സാംസ്‌കാരിക മന്ത്രാലയം
2025-ലെ മഹാകുംഭമേളയിൽ 45 കോടി ഭക്തർ ചരിത്രം തിരുത്തിയ ജനപങ്കാളിത്തത്തിന് സാക്ഷ്യംവഹിച്ച് 2025-ലെ മഹാകുംഭമേള
2025 ഫെബ്രുവരി 11 ലെ കണക്കനുസരിച്ച് 450 ദശലക്ഷത്തിലധികം (45 കോടി) ഭക്തർ സ്നാന ചടങ്ങുകളിൽ പങ്കെടുത്തതോടെ ചരിത്രത്തിലെ ഏറ്റവും വലിയ മതപരമായ ഒത്തുചേരലുകളിലൊന്നായി 2025 ലെ മഹാ കുംഭമേള മാറിക്കഴിഞ്ഞു. ഭക്തരുടെ എണ്ണം 45 ദിവസത്തില്‍ 45 കോടിയിലെത്തുമെന്നാണ് സംസ്ഥാന സർക്കാർ പ്രതീക്ഷിച്ചിരുന്നതെങ്കിലും മഹാകുംഭമേള അവസാനിക്കാൻ 15 ദിവസം ബാക്കിനില്‍ക്കെ, ഒരു മാസത്തിനകം ഈ നേട്ടം കൈവരിക്കാനായി.ആത്മീയ പ്രാധാന്യത്തിന്റെയും മഹത്തായ ആചാരങ്ങളുടെയും അത്യാധുനിക സാങ്കേതിക ഇടപെടലുകളുടെയും സംയോജനത്തോടെ ജനക്കൂട്ട നിയന്ത്രണം, ശുചിത്വം, ഡിജിറ്റൽ സൗകര്യം എന്നിവയിൽ ഈ കുംഭമേള പുതിയ മാനദണ്ഡങ്ങൾ നിര്‍ണയിച്ചു.
Posted On:
11 FEB 2025 2:11PM by PIB Thiruvananthpuram
സന്ദർശകരുടെ എണ്ണം 45 കോടി കവിഞ്ഞതോടെ ജനക്കൂട്ട നിയന്ത്രണമാണ് പ്രധാന ശ്രദ്ധാകേന്ദ്രം. ഗുരു ബൃഹസ്പതിയുടെ ഭക്തിയുമായും ഹൈന്ദവ ദേവനായ ഗന്ധർവൻ സ്വർഗത്തിൽ നിന്ന് പവിത്രമായ സംഗമസ്ഥാനത്തേയ്ക്ക് ഇറങ്ങുന്നുവെന്ന വിശ്വാസവുമായും ബന്ധപ്പെട്ട് പ്രശസ്തമായ 2025 ഫെബ്രുവരി 12-ലെ മാഘ പൂർണിമ ദിനത്തിലാണ് അടുത്ത അമൃത സ്നാനം. മാഘ പൂർണിമ സ്നാന സമയത്ത് ജനക്കൂട്ട നിയന്ത്രണം സുഗമമാക്കാന്‍ സംസ്ഥാന സർക്കാർ 2025 ഫെബ്രുവരി 11-ന് രാവിലെ മുതൽ അവശ്യ-അടിയന്തര സേവനങ്ങള്‍ക്ക് മാത്രം വാഹനങ്ങള്‍ അനുവദിക്കുന്ന തരത്തില്‍ കുംഭമേള പ്രദേശം 'വാഹന നിരോധിത മേഖല'യായി പ്രഖ്യാപിച്ചിട്ടുണ്ട്.
മഹാ കുംഭമേളയിലെ തിരക്ക് നിയന്ത്രിക്കുന്നതിന് ഇന്ത്യൻ റെയിൽവേയും പൂർണശേഷിയിൽ പ്രവർത്തിച്ചുവരുന്നു. ഫെബ്രുവരി 9 ന് 330-ഓളം ട്രെയിനുകളിലായി 12.5 ലക്ഷം തീർത്ഥാടകര്‍ യാത്രചെയ്യുകയും ഫെബ്രുവരി 10 ന് വൈകിട്ട് 3 മണിയോടെ 130 ട്രെയിനുകള്‍കൂടി പുറപ്പെടുകയും ചെയ്തു. ഫെബ്രുവരി 12 ന് നടക്കാനിരിക്കുന്ന അമൃത സ്നാനത്തിന്റെ പശ്ചാത്തലത്തില്‍ ഉദ്യോഗസ്ഥരും കേന്ദ്രമന്ത്രിയും ഒരുക്കങ്ങൾ അവലോകനം ചെയ്തു. പ്രയാഗ്‌രാജ് ജങ്ഷൻ ഉൾപ്പെടെ എട്ട് സ്റ്റേഷനുകളും പൂർണ പ്രവർത്തനക്ഷമമാണ്. അതേസമയം തിരക്ക് നിയന്ത്രിക്കുന്നതിന് പ്രധാന സ്നാനദിവസങ്ങളിൽ പ്രയാഗ്‌രാജ് സംഗമ സ്റ്റേഷൻ താൽക്കാലികമായി അടച്ചിടും.
വിവിധ ഏജൻസികളുമായി സഹകരിച്ച് സംസ്ഥാന സർക്കാർ ബഹുതല സുരക്ഷാ - നിരീക്ഷണ സംവിധാനങ്ങള്‍ നടപ്പാക്കിയിട്ടുണ്ട്. എഐ അധിഷ്ഠിത നിരീക്ഷണ ക്യാമറകളുടെ ശൃംഖല, ഡ്രോൺ നിരീക്ഷണം, തത്സമയ വിശകലനം എന്നിവ നിശ്ചിത മേഖലകളിലുടനീളം തീർത്ഥാടകരുടെ സുരക്ഷിത യാത്ര ഉറപ്പാക്കുന്നു. തീര്‍ത്ഥഘട്ടങ്ങളിലേക്ക് പ്രവേശനം സുഗമമാക്കുന്നതിനും തിരക്ക് കുറയ്ക്കുന്നതിനുമായി ഡിജിറ്റൽ ടോക്കൺ സംവിധാനവും മേള ഭരണകൂടം അവതരിപ്പിച്ചിട്ടുണ്ട്. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ആത്മീയ അനുഭവമായി കുംഭമേള തുടരുന്നുവെന്ന് ഉറപ്പാക്കുന്നതിന് മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാര്‍ക്കും പ്രത്യേക വ്യവസ്ഥകൾ ഏർപ്പെടുത്തി.
2025-ലെ മഹാകുംഭമേളയുടെ ചരിത്രപരമായ പ്രാധാന്യം വർധിപ്പിച്ചുകൊണ്ട് രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു 2025 ഫെബ്രുവരി 10 ന് മതപരമായ ആഘോഷങ്ങളിൽ പങ്കുചേര്‍ന്നു. സന്ദർശനത്തിന്റെ ഭാഗമായി അവര്‍ ത്രിവേണി സംഗമത്തിൽ പുണ്യസ്നാനം നടത്തിയത് ഉന്നത ഭരണതലങ്ങളിലെ മേളയുടെ ആത്മീയ പ്രാധാന്യം ഊട്ടിയുറപ്പിച്ചു. മതപരമായ പ്രധാന കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് ശ്രദ്ധാഞ്ജലി അര്‍പ്പിച്ച രാഷ്ട്രപതി സന്യാസിമാരുമായും ഭക്തരുമായും സംവദിച്ചു. രാഷ്ട്രപതി ദ്രൗപദി മുർമുവിന് പുറമെ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, രാജ്യരക്ഷാമന്ത്രി രാജ്‌നാഥ് സിങ് എന്നിവരടക്കം നിരവധി കേന്ദ്ര മന്ത്രിമാരും മുഖ്യമന്ത്രിമാരും ഗവർണർമാരും സംഗമത്തിൽ പുണ്യസ്നാനം നടത്തി. ബോളിവുഡിൽ നിന്നും ഇന്ത്യൻ കായിക മേഖലകളിൽ നിന്നും താരങ്ങള്‍ മതപരമായ ആചാരങ്ങളിലും പൊതുസംവാദങ്ങളിലും പങ്കെടുത്തുകൊണ്ട് സാന്നിധ്യം രേഖപ്പെടുത്തി. ആദരണീയരായ സന്യാസിവര്യരുടെയും ആത്മീയ നേതാക്കളുടെയും പങ്കാളിത്തം മേളയുടെ പവിത്രതയും മഹത്വവും വർധിപ്പിച്ചു.
മഹാകുംഭമേളയിലെ ഉപവാസത്തിന്റെയും ആത്മീയ അച്ചടക്കത്തിന്റെയും കാലയളവായ കല്പവാസത്തിന് വലിയ പ്രാധാന്യമുണ്ട്. ഈ വർഷം 10 ലക്ഷത്തിലധികം ഭക്തരാണ് ത്രിവേണി സംഗമത്തിൽ കല്പവാസം ആചരിച്ചത്. മാഘ പൂർണിമയിൽ അവസാന പുണ്യസ്നാനവും പൂജയും ദാനവും നടത്തി ഇതിന് സമാപനം കുറിക്കും, പാരമ്പര്യമനുസരിച്ച് കല്പവാസികൾ സത്യനാരായണ കഥ, ഹവന പൂജ എന്നിവ നടത്തുകയും തീർത്ഥപുരോഹിതർക്ക് സംഭാവനകൾ നൽകുകയും ചെയ്യും. കല്പവാസത്തിന്റെ തുടക്കത്തിൽ വിതച്ച ബാർലി ഗംഗയിൽ മുക്കി ദിവ്യാനുഗ്രഹമായി തുളസിച്ചെടി വീട്ടിലേക്ക് കൊണ്ടുപോകുന്നു. പന്ത്രണ്ട് വർഷത്തെ കല്പവാസചക്രം മഹാകുംഭമേളയില്‍ അവസാനിക്കുകയും തുടർന്ന് അവരുടെ ഗ്രാമങ്ങളിൽ സമൂഹ വിരുന്നൊരുക്കുകയും ചെയ്യുന്നു.
വിപുലമായ ആരോഗ്യ സേവനങ്ങളിലൂടെ 7 ലക്ഷത്തിലധികം തീർത്ഥാടകർക്കാണ് വൈദ്യസഹായം നല്‍കിയത്. 23 അലോപ്പതി ആശുപത്രികളിലായി 4.5 ലക്ഷത്തിലധികം പേരുടെ ചികിത്സയും 3.71 ലക്ഷത്തിലധികം പേർക്ക് പാത്തോളജി പരിശോധനയും വിജയകരമായി പൂർത്തിയാക്കിയ 3,800 ചെറു ശസ്ത്രക്രിയകളും 12 പ്രധാന ശസ്ത്രക്രിയകളും ഇതിലുൾപ്പെടുന്നു. കൂടാതെ 20 ആയുഷ് ആശുപത്രികൾ 2.18 ലക്ഷത്തിലധികം തീർത്ഥാടകർക്ക് ആയുർവേദ, ഹോമിയോപ്പതി, പ്രകൃതിചികിത്സകളും നല്‍കി. ഡൽഹി എയിംസ്, ഐഎംഎസ്-ബിഎച്ച്‍യു എന്നിവിടങ്ങളിലെ വിദഗ്ധ ഡോക്ടര്‍മാരുടെയും കാനഡ, ജർമനി, റഷ്യ എന്നിവിടങ്ങളിലെ അന്താരാഷ്ട്ര വിദഗ്ധരുടെയും സംയോജനത്തിലൂടെ ലോകോത്തര ആരോഗ്യ സംരക്ഷണമുറപ്പാക്കി. പഞ്ചകർമ, യോഗ തെറാപ്പി, ആരോഗ്യ അവബോധ സാമഗ്രികളുടെ വിതരണം തുടങ്ങിയ സേവനങ്ങൾക്ക് മികച്ച സ്വീകാര്യത ലഭിക്കുകയും ഇത് ഭക്തരുടെ സമഗ്ര ക്ഷേമം ഉറപ്പാക്കുകയും ചെയ്തു.
മേളയെ എക്കാലത്തെയും ഏറ്റവും ശുചിത്വപൂര്‍ണമായ കുംഭമേളയാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ കർശന മാലിന്യ സംസ്കരണ പദ്ധതിയാണ് ഇത്തവണ അധികൃതർ നടപ്പാക്കിയത്. പരിസരം മാലിന്യമുക്തമാണെന്ന് ഉറപ്പാക്കാൻ 22,000-ത്തിലധികം ശുചീകരണ തൊഴിലാളികളെ വിന്യസിച്ചു. നദീജലം പുണ്യസ്നാനത്തിന് അനുയോജ്യമായി വൃത്തിയോടെ നിലനിർത്തുന്നതിന് വിപുലമായ ജലസംസ്കരണ സംരംഭവും നടപ്പാക്കിയിട്ടുണ്ട്. പ്ലാസ്റ്റിക് നിരോധിക്കുകയും ജൈവവിഘടനം സാധ്യമായ ഭക്ഷ്യസാമഗ്രികള്‍ ഉപയോഗിക്കുകയും ചെയ്യുന്നതടക്കം പരിസ്ഥിതി സൗഹൃദ രീതികളും കർശനമായി നടപ്പാക്കി. കുംഭമേളയിലുടനീളം ആയിരക്കണക്കിന് ബയോ-ശൗചാലയങ്ങളും ഓട്ടോമേറ്റഡ് മാലിന്യ നിർമാർജന സംവിധാനങ്ങളും സ്ഥാപിക്കുന്നതിൽ സ്വച്ഛ് ഭാരത് ദൗത്യത്തിന്റെ സ്വാധീനവും പ്രകടമാണ്.
(Release ID: 2102129)
Visitor Counter : 49