പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം
ഇന്ത്യ എനർജി വീക്ക് 2025 ന്റെ ഉദ്ഘാടന സമ്മേളനത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു
Posted On:
11 FEB 2025 4:17PM by PIB Thiruvananthpuram
ഇന്ത്യ എനർജി വീക്ക് 2025 മൂന്നാം പതിപ്പിന്റെ ഉദ്ഘാടന സമ്മേളനത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്തു. യശോഭൂമിയിൽ നടന്ന സമ്മേളനത്തെ അഭിസംബോധന ചെയ്ത അദ്ദേഹം ,പരിപാടിയിൽ പങ്കെടുക്കുന്നവർ എനർജി വീക്കിന്റെ ഭാഗം മാത്രമല്ല , മറിച്ച് ഇന്ത്യയുടെ ഊർജ്ജ അഭിലാഷങ്ങളുടെ അവിഭാജ്യ ഘടകമാണെന്ന് അഭിപ്രായപ്പെട്ടു.
ഇന്ത്യ എനർജി വീക്കിനെ കേവലം ഒരു വ്യവസായ സമ്മേളനം എന്നതിലുപരിയായി വിഭാവനം ചെയ്തിരിക്കുന്നു.ആഗോള ഊർജ്ജ സംവാദങ്ങളെ പുനർനിർവചിക്കുന്ന ഒരു ചലനാത്മക വേദിയായാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത് . വെറും രണ്ട് വർഷത്തിനുള്ളിൽ, ഈ സ്വയം ധനസഹായ സംരംഭം ലോകത്തിലെ രണ്ടാമത്തെ വലിയ ഊർജ്ജ പരിപാടിയായി മാറി. 2025 ഫെബ്രുവരി 11 മുതൽ 14 വരെ ന്യൂഡൽഹിയിലെ യശോഭൂമിയിൽ നടക്കുന്ന IEW 2025,ആഗോള ഊർജ്ജ ആഖ്യാനത്തെ രൂപപ്പെടുത്തുന്നതിലെ ഒരു സുപ്രധാന ഇടപെടലിനെ പ്രതിനിധീകരിക്കുന്നു.

21-ാം നൂറ്റാണ്ട് ഇന്ത്യയുടേതാണെന്ന് ലോകമെമ്പാടുമുള്ള വിദഗ്ദ്ധർ അംഗീകരിക്കുന്നത് ചൂണ്ടിക്കാട്ടിയ ശ്രീ മോദി , "ഇന്ത്യ അതിന്റെ വളർച്ചയെ മാത്രമല്ല, ലോകത്തിന്റെ വളർച്ചയെയും മുന്നോട്ട് നയിക്കുന്നു. അതിൽ ഊർജ്ജ മേഖല ഒരു പ്രധാന പങ്ക് വഹിക്കുന്നു" എന്ന് പറഞ്ഞു. വിഭവങ്ങൾ ഉപയോഗപ്പെടുത്തൽ, ബൗദ്ധിക പ്രതിഭകൾക്കിടയിൽ നൂതനാശയം പ്രോത്സാഹിപ്പിക്കൽ, സാമ്പത്തിക ശക്തിയും രാഷ്ട്രീയ സ്ഥിരതയും, ഊർജ്ജ വ്യാപാരത്തെ ആകർഷകവും എളുപ്പവുമാക്കുന്ന തന്ത്രപരമായ ഭൂമിശാസ്ത്ര സവിശേഷതകൾ , ആഗോള സുസ്ഥിരതയ്ക്കുള്ള പ്രതിബദ്ധത എന്നീ അഞ്ചു സ്തംഭങ്ങൾ അടിസ്ഥാനമാക്കിയാണ് ഇന്ത്യയുടെ ഊർജ്ജ അഭിലാഷങ്ങൾ നിർമ്മിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു
ഇന്ത്യയുടെ സൗരോർജ്ജ ഉൽപ്പാദന ശേഷി കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ മുപ്പത്തിരണ്ട് മടങ്ങ് വർദ്ധിച്ചുവെന്നും ഇത് ലോകത്തിലെ മൂന്നാമത്തെ വലിയ സൗരോർജ്ജ ഉൽപ്പാദന രാഷ്ട്രമാക്കി ഇന്ത്യയെ മാറ്റിയെന്നും ശ്രീ മോദി പറഞ്ഞു. ഇന്ത്യയുടെ ഫോസിൽ ഇതര ഇന്ധന ഊർജ്ജ ശേഷി മൂന്നിരട്ടിയായി വർദ്ധിച്ചുവെന്നും പാരീസ് ഉടമ്പടിയുടെ ലക്ഷ്യങ്ങൾ കൈവരിച്ച ആദ്യത്തെ ജി20 രാജ്യമാണ് ഇന്ത്യയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എഥനോൾ മിശ്രണത്തിൽ ഇന്ത്യയുടെ നേട്ടങ്ങൾ പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.നിലവിലെ പത്തൊമ്പത് ശതമാനം നിരക്കിൽ വിദേശനാണ്യം ലാഭിക്കുന്നതിനും, കർഷകരുടെ വരുമാനത്തിൽ ഗണ്യമായ വർദ്ധനയ്ക്കും , CO2 ബഹിർഗമനത്തിൽ ഗണ്യമായ കുറവിനും ഇത്കാരണമായി. ഇന്ത്യയുടെ ജി20 അധ്യക്ഷതയുടെ കാലത്ത്, ആഗോള ജൈവ ഇന്ധനസഖ്യം സ്ഥാപിതമായെന്നും ഇപ്പോൾ 28 രാജ്യങ്ങളും 12 അന്താരാഷ്ട്ര സംഘടനകളും ഇതിൽ പങ്കാളികളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ അവസാദ ശിലാ തടങ്ങളിൽ നിരവധി ഹൈഡ്രോകാർബൺ വിഭവങ്ങൾ ഉണ്ടെന്നും അവയിൽ ചിലത് ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും മറ്റുള്ളവ പര്യവേക്ഷണം ചെയ്യണമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ എണ്ണ - വാതക മേഖലയെ കൂടുതൽ ആകർഷകമാക്കുന്നതിനായി ഗവണ്മെന്റ് ഓപ്പൺ ഏക്കറേജ് ലൈസൻസിംഗ് പോളിസി (ഒഎഎൽപി) അവതരിപ്പിച്ചതായി അദ്ദേഹം എടുത്തുപറഞ്ഞു. പ്രത്യേക സാമ്പത്തിക മേഖല ആരംഭിക്കുന്നതും ഏകജാലക ക്ലിയറൻസ് സംവിധാനം സ്ഥാപിക്കുന്നതും ഉൾപ്പെടെ ഈ മേഖലയ്ക്ക് ഗവൺമെന്റ് സമഗ്രമായ പിന്തുണ നൽകിയിട്ടുണ്ടെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
മൂന്ന് വർഷത്തിനുള്ളിൽ ലോകത്തിലെ രണ്ടാമത്തെ വലിയ ഊർജ്ജ സമ്മേളനമായി അതിവേഗം മാറിയ ഈ പരിപാടിയുടെ വർദ്ധിച്ചുവരുന്ന പ്രാധാന്യത്തെക്കുറിച്ച് പെട്രോളിയം & പ്രകൃതിവാതക മന്ത്രി ശ്രീ ഹർദീപ് സിംഗ് പുരി അദ്ദേഹത്തിന്റെ പ്രഭാഷണത്തിൽ എടുത്തുപറഞ്ഞു.20-ലധികം മന്ത്രിമാരും ഫോർച്യൂൺ 500 ഊർജ്ജ കമ്പനികളിൽ നിന്നുള്ള 100-ലധികം സിഇഒമാരും ഉൾപ്പെടെ 50-ലധികം രാജ്യങ്ങളിൽ നിന്നുള്ള 70,000-ത്തിലധികം ഊർജ്ജ പ്രൊഫഷണലുകൾ ഈ വർഷത്തെ പതിപ്പിൽ പങ്കെടുക്കുന്നു.ഇത് വികസിച്ചുകൊണ്ടിരിക്കുന്ന ആഗോള ഊർജ്ജ മേഖലയെക്കുറിച്ചുള്ള ചർച്ചകൾക്കുള്ള ഒരു പ്രധാന വേദിയായി ഇന്ത്യ എനർജി വീക്കിനെ മാറ്റിയതായി മന്ത്രി പറഞ്ഞു
ആഗോള ഊർജ്ജ ക്രമത്തെ പുനർനിർമ്മിച്ച പ്രധാന ഭൗമരാഷ്ട്രീയ മാറ്റങ്ങൾക്കിടയിലെ നിർണായകമായ ഒരു ഘട്ടത്തിലാണ് IEW 2025 നടക്കുന്നതെന്ന് ശ്രീ പുരി ചൂണ്ടിക്കാട്ടി. 2024 ൽ ആഗോള ഊർജ്ജ നിക്ഷേപം 3 ട്രില്യൺ യുഎസ് ഡോളർ കവിയുമെന്നാണ് അന്താരാഷ്ട്ര ഊർജ്ജ ഏജൻസിയുടെ (IEA) നിരീക്ഷണം. ഇതിൽ ശുദ്ധമായ ഊർജ്ജ സാങ്കേതികവിദ്യകൾക്കായി 2 ട്രില്യൺ യുഎസ് ഡോളർ നീക്കിവച്ചിരിക്കുന്നത്, ശുദ്ധ ഊർജ്ജ സ്രോതസ്സുകളിലേക്കുള്ള ദ്രുതഗതിയിലെ മാറ്റത്തിന്റെ വ്യക്തമായ സൂചനയായി അദ്ദേഹം എടുത്തുപറഞ്ഞു.

ഊർജ്ജ മേഖലയിലെ നൂതനാശയങ്ങളും സംരംഭകത്വവും മുന്നോട്ട് കൊണ്ടുപോകുന്നതിൽ ഇന്ത്യയുടെ നേതൃത്വത്തെ ചൂണ്ടിക്കാട്ടിയ മന്ത്രി പ്രധാന ആഗോള ഊർജ്ജ സ്ഥാപനങ്ങളായ ബി പി,ഷെൽ, എക്സൺമൊബിൽ , ഷെവ്രോൺ തുടങ്ങിയവ ഇന്ത്യയിൽ അവയുടെ ഗ്ലോബൽ കേപ്പബിലിറ്റി കേന്ദ്രങ്ങൾ പ്രവർത്തിപ്പിക്കുന്നുവെന്നും ഊർജ്ജ കാര്യക്ഷമത, ഡാറ്റാ അനലിറ്റിക്സ്, സുസ്ഥിര പ്രവർത്തനങ്ങൾ എന്നിവയ്ക്കായി അത്യാധുനിക സാങ്കേതിക പരിഹാരങ്ങൾ വികസിപ്പിക്കുന്നതിന് ആയിരക്കണക്കിന് ഇന്ത്യൻ എഞ്ചിനീയർമാരെ നിയമിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അവിന്യ , വസുധ പോലുള്ള സ്റ്റാർട്ടപ്പ് മത്സരങ്ങളിൽ പങ്കെടുക്കുന്ന 500 ലധികം സംരംഭകരുടെ പങ്ക് അദ്ദേഹം എടുത്തുപറഞ്ഞു. AI-അധിഷ്ഠിത ഊർജ്ജ പരിഹാരങ്ങൾ, ക്വാണ്ടം കമ്പ്യൂട്ടിംഗ് ആപ്ലിക്കേഷനുകൾ, ജൈവ ഇന്ധനങ്ങൾ, ബാറ്ററി സാങ്കേതികവിദ്യകൾ എന്നിവയിലെ പുരോഗതി പ്രദർശിപ്പിക്കുന്ന 100-ലധികം സ്റ്റാർട്ടപ്പുകൾ ഉൾപ്പെടെ 700 പ്രദർശന കമ്പനികളുടെ പങ്കാളിത്തവും മന്ത്രി ചൂണ്ടിക്കാട്ടി
ഊർജ്ജ നീതി എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയായിരുന്നു അദ്ദേഹം പ്രഭാഷണം നടത്തിയത്. നിർണായക ധാതുക്കൾ, അർദ്ധചാലകങ്ങൾ, ഉയർന്നുവരുന്ന ഊർജ്ജ സാങ്കേതികവിദ്യകൾ എന്നിവയിൽ ശക്തമായ വിതരണ ശൃംഖലകളുടെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. പുരോഗതിയെ തടസ്സപ്പെടുത്തുന്ന പ്രതിസന്ധികൾ ഒഴിവാക്കാൻ ആഗോള സഹകരണത്തിന് അദ്ദേഹം ആഹ്വാനം ചെയ്തു.വൈവിധ്യമാർന്ന ഊർജ്ജ സ്രോതസ്സുകളിൽ ഇന്ത്യ തന്ത്രപരമായി നിക്ഷേപം നടത്തുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ഊർജ്ജ സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യാതെ സുഗമമായ പരിവർത്തനം ഉറപ്പാക്കാൻ ജൈവ ഇന്ധന ഉൽപ്പാദനം വർദ്ധിപ്പിക്കുക, വാതക വിഹിതം 6% ൽ നിന്ന് 15% ആയി വർദ്ധിപ്പിക്കുക, 2030 ഓടെ 5 ദശലക്ഷം മെട്രിക് ടൺ ഹൈഡ്രജൻ ഉൽപാദനം സാധ്യമാക്കുക എന്നിവയുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുന്ന കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി.
പരിവർത്തനാത്മക പങ്കാളിത്തങ്ങൾ സൃഷ്ടിക്കുന്നതിനും ആഗോള ഊർജ്ജ അജണ്ട രൂപപ്പെടുത്തുന്നതിനുമുള്ള ഒരു വേദിയായി ഇന്ത്യ എനർജി വീക്ക് പ്രയോജനപ്പെടുത്താൻ എല്ലാ പങ്കാളികളോടും ശ്രീ പുരി ആഹ്വാനം ചെയ്തു. ഊർജ്ജ വിപണികളെ സ്ഥിരപ്പെടുത്തുന്നതിനും സാങ്കേതിക പുരോഗതി കൈവരിക്കുന്നതിനും അന്താരാഷ്ട്ര സഹകരണം വർദ്ധിപ്പിക്കുന്നതിനുമുള്ള തന്ത്രങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് അടുത്ത നാല് ദിവസങ്ങളിൽ നടക്കുന്ന സമ്മേളനത്തിന്റെ ചർച്ചകളിൽ പങ്കെടുക്കാൻ അദ്ദേഹം 6,000 ലധികം പ്രതിനിധികളെ സ്വാഗതം ചെയ്തു.ആഗോള ഊർജ്ജ ആവാസവ്യവസ്ഥയിൽ ഇന്ത്യ നിർണായക പങ്ക് വഹിക്കുന്നതിനാൽ, ഊർജ്ജ മേഖലയുടെ ഭാവി നിർവചിക്കുന്നതിനുള്ള ഒരു നാഴികക്കല്ലായി IEW 2025 മാറും.
***********************
(Release ID: 2101973)
Visitor Counter : 37