വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav

സിംഫണി ഓഫ് ഇന്ത്യ ചലഞ്ച് 2025: വേവ്‌സിനു കീഴില്‍  സംഗീത പ്രതിഭകള്‍ക്കും നവീനാശയങ്ങള്‍ക്കുമുള്ള വേദി

മികച്ച വിജയം നേടുന്ന മൂന്നു ടീമുകള്‍ ലോക ദൃശ്യ-ശ്രാവ്യ വിനോദ ഉച്ചകോടിയില്‍ പരിപാടി അവതരിപ്പിക്കും

प्रविष्टि तिथि: 13 FEB 2025 6:53PM by PIB Thiruvananthpuram
രാജ്യത്തുടനീളമുള്ള മികച്ച സംഗീത പ്രതിഭകളെ അവതരിപ്പിക്കാന്‍ ലോക ദൃശ്യ-ശ്രാവ്യ വിനോദ ഉച്ചകോടിക്കു (WAVES) കീഴിലുള്ള പ്രധാന പരിപാടിയായ സിംഫണി ഓഫ് ഇന്ത്യാ ചലഞ്ച് തയ്യാറെടുക്കുമ്പോള്‍ അനുപമമായ ഒരു സംഗീതയാത്രയ്ക്കു വേദിയൊരുങ്ങുകയാണ്. 212 സംഗീതജ്ഞര്‍ ഈ മത്സരത്തില്‍ മാറ്റുരയ്ക്കാനായി ആദ്യം രജിസ്റ്റര്‍ ചെയ്തിരുന്നതിനാല്‍,  ഗാലാ റൗണ്ടില്‍ മത്സരിക്കുന്ന 80 ക്ലാസിക്കല്‍, നാടോടി കലാകാരന്മാരെ കണ്ടെത്തുന്നതിനു കര്‍ശന തെരഞ്ഞെടുപ്പു വ്യവസ്ഥകള്‍ ഇപ്പോള്‍ മുന്നോട്ടുവച്ചിട്ടുണ്ട്.

ഒറ്റയ്ക്കുള്ള പ്രകടനത്തില്‍ തുടങ്ങി അവരെ നാലു പേരുള്ള ഗ്രൂപ്പുകളായും പിന്നീട് എട്ടു പേരുള്ള ഗ്രൂപ്പുകളായും ലയിപ്പിച്ച് ഒടുവില്‍ 10 സംഗീതജ്ഞര്‍ മാസ്മരിക സംഗീതത്തിന്റെ സിംഫണി സൃഷ്ടിച്ച്,  യഥാര്‍ത്ഥ സംഗീതം സൃഷ്ടിക്കുകയും നാടന്‍ പാട്ടുകള്‍ പുനസൃഷ്ടിക്കുകയും ചെയ്യും. ഓരോ 10 സംഗീതജ്ഞരിലും ഏറ്റവും മികച്ച മൂന്നു പേര്‍ വീതം മെഗാ സിംഫണി രൂപീകരിക്കുകയും അവര്‍ക്ക് പ്രശസ്തമായ വേവ്‌സ് വേദിയില്‍ പരിപാടി അവതരിപ്പിക്കാന്‍ അവസരം ലഭിക്കുകയും ചെയ്യും. പരമ്പരയിലെ വിജയികളായ മൂന്നു ടീം  പ്രേക്ഷകര്‍ക്കു മുന്നില്‍ പരിപാടി അവതരിപ്പിക്കും, മത്സരിക്കാന്‍ മാത്രമല്ല, പുതിയ ശൈലികള്‍, രീതികള്‍, സംഗീതത്തിന്റെ പ്രഭാവം എന്നിവ അവതരിപ്പിക്കാനും അവര്‍ക്ക് അവസരം ലഭിക്കുന്നു.

ലോക ദൃശ്യ-ശ്രാവ്യ വിനോദ ഉച്ചകോടിയുടെ  (WAVES) ഭാഗമായി  കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ (I&B) മന്ത്രി ശ്രീ അശ്വനി വൈഷ്ണവ് തുടക്കം കുറിച്ച   ' ക്രിയേറ്റ് ഇന്‍ ഇന്ത്യ ചലഞ്ച് -സീസണ്‍ 1' ന്റെ ഭാഗമായുള്ള 25 മത്സരങ്ങളില്‍ ഒന്നാണ് സിംഫണി ഓഫ് ഇന്ത്യ ചലഞ്ച്.

വിശദ വിവരങ്ങള്‍ക്ക്.  https://pib.gov.in/PressReleaseIframePage.aspx?PRID=2047812


സിഫണി ഓഫ് ഇന്ത്യ ചലഞ്ചില്‍ പങ്കെടുക്കുന്നവര്‍ക്ക് അവരുടെ സംഗീതം വൈവിധ്യവും വിശാലവുമായ പ്രേക്ഷകര്‍ക്കു മുന്നില്‍ അവതരിപ്പിക്കാനും സംഗീതത്തിന്റെയും വിനോദത്തിന്റെയും സജീവമായ ലോകത്തിനു മുന്നിലുള്ള പ്രകടനത്തിലൂടെ കരിയറിനു തുടക്കമിടാനും കഴിയും.

ഈ പരിപാടി പൊതുജനങ്ങള്‍ക്ക് ആവേശകരമായ ഒരു അനുഭവം വാഗ്ദാനം ചെയ്യുന്നു, കാരണം അവര്‍ക്കു മുന്നില്‍ വൈവിധ്യവും വിശാലവുമായ സംഗീത പരിപാടികളാണ് ചുരുള്‍നിവരുന്നത്,  ഇത് സംഗീത പ്രേമികളുടെ വൈവിധ്യമാര്‍ന്ന അഭിരുചികളെ ശരിക്കും ആഘോഷമാക്കുന്ന ഒരു സംഭവമായിരിക്കും.

സാമൂഹ്യബോധം, നവീകരണം, വളര്‍ച്ച എന്നിവയെ പരിപോഷിപ്പിക്കുന്നതോടൊപ്പം സര്‍ഗ്ഗാത്മകതയുടെയും സംഗീതത്തിന്റെയും അതിരുകള്‍ വിശാലമാക്കാന്‍ സിംഫണി ഓഫ് ഇന്ത്യ ചലഞ്ച് ലക്ഷ്യമിടുന്നു. യുവ പ്രതിഭകളെ പരിപോഷിപ്പിക്കുന്നതിനും ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ക്ക് പുത്തന്‍ സംഗീതാനുഭവങ്ങള്‍ പ്രദാനം ചെയ്യുന്നതിനുമുള്ള ഒരു സുവര്‍ണ്ണവസരമായാണ് വേവ്‌സ് സജ്ജീകരിച്ചിരിക്കുന്നത്.

മഹാവീര്‍ ജെയിന്‍ ഫിലിംസുമായി ഏകോപിപ്പിച്ച് ദൂരദര്‍ശനാണ് മത്സരങ്ങള്‍ നിര്‍മ്മിക്കുന്നത്, പ്രഗത്ഭ  ഷോ ഡയറക്ടര്‍ ശ്രുതി അനിന്ദിത വര്‍മ്മ സംവിധാനം നിര്‍വ്വഹിക്കുന്നു. ശ്രീ  ഗൗരവ് ദുബെ ആതിഥേയത്വം വഹിക്കുന്ന ഈ മത്സരങ്ങളുടെ വിധികര്‍ത്താക്കള്‍ പത്മശ്രീ സോമ ഘോഷ്, ഗായിക ശ്രുതി പഥക്, നാടോടി ഗായകന്‍ സ്വരൂപ് ഖാന്‍ എന്നിവരാണ്. തബല വിദ്വാന്‍ തൗഫിഖ് ഖുറേഷി, പുല്ലാങ്കുഴല്‍ വിദഗ്ധന്‍ പത്മശ്രീ റോണു മജുംദാര്‍, വയലിനിസ്റ്റ് സുനിത ഭൂയാന്‍, തബലവിദ്വാന്‍ പണ്ഡിറ്റ് ദിനേശ് , ശ്രീ തന്മോയ് ബോസ്, ലെസ്ലി ലൂയിസ്, പുല്ലാങ്കുഴല്‍ വിദഗ്ധന്‍  രാകേഷ് ചൗരസ്യ എന്നിവര്‍ മാര്‍ഗ്ഗദര്‍ശികളായുണ്ട്.


സിംഫണി ഓഫ് ഇന്ത്യ ചലഞ്ച് ദൂരദര്‍ശനില്‍ താമസിയാതെ സംപ്രേക്ഷണം ചെയ്യും. കൂടുതല്‍ വിശദാംശങ്ങള്‍ക്കും പുതിയ വിവരങ്ങള്‍ക്കും രജിസ്റ്റര്‍ ചെയ്യുന്നതിനും വേവ്‌സിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് www.wavesindia.org സന്ദര്‍ശിക്കുക.

ലോക ദൃശ്യ-ശ്രാവ്യ വിനോദ ഉച്ചകോടിയുടെ (WAVES) ഉദ്ഘാടന പതിപ്പ് 2025 മേയ് 1 മുതല്‍ 4 വരെ മുംബൈയിലെ ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. ബ്രോഡ്കാസ്റ്റിംഗ്, ഡിജിറ്റല്‍ മീഡിയ, അഡ്വര്‍ട്ടൈസിംഗ്, ആനിമേഷന്‍, ഗെയിംഗ്, ഇ-സ്‌പോര്‍ട്‌സ്, സംഗീതം തുടങ്ങിയ മേഖലകളിൽ ചര്‍ച്ചകള്‍ക്കുള്ള ഒരു മുന്‍നിര ആഗോള വേദിയായാണ് വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം വേവ്‌സ്  വിഭാവന ചെയ്തിട്ടുള്ളത്. മാധ്യമ, വിനോദ വ്യവസായത്തിന്റെ പ്രമുഖ നിക്ഷേപ കേന്ദ്രമെന്ന നിലയില്‍ ഇന്ത്യയുടെ പങ്ക് ശക്തിപ്പെടുത്തുന്നതിനുള്ള നൂതന പ്രഖ്യാപനങ്ങളും സംരഭങ്ങളും വേവ്‌സ് 2025 അവതരിപ്പിക്കും.
 

SKY

(रिलीज़ आईडी: 2103080) आगंतुक पटल : 63
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Assamese , Punjabi , Telugu , Kannada