും അടിസ്ഥാന സാമൂഹിക അവകാശങ്ങൾ ഉറപ്പാക്കുന്നതിനുള്ള ഐക്യരാഷ്ട്രസഭയുടെ പ്രതിബദ്ധത ഊട്ടിയുറപ്പിക്കുന്നു. ലോക സാമൂഹിക നീതി ദിനം പ്രധാനപ്പെട്ട ഒട്ടേറെ തത്വ സംഹിതകളും ഉദ്ദേശ ലക്ഷ്യങ്ങളും ഉയർത്തിക്കാട്ടുന്നു.

സാമൂഹിക നീതിയുടെ ഇന്ത്യയിലെ പരിണാമം

2009 മുതൽ ഇന്ത്യ ലോക സാമൂഹിക നീതി ദിനം ആചരിച്ചു പോരുന്നു. ചരിത്രപരമായ പോരാട്ടങ്ങൾ, ഭരണഘടനാപരമായ ബാധ്യതകൾ, നയപരമായ സംഭവവികാസങ്ങൾ എന്നിവയാൽ സ്വാധീനിക്കപ്പെട്ട, ക്രമാനുഗതവും എന്നാൽ പുരോഗമനപരവുമായ പ്രക്രിയയാണ് ഇന്ത്യയിലെ സാമൂഹിക നീതിയുടെയും ശാക്തീകരണത്തിന്റെയും പരിണാമം.  സാമൂഹിക നീതിയുടെയും ശാക്തീകരണത്തിന്റെയും ദർശനം സമസ്ത പൗരന്മാർക്കും, വിശിഷ്യാ, പാർശ്വവത്ക്കരിക്കപ്പെട്ട സാമൂഹിക വിഭാഗങ്ങൾക്ക് സമത്വം, അന്തസ്സ്, നീതി എന്നിവ ഉറപ്പാക്കുന്നതിനായി ഭരണഘടന വിഭാവനം ചെയ്ത ദർശനത്തിലും ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രസ്ഥാനങ്ങളിലും ആഴത്തിൽ വേരൂന്നിയിരിക്കുന്നു.

സാമൂഹിക അസമത്വങ്ങൾ ഇല്ലാതാക്കുന്നതിനും പിന്നാക്ക വിഭാഗങ്ങളുടെ ക്ഷേമം ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടുള്ള വിവിധ വ്യവസ്ഥകളിലൂടെ സാമൂഹിക നീതിക്കും ശാക്തീകരണത്തിനും ഇന്ത്യൻ ഭരണഘടന ശക്തമായ അടിത്തറ പാകിയിട്ടുണ്ട്.

സാമൂഹിക നീതിയും ശാക്തീകരണവും സംബന്ധിച്ച പ്രധാന ഭരണഘടനാ വ്യവസ്ഥകൾ

ആമുഖം

ഭരണഘടനയുടെ ആമുഖം സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ നീതി ഉറപ്പാക്കുന്നു. പദവിയിലും അവസരത്തിലും തുല്യത ഉറപ്പുനൽകുന്നു, വ്യക്തിഗത അന്തസ്സും ദേശീയ ഐക്യവും ഉയർത്തിപ്പിടിച്ച് സാഹോദര്യത്തെ പ്രോത്സാഹിപ്പിക്കുന്നു. വിവേചനരഹിതവും നീതിയുക്തവും സർവ്വാശ്ലേഷിയുമായ സമൂഹത്തിന് ആമുഖം അടിത്തറ പാകുന്നു.

മൗലികാവകാശങ്ങൾ (ഭാഗം III)

അനുച്ഛേദം 23 മനുഷ്യക്കടത്തും നിർബന്ധിത ജോലിയും നിരോധിക്കുന്നു. അത്തരം പ്രവൃത്തികൾ നിയമപ്രകാരം ശിക്ഷാർഹമാക്കുന്നു. അനുച്ഛേദം 24 അപകടകരമായ തൊഴിലുകളിൽ ബാലവേല നിരോധിക്കുകയും കുട്ടികളുടെ സുരക്ഷയ്ക്കും വിദ്യാഭ്യാസത്തിനുമുള്ള അവകാശങ്ങൾ സംരക്ഷിക്കുകയും ചെയ്യുന്നു. ഈ അവകാശങ്ങൾ ദുർബല വിഭാഗങ്ങളെ ചൂഷണങ്ങളിൽ നിന്ന് സംരക്ഷിക്കുന്നു.

നിർദ്ദേശക തത്വങ്ങൾ (ഭാഗം IV)

നിയമപരമായി നടപ്പിലാക്കാൻ ബാധ്യതയില്ലെങ്കിലും, ഭരണനിർവ്വഹണത്തിൽ നിർദ്ദേശക തത്വങ്ങൾ അനിവാര്യമാണെന്ന് അനുച്ഛേദം 37 വ്യക്തമാക്കുന്നു. സാമൂഹികവും സാമ്പത്തികവുമായ അസമത്വം കുറച്ചു കൊണ്ടുവരണമെന്ന് അനുച്ഛേദം 38 നിർദ്ദേശിക്കുന്നു. അനുച്ഛേദം 39 തുല്യ ഉപജീവനമാർഗ്ഗം, ന്യായമായ വേതനം, ചൂഷണത്തിൽ നിന്നുള്ള സംരക്ഷണം എന്നിവ ഉറപ്പാക്കുന്നു. അനുച്ഛേദം 39A പിന്നാക്കം നിൽക്കുന്നവർക്ക് സൗജന്യ നിയമസഹായം ഉറപ്പുനൽകുന്നു. വിവേചനം തടയുന്നതിനായി,  പട്ടികജാതി, പട്ടികവർഗ, ദുർബല വിഭാഗങ്ങൾക്ക് പ്രത്യേക വിദ്യാഭ്യാസ, സാമ്പത്തിക പ്രോത്സാഹനം അനുച്ഛേദം 46 ഉറപ്പു നൽകുന്നു.

1985-86 ൽ, ക്ഷേമ മന്ത്രാലയം വനിതാ-ശിശു വികസന വകുപ്പായും ക്ഷേമ വകുപ്പായും വിഭജിക്കപ്പെട്ടു, ആഭ്യന്തര, നിയമ മന്ത്രാലയങ്ങളിൽ നിന്നുള്ള ചില വിഭാഗങ്ങളെയും ഇതിൽ ഉൾപ്പെടുത്തി. പിന്നീട് 1998 മെയ് മാസത്തിൽ ഇത് സാമൂഹിക നീതി,  ശാക്തീകരണ മന്ത്രാലയം എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു.

പാർശ്വവത്ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ വളർച്ചയ്ക്കും വികസനത്തിനും മതിയായ പിന്തുണ ഉറപ്പാക്കി ഉത്പാദനക്ഷമവും സുരക്ഷിതവും മാന്യവുമായ ജീവിതം നയിക്കാൻ കഴിയുന്ന സർവ്വാശ്ലേഷിയായ ഒരു സമൂഹം കെട്ടിപ്പടുക്കുക എന്നതാണ് സാമൂഹിക നീതി, ശാക്തീകരണ മന്ത്രാലയം വിഭാവനം ചെയ്യുന്നത്. വിദ്യാഭ്യാസ, സാമ്പത്തിക, സാമൂഹിക വികസന പരിപാടികളിലൂടെയും ആവശ്യമെങ്കിൽ പുനരധിവാസ സംരംഭങ്ങളിലൂടെയും ഈ വിഭാഗങ്ങളെ ശാക്തീകരിക്കാൻ മന്ത്രാലയം ശ്രമിക്കുന്നു.

2025-26 ലെ കേന്ദ്ര ബജറ്റ് ഈ പ്രതിബദ്ധത വ്യക്തമായി പ്രതിഫലിപ്പിക്കുന്നു. ക്ഷേമ പദ്ധതികൾ പരമാവധിപേരിൽ എത്തുന്നുവെന്ന് ഉറപ്പാക്കുന്നതിനായി 2024-25 നെ അപേക്ഷിച്ച് 6 ശതമാനം വർദ്ധനവോടെ 13,611 കോടി രൂപ മന്ത്രാലയം അനുവദിച്ചു.

പട്ടികജാതി വിഭാഗങ്ങൾ, പിന്നാക്ക വിഭാഗങ്ങൾ, മുതിർന്ന പൗരന്മാർ, മദ്യപാനം, ലഹരിവസ്തുക്കൾ എന്നിവയുടെ  ഇരകളായവർ, ഭിന്നലിംഗക്കാർ (2019 ലെ ഭിന്നലിംഗ വ്യക്തി അവകാശ സംരക്ഷണ നിയമം),   ഭിക്ഷാടനത്തിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തികൾ, വിജ്ഞാപനം ചെയ്യപ്പെടാത്തവർ, നാടോടി ഗോത്രങ്ങൾ (DNT-കൾ), സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾ (EBC-കൾ), സാമ്പത്തിക ദുർബല വിഭാഗങ്ങൾ (EWS) എന്നിവയുൾപ്പെടെ സാമൂഹികമായും, വിദ്യാഭ്യാസപരമായും, സാമ്പത്തികമായും പാർശ്വവത്ക്കരിക്കപ്പെട്ട സമൂഹങ്ങളെ ഉന്നതിയിലേക്ക് നയിക്കുന്നതിൽ വകുപ്പ് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ലക്ഷ്യവേധിയായ നയങ്ങളിലൂടെയും ഇടപെടലുകളിലൂടെയും, സമൂഹത്തിൽ സമത്വവും സർവ്വാശ്ലേഷിത്വവും വളർത്തിയെടുക്കുക എന്നതാണ് പ്രധാന ലക്ഷ്യം.

കേന്ദ്ര സർക്കാരിന്റെ പ്രധാന സംരംഭങ്ങൾ

1. പ്രധാനമന്ത്രി അനുസൂചിത് ജാതി അഭ്യുദയ യോജന (PM-AJAY)

2021-22 ൽ ആരംഭിച്ച പദ്ധതിയിൽ, പട്ടികജാതി ഭൂരിപക്ഷമുള്ള ഗ്രാമങ്ങളിലെ നൈപുണ്യ വികസനം, വരുമാന വർദ്ധന, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിലൂടെ പട്ടികജാതി സമൂഹങ്ങളെ ഉന്നതിയിലേക്ക് നയിക്കാനുള്ള  മൂന്ന് പദ്ധതികൾ ഉൾക്കൊള്ളുന്നു.  മൂന്ന് ഘടകങ്ങളാണ് ഇതിലുള്ളത് : ആദർശ് ഗ്രാമ വികസനം, സാമൂഹിക-സാമ്പത്തിക പദ്ധതികൾക്കുള്ള ഗ്രാന്റ്-ഇൻ-എയ്ഡ്, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹോസ്റ്റൽ നിർമ്മാണം എന്നിവ. 2024 ജനുവരി 1 മുതൽ, 5,051 ഗ്രാമങ്ങളെ ആദർശ് ഗ്രാമങ്ങളായി പ്രഖ്യാപിച്ചു, 3,05,842 പേർക്ക് പ്രയോജനം ലഭിക്കുന്ന 1,655 പദ്ധതികൾ അനുവദിച്ചു. 38 ഹോസ്റ്റലുകൾക്കായി ₹26.31 കോടി അനുവദിച്ചു.

2. നിർദ്ദിഷ്ട പ്രദേശങ്ങളിലെ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കുള്ള റെസിഡൻഷ്യൽ വിദ്യാഭ്യാസ പദ്ധതി (SRESHTA)

ഗ്രാന്റ്-ഇൻ-എയ്ഡ് സ്ഥാപനങ്ങളെയും ഉന്നത നിലവാരമുള്ള റെസിഡൻഷ്യൽ സ്കൂളുകളെയും പിന്തുണച്ചുകൊണ്ട് പട്ടികജാതി ഭൂരിപക്ഷ മേഖലകളിലെ സേവന പരിമിതികൾ നികത്തുക എന്നതാണ് SHRESHTA പദ്ധതി ലക്ഷ്യമിടുന്നത്. സിബിഎസ്ഇ/സംസ്ഥാന ബോർഡുകളോട് അനുബദ്ധമായി പ്രവർത്തിക്കുന്ന മികച്ച സ്വകാര്യ സ്കൂളുകളിൽ 9, 11 ക്ലാസുകളിലെ പട്ടികജാതി വിദ്യാർത്ഥികൾക്ക്  സാമ്പത്തിക സഹായത്തോടെ 12 ക്ലാസ് വരെ പഠനം ഉറപ്പാക്കുന്നു. കൂടാതെ, മതിയായ അടിസ്ഥാന സൗകര്യങ്ങളും മികച്ച അക്കാദമിക നിലവാരവുമുള്ള റെസിഡൻഷ്യൽ, നോൺ റെസിഡൻഷ്യൽ സ്കൂളുകളും ഹോസ്റ്റലുകളും നടത്തുന്നതിന്  എൻ‌ജി‌ഒകൾ/വി‌ഒകൾക്കും ധനസഹായം നൽകുന്നു. ഇത് പട്ടികജാതി സമൂഹങ്ങളുടെ സാമൂഹിക-സാമ്പത്തിക ഉന്നമനം ഉറപ്പാക്കുന്നു.

3. പർപ്പിൾ ഫെസ്റ്റുകൾ

2023 മുതൽ സാമൂഹിക നീതി, ശാക്തീകരണ മന്ത്രാലയത്തിലെ ഭിന്നശേഷി ശാക്തീകരണ വകുപ്പ് (DEPwD) പർപ്പിൾ ഫെസ്റ്റുകൾ (ഫെസ്റ്റിവൽ ഓഫ് ഇൻക്ലൂഷൻ) സംഘടിപ്പിച്ചുവരുന്നു. 2024-ൽ, 10,000-ത്തിലധികം ദിവ്യാംഗർക്കും അവരെ അനുധാവനം ചെയ്യുന്നവർക്കും ഈ പരിപാടി സ്വാഗതമേകി. പർപ്പിൾ ഫെസ്റ്റുകൾ ഐക്യവും പരസ്പര ബഹുമാനവും വളർത്തുന്നു. സ്വീകാര്യത, അന്തസ്സ്, തുല്യ അവസരം തുടങ്ങിയ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നു. ഈ പരിപാടിയിൽ  ഹോം കെയർ പിന്തുണ ലക്ഷ്യമിട്ട് ടാറ്റ പവർ കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് ട്രസ്റ്റും ഇന്ത്യ ന്യൂറോഡൈവേഴ്‌സിറ്റി പ്ലാറ്റ്‌ഫോമും തമ്മിലുള്ള സഹകരണം, എല്ലാവർക്കും സഹായകമായ ആശയവിനിമയം പ്രോത്സാഹിപ്പിക്കുന്നതിനായി മനോഭാവത്തിലെ പ്രശ്നങ്ങളെയും വൈകല്യ സംവേദനക്ഷമതയുള്ള ഭാഷയെയും സംബന്ധിച്ച കൈപ്പുസ്തകം, അമേരിക്കൻ ഇന്ത്യൻ ഫൗണ്ടേഷനും സാമൂഹിക നീതി വകുപ്പും ചേർന്ന് സംഘടിപ്പിക്കുന്ന 25 രാജ്യവ്യാപക തൊഴിൽ മേളകൾ  ഉൾപ്പെടെയുള്ള സുപ്രധാന സംരംഭങ്ങൾക്ക് തുടക്കം കുറിച്ചു.

4. നാഷണൽ ആക്ഷൻ ഫോർ മെക്കനൈസ്ഡ് സാനിറ്റേഷൻ ഇക്കോസിസ്റ്റം (NAMASTE)

സാമൂഹിക നീതി,  ശാക്തീകരണ മന്ത്രാലയത്തിന്റെയും (MoSJ&E) ഭവന, നഗരകാര്യ മന്ത്രാലയത്തിന്റെയും (MoHUA) സംയുക്ത സംരംഭമായി 2023-24 സാമ്പത്തിക വർഷത്തിൽ ആരംഭിച്ച ഒരു കേന്ദ്ര പദ്ധതിയാണ് നാഷണൽ ആക്ഷൻ ഫോർ മെക്കനൈസ്ഡ് സാനിറ്റേഷൻ ഇക്കോസിസ്റ്റം (NAMASTE). നാഗരിക ഇന്ത്യയിലെ ശുചിത്വ തൊഴിലാളികളുടെ സുരക്ഷ, അന്തസ്സ്, സുസ്ഥിരമായ ഉപജീവനമാർഗ്ഗം എന്നിവ ഉറപ്പാക്കുകയാണ്  പദ്ധതിയുടെ ലക്ഷ്യം. തോട്ടിപ്പണി ചെയ്തിരുന്നവരുടെ പുനരധിവാസത്തിനായുള്ള സ്വയം തൊഴിൽ പദ്ധതിയുടെ (SRMS) നല്ലവശങ്ങൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ 2024-25 സാമ്പത്തിക വർഷം മുതൽ ആക്രി കച്ചവടക്കാരെയും ഉൾപ്പെടുത്തി പദ്ധതിയുടെ പരിധി വിപുലീകരിച്ചു.


5. പാർശ്വവത്ക്കരിക്കപ്പെട്ട വ്യക്തികൾക്ക് ഉപജീവനമാർഗ്ഗത്തിനും സംരംഭകത്വത്തിനും നൽകുന്ന പിന്തുണ (SMILE)

ഭിക്ഷാടനത്തിൽ ഏർപ്പെട്ടിരിക്കുന്നവരുടെയും ഭിന്നലിംഗക്കാരായ വ്യക്തികളുടെയും പുനരധിവാസം ലക്ഷ്യമിട്ടുള്ള ഒരു സമഗ്ര സംരംഭമാണ് ഉപജീവനമാർഗ്ഗത്തിനും സംരംഭകത്വത്തിനും പാർശ്വവത്ക്കരിക്കപ്പെട്ട വ്യക്തികൾക്ക് പിന്തുണ  നൽകുന്ന (SMILE) പദ്ധതി. യാചകരെ മുഖ്യധാരാ സമൂഹത്തിലേക്ക് പുനഃസംയോജിപ്പിക്കുന്നത് ഉറപ്പാക്കിക്കൊണ്ട് 'ഭിക്ഷാടനരഹിത ഇന്ത്യ' സൃഷ്ടിക്കുക എന്നതാണ് പദ്ധതിയുടെ പ്രാഥമിക ലക്ഷ്യം. പ്രദേശാധിഷ്ഠിത സർവേകൾ, ബോധവത്ക്കരണ പ്രചാരണങ്ങൾ, ഏകോപിത നീക്കങ്ങൾ, രക്ഷാപ്രവർത്തനങ്ങൾ, ഷെൽട്ടർ ഹോമുകളിലേക്കും അടിസ്ഥാന സേവനങ്ങളിലേക്കുമുള്ള പ്രവേശനം, നൈപുണ്യ പരിശീലനം, ബദൽ ഉപജീവനമാർഗ്ഗങ്ങൾ, സ്വയം സഹായ സംഘങ്ങളുടെ (SHG) രൂപീകരണം എന്നിവയിൽ ഈ പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നു. നിലവിൽ, പ്രധാന തീർത്ഥാടന, ചരിത്ര, വിനോദസഞ്ചാര കേന്ദ്രങ്ങൾ ഉൾപ്പെടെ 81 നഗരങ്ങളിലും പട്ടണങ്ങളിലും പദ്ധതി സജീവമാണ്. അടുത്ത ഘട്ടത്തിൽ 50 നഗരങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കും.

2024 നവംബർ 15 വരെയുള്ള കാലയളവിൽ, ഭിക്ഷാടനത്തിൽ ഏർപ്പെട്ടിരുന്ന 7,660 വ്യക്തികളെ തിരിച്ചറിയാനായിട്ടുണ്ട്. അതിൽ 970 പേരെ വിജയകരമായി പുനരധിവസിപ്പിച്ചു. പാർശ്വവത്ക്കരിക്കപ്പെട്ട വ്യക്തികൾക്ക് അന്തസ്സ് വീണ്ടെടുക്കാനും സ്വയംപര്യാപ്തത കൈവരിക്കാനും സഹായിക്കുന്നതിനായി തൊഴിൽ പരിശീലനം, തൊഴിലവസരങ്ങൾ എന്നിവ ഉറപ്പാക്കിക്കൊണ്ട് പദ്ധതി അതിന്റെ ലക്ഷ്യത്തിലേക്കുള്ള പ്രയാണം  തുടരുന്നു.

6. പിഎം-ദക്ഷ് യോജന

2021 ഓഗസ്റ്റ് 7-ന് ആരംഭിച്ച പിഎം-ദക്ഷ്  യോജന, സൗജന്യ നൈപുണ്യ പരിശീലനത്തിലൂടെ സാമ്പത്തിക ശാക്തീകരണത്തിനായി എസ്‌സി, ഒബിസി, ഇബിസി, ഡിഎൻടി, ശുചിത്വ തൊഴിലാളികൾ  ഉൾപ്പെടെയുള്ള പാർശ്വവത്ക്കരിക്കപ്പെട്ട ജനസമൂഹങ്ങളുടെ നൈപുണ്യ നിലവാരം മെച്ചപ്പെടുത്താൻ ലക്ഷ്യമിടുന്നു.  ₹450.25 കോടി (2021-26) ബജറ്റ് വഹിതമുള്ള ഈ പദ്ധതി, വേതനവും സ്വയം തൊഴിലും ഉറപ്പാക്കുന്നതിനായി ഹ്രസ്വകാല, ദീർഘകാല പരിശീലനം നൽകി വരുന്നു. കുറഞ്ഞത് 70% എങ്കിലും പ്ലേസ്‌മെന്റ് പദ്ധതി ഉറപ്പാക്കുന്നു.  18 മുതൽ 45 വയസ്സ് വരെ പ്രായമുള്ള വ്യക്തികൾക്ക്, നൈപുണ്യ വികസന, സംരംഭകത്വ മന്ത്രാലയത്തിന്റെ (MSDE) പൊതു മാനദണ്ഡങ്ങൾ പ്രകാരം സർക്കാർ സ്ഥാപനങ്ങൾ മുഖേനയും പ്രശസ്ത സ്വകാര്യ സ്ഥാപനങ്ങൾ മുഖേനയുമാണ് പരിശീലനം നൽകുന്നത്.

7. നശാ മുക്ത് ഭാരത് അഭിയാൻ

2020 ഓഗസ്റ്റ് 15 ന് ആരംഭിച്ച നശാ മുക്ത് ഭാരത് അഭിയാൻ (NMBA) ദേശീയ സർവേയിലൂടെയും, നാർക്കോട്ടിക് കണ്ട്രോൾ ബ്യൂറോ സംഭരിച്ച വിവരങ്ങളിലൂടെയും മനസ്സിലാക്കിയ 272 അപകടസാധ്യതയുള്ള ജില്ലകൾ കേന്ദ്രീകരിച്ച് ഇന്ത്യയെ ലഹരി മരുന്ന് മുക്തമാക്കാൻ പ്രയത്നിക്കുന്നു. ത്രിമുഖ സമീപനമാണ് ഇതിനായി പിന്തുടരുന്നത്: വിതരണം നിയന്ത്രിക്കൽ (നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ), അവബോധവും ആവശ്യകത കുറയ്ക്കലും (സാമൂഹിക നീതി, ശാക്തീകരണ മന്ത്രാലയം), ചികിത്സ (ആരോഗ്യ വകുപ്പ്) എന്നിവയിൽ അധിഷ്ഠിതമാണ് ഈ ത്രിമുഖ സമീപനം. ആരംഭിച്ച ശേഷം ഇതുവരെ, NMBA 13.57 കോടി ആളുകളിൽ എത്തിച്ചേർന്നു. ഇതിൽ 4.42 കോടി യുവജനങ്ങളും 2.71 കോടി വനിതകളും ഉൾപ്പെടുന്നു. 3.85 ലക്ഷം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ  പങ്കാളിത്തവുമുണ്ട്.

ഉപസംഹാരം

ഉയർന്നു വരുന്ന സാമ്പത്തിക വെല്ലുവിളികളോട് ലോകം പൊരുതുമ്പോൾ, ലോക സാമൂഹിക നീതി ദിനം സമത്വത്തിനും സർവ്വാശ്ലേഷിത്വത്തിനുമുള്ള പ്രതിബദ്ധതകൾ പുതുക്കുന്നു. സ്ഥലകാലഭേദമില്ലാതെ അനീതി മനുഷ്യരാശിയെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് നമ്മെ ഓർമ്മിപ്പിക്കുന്നു. സാമൂഹിക നീതി കൈവരിക്കുന്നതിൽ വലിയ പുരോഗതി സാധ്യമായിട്ടുണ്ടെങ്കിലും, നമുക്ക് ഏറെ ദൂരം മുന്നേറാനുണ്ട്. നിയമനിർമ്മാണ പരിഷ്കാരങ്ങൾ, അടിസ്ഥാനതല പദ്ധതികൾ, ലക്ഷ്യവേധിയായ ക്ഷേമ സംരംഭങ്ങൾ എന്നിവയിലൂടെ ഇന്ത്യ ഈ ദർശനം സാക്ഷാത്ക്കരിക്കുകയാണ്. സാമൂഹിക നീതി, ശാക്തീകരണ മന്ത്രാലയം (MoSJE) പാർശ്വവത്ക്കരിക്കപ്പെട്ട ജനസമൂഹങ്ങളെ ഉന്നതിയിലേക്ക് നയിക്കുന്നതിൽ സുപ്രധാന പങ്ക് വഹിക്കുന്നു.  മാന്യമായ തൊഴിൽ അജണ്ട, സുസ്ഥിര വികസന ലക്ഷ്യങ്ങൾ (SDG-കൾ) പോലുള്ള നീതിയും സമത്വവും ഉയർത്തിപ്പിടിക്കുന്നതിനുള്ള ആഗോള ചട്ടക്കൂടുകളുമായി രാജ്യത്തിൻറെ ശ്രമങ്ങളെ മന്ത്രാലയം കൂട്ടിയോജിപ്പിക്കുന്നു.

PM-AJAY, NAMASTE, SMILE, PM-DAKSH യോജന, നശാ മുക്ത് ഭാരത് അഭിയാൻ തുടങ്ങിയ സംരംഭങ്ങളിലൂടെ, സാമൂഹിക നീതി, ശാക്തീകരണ മന്ത്രാലയം പിന്നാക്ക  ജനവിഭാഗങ്ങളെ വിദ്യാഭ്യാസം, നൈപുണ്യം, സാമ്പത്തിക അവസരങ്ങൾ തുടങ്ങിയ മേഖലകളിൽ ശാക്തീകരിച്ചിട്ടുണ്ട്. വർദ്ധിച്ച ബജറ്റ് വിഹിതം, പർപ്പിൾ ഫെസ്റ്റുകൾ പോലുള്ള പൊതു വേദികൾ, വിപുലീകരിച്ച സാമൂഹിക സംരക്ഷണ നടപടികൾ എന്നിവ നീതിയും സർവ്വാശ്ലേഷിത്വവും വളർത്തുന്നതിനുള്ള സർക്കാരിന്റെ പ്രതിബദ്ധത വ്യക്തമാക്കുന്നു. ഇന്ത്യ ലോക സാമൂഹിക നീതി ദിനം ആചരിക്കുമ്പോൾ, സാമൂഹിക-സാമ്പത്തിക അന്തരം നികത്തുന്നതിനും, എല്ലാവരുടെയും അന്തസ്സ് കാത്തു സൂക്ഷിച്ച് തുല്യ അവസരം ഉറപ്പാക്കുന്നതിനുമുള്ള രാജ്യത്തിൻറെ സമർപ്പിത മനോഭാവത്തെയാണ് മേൽപ്പറഞ്ഞ പരിശ്രമങ്ങളിലൂടെ ആവർത്തിച്ച് ഉറപ്പിക്കുന്നത്.
 
അനുബന്ധം 

(Release ID: 2105049) Visitor Counter : 10