രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ബിഐടി മെസ്രയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളിൽ രാഷ്‌ട്രപതി പങ്കെടുത്തു

Posted On: 15 FEB 2025 1:17PM by PIB Thiruvananthpuram

ഝാർഖണ്ഡിലെ റാഞ്ചിയിൽ ഇന്ന് (ഫെബ്രുവരി 15, 2025) ബിഐടി മെസ്രയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളിൽ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു പങ്കെടുത്തു.

 

നമ്മുടേത് സാങ്കേതികവിദ്യയുടെ യുഗമാണെന്ന് ചടങ്ങിൽ സംസാരിച്ച രാഷ്ട്രപതി പറഞ്ഞു. വിവരസാങ്കേതിക മേഖലയിലെ പുതിയ മുന്നേറ്റങ്ങൾ നമ്മുടെ ജീവിതരീതിയെ മാറ്റിമറിച്ചു. ഇന്നലെ വരെ ചിന്തിക്കാൻ പോലും കഴിയാത്തത് ഇന്ന് യാഥാർത്ഥ്യമായിരിക്കുന്നു.വരും വർഷങ്ങൾ കൂടുതൽ പരിവർത്തനപരമായിരിക്കുമെന്നും, പ്രത്യേകിച്ച് നിർമിത ബുദ്ധി , മെഷീൻ ലേണിംഗ് എന്നിവയിൽ ദൂരവ്യാപകമായ പുരോഗതി പ്രതീക്ഷിക്കുന്നുണ്ടെന്നും അവർ പറഞ്ഞു. സമ്പദ്‌വ്യവസ്ഥകളെ എഐ വേഗത്തിൽ പരിവർത്തനം ചെയ്യുന്നതിനാൽ, ഉയർന്നുവരുന്ന സാഹചര്യത്തോട് കേന്ദ്ര ഗവൺമെന്റ് വേഗത്തിൽ പ്രതികരിച്ചു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എ ഐ സംയോജിപ്പിക്കുന്നതിന് നിരവധി സംരംഭങ്ങൾ സ്വീകരിച്ചുവരികയാണ്.

 

സമൂഹങ്ങളിൽ സാങ്കേതികവിദ്യ വലിയ വിടവുകൾ സൃഷ്ടിക്കുന്നതിനാൽ, അരികുവൽക്കരിക്കപ്പെട്ട വിഭാഗങ്ങളിൽ അതിന്റെ സ്വാധീനത്തെക്കുറിച്ച് നാം ജാഗ്രത പുലർത്തണമെന്ന് രാഷ്ട്രപതി പറഞ്ഞു. സൃഷ്ടിക്കപ്പെടുന്ന വലിയ അവസരങ്ങൾ എല്ലാവർക്കും ലഭ്യമാകണം; സൃഷ്ടിക്കപ്പെടുന്ന വലിയ പരിവർത്തനങ്ങൾ എല്ലാവർക്കും പ്രയോജനകരമാകണം. രാഷ്‌ട്രപതി പറഞ്ഞു 

 

നമ്മുടെ ചുറ്റുമുള്ള പ്രശ്നങ്ങൾക്ക് പലപ്പോഴും വലിയ സാങ്കേതിക ഇടപെടൽ ആവശ്യമില്ലെന്ന് രാഷ്ട്രപതി പറഞ്ഞു. ചെറുകിട, പരമ്പരാഗത പരിഹാരങ്ങളുടെ പ്രാധാന്യം മറക്കരുതെന്ന് അവർ യുവാക്കളെ ഉപദേശിച്ചു. പരമ്പരാഗത സമൂഹങ്ങളുടെ അറിവിന്റെ അടിത്തറയെ നൂതനാശയക്കാരും സംരംഭകരും അവഗണിക്കരുതെന്ന് രാഷ്‌ട്രപതി പറഞ്ഞു.

എഞ്ചിനീയറിംഗ്, സാങ്കേതികവിദ്യ, അനുബന്ധ മേഖലകളിലെ വിദ്യാഭ്യാസം, ഗവേഷണം, നൂതനാശയം എന്നിവയിൽ ബിഐടി മെസ്ര നൽകിയ സംഭാവനകളെ ആഘോഷിക്കാനും ആദരിക്കാനും ഉചിതമായ അവസരമാണ് പ്ലാറ്റിനം ജൂബിലിഎന്ന് രാഷ്ട്രപതി പറഞ്ഞു. നിരവധി മേഖലകളിൽ ഈ സ്ഥാപനം മുന്നിലാണെന്ന് അവർ സന്തോഷത്തോടെ പറഞ്ഞു. രാജ്യത്തെ ആദ്യത്തെ ബഹിരാകാശ എഞ്ചിനീയറിംഗ്, റോക്കട്രി വകുപ്പ് 1964 ൽ ഇവിടെ സ്ഥാപിതമായി. എഞ്ചിനീയറിംഗ് സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ആദ്യത്തെ ശാസ്ത്ര സാങ്കേതിക സംരംഭകത്വ പാർക്കുകളിൽ ഒന്ന് (STEP) 1975 ൽ ഇവിടെ സ്ഥാപിതമായി. ഇന്ത്യയിലെ ശാസ്ത്ര സാങ്കേതിക വിദ്യയുടെ തുടർച്ചയായ മാറ്റത്തിൽ ബിഐടി മെസ്ര തുടർന്നും സമ്പന്നമായ സംഭാവനകൾ നൽകുമെന്ന് അവർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

രാഷ്ട്രപതിയു‌ടെ പ്രസംഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക - 

*********


(Release ID: 2103557) Visitor Counter : 25