വിദ്യാഭ്യാസ മന്ത്രാലയം
പരീക്ഷാ പേ ചർച്ച 2025-ൻ്റെ ആറാം അധ്യായത്തിൽ വിദ്യാർത്ഥികളുമായി സംവദിച്ച് വിക്രാന്ത് മാസിയും ഭൂമി പട്നേക്കറും
Posted On:
16 FEB 2025 8:43PM by PIB Thiruvananthpuram
ഉദ്ഘാടന പതിപ്പില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തുടക്കം കുറിച്ച സമ്പന്നമായ ചർച്ചകളുടെ തുടര്‍ച്ചയായി ഇന്ന് സംപ്രേഷണം ചെയ്ത പരീക്ഷ പേ ചർച്ച-2025 ന്റെ എട്ടാം പതിപ്പിലെ ആറാം അധ്യായത്തിൽ ജീവിതത്തിൽ സർഗാത്മകത വളർത്തുന്നതിനെക്കുറിച്ചും നല്ല സമീപനങ്ങള്‍ സ്വീകരിക്കുന്നതിനെക്കുറിച്ചും ചലച്ചിത്ര താരങ്ങളായ വിക്രാന്ത് മാസിയും ഭൂമി പട്നേക്കറും വിദ്യാർത്ഥികളുമായി സംവദിച്ചു.
ദൃശ്യവൽക്കരണത്തിന്റെ ശക്തിയെക്കുറിച്ച് എടുത്തുപറഞ്ഞ വിക്രാന്ത് ദൈനംദിന പ്രവർത്തനങ്ങളുടെ ഒരു ഡയറി സൂക്ഷിക്കാൻ വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിച്ചു. ചർച്ചയിൽ അദ്ദേഹം മനോവികാരങ്ങളും മാനസിക സംഘര്‍ഷങ്ങളും മാതാപിതാക്കളോട് തുറന്നു പ്രകടിപ്പിക്കാൻ വിദ്യാർത്ഥികളെ ഉപദേശിച്ചു. സമപ്രായക്കാരുടെ സമ്മർദ്ദം കൈകാര്യം ചെയ്യുന്നതിലും ജീവിതത്തിൽ സന്തുലിതാവസ്ഥ നിലനിർത്തുന്നതിലും യുഎഇയിലെ ദുബൈ ഇന്ത്യൻ ഹൈസ്കൂളിലെ ഒരു വിദ്യാർത്ഥി അദ്ദേഹത്തിന്റെ മാര്‍ഗനിർദേശം തേടി.
സ്കൂളുകളിൽ നൈപുണ്യ വികസനം പ്രോത്സാഹിപ്പിക്കുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയോട് നന്ദി പ്രകടിപ്പിച്ച വിക്രാന്ത് ഉയർന്ന ലക്ഷ്യങ്ങൾ തേടുന്നതിനൊപ്പം സ്വയം നിയന്ത്രിക്കാനും വിദ്യാർത്ഥികളെ ഉപദേശിച്ചു. പരീക്ഷകൾക്ക് മുമ്പ് സ്വാസ്ഥ്യത്തിന്റെ പ്രാധാന്യം എടുത്തുപറഞ്ഞ അദ്ദേഹം മനോവികാരം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട ആകർഷകമായ ഒരു ആക്ടിവിറ്റിയും നടത്തി. വിദ്യാർത്ഥികളോട് അദ്ദേഹത്തിന്റെ പ്രധാന സന്ദേശം ഇതായിരുന്നു: "നന്നായി ഭക്ഷണം കഴിക്കുക, നന്നായി വിശ്രമിക്കുക; സ്വയം മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുക; കളികളില്‍ ഏര്‍പ്പെടുക, ഇടവേള നല്‍കുക."
പരിപാടിയിലെ രണ്ടാമത്തെ അതിഥി നടി ഭൂമി പട്നേക്കര്‍ വ്യക്തിപരമായ ദുരന്തങ്ങളെ എങ്ങനെ നേരിട്ടുവെന്നതടക്കം തന്റെ ബാല്യകാല അനുഭവങ്ങള്‍ പങ്കുവെയ്ക്കുകയും തന്റെ തൊഴിൽ എന്തുകൊണ്ട് ആസ്വദിക്കുന്നുവെന്ന് വിദ്യാര്‍ത്ഥികളോട് സംവദിക്കുകയും ചെയ്തു. സ്വന്തം ശക്തികളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അവർ വിദ്യാര്‍ത്ഥികളെ ഉപദേശിച്ചു. ആളുകളെ കണ്ടുമുട്ടുന്നതിലും യാത്ര ചെയ്യുന്നതിലും പ്രാദേശിക പാചകരീതികൾ പര്യവേക്ഷണം ചെയ്യുന്നതിലുമുള്ള തന്റെ ഇഷ്ടം പങ്കുവെച്ച അവര്‍ തൊഴിലിനെ ഇത് ആസ്വാദ്യകരമാക്കുന്നുവെന്നും പറഞ്ഞു. വിദ്യാർത്ഥികൾ അവരുടെ വികാരങ്ങൾ മാതാപിതാക്കളോട് തുറന്നു പ്രകടിപ്പിക്കണമെന്ന് പരിപാടിയില്‍ സംവദിച്ച യുഎഇയിലെ ദുബെ ഇന്ത്യൻ ഹൈസ്‌കൂളിലെ മറ്റൊരു വിദ്യാർത്ഥിയോട് അവര്‍ നിർദേശിച്ചു. സ്വന്തം രീതിയിൽ എങ്ങനെ പഠിക്കാമെന്നും ഏത് പാഠവും എങ്ങനെ എളുപ്പം മനഃപാഠമാക്കാമെന്നും ഒരു പരിശീലനക്ലാസിൽ അവർ വിദ്യാർത്ഥികളെ പഠിപ്പിച്ചു. സ്വയം നിയന്ത്രിച്ചുനില്‍ക്കാനും ഒരോ കാര്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാനും ആത്മീയത നമ്മെ സഹായിക്കുമെന്ന് അവർ പറഞ്ഞു.
സമഗ്ര വികസനം ഉറപ്പാക്കുന്നതിന് കായിക താരങ്ങൾ, സാങ്കേതിക വിദഗ്ധർ, മത്സര പരീക്ഷകളിലെ ഉന്നതർ, വിനോദ-വ്യവസായ പ്രൊഫഷണലുകൾ, ആത്മീയ നേതാക്കൾ തുടങ്ങി വിവിധ മേഖലകളിലെ വിശിഷ്ട വ്യക്തികൾ പാഠപുസ്തകങ്ങൾക്കപ്പുറം ഉൾക്കാഴ്ചകൾ കൊണ്ട് വിദ്യാർത്ഥികളെ സമ്പന്നരാക്കുന്നു. മൂന്ന് പതിപ്പുകള്‍കൂടി സംപ്രേഷണം ചെയ്തതോടെ, പാഠ്യരംഗത്തും വ്യക്തിപരമായും മികവ് പുലർത്താന്‍ വിദ്യാർത്ഥികൾക്ക് അവശ്യ സംവിധാനങ്ങളും തന്ത്രങ്ങളും നൽകുന്നത് ഓരോ പതിപ്പിലും തുടരുന്നു.
നവീകരിച്ചതും സംവേദനാത്മകവുമായ ഈ വര്‍ഷത്തെ പരീക്ഷാ പേ ചർച്ചയുടെ എട്ടാം പതിപ്പിനെ രാജ്യമെങ്ങുമുള്ള വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും വലിയതോതില്‍ പ്രശംസിച്ചു. പരമ്പരാഗത പൊതുവേദിയുടെ രീതിയില്‍ നിന്ന് മാറി 2025 ഫെബ്രുവരി 10 ന് ന്യൂഡൽഹിയിലെ മനോഹരമായ സുന്ദർ നഴ്‌സറിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുത്ത ആകർഷകമായ പതിപ്പോടെയാണ് ഈ വർഷത്തെ പരീക്ഷാ പേ ചര്‍ച്ച ആരംഭിച്ചത്.
ഉദ്ഘാടന പതിപ്പില്‍ രാജ്യമെങ്ങുമുള്ള 36 വിദ്യാർത്ഥികളുമായി സംവദിച്ച പ്രധാനമന്ത്രി പോഷകാഹാരവും ആരോഗ്യവും, സമ്മർദത്തിൽ പ്രാവീണ്യം നേടൽ, സ്വയം വെല്ലുവിളിക്കൽ, നേതൃത്വ കല, പുസ്തകങ്ങൾക്കപ്പുറം - 360º വളർച്ച, നല്ല സമീപനങ്ങള്‍ കണ്ടെത്തൽ തുടങ്ങിയ ഉൾക്കാഴ്ചയേറിയ വിഷയങ്ങൾ ചർച്ച ചെയ്തു. വളർച്ചാ മനോഭാവവും സമഗ്ര പഠനവും സാധ്യമാക്കുന്നതിനൊപ്പം അദ്ദേഹത്തിന്റെ വിലപ്പെട്ട മാർഗനിർദ്ദേശങ്ങളിലൂടെ പാഠ്യരംഗത്തെ വെല്ലുവിളികളെ ആത്മവിശ്വാസത്തോടെ നേരിടുന്നതിന് പ്രായോഗിക തന്ത്രങ്ങളും വിദ്യാർത്ഥികൾ സ്വായത്തമാക്കി.
SKY
(Release ID: 2103942)
Visitor Counter : 20