പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

അഹമ്മദാബാദിലെ രാമകൃഷ്ണ മഠം സംഘടിപ്പിച്ച പരിപാടിയിൽ വീഡിയോ കോൺഫറൻസിംഗിലൂടെ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം

Posted On: 09 DEC 2024 3:33PM by PIB Thiruvananthpuram

ബഹുമാനപ്പെട്ട സ്വാമി ഗൗതമാനന്ദ ജി മഹാരാജ്, രാജ്യത്തുടനീളവും വിദേശത്തുമുള്ള രാമകൃഷ്ണ മിഷനിലെയും മഠത്തിലെയും ബഹുമാന്യരായ സന്യാസിമാർ, ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്രഭായ് പട്ടേൽ, ഈ പരിപാടിയുമായി ബന്ധപ്പെട്ട എല്ലാ വിശിഷ്ടാതിഥികളേ, മഹതികളേ, മാന്യരേ, നമസ്‌കാരം!

ഗുജറാത്തിന്റെ പുത്രൻ എന്ന നിലയിൽ, നിങ്ങളെയെല്ലാം ഈ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുകയും എന്റെ അനുമോദനങ്ങൾ അർപ്പിക്കുകയും ചെയ്യുന്നു. മാ ശാരദ, ഗുരുദേവ് രാമകൃഷ്ണ പരമഹംസർ, സ്വാമി വിവേകാനന്ദ ജി എന്നിവരുടെ പാദങ്ങളിൽ ഞാൻ വണങ്ങുന്നു. സ്വാമി പ്രേമാനന്ദ മഹാരാജ് ജിയുടെ ജന്മവാർഷികത്തോടനുബന്ധിച്ചാണ് ഇന്നത്തെ പരിപാടി നടക്കുന്നത്. അദ്ദേഹത്തിനും ഞാൻ എന്റെ ആദരം അർപ്പിക്കുന്നു.


സുഹൃത്തുക്കളേ,

മഹാത്മാക്കളുടെ ഊർജ്ജം നൂറ്റാണ്ടുകളായി ലോകത്തിലെ പോസിറ്റീവ് സൃഷ്ടിയെ വികസിപ്പിക്കുന്നത് തുടരുന്നു. അതുകൊണ്ടാണ് ഇന്ന്, സ്വാമി പ്രേമാനന്ദ മഹാരാജിന്റെ ജന്മവാർഷികത്തിൽ ഇത്തരമൊരു പുണ്യസംഭവത്തിന് നാം സാക്ഷ്യം വഹിക്കുന്നത്. ലേഖംബയിൽ പുതുതായി നിർമ്മിച്ച പ്രാർത്ഥനാ ഹാളും സന്യാസി വസതിയും ഭാരതത്തിന്റെ പുണ്യപാരമ്പര്യത്തെ പരിപോഷിപ്പിക്കും. സേവനത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും ഒരു യാത്ര ഇവിടെ ആരംഭിക്കുന്നു, ഇത് വരും തലമുറകൾക്ക് പ്രയോജനപ്പെടും. ശ്രീരാമകൃഷ്ണ ക്ഷേത്രം, ദരിദ്ര വിദ്യാർത്ഥികൾക്കുള്ള ഹോസ്റ്റലുകൾ, തൊഴിൽ പരിശീലന കേന്ദ്രങ്ങൾ, ആശുപത്രികൾ, അതിഥി മന്ദിരങ്ങൾ എന്നിവ ആത്മീയതയും മാനവികതയ്ക്കുള്ള സേവനവും വ്യാപിപ്പിക്കുന്നതിനുള്ള മാധ്യമങ്ങളായി മാറും. ഒരു തരത്തിൽ, ഗുജറാത്തിൽ എനിക്ക് രണ്ടാമത്തെ വീടും കണ്ടെത്താൻ കഴിഞ്ഞു. സന്യാസിമാരുടെ കൂട്ടായ്മയിലും ആത്മീയ അന്തരീക്ഷത്തിലും എന്റെ ഹൃദയം ശാന്തമാണ്. ഈ അവസരത്തിൽ നിങ്ങൾക്കെല്ലാവർക്കും എന്റെ അഭിനന്ദനങ്ങളും ആശംസകളും നേരുന്നു.


സുഹൃത്തുക്കളേ,

സാനന്ദിലെ ഈ പ്രദേശം എനിക്ക് ഒരുപാട് ഓർമ്മകൾ നൽകുന്നു. നിരവധി പഴയ സുഹൃത്തുക്കളും ആത്മീയ സഹയാത്രികരും ഈ പരിപാടിയുടെ ഭാഗമാണ്. ഞാൻ ഇവിടെ ധാരാളം സമയം ചെലവഴിച്ചിട്ടുണ്ട്, നിരവധി വീടുകളിൽ താമസിച്ചിട്ടുണ്ട്, അമ്മമാരുടെയും സഹോദരിമാരുടെയും കൈകളാൽ ഉണ്ടാക്കിയ ഭക്ഷണം ആസ്വദിച്ചിട്ടുണ്ട്, അവരുടെ സന്തോഷങ്ങളിലും ദുഃഖങ്ങളിലും പങ്കുചേർന്നിട്ടുണ്ട്. എന്നോടൊപ്പം ഇവിടെ ഉണ്ടായിരുന്ന സുഹൃത്തുക്കൾക്ക് ഈ പ്രദേശം നേരിട്ട പോരാട്ടങ്ങൾ അറിയാം. ഈ പ്രദേശത്തിന് ആവശ്യമായ സാമ്പത്തിക വികസനം ഇപ്പോൾ യാഥാർത്ഥ്യമാകുകയാണ്. മുൻകാലങ്ങളിൽ, നമുക്ക് ബസിൽ യാത്ര ചെയ്യേണ്ടിയിരുന്ന സമയത്ത്, രാവിലെയും വൈകുന്നേരവും ഒരു ബസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ, അതിനാൽ മിക്ക ആളുകളും സൈക്കിളിൽ യാത്ര ചെയ്യാൻ ഇഷ്ടപ്പെട്ടിരുന്നുവെന്ന് ഞാൻ ഓർക്കുന്നു. എന്റെ ഒരു ഭാഗമെന്നപോലെ ഈ പ്രദേശം എനിക്ക് നന്നായി അറിയാം. നമ്മുടെ ശ്രമങ്ങൾക്കും നയങ്ങൾക്കും ഒപ്പം, സന്യാസിമാരുടെ അനുഗ്രഹങ്ങളും ഈ പരിവർത്തനത്തിൽ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. ഇപ്പോൾ കാലം മാറിയതിനാൽ, സമൂഹത്തിന്റെ ആവശ്യങ്ങളും മാറിയിരിക്കുന്നു. ഈ പ്രദേശം സാമ്പത്തികവും ആത്മീയവുമായ വികസനത്തിനുള്ള ഒരു കേന്ദ്രമായി മാറുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. കാരണം സന്തുലിതമായ ജീവിതത്തിന്, ഭൗതിക സമ്പത്തും ആത്മീയതയും ഒരുപോലെ അത്യാവശ്യമാണ്. നമ്മുടെ സന്യാസിമാരുടെയും ചിന്തകരുടെയും മാർഗനിർദേശപ്രകാരം സാനന്ദും ഗുജറാത്തും ഈ ദിശയിൽ പുരോഗമിക്കുന്നത് കാണുന്നതിൽ എനിക്ക് സന്തോഷമുണ്ട്.


സുഹൃത്തുക്കളേ,

ഒരു വൃക്ഷത്തിന്റെ സാമർത്ഥ്യം അതിന്റെ വിത്തിൽ നിന്നാണ് അറിയുന്നത്. രാമകൃഷ്ണ മഠം എന്നത് ആ വൃക്ഷമാണ്, അതിന്റെ വിത്തിൽ സ്വാമി വിവേകാനന്ദനെപ്പോലുള്ള മഹാനായ സന്യാസിമാരുടെ അനന്തമായ ഊർജ്ജം അടങ്ങിയിരിക്കുന്നു. അതിനാൽ, അതിന്റെ തുടർച്ചയായ വികാസവും അത് മനുഷ്യരാശിക്ക് നൽകുന്ന തണലും പരിധിയില്ലാത്തതാണ്. രാമകൃഷ്ണ മഠത്തിന്റെ സാരാംശം മനസ്സിലാക്കാൻ, ഒരാൾ സ്വാമി വിവേകാനന്ദനെ മനസ്സിലാക്കുകയും, ഏറ്റവും പ്രധാനമായി, അദ്ദേഹത്തിന്റെ പാഠങ്ങൾ ഉൾക്കൊണ്ട് ജീവിക്കുകയും വേണം. ഒരിക്കൽ നിങ്ങൾ അദ്ദേഹത്തിന്റെ ചിന്തകൾ ജീവിതത്തിൽ പ്രാവർത്തികമാക്കിയാൽ, വ്യത്യസ്തമായ ഒരു വെളിച്ചം നിങ്ങളെ എങ്ങനെ നയിക്കുന്നുവെന്ന് നിങ്ങൾക്ക് അനുഭവപ്പെടും. ഞാൻ ഇത് വ്യക്തിപരമായി അനുഭവിച്ചിട്ടുണ്ട്. രാമകൃഷ്ണ മിഷനും അതിലെ സന്യാസിമാരും സ്വാമി വിവേകാനന്ദന്റെ ചിന്തയും എന്റെ ജീവിതത്തെ എങ്ങനെ നയിച്ചുവെന്ന് പഴയ സന്യാസിമാർക്ക് അറിയാം. അതുകൊണ്ടാണ് എനിക്ക് അവസരം ലഭിക്കുമ്പോഴെല്ലാം, ഈ കുടുംബത്തിന്റെ ഭാഗമാകാനും നിങ്ങളുമായി ബന്ധപ്പെടാനും ഞാൻ ശ്രമിക്കുന്നത്. സന്യാസിമാരുടെ അനുഗ്രഹത്താൽ, മിഷന്റെ നിരവധി പ്രവർത്തനങ്ങളിൽ സംഭാവന ചെയ്യാൻ എനിക്ക് ഭാഗ്യം ലഭിച്ചു. 2005 ൽ, വഡോദരയിലെ ദിലാരാം ബംഗ്ലാവ് രാമകൃഷ്ണ മിഷന് കൈമാറാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചു. സ്വാമി വിവേകാനന്ദ ജി ഇവിടെ കുറച്ച് സമയം ചെലവഴിച്ചിരുന്നു. ബഹുമാനപ്പെട്ട സ്വാമി ആത്മസ്ഥാനന്ദ ജി തന്നെ അവിടെ ഉണ്ടായിരുന്നു എന്നതും എന്റെ ഭാഗ്യമാണ്, കാരണം എന്റെ ആത്മീയ യാത്രയിൽ അദ്ദേഹത്തിൽ നിന്ന് പഠിക്കാനും അദ്ദേഹത്തിന്റെ മാർഗ്ഗനിർദ്ദേശം സ്വീകരിക്കാനും എനിക്ക് അവസരം ലഭിച്ചു. ബംഗ്ലാവിന്റെ രേഖകൾ അദ്ദേഹത്തിന് കൈമാറാൻ കഴിഞ്ഞത് എന്റെ ഭാഗ്യമായി ഞാൻ കരുതുന്നു, സ്വാമി ആത്മസ്ഥാനന്ദ ജി അദ്ദേഹത്തിന്റെ അവസാന നിമിഷം വരെ തന്ന സ്നേഹവും അനുഗ്രഹവും എന്റെ ജീവിതത്തിന് വലിയൊരു മുതൽക്കൂട്ടായിരുന്നു.

സുഹൃത്തുക്കളേ,

മിഷൻ സംഘടിപ്പിച്ച നിരവധി പരിപാടികളിൽ പങ്കെടുക്കാൻ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. ഇന്ന്, രാമകൃഷ്ണ മിഷന് ലോകമെമ്പാടും 280-ലധികം കേന്ദ്രങ്ങളുണ്ട്, കൂടാതെ ഭാരതത്തിലെ രാമകൃഷ്ണ പ്രസ്ഥാനവുമായി ബന്ധപ്പെട്ട ഏകദേശം 1200 ആശ്രമങ്ങളുണ്ട്. ഈ ആശ്രമങ്ങൾ മനുഷ്യ സേവന കേന്ദ്രങ്ങളായി പ്രവർത്തിക്കുന്നു. ഗുജറാത്ത് വളരെക്കാലമായി രാമകൃഷ്ണ മിഷന്റെ പ്രവർത്തനത്തിന് സാക്ഷ്യം വഹിച്ചിട്ടുണ്ട്. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി ഗുജറാത്തിൽ എന്തെങ്കിലും പ്രതിസന്ധി വന്നപ്പോഴെല്ലാം, രാമകൃഷ്ണ മിഷൻ എപ്പോഴും അവിടെയുണ്ട്, ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നു. കഴിഞ്ഞ എല്ലാ സംഭവങ്ങളും ഞാൻ ഓർത്തെടുക്കുകയാണെങ്കിൽ, അത് വളരെ നീണ്ടതാണ്. എന്നാൽ സൂറത്തിലെ വെള്ളപ്പൊക്കം, മോർബി അണക്കെട്ട് ദുരന്തം, ഭുജ് ഭൂകമ്പത്തിന്റെ അനന്തരഫലങ്ങൾ, ക്ഷാമകാലം, കനത്ത മഴയുടെ സമയങ്ങൾ എന്നിവ നിങ്ങൾ ഓർമ്മിച്ചേക്കും. ഗുജറാത്തിൽ ഒരു ദുരന്തം സംഭവിച്ചപ്പോഴെല്ലാം, രാമകൃഷ്ണ മിഷനുമായി ബന്ധപ്പെട്ട ആളുകൾ ഇരകളെ പിന്തുണയ്ക്കാൻ മുന്നോട്ടുവന്നു. ഭൂകമ്പത്തിൽ തകർന്ന 80-ലധികം സ്കൂളുകൾ പുനർനിർമ്മിക്കുന്നതിൽ രാമകൃഷ്ണ മിഷൻ ഒരു പ്രധാന പങ്ക് വഹിച്ചു. ഗുജറാത്തിലെ ജനങ്ങൾ ഇപ്പോഴും ഈ സേവനത്തെ ഓർക്കുകയും അതിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുകയും ചെയ്യുന്നു.


സുഹൃത്തുക്കളേ,

സ്വാമി വിവേകാനന്ദന് ഗുജറാത്തിനോട് ഒരു സവിശേഷ ബന്ധമുണ്ടായിരുന്നു. ഗുജറാത്ത് അദ്ദേഹത്തിന്റെ ജീവിത യാത്രയിൽ ഒരു പ്രധാന പങ്ക് വഹിച്ചു. സ്വാമി വിവേകാനന്ദൻ ഗുജറാത്തിലെ നിരവധി സ്ഥലങ്ങൾ സന്ദർശിച്ചു. ഷിക്കാഗോയിലെ ലോക മത പാർലമെന്റിനെക്കുറിച്ച് സ്വാമി ജി ആദ്യമായി മനസ്സിലാക്കിയത് ഇവിടെ വെച്ചാണ്. ഇവിടെ അദ്ദേഹം നിരവധി ഗ്രന്ഥങ്ങൾ പഠിക്കുകയും വേദാന്തം പ്രചരിപ്പിക്കാൻ സ്വയം തയ്യാറെടുക്കുകയും ചെയ്തു. 1891-ൽ സ്വാമി ജി പോർബന്തറിലെ ഭോജേശ്വർ ഭവനിൽ മാസങ്ങളോളം താമസിച്ചു. സ്മാരക ക്ഷേത്രമാക്കുന്നതിനായി ഗുജറാത്ത് ഗവണ്മെൻ്റ് ഈ കെട്ടിടം രാമകൃഷ്ണ മിഷന് കൈമാറി. 2012 മുതൽ 2014 വരെ ഗുജറാത്ത് ഗവണ്മെൻ്റ് സ്വാമി വിവേകാനന്ദന്റെ 150-ാം ജന്മവാർഷികം ആഘോഷിച്ചത് നിങ്ങൾ ഓർക്കുന്നുണ്ടാകും. ഗാന്ധിനഗറിലെ മഹാത്മാ മന്ദിറിൽ വളരെ ആവേശത്തോടെയാണ് സമാപന ചടങ്ങ് നടന്നത്, ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമുള്ള ആയിരക്കണക്കിന് ജനങ്ങൾ പങ്കെടുത്തു. സ്വാമിജിയുടെ ഗുജറാത്തുമായുള്ള ബന്ധത്തിന്റെ സ്മരണയ്ക്കായി സ്വാമി വിവേകാനന്ദ ടൂറിസ്റ്റ് സർക്യൂട്ട് വികസിപ്പിക്കുന്നതിനുള്ള ഒരു പദ്ധതി ഗുജറാത്ത് ഗവണ്മെൻ്റ് ഇപ്പോൾ തയ്യാറാക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്.


സഹോദരീ സഹോദരന്മാരേ,

സ്വാമി വിവേകാനന്ദൻ ആധുനിക ശാസ്ത്രത്തെ വലിയ രീതിയിൽ പിന്തുണച്ചിരുന്നു. ശാസ്ത്രത്തിന്റെ പ്രാധാന്യം കാര്യങ്ങളെയോ സംഭവങ്ങളെയോ വിവരിക്കുന്നതിൽ മാത്രമല്ല, നമ്മെ പ്രചോദിപ്പിക്കുകയും മുന്നോട്ട് നയിക്കുകയും ചെയ്യുന്നുവെന്ന് സ്വാമി ജി വിശ്വസിച്ചു. ഇന്ന്, ലോകത്തിലെ മൂന്നാമത്തെ വലിയ സ്റ്റാർട്ട്-അപ്പ് ആവാസവ്യവസ്ഥയും,ആധുനിക സാങ്കേതികവിദ്യയിൽ ഭാരതത്തിന്റെ വളരുന്ന സാന്നിധ്യവും, ആധുനിക അടിസ്ഥാന സൗകര്യ പദ്ധതികളും, ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകാനുള്ള ചുവടുവയ്പ്പുകളും, ഭാരതം അതിന്റെ പാരമ്പര്യ അറിവുകളെയും പുരാതന പാഠങ്ങളെയും അടിസ്ഥാനമാക്കി അതിവേഗം മുന്നേറുകയാണെന്ന് കാണിക്കുന്നു. യുവശക്തിയാണ് രാജ്യത്തിന്റെ നട്ടെല്ലെന്ന് സ്വാമി വിവേകാനന്ദൻ വിശ്വസിച്ചു. "ആത്മവിശ്വാസവും ഊർജ്ജവും നിറഞ്ഞ 100 യുവാക്കളെ എനിക്ക് തരൂ, ഞാൻ ഭാരതത്തെ രൂപാന്തരപ്പെടുത്താം" എന്ന് സ്വാമി ജി ഒരിക്കൽ പറഞ്ഞു. ഇപ്പോൾ, ഈ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ട സമയമായി. 'വികസിത ഭാരതം' (വികസിത ഇന്ത്യ) എന്ന ശക്തമായ പ്രതിബദ്ധതയോടെ, അമൃത് കാലിലേക്ക് ഒരു പുതിയ യാത്ര ആരംഭിച്ചിരിക്കുന്നു. നിശ്ചിത സമയത്തിനുള്ളിൽ നാം അത് നിറവേറ്റണം. ഇന്ന്, ഭാരതം ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രാഷ്ട്രമാണ്, ഇവിടുത്തെ യുവജനങ്ങൾ ആഗോള വേദിയിൽ അവരുടെ കഴിവ് തെളിയിച്ചിട്ടുണ്ട്.

ലോകത്തിലെ പ്രധാന കമ്പനികളെ നയിക്കുന്നത് ഭാരതത്തിന്റെ ഈ യുവശക്തിയാണ്. രാഷ്ട്രത്തിന്റെ വികസനത്തിന് നേതൃത്വം നൽകുന്നത് ഭാരതത്തിന്റെ ഈ യുവശക്തിയാണ്. ഇന്ന്, രാഷ്ട്രത്തിന് സമയവും അവസരവും സ്വപ്നങ്ങളും ദൃഢനിശ്ചയവും വിജയത്തിലേക്ക് നയിക്കുന്ന പരിശ്രമത്തിന്റെ യാത്രയുമുണ്ട്. അതിനാൽ, രാഷ്ട്രനിർമ്മാണത്തിന്റെ എല്ലാ മേഖലകളിലും നേതൃത്വത്തിനായി നമ്മുടെ യുവജനങ്ങൾ സജ്ജമാക്കേണ്ടതുണ്ട്. ഇന്ന്, സാങ്കേതികവിദ്യയിലും മറ്റ് മേഖലകളിലും ചെയ്യുന്നതുപോലെ, നമ്മുടെ യുവജനങ്ങൾ രാഷ്ട്രീയത്തിലും രാജ്യത്തെ നയിക്കണം. കുടുംബാധിപത്യത്തിനോ അതിനെ അവരുടെ കുടുംബ സ്വത്തായി കണക്കാക്കുന്നവർക്കോ രാഷ്ട്രീയം ഇനി നമുക്ക് വിട്ടുകൊടുക്കാൻ കഴിയില്ല. വരുന്ന വർഷത്തിൽ, 2025 ൽ ഒരു പുതിയ തുടക്കത്തിനായി ഞങ്ങൾ തയ്യാറെടുക്കുകയാണ്. 2025 ജനുവരി 12 ന്, സ്വാമി വിവേകാനന്ദന്റെ ജന്മവാർഷികവും ദേശീയ യുവജന ദിനവും പ്രമാണിച്ച്, ഡൽഹിയിൽ ഒരു "യംഗ് ലീഡേഴ്‌സ് ഡയലോഗ്" നടക്കും, അവിടെ രാജ്യമെമ്പാടുമുള്ള തെരഞ്ഞെടുക്കപ്പെട്ട 2,000 യുവജനങ്ങളെ ക്ഷണിക്കും. രാജ്യമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് യുവജനങ്ങൾ വെർച്വലായി ചേരും. യുവജനങ്ങളുടെ കാഴ്ചപ്പാടിൽ നിന്നുള്ള 'വികസിത ഭാരതം' എന്ന ദർശനത്തിൽ ചർച്ച ശ്രദ്ധ കേന്ദ്രീകരിക്കും, യുവജനങ്ങളെ രാഷ്ട്രീയത്തിൽ ഉൾപ്പെടുത്തുന്നതിനുള്ള ഒരു രൂപരേഖ തയ്യാറാക്കും. കഴിവുള്ളവരും ഊർജ്ജസ്വലരുമായ ഒരു ലക്ഷം യുവജനങ്ങളെ  രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരിക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം, ഈ യുവജനങ്ങൾ 21-ാം നൂറ്റാണ്ടിലെ ഭാരതത്തിന്റെ രാഷ്ട്രീയത്തിന്റെയും ഭാരതത്തിന്റെ ഭാവിയുടെയും പുതിയ മുഖമായി മാറും.

സുഹൃത്തുക്കളേ,

ഈ ശുഭകരമായ അവസരത്തിൽ, ഭൂമിയെ മികച്ച സ്ഥലമാക്കി മാറ്റുന്ന രണ്ട് പ്രധാന ആശയങ്ങൾ ഓർമ്മിക്കേണ്ടത് ആവശ്യമാണ്: ആത്മീയതയും സുസ്ഥിര വികസനവും. ഈ രണ്ട് ആശയങ്ങളും യോജിപ്പിച്ചുകൊണ്ട് നമുക്ക് മികച്ച ഒരു ഭാവി കെട്ടിപ്പടുക്കാൻ കഴിയും. ആത്മീയതയുടെ പ്രായോഗിക വശം സ്വാമി വിവേകാനന്ദൻ ഊന്നിപ്പറഞ്ഞു. സമൂഹത്തിന്റെ ആവശ്യങ്ങളെ അഭിസംബോധന ചെയ്യാൻ ആത്മീയതയ്ക്കാകണം എന്ന് അദ്ദേഹം ആഗ്രഹിച്ചു. ചിന്തകളുടെ ശുദ്ധീകരണം മാത്രമല്ല, ചുറ്റുപാടുകളിലെ ശുചിത്വവും അദ്ദേഹം ഊന്നിപ്പറഞ്ഞു. സാമ്പത്തിക വികസനം, സാമൂഹിക ക്ഷേമം, പരിസ്ഥിതി സംരക്ഷണം എന്നിവ സന്തുലിതമാക്കുന്നതിലൂടെ, നമുക്ക് സുസ്ഥിര വികസനം എന്ന ലക്ഷ്യം കൈവരിക്കാൻ കഴിയും. സ്വാമി വിവേകാനന്ദജിയുടെ ചിന്തകൾ നമ്മെ ഈ ലക്ഷ്യത്തിലേക്ക് നയിക്കും. ആത്മീയതയിലും സുസ്ഥിരതയിലും സന്തുലിതാവസ്ഥ പ്രധാനമാണെന്ന് നമുക്കറിയാം. ഒന്ന് മനസ്സിൽ സന്തുലിതാവസ്ഥ സൃഷ്ടിക്കുന്നു, മറ്റൊന്ന് പ്രകൃതിയുമായി സന്തുലിതാവസ്ഥ കൈവരിക്കാൻ നമ്മെ പഠിപ്പിക്കുന്നു. അതിനാൽ, രാമകൃഷ്ണ മിഷൻ പോലുള്ള സ്ഥാപനങ്ങൾക്ക് നമ്മുടെ പ്രചാരണങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു. മിഷൻ ലൈഫ് പോലുള്ള ദൗത്യങ്ങളും 'ഏക് പെട് മാ കേ നാം' പോലുള്ള പ്രചാരണങ്ങളും രാമകൃഷ്ണ മിഷനിലൂടെ കൂടുതൽ വിപുലീകരിക്കാൻ കഴിയും.


സുഹൃത്തുക്കളേ,

ഭാരതത്തെ ശക്തവും സ്വാശ്രയവുമായ ഒരു രാഷ്ട്രമായി കാണാൻ സ്വാമി വിവേകാനന്ദൻ ആഗ്രഹിച്ചു. അദ്ദേഹത്തിന്റെ സ്വപ്നം സാക്ഷാത്കരിക്കുന്നതിനായി രാജ്യം ഇപ്പോൾ ആ ദിശയിലേക്ക് മുന്നേറുകയാണ്. ഈ സ്വപ്നം എത്രയും വേഗം പൂർത്തീകരിക്കപ്പെടട്ടെ, ശക്തവും കഴിവുള്ളതുമായ ഒരു ഭാരതം വീണ്ടും മനുഷ്യരാശിയെ നയിക്കട്ടെ. ഇതിനായി, രാജ്യത്തെ ഓരോ പൗരനും ഗുരുദേവ് രാമകൃഷ്ണ പരമഹംസന്റെയും സ്വാമി വിവേകാനന്ദന്റെയും പാഠങ്ങൾ സ്വീകരിക്കണം. ഇതുപോലുള്ള സംഭവങ്ങളും സന്യാസിമാരുടെ പരിശ്രമങ്ങളും ഇത് നേടുന്നതിനുള്ള ഒരു പ്രധാന മാർഗമാണ്. ഒരിക്കൽ കൂടി, ഈ പരിപാടിയിൽ നിങ്ങളെ എല്ലാവരെയും ഞാൻ അഭിനന്ദിക്കുകയും എല്ലാ ബഹുമാന്യരായ സന്യാസിമാർക്കും എന്റെ ആദരപൂർവ്വമായ അഭിവാദ്യം അർപ്പിക്കുകയും ചെയ്യുന്നു. ഇന്നത്തെ ഈ പുതിയ തുടക്കം, പുതിയ ഊർജ്ജത്തോടെ, സ്വാമി വിവേകാനന്ദന്റെ സ്വപ്നം സാക്ഷാത്കരിക്കുന്നതിനുള്ള അടിത്തറയായി മാറട്ടെ. എല്ലാവർക്കും വളരെ നന്ദി.

ഡിസ്ക്ലയ്മർ: പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ ഏകദേശ വിവർത്തനമാണിത്. ഹിന്ദിയിലും കുറച്ച് ഭാഗങ്ങൾ ഗുജറാത്തിയിലുമായാണ് യഥാർത്ഥ പ്രസംഗം നടത്തിയത്.

 

-NK-


(Release ID: 2102922)