റെയില്‍വേ മന്ത്രാലയം
ന്യൂഡല്‍ഹിയില്‍ നിന്നും പ്രയാഗ്‌രാജിലേക്കുള്ള പ്രത്യേക ട്രെയിനുകള്‍ സാദ്ധ്യമാകുന്നിടത്തോളം പ്ലാറ്റ്‌ഫോം 16 ല്‍ നിന്നും പുറപ്പെടും; യാത്രക്കാര്‍ പ്ലാറ്റ്‌ഫോമില്‍ പ്രവേശിക്കാന്‍/ പുറത്തുകടക്കാന്‍ അജ്‌മേരി ഗേറ്റ് ഉപയോഗിക്കുക
Posted On:
16 FEB 2025 7:11PM by PIB Thiruvananthpuram
തിക്കു തിരക്കും കാരണം ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനിലുണ്ടായ ദാരുണ സംഭവത്തിനു ശേഷം ഒരു ദിവസം പിന്നിട്ടപ്പോള്‍, വരും ദിവസങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഉത്തര റെയില്‍വേ നിരവധി നടപടികള്‍ സ്വീകരിച്ചു. പ്രയാഗ്‌രാജിലേക്കുള്ള എല്ലാ പ്രത്യേക ട്രെയിനുകളും സാദ്ധ്യമാകുന്നിടത്തോളം പ്ലാറ്റ്‌ഫോം 16ല്‍ നിന്ന് ഓടിക്കാന്‍ തീരുമാനിച്ചു. അതിനാല്‍ പ്രയാഗ്‌രാജിലേക്കു പോകാന്‍ ആഗ്രഹിക്കുന്ന എല്ലാ യാത്രക്കാരും ന്യൂഡല്‍ഹി റെയില്‍വേ സ്‌റ്റേഷനിലെ അജ്‌മേരി ഗേറ്റ് വഴി വരികയും പോകുകയും ചെയ്യണം. പതിവു ട്രെയിനുകള്‍ സാധാരണപോലെ മറ്റു പ്ലാറ്റ്‌ഫോമുകളില്‍ നിന്നും സര്‍വ്വീസ് നടത്തുന്നതു തുടരും. ഒരു പ്ലാറ്റ്‌ഫോമില്‍ മാത്രം തിരക്കു കൂടുന്നത് ഒഴിവാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണിത്.
ഇതുകൂടാതെ, ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ ആര്‍പിഎഫ്, ജിആര്‍പി സേനകളുടെ വിന്യാസം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഈ ഉദ്യേഗസ്ഥര്‍ യാത്രക്കാര്‍ക്ക് അവരുടെ ട്രെയിന്‍ പുറപ്പെടേണ്ട പ്ലാറ്റ്‌ഫോമിലേക്കു പോകാന്‍ മാര്‍ഗ്ഗനിര്‍ദ്ദേശവും സഹായവും നല്‍കും. തിരക്കുള്ള സമയങ്ങളില്‍ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനു പുറമേ, പ്രയാഗ്‌രാജിലേക്കുള്ള അധിക തിരക്ക് ഒഴിവാക്കുന്നതിന് ഉത്തര റെയില്‍വേ വൈകുന്നേരം 7 മണി വരെ മൂന്നു പ്രത്യേക ട്രെയിനുകള്‍ ഓടിച്ചു. പ്രയാഗ്‌രാജിലേക്കുള്ള പതിവു ട്രെയിനുകള്‍ക്കു പുറമേ, വൈകുന്നേരത്തെ തിരക്ക് കണക്കിലെടുത്ത് ഒരു പ്രത്യേക ട്രെയിന്‍ കൂടി രാത്രി 9 മണിക്കു പുറപ്പെടും. പ്രയാഗ്‌രാജിലേക്ക്
പോകാന്‍ ആഗ്രഹിക്കുന്ന യാത്രക്കാരുടെ അഭൂതപൂര്‍വ്വമായ തിരക്കു കണക്കിലെടുത്ത് മഹാകുംഭമേളയ്ക്കു പോകുന്ന ഭക്തര്‍ക്കായി, ഇന്ത്യന്‍ റെയില്‍വേ നാളെ, അതായത് 17/2/2025ന്, അഞ്ച് പ്രത്യേക ട്രെയിനുകള്‍ കൂടി ഓടിക്കും.
ഇന്നലെ ന്യൂഡല്‍ഹി സ്റ്റേഷന്‍ സാക്ഷ്യംവഹിച്ചതുപോലുള്ള ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ ഭാവിയില്‍ ഉണ്ടാകാതിരിക്കാന്‍, കിംവദന്തികള്‍ വിശ്വസിക്കരുതെന്ന് ഇന്ത്യന്‍ റെയില്‍വേ മാധ്യമങ്ങളിലൂടെ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. അഭ്യൂഹങ്ങള്‍ കേട്ട് പ്ലാറ്റ്‌ഫോമുകള്‍ മാറരുതെന്നും ഔദ്യോഗിക അറിയിപ്പ് കര്‍ശനമായി പാലിക്കണമെന്നും എല്ലാ യാത്രക്കാരോടും അഭ്യര്‍ത്ഥിച്ചു. ആസൂത്രിതമായി പ്രവര്‍ത്തിക്കുന്നതിന് ഇന്ത്യന്‍ റെയില്‍വേ എല്ലാ യാത്രക്കാരുടെയും സഹകരണം അഭ്യര്‍ത്ഥിച്ചു. യാത്രക്കാര്‍ക്കായുള്ള പതിവ്, പ്രത്യേക ട്രെയിന്‍ സര്‍വ്വീസുകള്‍ സുഗമമായി നടത്താന്‍ സോണല്‍ റെയില്‍വേ അധികാരികളെ ഇതു വളരെയേറെ സഹായിക്കും.
നിലവിലെ തിരക്കുള്ള സാഹചര്യങ്ങളില്‍ യാത്രക്കാരുടെ സഹായത്തിനും സംശയനിവാരണത്തിനും റെയില്‍വേയുടെ ഹെല്‍പ്പ് ലൈന്‍ നമ്പറായ 139 വഴിയുള്ള സേവനം തുടര്‍ന്നും ലഭിക്കും. ഇന്നലത്തെ ദൗര്‍ഭാഗ്യകരമായ സംഭവവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ റെയില്‍വേയ്ക്ക് ഇന്ന് വൈകുന്നേരം 5 മണി വരെ ഈ ഹെല്‍പ്പ് ലൈന്‍ നമ്പരിലേക്ക് 130 ലധികം കോളുകള്‍ ലഭിച്ചു. ഇതിനുപുറമേ, ഇന്ത്യന്‍ റെയില്‍വേ ഉദ്യേഗസ്ഥര്‍ മരണമടഞ്ഞ ഓരോരുത്തരുടെയും കുടുംബാഗങ്ങളെയും അവരുടെ വീടുകളിലേക്ക് അനുഗമിക്കുകയും മരിച്ചവരുടെ അന്ത്യകര്‍മ്മങ്ങളില്‍ പങ്കുചേരുകയും ചെയ്തു.
മരണമടഞ്ഞ 18 പേരുടെ കുടുംബാഗങ്ങള്‍ക്ക് ഇന്ത്യന്‍ റെയില്‍വേ കഴിഞ്ഞ ദിവസം 10 ലക്ഷം രൂപ വീതം ധനസഹായം നല്‍കിയിരുന്നു. ഗുരുതരമായി പരിക്കേറ്റ യാത്രക്കാര്‍ക്ക് 2.5 ലക്ഷം രൂപയും നിസാര പരിക്കേറ്റ യാത്രക്കാര്‍ക്ക് ഒരു ലക്ഷം രൂപയും വീതം 15 പേര്‍ക്ക് അന്നു തന്നെ സഹായം കൈമാറി.
ഇന്നലെ നടന്ന അനിഷ്ട സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച രണ്ടംഗ ഉന്നതതല സംഘം പ്രവര്‍ത്തനം ആരംഭിച്ചു. പ്രിന്‍സിപ്പല്‍ ചീഫ് സെക്യൂരിറ്റി കമ്മീഷണര്‍ ശ്രീ പങ്കജ് ഗാങ്‌വാര്‍, ഉത്തര റെയില്‍വേ പ്രിന്‍സിപ്പല്‍ ചീഫ് കൊമേഴ്‌സ്യല്‍ മാനേജര്‍ ശ്രി നര്‍ സിംഗ് എന്നീ ഉയര്‍ന്ന അഡ്മിനിസ്‌ട്രേറ്റീവ് ഗ്രേഡ് ഓഫീസര്‍മാര്‍ അടങ്ങുന്നതാണ് ഉന്നതതല സംഘം.
മരണമടഞ്ഞ / പരിക്കേറ്റ യാത്രക്കാരുടെ ലിസ്റ്റ്
SKY
(Release ID: 2103960)
Visitor Counter : 13