ഫിഷറീസ്, ആനിമൽ ഹസ്ബൻഡറി & ഡയറി മന്ത്രാലയം
azadi ka amrit mahotsav

വീശുന്ന വലകളും കൈയെത്തിപ്പിടിക്കുന്ന വിജയവും



കുതിച്ചുയരുന്ന ഇന്ത്യയുടെ മത്സ്യബന്ധനമേഖല

Posted On: 15 FEB 2025 10:18AM by PIB Thiruvananthpuram

ആഗോള മത്സ്യ ഉൽപ്പാദനത്തിൽ ഏകദേശം 8% വിഹിതമുള്ള, രണ്ടാമത്തെ വലിയ മത്സ്യ ഉൽപ്പാദന രാജ്യമാണ് ഇന്ത്യ. കഴിഞ്ഞ രണ്ടുദശകങ്ങളിൽ, ഇന്ത്യയുടെ മത്സ്യബന്ധനമേഖല ഗണ്യമായ വളർച്ചയ്ക്കും പരിവർത്തനത്തിനും സാക്ഷ്യം വഹിച്ചു. സാങ്കേതിക പുരോഗതിമുതൽ നയപരിഷ്കാരങ്ങൾവരെ, 2004 മുതൽ 2024 വരെയുള്ള കാലയളവിൽ ആഗോള മത്സ്യബന്ധനത്തിലും മത്സ്യക്കൃഷിയിലും ഇന്ത്യയുടെ സ്ഥാനം കരുത്തുറ്റ നാഴികക്കല്ലുകളാൽ അടയാളപ്പെടുത്തിയിട്ടുണ്ട്. 2025-26ലെ കേന്ദ്ര ബജറ്റ് മത്സ്യബന്ധന മേഖലയ്ക്ക് ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന മൊത്തം വാർഷിക ബജറ്റ് പിന്തുണയായ 2,703.67 കോടി രൂപയാണു നിർദേശിച്ചത്. മത്സ്യക്കൃഷിയിലും സമുദ്രോൽപ്പന്ന കയറ്റുമതിയിലും മുൻപന്തിയിൽ നിൽക്കുന്ന ഇന്ത്യയുടെ നേട്ടത്തിന്റെ തെളിവാണിത്!

കേന്ദ്രബജറ്റ് 2025-26ലെ “ഉദിച്ചുയരുന്ന മേഖല”

2025-26ലെ ബജറ്റ് പ്രഖ്യാപനം തന്ത്രപരമായി സാമ്പത്തിക ഉൾപ്പെടുത്തൽ വർധിപ്പിക്കുന്നതിലും കസ്റ്റംസ് തീരുവ കുറച്ച്, കർഷകർക്കുമേലുള്ള സാമ്പത്തിക ഭാരം കുറയ്ക്കുന്നതിലും സമുദ്ര മത്സ്യബന്ധനവികസനം കൂടുതൽ മെച്ചപ്പെടുത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

കൂടാതെ, ലക്ഷദ്വീപ്, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എന്നിവയിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് പ്രത്യേക സാമ്പത്തിക മേഖല (EEZ), സ്വതന്ത്ര സമുദ്രമേഖല എന്നിവിടങ്ങളിൽ നിന്നുമുള്ള മത്സ്യബന്ധനം സുസ്ഥിരമായി ഉപയോഗപ്പെടുത്തുന്നതിനുള്ള ചട്ടക്കൂട് പ്രാപ്തമാക്കുന്നതിനുള്ള സംവിധാനവും 2025-26 ബജറ്റ് ഉയർത്തിക്കാട്ടുന്നു. സമുദ്രമേഖലയിലെ വളർച്ചയ്ക്കായി ഇന്ത്യൻ EEZ-ലെയും അതിനോടു ചേർന്നുള്ള സ്വതന്ത്ര സമുദ്ര മേഖലകളിലെയും സമുദ്ര മത്സ്യവിഭവങ്ങളുടെ ഉപയോഗിക്കപ്പെടാത്ത സാധ്യതകൾ സുസ്ഥിരമായി ഉപയോഗപ്പെടുത്തുന്നത് ഇത് ഉറപ്പാക്കും.

മത്സ്യത്തൊഴിലാളികൾ, കർഷകർ, സംസ്കരണപ്രക്രിയ നടത്തുന്നവർ, മറ്റു മത്സ്യബന്ധന പങ്കാളികൾ എന്നിവർക്കു വായ്പ ലഭ്യത വർധിപ്പിക്കുന്നതിനായി കിസാൻ ക്രെഡിറ്റ് കാർഡ് (KCC) വായ്പ പരിധി ₹3 ലക്ഷത്തിൽ നിന്ന് ₹5 ലക്ഷമായി ഇന്ത്യാ ഗവൺമെന്റ് വർധിപ്പിച്ചു. മേഖലയുടെ പ്രവർത്തന മൂലധന ആവശ്യകതകൾ നിറവേറ്റുന്നതിന് ആവശ്യമായ ധനസഹായം എളുപ്പത്തിൽ ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കുന്നതിന് സാമ്പത്തിക സ്രോതസ്സുകളുടെ ഒഴുക്ക് സുഗമമാക്കുക എന്നതാണ് ഈ നീക്കം ലക്ഷ്യമിടുന്നത്.

ഉൽപ്പാദനത്തിലെ വർധന: മത്സ്യ ഉൽപ്പാദനം 95.79 ലക്ഷം ടണ്ണിൽനിന്നും (2013-14) 63.99 ലക്ഷം ടണ്ണിൽനിന്നും (2003-04) 184.02 ലക്ഷം ടണ്ണായി (2023-24) വർധിച്ചു. 10 വർഷത്തിനുള്ളിൽ (2014-24) 88.23 ലക്ഷം ടണ്ണിന്റെ വർധനയാണ് ഇതു രേഖപ്പെടുത്തിയത്. 2004-14 ൽ ഇത് 31.80 ലക്ഷം ടണ്ണായിരുന്നു.

 

ഉൾനാടൻ, മത്സ്യക്കൃഷി മത്സ്യ ഉൽപ്പാദനത്തിൽ വർധന: ഉൾനാടൻ, മത്സ്യക്കൃഷി മത്സ്യ ഉൽപ്പാദനത്തിൽ 2004-14 ൽ നേടിയ 26.78 ലക്ഷം ടണ്ണിൽ നിന്ന് 2014-24 ൽ 77.71 ലക്ഷം ടണ്ണിന്റെ വൻ വർദ്ധനവ്.

 

സമുദ്ര മത്സ്യ ഉൽപ്പാദനം 5.02 ലക്ഷം ടണ്ണിൽനിന്ന് (2014-24) 10.52 ലക്ഷം ടണ്ണെന്ന നിലയിൽ ഇരട്ടിയായി.

 

സമുദ്രോൽപ്പന്ന കയറ്റുമതി വികസന അതോറിറ്റി (MPEDA) റിപ്പോർട്ട് ചെയ്തതനുസരിച്ച്, 2023-24 സാമ്പത്തിക വർഷത്തിൽ, ഇന്ത്യ ₹ 60,523.89 കോടി വിലമതിക്കുന്ന 17,81,602 മെട്രിക് ടൺ സമുദ്രോൽപ്പന്നങ്ങൾ കയറ്റുമതി ചെയ്തു. 2003-04 ലെ 609.95 കോടിയിൽനിന്ന് കയറ്റുമതി മൂല്യത്തിൽ ഗണ്യമായ വർധനയുണ്ടായി.

നയ സംരംഭങ്ങളും പദ്ധതികളും

നീല വിപ്ലവം: മത്സ്യബന്ധന മേഖലയെ സാമ്പത്തികമായി ലാഭകരവും കരുത്തുറ്റതുമാക്കുന്നതിനുള്ള ആദ്യപടിയായിരുന്നു നീല വിപ്ലവ പദ്ധതി. ബഹുമുഖ പ്രവര്‍ത്തനങ്ങളിലൂടെ, ഉള്‍നാടന്‍, സമുദ്ര മത്സ്യകൃഷി, മത്സ്യബന്ധന വിഭവങ്ങളില്‍ നിന്നുള്ള മത്സ്യ ഉല്‍പാദനവും ഉല്‍പാദനക്ഷമതയും വര്‍ദ്ധിപ്പിക്കുന്നതിലാണ് നീല വിപ്ലവം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 2015-16 സാമ്പത്തിക വര്‍ഷത്തില്‍ 5 വര്‍ഷത്തേക്ക് 3000 കോടി രൂപയുടെ കേന്ദ്ര ചെലവിലാണ് നീല വിപ്ലവ പദ്ധതി ആരംഭിച്ചത്.

20,050 കോടി രൂപ മുതല്‍മുടക്കില്‍ അഞ്ച് വര്‍ഷത്തേക്ക് (2020-21 മുതല്‍ 2024-25 വരെ) പ്രധാന്‍ മന്ത്രി മത്സ്യ സമ്പദ യോജന (PMMSY) നടപ്പാക്കുന്നു. ഉള്‍നാടന്‍ മത്സ്യബന്ധനത്തിന്റെയും അക്വാകള്‍ച്ചറിന്റെയും മേഖലയിലേക്ക് ഈ സംരംഭം കടന്നുചെല്ലുന്നു, ഉല്‍പാദനം വര്‍ദ്ധിപ്പിക്കുന്നതിലും ശക്തമായ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിലും അവയുടെ പ്രധാന പങ്ക് തിരിച്ചറിയുന്നു-

എന്നിരുന്നാലും, മൂല്യശൃംഖലയിലുടനീളമുള്ള നിര്‍ണായക വിടവുകള്‍ പരിഹരിക്കുന്നതിന് ഈ മേഖലയ്ക്ക് പരിഷ്‌കാരങ്ങള്‍ ആവശ്യമായിരുന്നതിനാല്‍ മത്സ്യത്തൊഴിലാളികളുടെയും മത്സ്യ കര്‍ഷകരുടെയും മറ്റ് പങ്കാളികളുടെയും സാമൂഹിക-സാമ്പത്തിക ക്ഷേമം ഉറപ്പാക്കുന്നതിനൊപ്പം മത്സ്യബന്ധന മേഖലയെ പുതിയ ഉയരങ്ങള്‍ കൈവരിക്കാന്‍ സഹായിക്കുന്നതിന് 2020 ല്‍ പ്രധാനമന്ത്രി മത്സ്യ സമ്പദ യോജന (PMSSY) പദ്ധതി വിഭാവനം ചെയ്തു. 20,050 കോടി രൂപ മുതല്‍മുടക്കില്‍ അഞ്ച് വര്‍ഷത്തേക്ക് (2020-21 മുതല്‍ 2024-25 വരെ) പ്രധാനമന്ത്രി മത്സ്യ സമ്പദ യോജന (PMMSY) നടപ്പിലാക്കുന്നു. ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിലും ശക്തമായ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിലും ഉള്‍നാടന്‍ മത്സ്യബന്ധനത്തിന്റെയും മത്സ്യകൃഷിയുടെയും നിര്‍ണായക പങ്ക് തിരിച്ചറിഞ്ഞ് ആ മേഖലയിലേക്ക് ഈ സംരംഭം കടന്നുചെല്ലുന്നു.

ഉറവിടം: https://pmmsy.dof.gov.in/#schemeIntro

പിഎംഎംഎസ്വൈയുടെ കീഴിലുള്ള സംരംഭങ്ങള്‍

മത്സ്യ കര്‍ഷക ഉൽപ്പാദന സംഘടനകള്‍ (എഫ്എഫ്പിഒകള്‍)-  മത്സ്യത്തൊഴിലാളികളെയും മത്സ്യ കര്‍ഷകരെയും സാമ്പത്തികമായി ശാക്തീകരിക്കുന്നതിനും അവരുടെ വിലപേശല്‍ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും മത്സ്യ കര്‍ഷക ഉൽപ്പാദന സംഘടനകള്‍ (എഫ്എഫ്പിഒ) രൂപീകരിക്കുന്നതിനും നിലവിലുള്ള PMSSY- യുടെ കീഴില്‍,സാമ്പത്തിക സഹായം നല്‍കുന്നതിനുള്ള വ്യവസ്ഥയുണ്ട്. ഇത് ആത്യന്തികമായി മത്സ്യത്തൊഴിലാളികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു.

544.85 കോടി രൂപ ചെലവില്‍ 2000 മത്സ്യബന്ധന സഹകരണ സംഘങ്ങളും 195 പുതിയ എഫ്എഫ്പിഒകളും ഉള്‍പ്പെടെ 2195 എഫ്എഫ്പിഒകള്‍ സ്ഥാപിക്കുന്നതിന് മത്സ്യബന്ധന വകുപ്പ് ഇതുവരെ അനുമതി നല്‍കിയിട്ടുണ്ട്. കൂടാതെ, മത്സ്യത്തൊഴിലാളികള്‍ക്കും മത്സ്യ കര്‍ഷകര്‍ക്കും സ്ഥാപനപരമായ വായ്പ ലഭ്യമാക്കുന്നതിന്, കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് സൗകര്യം 2018-19 മുതല്‍ മത്സ്യബന്ധന മേഖലയിലേക്ക് വ്യാപിപ്പിക്കുകയും ചെയ്തു. ഇതുവരെ മത്സ്യത്തൊഴിലാളികള്‍ക്കും മത്സ്യ കര്‍ഷകര്‍ക്കും 4,50,799 കെസിസി കാര്‍ഡുകള്‍ അനുവദിച്ചിട്ടുണ്ട്.

മത്സ്യബന്ധന മത്സ്യകൃഷി അടിസ്ഥാനസൗകര്യ വികസന നിധി (FIDF)
2018 ലെ കേന്ദ്ര ബജറ്റില്‍, മത്സ്യബന്ധന മേഖലയ്ക്കായി മത്സ്യബന്ധന മത്സ്യകൃഷി അടിസ്ഥാനസൗകര്യ വികസന നിധി (എകഉഎ) രൂപീകരിക്കുമെന്ന്  ധനമന്ത്രി പ്രഖ്യാപിച്ചു. അതനുസരിച്ച്, 2018-19 കാലയളവില്‍, 7522.48 കോടി രൂപയുടെ മൊത്തം ധനസഹായമുള്ള   സമര്‍പ്പിത ഫണ്ടായി, എഫ്‌ഐഡിഎഫ് സൃഷ്ടിച്ചു.

മത്സ്യബന്ധന വകുപ്പ് മൊത്തം 5801.06 കോടി രൂപ ചെലവില്‍ 136 പ്രോജക്ട് പ്രൊപ്പോസലുകള്‍/ പ്രോജക്റ്റുകള്‍ക്ക് അംഗീകാരം നല്‍കി, വിവിധ സംസ്ഥാന ഗവണ്‍മെന്റുകളില്‍ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നും മറ്റ് അര്‍ഹതയുള്ള സ്ഥാപനങ്ങളില്‍ നിന്നും ലഭിച്ച പലിശയിളവിന് 3858.19 കോടി രൂപയുടെ പദ്ധതിച്ചെലവ് പരിമിതപ്പെടുത്തി. എഫ്‌ഐഡിഎഫിന്റെ വിപുലീകരണം വിവിധ മത്സ്യബന്ധന അടിസ്ഥാന സൗകര്യങ്ങളുടെ വികസനം കൂടുതല്‍ ഊര്‍ജ്ജിതമാക്കും.

പ്രധാനമന്ത്രി മത്സ്യ കിസാന്‍ സമൃദ്ധി സഹ-യോജന-
2023-24 സാമ്പത്തിക വര്‍ഷം മുതല്‍ 2026-27 സാമ്പത്തിക വര്‍ഷം വരെയുള്ള നാല് വര്‍ഷത്തേക്ക് പ്രധാനമന്ത്രി മത്സ്യ സമ്പദ യോജന (പിഎംഎംഎസ്വൈ) പ്രകാരമുള്ള കേന്ദ്രമേഖല ഉപപദ്ധതിയായ പ്രധാനമന്ത്രി മത്സ്യ കിസാന്‍ സമൃദ്ധി സഹ-യോജനയ്ക്ക് (പിഎംഎംകെഎസ്എസ്‌വൈ) 2024 ഫെബ്രുവരിയില്‍ കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്കി. എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും 6000 കോടി രൂപ ചെലവില്‍ പിഎം-എംകെഎസ്എസ്‌വൈ നടപ്പാക്കും. ദീര്‍ഘകാലാടിസ്ഥാനത്തില്‍ മത്സ്യബന്ധന മേഖലയുടെ പരിവര്‍ത്തനത്തെ പിന്തുണയ്ക്കുന്നതിനായി സ്ഥാപനപരമായ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുന്നതിന് തിരിച്ചറിഞ്ഞ സാമ്പത്തിക, സാങ്കേതിക ഇടപെടലുകളിലൂടെ ഈ മേഖലയുടെ അന്തര്‍ലീനമായ ബലഹീനതകള്‍ പരിഹരിക്കാന്‍ പിഎം-എംകെഎസ്എസ്‌വൈ ഉദ്ദേശിക്കുന്നു.

പിഎംഎംഎസ്‌വൈക്ക് കീഴിലുള്ള സംയോജിത അക്വാ പാര്‍ക്കുകള്‍

4. മത്സ്യബന്ധന മേഖലയെ ഉത്തേജിപ്പിക്കുന്നതിനായി സംയോജിത അക്വാപാര്‍ക്കുകളുടെ വികസനം ഇന്ത്യയിലെ മത്സ്യബന്ധന വകുപ്പ് സജീവമായി പ്രോത്സാഹിപ്പിക്കുന്നുണ്ട്. പ്രധാനമന്ത്രി മത്സ്യ സമ്പദ യോജനയുടെ (പിഎംഎംഎസ്‌വൈ) ഭാഗമായ ഈ അക്വാപാര്‍ക്കുകള്‍ വിവിധ സംരംഭങ്ങളിലൂടെ മത്സ്യകൃഷി മൂല്യ ശൃംഖല വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിടുന്നു. 682.6 കോടി രൂപ ചെലവില്‍ രാജ്യത്ത് ആകെ 11 സംയോജിത അക്വാപാര്‍ക്കുകള്‍ സ്ഥാപിക്കുന്നതിന് വകുപ്പ് അനുമതി നല്‍കി.

പിഎംഎംഎസ്‌വൈക്ക് കീഴില്‍ വിന്യസിച്ചിരിക്കുന്ന കൃത്രിമ പവിഴപ്പുറ്റുകള്‍-
സമുദ്ര ആവാസ വ്യവസ്ഥകളും പരിസ്ഥിതി വ്യവസ്ഥകളും വര്‍ദ്ധിപ്പിക്കുന്നതിനായി കടല്‍ത്തീരത്ത് സ്ഥാപിച്ച മനുഷ്യനിര്‍മ്മിത ഘടനകളാണ് കൃത്രിമ പവിഴപ്പുറ്റുകള്‍. ഈ ഘടനകള്‍ പ്രകൃതിദത്ത പവിഴപ്പുറ്റുകളെ അനുകരിക്കുകയും വിവിധ സമുദ്രജീവികള്‍ക്ക് പാര്‍പ്പിടം, ഭക്ഷണ സ്രോതസ്സുകള്‍, പ്രജനന കേന്ദ്രങ്ങള്‍ എന്നിവ നല്‍കുകയും ചെയ്യുന്നു. ഇന്ത്യയില്‍ സുസ്ഥിര സമുദ്രമത്സ്യ സംരക്ഷണ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനായി തീരദേശ സംസ്ഥാനങ്ങളിലുടനീളം കൃത്രിമ പവിഴപ്പുറ്റുകള്‍ സ്ഥാപിക്കുന്നത് ഇന്ത്യയില്‍ മത്സ്യബന്ധന വകുപ്പ് സജീവമായി പ്രോത്സാഹിപ്പിക്കുന്നുണ്ട്. തീരദേശ മത്സ്യബന്ധനത്തെ പുനരുജ്ജീവിപ്പിക്കുക, മത്സ്യസമ്പത്ത് പുനര്‍നിര്‍മ്മിക്കുക, സമുദ്ര ജൈവവൈവിധ്യം വര്‍ദ്ധിപ്പിക്കുക എന്നിവയാണ് ഈ സംരംഭങ്ങളുടെ ലക്ഷ്യം. ഫിഷറീസ് സര്‍വേ ഓഫ് ഇന്ത്യ (എഫ്എസ്‌ഐ), ഐസിഎആര്‍-സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (സിഎംഎഫ്ആര്‍ഐ) എന്നിവയുടെ സാങ്കേതിക പിന്തുണയോടെ മത്സ്യബന്ധന വകുപ്പ് ഈ പദ്ധതികളിലൂടെ സുസ്ഥിര സമ്പ്രദായങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും തീരദേശ സമൂഹങ്ങളുടെ ഉപജീവനമാര്‍ഗം മെച്ചപ്പെടുത്തുന്നതിനും പ്രതിജ്ഞാബദ്ധമാണ്. ആന്ധ്രാപ്രദേശ്, ഗുജറാത്ത്, ലക്ഷദ്വീപ്, കര്‍ണാടക, ഒഡിഷ, മഹാരാഷ്ട്ര, ഗോവ, കേരളം, പുതുച്ചേരി, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 291.37 കോടി രൂപ ചെലവില്‍ 937 കൃത്രിമ പവിഴപ്പുറ്റുകള്‍ സ്ഥാപിക്കുന്നതിന് 2024 സെപ്റ്റംബര്‍ വരെ അനുമതി നല്‍കിയിട്ടുണ്ട്.


പിഎംഎംഎസ് വൈക്ക് കീഴില്‍ നിയുക്ത എന്‍ബിസികള്‍-
അക്വാകള്‍ച്ചര്‍ ഇനങ്ങളുടെ ജനിതക ഗുണനിലവാരം വര്‍ദ്ധിപ്പിക്കുന്നതിന് ഇന്ത്യയിലെ ഫിഷറീസ് വകുപ്പ് പ്രത്യേക ന്യൂക്ലിയസ് ബ്രീഡിംഗ് സെന്ററുകള്‍ (എന്‍ബിസി) നിയോഗിച്ചിട്ടുണ്ട്. ആഭ്യന്തര ഉപഭോഗത്തിനും കയറ്റുമതിക്കും അത്യന്താപേക്ഷിതമായ ചെമ്മീന്‍ പോലുള്ള ഇനങ്ങളുടെ ഉല്‍പാദനക്ഷമതയും ഗുണനിലവാരവും മെച്ചപ്പെടുത്തുന്നതില്‍ ഈ എന്‍ബിസികള്‍ നിര്‍ണായക പങ്ക് വഹിക്കുന്നു.

സാങ്കേതിക മുന്നേറ്റങ്ങള്‍:

ഉപഗ്രഹ സാങ്കേതികവിദ്യ   സംയോജനം: മത്സ്യബന്ധന മേഖലയിലെ ബഹിരാകാശ സാങ്കേതികവിദ്യകളുടെ പ്രയോഗത്തെക്കുറിച്ച് ഫിഷറീസ് വകുപ്പ് ഏറ്റെടുത്ത വെസല്‍ കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് സപ്പോര്‍ട്ട് സിസ്റ്റം, ഓഷ്യന്‍സാറ്റിന്റെ പ്രയോഗം, സാധ്യതയുള്ള മത്സ്യബന്ധന മേഖലകള്‍ (പിഎഫ്‌സെഡ്) മുതലായവയ്ക്കുള്ള ദേശീയ റോള്‍ഔട്ട് പ്ലാന്‍.

ജിഐഎസ് അധിഷ്ഠിത റിസോഴ്‌സ് മാപ്പിംഗ്: സമുദ്ര മത്സ്യ ലാന്‍ഡിംഗ് സെന്ററുകളും മത്സ്യബന്ധന കേന്ദ്രങ്ങളും മാപ്പിംഗ് ചെയ്യുന്നതിനുള്ള ജിയോഗ്രാഫിക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം (ജിഐഎസ്) സാങ്കേതികവിദ്യ നടപ്പാക്കല്‍, ഫലപ്രദമായ വിഭവ മാനേജ്‌മെന്റിനെ സഹായിക്കുന്നു.


ഫിഷറീസ് മേഖലയ്ക്കായി ഡാറ്റാബേസ്, ജിയോഗ്രാഫിക്കല്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ജിഐഎസ് ശക്തിപ്പെടുത്തുന്നതിനുള്ള പദ്ധതിയുടെ ഘടകങ്ങള്‍ ഇനിപ്പറയുന്നവയാണ്:

ഐസിഎആര്‍- സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് എഡ്യൂക്കേഷന്‍ (സിഫെ): മികവിന്റെ കേന്ദ്രം

1961 ല്‍ സ്ഥാപിതമായ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് എഡ്യൂക്കേഷന്‍ (സിഫെ) ഫിഷറീസ് മേഖലയിലെ ഉന്നത വിദ്യാഭ്യാസത്തിനും ഗവേഷണത്തിനുമുള്ള ഇന്ത്യയിലെ പ്രമുഖ സ്ഥാപനമാണ്. രാജ്യത്തുടനീളം സുസ്ഥിര മത്സ്യബന്ധന രീതികള്‍ പ്രോത്സാഹിപ്പിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന 4,000 ലധികം മത്സ്യബന്ധന  അനുബന്ധ  തൊഴിലാളികള്‍ക്കും പ്രൊഫഷണലുകള്‍ക്കും സിഫ് പരിശീലനം നല്‍കിയിട്ടുണ്ട്. ഇന്ത്യയുടെ മത്സ്യബന്ധന മേഖലയുടെ വളര്‍ച്ചയ്ക്ക് ശേഷി വര്‍ദ്ധിപ്പിക്കുന്നതില്‍ സിഫെയുടെ പങ്ക് നിര്‍ണായകമാണ്


ഇന്ത്യയുടെ സുസ്ഥിര മത്സ്യബന്ധന ശ്രമങ്ങളുടെ പ്രധാന സവിശേഷതകളില്‍ ഇവ ഉള്‍പെടുന്നു:

സമുദ്രമത്സ്യത്തെക്കുറിച്ചുള്ള ദേശീയ നയം (എന്‍പിഎംഎഫ്, 2017): എല്ലാ സമുദ്ര മത്സ്യബന്ധന പ്രവര്‍ത്തനങ്ങളുടെയും പ്രധാന തത്വമായി സുസ്ഥിരതയ്ക്ക് ശക്തമായ ഊന്നല്‍ നല്‍കുന്ന എന്‍പിഎംഎഫ് ഇന്ത്യാ ഗവണ്‍മെന്റ് അവതരിപ്പിച്ചു. ഈ നയം ഇന്ത്യയുടെ സമുദ്ര മത്സ്യസമ്പത്തിന്റെ സംരക്ഷണത്തിനും പരിപാലനത്തിനും മാര്‍ഗനിര്‍ദേശം നല്‍കുന്നു.

നിയന്ത്രണവും സംരക്ഷണ നടപടികളും: സമുദ്ര മത്സ്യ സമ്പത്തിന്റെ ദീര്‍ഘകാല സുസ്ഥിരത ഉറപ്പാക്കുന്നതിന്, സര്‍ക്കാര്‍ നിരവധി സംരക്ഷണ നടപടികള്‍ നടപ്പാക്കിയിട്ടുണ്ട്:


ഏകീകൃത മത്സ്യബന്ധന നിരോധനം: മത്സ്യസമ്പത്ത് വർദ്ധിപ്പിക്കുന്നതിനായി  ഇഇസെഡില്‍ മണ്‍സൂണ്‍ കാലത്ത് 61 ദിവസത്തെ ഏകീകൃത മത്സ്യബന്ധന നിരോധനം 

വിനാശകരമായ മത്സ്യബന്ധന രീതികളുടെ നിരോധനം: ജോഡി ട്രോളിംഗ്, ബുള്‍ ട്രോളിംഗ്, മത്സ്യബന്ധനത്തില്‍ കൃത്രിമ എല്‍ഇഡി ലൈറ്റുകളുടെ ഉപയോഗം എന്നിവയ്ക്കുള്ള നിരോധനം, ഇത് അമിത മത്സ്യബന്ധനം കുറയ്ക്കുന്നതിനും സമുദ്ര ആവാസവ്യവസ്ഥയ്ക്ക് കേടുപാടുകള്‍ കുറയ്ക്കുന്നതിനും സഹായിക്കുന്നു.

സുസ്ഥിര സമ്പ്രദായങ്ങളുടെ പ്രോത്സാഹനം:  കൃത്രിമ പവിഴപ്പുറ്റുകള്‍ സ്ഥാപിക്കല്‍, കടല്‍പ്പായല്‍ കൃഷി പോലുള്ള മാരികള്‍ച്ചര്‍ പ്രവര്‍ത്തനങ്ങള്‍ എന്നിവ പ്രോത്സാഹിപ്പിക്കുക.

സംസ്ഥാനങ്ങളുടെ / കേന്ദ്രഭരണ പ്രദേശങ്ങളുടെ ഫിഷറീസ് നിയന്ത്രണങ്ങള്‍: തീരദേശ സംസ്ഥാനങ്ങള്‍ / കേന്ദ്രഭരണ പ്രദേശങ്ങള്‍ , എഞ്ചിന്‍ പവര്‍ നിയന്ത്രണങ്ങളും, മത്സ്യത്തിന്റെ ഏറ്റവും കുറഞ്ഞ നിയമപരമായ വലുപ്പം (എം എല്‍ എസ്), വിവിധ തരം യാനങ്ങള്‍ക്കായി മത്സ്യബന്ധന പ്രദേശങ്ങളുടെ സോണേഷന്‍ എന്നിവയും നടപ്പാക്കിയിട്ടുണ്ട്, ഇത് സുസ്ഥിര മത്സ്യബന്ധനത്തിന് സംഭാവന നല്‍കുന്നു.

ഉപസംഹാരം:

2004 മുതല് 2024 വരെയുള്ള കാലഘട്ടം ഇന്ത്യയുടെ മത്സ്യബന്ധന മേഖലയെ സംബന്ധിച്ചിടത്തോളം പരിവര്‍ത്തനാത്മകമാണ്. നയം നടപ്പാക്കല്‍, സാങ്കേതിക സംയോജനം, സുസ്ഥിര സമ്പ്രദായങ്ങള്‍ എന്നിവയിലെ സമഗ്രമായ ശ്രമങ്ങളിലൂടെ ഇന്ത്യ അതിന്റെ മത്സ്യ ഉല്‍പാദനം വര്‍ദ്ധിപ്പിക്കുക മാത്രമല്ല, മത്സ്യത്തൊഴിലാളി സമൂഹങ്ങളുടെ സാമൂഹിക-സാമ്പത്തിക വികസനം ഉറപ്പാക്കുകയും ചെയ്തു. രാഷ്ട്രം മുന്നോട്ട് പോകുമ്പോള്‍, നവീകരണത്തിലും സുസ്ഥിരതയിലും തുടര്‍ച്ചയായ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഈ മുകളിലേക്കുള്ള പാത നിലനിര്‍ത്തുന്നതിന് പ്രധാനമാണ്.

Download in PDF

-NK-


(Release ID: 2104192) Visitor Counter : 22