ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
30 വയസും അതിനു മുകളിലും പ്രായമുള്ള എല്ലാ വ്യക്തികൾക്കും 100% ആരോഗ്യ പരിരക്ഷ ഉറപ്പാക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രത്യേക ഊർജിത സാംക്രമികേതര രോഗ (Non-Communicable Diseases -NCDs) നിർണയ യജ്ഞം ആരംഭിച്ചു.
Posted On:
20 FEB 2025 12:01PM by PIB Thiruvananthpuram
ന്യൂ ഡൽഹി, 20 ഫെബ്രുവരി 2025
രാജ്യത്ത് സാംക്രമികേതര രോഗങ്ങൾ (എൻസിഡികൾ) ബാധിക്കുന്നവരുടെ എണ്ണം വർദ്ധിച്ചുവരുന്നത് കണക്കിലെടുത്ത്, ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം ഇന്ന്, ഊർജിത സാംക്രമിക ഇതര രോഗ നിർണയ യജ്ഞത്തിന് തുടക്കം കുറിച്ചു . 2025 ഫെബ്രുവരി 20 മുതൽ മാർച്ച് 31 വരെ നടക്കുന്ന ഈ സംരംഭത്തിൽ ,30 വയസ്സിനും അതിനുമുകളിലും പ്രായമുള്ള എല്ലാ വ്യക്തികളിലും പ്രമേഹം, രക്താതിമർദ്ദം എന്നിവ കൂടാതെ വദന (oral ), സ്തന, ഗർഭാശയഗള (cervical ) അർബുദ രോഗങ്ങളുടെയും 100% പരിശോധന കൈവരിക്കാൻ ലക്ഷ്യമിടുന്നു.
രാജ്യവ്യാപകമായി ആയുഷ്മാൻ ആരോഗ്യ മന്ദിരങ്ങളിലും (എഎഎം) വിവിധ ആരോഗ്യ സംരക്ഷണ സൗകര്യങ്ങളിലുമായാണ് രോഗ നിർണയ പരിശോധന നടത്തുന്നത്. നാഷണൽ പ്രോഗ്രാം ഫോർ പ്രിവൻഷൻ ആൻഡ് കൺട്രോൾ ഓഫ് നോൺ-കമ്മ്യൂണിക്കബിൾ ഡിസീസസ് (എൻപി-എൻസിഡി) പ്രകാരമാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
പരിപാടിയുടെ പ്രധാന സവിശേഷതകൾ താഴെ പറയുന്നവയാണ്:
- വീടുകൾ തോറുമുള്ള അവബോധം : പരമാവധി രോഗനിർണയ പരിശോധന ഉറപ്പാക്കുന്നതിനായി, പരിശീലനം ലഭിച്ച ആശമാർ, എഎൻഎംമാർ, ആരോഗ്യ പ്രവർത്തകർ എന്നിവർ വ്യക്തികളുടെ വീടുകളിൽ എത്തിച്ചേരും.
- അവശ്യ സാധനങ്ങൾ: എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ബിപി മോണിറ്ററുകൾ, ഗ്ലൂക്കോമീറ്ററുകൾ, ആവശ്യമായ മരുന്നുകൾ എന്നിവയുൾപ്പെടെ അവശ്യ മെഡിക്കൽ സാധനങ്ങളുടെ ലഭ്യത സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും (യുടി) ഉറപ്പാക്കും.
- തത്സമയ നിരീക്ഷണം : രോഗ നിർണയം , ചികിത്സ, തുടർനടപടികൾ എന്നിവയെക്കുറിച്ചുള്ള വിശദാoശങ്ങൾ എൻപി-എൻസിഡി പോർട്ടലിൽ ദിവസവും അപ്‌ലോഡ് ചെയ്യും. ഇത് സുതാര്യതയും ഉത്തരവാദിത്വവും ഉറപ്പാക്കുന്നു.
- ബഹുതല ഏകോപനം: പരിശോധന യജ്ഞത്തിന്റെ നിർവ്വഹണം സുഗമമാക്കുന്നതിന് ആരോഗ്യ കേന്ദ്രങ്ങൾ , ബ്ലോക്ക്, ജില്ലാ, സംസ്ഥാന തലങ്ങളിൽ നോഡൽ ഓഫീസർമാരെ നിയമിക്കും.
- ദൈനംദിന പുരോഗതി അവലോകനം: സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ദിവസേന വൈകുന്നേരം 6 മണിയോടെ മന്ത്രാലയത്തിന് പരിപാടി സംബന്ധിച്ച പുതുക്കിയ വിവരങ്ങൾ നൽകും. ഇത് തുടർച്ചയായ നിരീക്ഷണത്തിനും സാങ്കേതിക പിന്തുണയ്ക്കും സഹായിക്കുന്നു.

ഊർജിത സാംക്രമികേതര രോഗ (എൻസിഡി) നിർണയ പരിപാടിയുടെ ലക്ഷ്യങ്ങൾ :
- 100% പരിശോധനാ പരിരക്ഷ : എൻസിഡികൾ നേരത്തേ കണ്ടെത്തുകയും സമയബന്ധിതമായ ചികിത്സ ഉറപ്പാക്കുകയും ലക്ഷ്യമിടുന്നു
- മെച്ചപ്പെട്ട പരിചരണം : കൃത്യമായ ചികിത്സയും തുടർനടപടികളും സ്വീകരിക്കുന്നതിലൂടെ, എൻസിഡികളുമായി ബന്ധപ്പെട്ട സങ്കീർണതകൾ കുറയ്ക്കുന്നതിന് ഈ സംരംഭം ശ്രമിക്കുന്നു.

- മെച്ചപ്പെട്ട ആരോഗ്യ ഫലങ്ങൾ: ഈ സംരംഭം ആരോഗ്യ സംരക്ഷണ ചെലവുകൾ കുറയ്ക്കുകയും രാജ്യത്തുടനീളമായി വ്യക്തികളുടെ ജീവിത ഗുണനിലവാരം ഉയർത്തുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
(Release ID: 2105036)
Visitor Counter : 32