വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav

റീലുകളും, പ്രൊഫഷണൽ പരസ്യചിത്രങ്ങളും നിർമിക്കുന്നവര്‍ക്ക് പ്രശസ്തിയാര്‍ജിക്കാന്‍ സുവര്‍ണാവസരവുമായി വേവ്സ്  

പെട്ടെന്നാവട്ടെ! രണ്ടുദിവസം മാത്രം ശേഷിക്കെ ആഗോള വേദിയിൽ നിങ്ങളുടെ സൃഷ്ടികൾക്ക് അംഗീകാരം നേടാന്‍ അവസരം നഷ്ടപ്പെടുത്താതിരിക്കൂ.

ഫെബ്രുവരി 15-നകം അപേക്ഷിക്കാം

Posted On: 12 FEB 2025 6:46PM by PIB Thiruvananthpuram
ക്യാമറാ ലെന്‍സിലൂടെ അര്‍ത്ഥം പകരാവുന്ന ഒരു സങ്കല്പവും ഫ്രെയിമുകളിലൂടെ  ദൃശ്യവല്‍ക്കരിക്കാവുന്ന ഒരു കഥയും നിങ്ങളുടെ പക്കലുണ്ടോ? നിങ്ങളുടെ സിരകളില്‍ സർഗാത്മകതയുണ്ടെങ്കില്‍ വേവ്സ് മികവിന്റെ പുരസ്കാരം നിങ്ങള്‍ക്കൊരു സുവർണാവസരമൊരുക്കുന്നു.

ഏറെ കാത്തിരുന്ന വിദ്യാര്‍ത്ഥികളുടെ ഷോ-റീല്‍,  പ്രൊഫഷണൽ പരസ്യചിത്ര മത്സരങ്ങള്‍ക്ക് ഔദ്യോഗികമായി അപേക്ഷ സ്വീകരിച്ച് തുടങ്ങിയിരിക്കുന്നു! ഫെബ്രുവരി 15-ന് മുന്‍പ് നിങ്ങളുടെ സൃഷ്ടികള്‍ സമർപ്പിക്കാം.

കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം  ആനിമേഷൻ പ്രോത്സാഹിപ്പിക്കുന്ന യുനെസ്കോ അംഗീകൃത ആഗോള എൻ‌ജി‌ഒ  - എഎസ്ഐഎഫ്എ-ഇന്ത്യയുമായി സഹകരിച്ചാണ് വേവ്സ് മികവിന്റെ പുരസ്കാരങ്ങള്‍ അവതരപ്പിക്കുന്നത്.  ആഗോളതലത്തിൽ ഇന്ത്യയുടെ സർഗാത്മക നേതൃത്വം ശക്തിപ്പെടുത്തുന്ന ആനിമേഷൻ, വിഷ്വൽ എഫക്റ്റ്, എക്സ്റ്റെൻഡഡ് റിയാലിറ്റി (എക്സ്ആർ) എന്നിവയിലെ അസാധാരണ നേട്ടങ്ങളെ ഈ പുരസ്കാരങ്ങളിലൂടെ ആഘോഷിക്കുന്നു.

പുരസ്കാരങ്ങളെക്കുറിച്ച്

രണ്ട് മത്സര വിഭാഗങ്ങളുണ്ട്: സ്റ്റുഡന്റ് ഷോ-റീലുകളും (സമയ നിയന്ത്രണമില്ല) പ്രൊഫഷണൽ പരസ്യചിത്രങ്ങളും (60 സെക്കൻഡ് പരിധി).

ഇന്ത്യയുടെ സാമൂഹ്യ-സാംസ്കാരിക ഭൂമികയും ആധുനിക സാങ്കേതികവിദ്യകളും അടിസ്ഥാനമാക്കിയ പ്രമേയങ്ങള്‍ സൃഷ്ടികളില്‍ പ്രതിഫലിപ്പിക്കാം:

പുരാണങ്ങളും നാടോടിക്കഥകളും ആധുനിക സാഹചര്യത്തിൽ

സുസ്ഥിരതയും കാലാവസ്ഥാ വ്യതിയാന അവബോധവും

യോഗയും സ്വാസ്ഥ്യവും

നിര്‍മിതബുദ്ധിയും കഥാഖ്യാനത്തിന്റെ ഭാവിയും

ഇന്ത്യയുടെ പറയപ്പെടാത്ത കഥകൾ ആനിമേഷനിലൂടെയും വിഷ്വല്‍ എഫക്ടിലൂടെയും

ഗെയിമുകള്‍  സാമൂഹ്യനന്മയ്ക്ക്

വെർച്വൽ പ്രൊഡക്ഷനുകളും എക്സ്-ആര്‍ നൂതനാശയങ്ങളും

സ്റ്റോപ്പ്-മോഷൻ ആനിമേഷനിലൂടെ ഹനുമാൻ ചാലിസ പോലുള്ള പുരാണ കഥകളും ആചാരങ്ങളും

സ്ത്രീസുരക്ഷയും പെണ്‍കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളും  

പരസ്യ ലോകവും മാറുന്ന തലങ്ങളും

ആവേശകരമായ പങ്കാളിത്തത്തിലൂടെ അസാധാരണ പ്രതികരണത്തിന് സാക്ഷ്യംവഹിച്ച്  എഎസ്ഐഎഫ്എ ഇന്ത്യ

വിദ്യാർത്ഥികൾ (75%), പ്രൊഫഷണലുകൾ (25%), സ്ത്രീകൾ (35%), യുവ സര്‍ഗാത്മക നിര്‍മാതാക്കള്‍ (50%) എന്നിങ്ങനെ വിവിധ ജനവിഭാഗങ്ങളിലെ 1,238 പൂർത്തീകരിച്ച സൃഷ്ടികള്‍ സമർപ്പിക്കപ്പെട്ടതിലൂടെ മികച്ച പ്രതികരണമാണ് എഎസ്ഐഎഫ്എ-ഇന്ത്യയ്ക്ക് ലഭിച്ചത്.

ഇന്ത്യയിലെ ആനിമേഷന്‍-വിഎഫക്ട്സ്-ഗെയിമിങ്-ഹാസ്യ മേഖലയിൽ വൈവിധ്യം, ഉൾച്ചേര്‍ക്കല്‍, പുതിയ കാഴ്ചപ്പാടുകൾ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിലെ ഈ മത്സരത്തിന്റെ പങ്കിനെയാണ് സ്ത്രീകളുടെയും യുവ സര്‍ഗാത്മക നിര്‍മാതാക്കളുടെയും പങ്കാളിത്തം അടിവരയിടുന്നത്.

വിവിധ ഭൂഖണ്ഡങ്ങളില്‍ മത്സരത്തിന് പ്രചാരം നല്‍കിയതിന്റെ ഫലമായി  സ്പെയിൻ, യുകെ, യുഎസ്, ഗ്രീസ്, സൈപ്രസ്, ഇറാൻ, ഫിൻലാൻഡ്, ഫിലിപ്പീൻസ്, ജർമനി, ശ്രീലങ്ക, പ്യൂർടോ റിക്കോ, ചൈന, മെക്സിക്കോ തുടങ്ങി 13 രാജ്യങ്ങളില്‍നിന്ന് 60-ലധികം ആഗോള അപേക്ഷകള്‍ ലഭിച്ചു. ആഗോള ആനിമേറ്റഡ് ഫിലിം അസോസിയേഷൻ എഎസ്ഐഎഫ്എ (ചലച്ചിത്ര  - ആനിമേഷൻ അന്തര്‍ദേശീയ അസോസിയേഷന്‍) വിവിധ രാജ്യങ്ങളിലെ 40 ശാഖകള്‍ വഴി മത്സരം ആഗോളതലത്തിൽ പ്രോത്സാഹിപ്പിക്കുന്നു.

ഇന്ത്യയിലെയും  വിദേശത്തെയും 52-ലധികം സ്ഥാപനങ്ങളിൽ നിന്ന് എഎസ്ഐഎഫ്എ-യ്ക്ക് അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. ബാഴ്സലോണയിലെ ബിഎയു ആര്‍ട്സ്-ഡിസൈന്‍ സര്‍വകലാശാലാ കേന്ദ്രം, ടെക്സസ് സര്‍വകലാശാലയിലെ ബാസ് സ്കൂള്‍ ഓഫ് ആര്‍ട്സ് - ഹ്യുമാനിറ്റീസ് ആന്‍ഡ് ടെക്നോളജി, ടെഹ്റാന്‍ ആര്‍ട്സ് സര്‍വകലാശാല, ബാഡന്‍-വുട്ടംബെര്‍ഗിലെ ചലച്ചിത്ര അക്കാദമി, കൊളംബോയിലെ അക്കാദമി ഓഫ് ആര്‍ട്സ് സര്‍വകലാശാലയും അക്കാദമി ഓഫ് ഡിസൈനും,  കെന്നിസോ സ്റ്റേറ്റ് സര്‍വകലാശാല എന്നിവയടക്കം പ്രമുഖ ആഗോള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ അഭിമാനകരമായ ഈ മേളയിലേക്ക്  അവരുടെ മികച്ച സൃഷ്ടികള്‍ സമർപ്പിച്ചു.

ഇന്ത്യയിലെ എന്‍ഐഡികള്‍, ഐഐടികള്‍,  (ഐഡിസി ഡിസൈന്‍ സ്കൂളുകളും വിവിധ ഐഐടികളിലെ ഡിഒഡികളും), എസ്ആര്‍എഫ്ടിഐ, സര്‍ ജെ ജെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അപ്ലൈഡ് ആര്‍ട്ട്,  ബനസ്ഥലി വിദ്യാപീഠ്,  അജീന്‍ക്യ ഡിവൈ പാട്ടീല്‍ സര്‍വകലാശാല,  ബിഐടി മെസ്റ,  യുഐഡി, സൃഷ്ടി മണിപ്പാല്‍  എന്നിവയടക്കം  പ്രസിദ്ധമായ ഇന്ത്യൻ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളും അവരുടെ മികച്ച സൃഷ്ടികള്‍ സമർപ്പിച്ചിട്ടുണ്ട്.

വേവ്സ് വിജയികൾക്ക് ആഗോള അവസരങ്ങൾ


വിജയികള്‍ക്ക് അവരുടെ സൃഷ്ടികള്‍ വിദഗ്ധര്‍ അവലോകനം ചെയ്യുന്നതിന് നേരിട്ടുള്ള പിന്തുണയും യുഎസ്, ഗ്രീസ്, ഇന്ത്യ എന്നിവിടങ്ങളിലെ ആഗോള ജൂറിയുമായി സംവദിക്കാനുള്ള അവസരവും ലഭിക്കും. തൊഴിലവസര സാധ്യതകള്‍ സംബന്ധിച്ച് അന്താരാഷ്ട്ര സ്റ്റുഡിയോകൾ, നിർമാതാക്കൾ, സർക്കാർ ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെ  പ്രധാന പങ്കാളികളുമായി നേരിട്ട് ഇടപഴകുന്നതിന് അവസരങ്ങളും ലഭിക്കും. ആനിമേഷൻ സ്റ്റുഡിയോകൾക്കും സ്വതന്ത്ര സൃഷ്ടികര്‍ത്തക്കള്‍ക്കും ധനസഹായം,  ബൗദ്ധിക സ്വത്തവകാശം, ബിസിനസ് വിപുലീകരണം എന്നിവ സംബന്ധിച്ച്  മാർഗനിർദ്ദേശം ലഭിക്കും.

വരാനിരിക്കുന്ന വേവ്സിൽ പങ്കെടുക്കാൻ വിവിധ നഗരങ്ങളിലെ സര്‍ഗാത്മക നിര്‍മാതാക്കളെ പ്രചോദിപ്പിക്കുന്നതിന് എഎസ്ഐഎഫ്എ-ഇന്ത്യ 15 ഇന്ത്യൻ ഉപഘടകങ്ങളിലായി കൂടിക്കാഴ്ച പരമ്പരകള്‍ സംഘടിപ്പിച്ചിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്കും നിങ്ങളുടെ സൃഷ്ടികൾ സമർപ്പിക്കുന്നതിനും സബ്മിഷൻ പോർട്ടൽ സന്ദർശിക്കുക:
 
https://www.asifaindia.com/waoe/
 
SKY
 

(Release ID: 2102582) Visitor Counter : 53