വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav

ബെർലിനേൽ 2025-ല്‍ വേവ്സ് സമ്പര്‍ക്ക പരിപാടി

ബെർലിൻ ചലച്ചിത്രമേളയിലെ പ്രമുഖര്‍ക്ക് വേവ്സ് 2025 ഉച്ചകോടിയിൽ പങ്കെടുക്കാൻ ക്ഷണം

Posted On: 15 FEB 2025 8:01PM by PIB Thiruvananthpuram

ബെർലിൻ ചലച്ചിത്രമേളയില്‍ ഇന്ന് സംഘടിപ്പിച്ച വേവ്സ് 2025 സമ്പര്‍ക്ക പരിപാടിയില്‍  മേളയുടെ ഭാഗമായി യൂറോപ്യൻ ഫിലിം മാര്‍ക്കറ്റില്‍ പങ്കെടുക്കുന്ന ലോകമെങ്ങുമുള്ള പ്രമുഖ ചലച്ചിത്ര പ്രവര്‍ത്തകരുമായി ഇന്ത്യൻ പ്രതിനിധി സംഘം ചർച്ച നടത്തി. ഇന്ത്യയുടെ പുരാതന പൈതൃകത്തിന്റെയും ആധുനിക സാങ്കേതിക പുരോഗതിയുടെയും അതുല്യ സംയോജനം പ്രദർശിപ്പിക്കുന്ന വേദിയായി മാറിയ പരിപാടി മാധ്യമ - വിനോദ മേഖലകളിലെ ആഗോള സഹകരണം അഭിവൃദ്ധിപ്പെടുത്തി. എവിജിസി മേഖലയിലെ സഹകരണവും നവീകരണവും ശക്തിപ്പെടുത്തുന്നതിനായി വേവ്സ്-2025ന്റെ ഭാഗമാകാന്‍  ചലച്ചിത്ര നിര്‍മാതാക്കളെയും സാങ്കേതികരംഗത്തെ പ്രമുഖരെയും ക്ഷണിച്ചു. 

 

ബെർലിനേലിൽ നടന്ന ചടങ്ങിൽ  മുതിർന്ന സംവിധായകനും നടനുമായ ശ്രീ ശേഖർ കപൂർ  നടത്തിയ പ്രചോദനാത്മകമായ പ്രസംഗത്തില്‍ ഇന്ത്യൻ വിനോദ വ്യവസായത്തിന്റെ അപാര സാധ്യതകള്‍ അദ്ദേഹം എടുത്തുപറഞ്ഞു. ഇന്ത്യയുടെ എല്ലാ കോണുകളിലെയും സര്‍ഗാത്മക ഉള്ളടക്ക നിര്‍മാതാക്കള്‍ക്ക്  ആഗോള വേദിയൊരുക്കി അവരെ ശാക്തീകരിക്കുകയെന്നതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടെന്ന് അദ്ദേഹം വ്യക്തമാക്കി. അതിവേഗം വളരുന്ന ഇന്ത്യയുടെ  എവിജിസി-എക്സ്ആര്‍  (ആനിമേഷൻ, വിഷ്വൽ എഫക്‌ട്‌സ്, ഗെയിമിംഗ്, കോമിക്‌സ്, എക്സ്റ്റെൻഡഡ് റിയാലിറ്റി) മേഖലയുമായി സഹകരിക്കാൻ അന്താരാഷ്ട്രതലത്തിലെ ഈരംഗത്തെ പ്രമുഖർക്ക് വേവ്സ് ഒരു മികച്ച അവസരമാണെന്ന് അദ്ദേഹം പറഞ്ഞു. 

 

സാങ്കേതിക രംഗത്ത് ആഗോള നേതൃത്വമായി രാജ്യം ഉയർന്നുവരുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച ശ്രീ കപൂര്‍  ഇന്ത്യയുടെ സാങ്കേതിക ഗതിവേഗം എടുത്തുപറഞ്ഞു.  സുസ്ഥിര  വളർച്ചയിലൂടെയും നവീകരണത്തിലൂടെയും  ഇന്ത്യൻ കമ്പനികൾക്ക് വൈകാതെ സാങ്കേതികരംഗത്തെ പ്രധാന ആഗോള ഭീമന്മാരുമായി മത്സരിക്കാനാവുമെന്ന് അദ്ദേഹം  അഭിപ്രായപ്പെട്ടു.

പ്രേക്ഷകന്റെ കാഴ്ചപ്പാടില്‍ കഥ അവതരിപ്പിക്കുന്നതിലാണ് കഥാഖ്യാനത്തിന്റെ കല നിലകൊള്ളുന്നതെന്ന്  പ്രശസ്ത സംവിധായകനായ അദ്ദേഹം പറഞ്ഞു.

 

കഥാഖ്യാനത്തിന് വ്യത്യസ്ത മാധ്യമങ്ങൾ ആവശ്യമാണെന്നും സര്‍ഗാത്മക ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് നവീനമായും ആഴത്തിലും അവരുടെ കഥകൾ അവതരിപ്പിക്കാന്‍ അത്യാധുനിക വേദികള്‍ നൽകാനാണ് വേവ്സ്-2025 രൂപകൽപന ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

 

ലോകത്തെ അഭിമാനകരമായ ചലച്ചിത്രമേളകളിലൊന്നായ ബെർലിനേൽ എന്നറിയപ്പെടുന്ന ബെർലിൻ രാജ്യാന്തര ചലച്ചിത്രമേള ലോകമെങ്ങുമുള്ള ചലച്ചിത്ര പ്രവര്‍ത്തകരെയും നിർമാതാക്കളെയും ഈരംഗത്തെ പ്രൊഫഷണലുകളെയും  ആകർഷിക്കുന്നു. ജർമനിയിലെ ബെർലിനിൽ വർഷം തോറും നടക്കുന്ന ഈ മേള വൈവിധ്യമാർന്ന ചലച്ചിത്ര ശബ്ദങ്ങളെയും വിപ്ലവകരമായ കഥാഖ്യാനങ്ങളെയും ആഘോഷിക്കുന്ന സര്‍ഗാത്മക വിനിമയ കേന്ദ്രമായി വർത്തിക്കുന്നു. ബെർലിനേലിന്റെ പ്രധാന ഘടകമായ യൂറോപ്യൻ ഫിലിം മാര്‍ക്കറ്റ് അന്താരാഷ്ട്ര ചലച്ചിത്ര-മാധ്യമ കമ്പനികൾക്ക് പരസ്പരം ബന്ധപ്പെടാനും സഹകരിക്കാനും വാണിജ്യ അവസരങ്ങൾ പര്യവേക്ഷണം ചെയ്യാനും വേദിയൊരുക്കുന്നു.

 

 

മേളയില്‍ നേരത്തെ കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയ പ്രതിനിധികൾ ഇന്ത്യയുടെ വിശാല സാംസ്കാരിക വൈവിധ്യം,  പാരമ്പര്യം, അത്യാധുനിക സാങ്കേതികവിദ്യയുടെ സംയോജനം എന്നിവയെക്കുറിച്ച് അവതരണം നടത്തി. ഇന്ത്യയുടെ ഊര്‍ജസ്വലമായ സംരംഭക ആവാസവ്യവസ്ഥ നവീകരണത്തിന്റെ പുതിയ തരംഗത്തെ നയിക്കുന്നുവെന്നും സിനിമ, ആനിമേഷൻ, വിഷ്വൽ എഫക്റ്റ്സ്, ഗെയിമിംഗ്, എക്സ്ആര്‍ (എക്സ്റ്റെൻഡഡ് റിയാലിറ്റി) എന്നിവയിലെ ആഗോള പങ്കാളിത്തത്തിന് ഇതൊരു ആകർഷക കേന്ദ്രമായി മാറുന്നുവെന്നും അവതരണം പ്രത്യേകം പരാമര്‍ശിച്ചു. വേവ്സ്  സംരംഭത്തിന് കീഴിൽ ആഗോള മാധ്യമ രംഗത്ത് ഇന്ത്യൻ പ്രതിഭകളെ മുൻനിരയിലേക്ക് കൊണ്ടുവരാൻ ലക്ഷ്യമിടുന്ന  വിവിധ അവസരങ്ങളെക്കുറിച്ചും വിശദീകരിച്ചു.

 

അവതരണത്തിലെ പ്രധാന ഉള്ളടക്കം:

  • ഇന്ത്യയുടെ പുരാതന കഥാഖ്യാന പാരമ്പര്യത്തെ ആധുനിക ഡിജിറ്റൽ രൂപാന്തരങ്ങളുമായി ബന്ധിപ്പിക്കുന്നതിൽ വേവ്സിന്റെ പങ്ക്.
  • വേവ്സിന്റെ ഭാഗമായ ബിസിനസ് ടു ബിസിനസ് സഹകരണം, വേവ്സ് ബസാര്‍ എന്നീ വേദികളിലൂടെ ഇന്ത്യയിലെയും അന്താരാഷ്ട്രതലത്തിലെയും സര്‍ഗാത്മക ഉള്ളടക്ക നിര്‍മാതാക്കള്‍ തമ്മിലെ സഹകരണം വളർത്തിയെടുക്കുകയെന്ന സംരംഭത്തിന്റെ ശ്രദ്ധാകേന്ദ്രം.
  • വേവ്-എക്സിലറേറ്റര്‍ പരിപാടിയിലൂടെ രാജ്യാന്തര നിക്ഷേപകർക്ക് ആനിമേഷൻ, ഗെയിമിംഗ്, എക്സ്ആര്‍ സാങ്കേതികവിദ്യ എന്നിവയിൽ അവസരങ്ങൾ.
  • ക്രിയേറ്റ് ഇന്‍ ഇന്ത്യയുടെ ആദ്യ പതിപ്പില്‍ 30-ലധികം മത്സരങ്ങളിലൂടെ ഭാവനയുടെയും നൂതനാശയങ്ങളുടെയും ശക്തി പ്രദർശനം. 
  • സര്‍ഗാത്മക ഉള്ളടക്ക നിര്‍മാതാക്കളെയും  സ്റ്റാർട്ടപ്പുകളെയും  മാധ്യമ -  വിനോദ മേഖലകളിലെ സാങ്കേതിക പുരോഗതിയെയും പിന്തുണയ്ക്കാന്‍ സർക്കാർ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന സംരംഭങ്ങൾ.

******************


(Release ID: 2103745) Visitor Counter : 21