പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

കേന്ദ്ര ബജറ്റിനെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ പരാമർശത്തിൻ്റെ പൂർണ്ണരൂപം

Posted On: 01 FEB 2025 4:01PM by PIB Thiruvananthpuram

ഇന്ത്യയുടെ വികസന യാത്രയിലെ ഒരു സുപ്രധാന നാഴികക്കല്ലാണ് ഇന്ന്! 140 കോടി ഇന്ത്യക്കാരുടെ അഭിലാഷങ്ങളുടെ ബജറ്റാണിത്, ഓരോ ഇന്ത്യക്കാരന്റെയും സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്ന ബജറ്റാണിത്. യുവജനങ്ങൾക്കായി ഞങ്ങൾ നിരവധി മേഖലകൾ തുറന്നുകൊടുത്തിട്ടുണ്ട്. വികസിത ഇന്ത്യയെന്ന ദൗത്യം സാധാരണ പൗരൻ നയിക്കാൻ പോകുന്നു. ഈ ബജറ്റ് ഒരു ഉത്പ്രേരകമാണ്. ഈ ബജറ്റ് സമ്പാദ്യം വർദ്ധിപ്പിക്കുകയും നിക്ഷേപം വർദ്ധിപ്പിക്കുകയും ഉപഭോഗം വർദ്ധിപ്പിക്കുകയും വളർച്ച വേഗത്തിൽ വിപുലീകരിക്കുകയും ചെയ്യും. ജനങ്ങളുടെ ഈ ബജറ്റിന് ധനമന്ത്രി നിർമ്മല സീതാരാമൻ ജിയെയും അവരുടെ മുഴുവൻ ടീമിനെയും ഞാൻ അഭിനന്ദിക്കുന്നു.

സുഹൃത്തുക്കളെ,

സാധാരണയായി ബജറ്റിന്റെ ശ്രദ്ധ ഗവണ്മെൻ്റിൻ്റെ ഖജനാവ് എങ്ങനെ നിറയ്ക്കും എന്നതിലാണ്, എന്നാൽ ഈ ബജറ്റ് അതിന് നേർ വിപരീതമാണ്. എന്നാൽ ഈ ബജറ്റ് രാജ്യത്തെ പൗരന്മാരുടെ പോക്കറ്റുകൾ എങ്ങനെ നിറയ്ക്കും, രാജ്യത്തെ പൗരന്മാരുടെ സമ്പാദ്യം എങ്ങനെ വർദ്ധിക്കും, രാജ്യത്തെ പൗരന്മാർ വികസനത്തിൽ പങ്കാളികളാകുന്നത് എങ്ങനെ എന്നതിന് വളരെ ശക്തമായ അടിത്തറ പാകുന്നു.

സുഹൃത്തുക്കളെ,

ഈ ബജറ്റിൽ പരിഷ്കരണ ദിശയിൽ പ്രധാനപ്പെട്ട നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ആണവോർജ്ജത്തിൽ സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കാനുള്ള തീരുമാനം വളരെ ചരിത്രപരമാണ്. ഇത് വരും കാലങ്ങളിൽ രാജ്യത്തിന്റെ വികസനത്തിൽ സിവിൽ ആണവോർജത്തിന്റെ പ്രധാന സംഭാവന ഉറപ്പാക്കും. ബജറ്റിൽ എല്ലാ തൊഴിൽ മേഖലകൾക്കും എല്ലാ വിധത്തിലും മുൻഗണന നൽകിയിട്ടുണ്ട്. പക്ഷേ, രണ്ട് കാര്യങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, വരും കാലങ്ങളിൽ വലിയ മാറ്റങ്ങൾ വരുത്താൻ പോകുന്ന പരിഷ്കാരങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. ഒന്ന് - അടിസ്ഥാന സൗകര്യങ്ങളുടെ നിലവിലുള്ള സ്ഥിതി കാരണം, ഇന്ത്യയിൽ വലിയ കപ്പലുകളുടെ നിർമ്മാണം പ്രോത്സാഹിപ്പിക്കപ്പെടും, ആത്മനിർഭർ ഭാരത് അഭിയാനിന് ആക്കം കൂട്ടും, ഏറ്റവും കൂടുതൽ തൊഴിൽ നൽകുന്ന മേഖല കപ്പൽ നിർമ്മാണമാണെന്ന് നമുക്കെല്ലാവർക്കും അറിയാം.


അതുപോലെ, രാജ്യത്ത് വിനോദസഞ്ചാരത്തിനും ധാരാളം സാധ്യതകളുണ്ട്. ഇതാദ്യമായി, 50 പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിർമ്മിക്കുന്ന ഹോട്ടലുകളെ അടിസ്ഥാന സൗകര്യങ്ങളുടെ പരിധിയിൽ കൊണ്ടുവരിക വഴി വിനോദസഞ്ചാരത്തിന് വളരെയധികം ഊന്നൽ നൽകുന്നു. എല്ലായിടത്തും തൊഴിലവസരങ്ങൾ സൃഷ്ടിച്ചുകൊണ്ട്, വളരെ വലിയ തൊഴിൽ മേഖലയായ ഹോസ്പിറ്റാലിറ്റി മേഖലയെയും ഏറ്റവും വലിയ തൊഴിൽ മേഖലയായ  വിനോദസഞ്ചാരത്തെയും ഇത് ഊർജ്ജസ്വലമാക്കും. ഇന്ന് രാജ്യം വികസനത്തിന്റെയും പൈതൃകത്തിന്റെയും മന്ത്രവുമായി മുന്നേറുകയാണ്. ഈ ബജറ്റിൽ ഇതിനായി വളരെ പ്രധാനപ്പെട്ടതും മൂർത്തവുമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഒരു കോടി കൈയെഴുത്തുപ്രതികളുടെ സംരക്ഷണത്തിനായി ജ്ഞാൻ ഭാരത് മിഷൻ ആരംഭിച്ചു. ഇതോടൊപ്പം, ഇന്ത്യയുടെ വിജ്ഞാന പാരമ്പര്യത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരു ദേശീയ ഡിജിറ്റൽ ശേഖരം സൃഷ്ടിക്കപ്പെടും. ഇതിനർത്ഥം സാങ്കേതികവിദ്യ പരമാവധി ഉപയോഗിക്കപ്പെടുകയും നമ്മുടെ പരമ്പരാഗത അറിവിൽ നിന്ന് അമൃതം വേർതിരിച്ചെടുക്കുന്ന പ്രവർത്തികൾ നടക്കുകയും ചെയ്യും എന്നാണ്.

സുഹൃത്തുക്കളെ,

കർഷകർക്കായി ബജറ്റിൽ നടത്തിയ പ്രഖ്യാപനങ്ങൾ കാർഷിക മേഖലയിലും മുഴുവൻ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയിലും ഒരു പുതിയ വിപ്ലവത്തിന് അടിത്തറയിടും. പ്രധാനമന്ത്രി ധൻ-ധാന്യ കൃഷി യോജന പ്രകാരം 100 ജില്ലകളിൽ ജലസേചനവും അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിക്കും. കിസാൻ ക്രെഡിറ്റ് കാർഡ് പരിധി 5 ലക്ഷം രൂപയായി ഉയർത്തുന്നത് അവരെ കൂടുതൽ സഹായിക്കും.

സുഹൃത്തുക്കളെ,

ഈ ബജറ്റിൽ 12 ലക്ഷം രൂപ വരെയുള്ള വരുമാനത്തെ നികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എല്ലാ വരുമാന വിഭാഗങ്ങളിലുമുള്ള ആളുകളുടെ നികുതിയും കുറച്ചിട്ടുണ്ട്. നമ്മുടെ മധ്യവർഗം, സ്ഥിര വരുമാനമുള്ള ജോലിക്കാർ, അത്തരം മധ്യവർഗക്കാർ എന്നിവർക്ക് ഇതിൽ നിന്ന് വലിയ നേട്ടം ലഭിക്കാൻ പോകുന്നു. അതുപോലെ, പുതിയ തൊഴിലുകളിൽ പ്രവേശിച്ചവർക്കും, പുതിയ ജോലി ലഭിച്ചവർക്കും, ആദായനികുതിയിൽ നിന്നുള്ള ഈ ഇളവ്, അവർക്ക് ഒരു വലിയ അവസരമായി മാറും.

സുഹൃത്തുക്കളെ,

ഈ ബജറ്റിൽ ഉൽപ്പാദന മേഖലയ്ക്ക് 360 ഡിഗ്രി ശ്രദ്ധ നൽകിയിട്ടുണ്ട്, അതുവഴി സംരംഭകർ, എംഎസ്എംഇകൾ, ചെറുകിട സംരംഭകർ എന്നിവർ ശക്തിപ്പെടുകയും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു. ദേശീയ നിർമാണ ദൗത്യം മുതൽ ക്ലീൻടെക്, തുകൽ, പാദരക്ഷ, കളിപ്പാട്ട വ്യവസായം വരെയുള്ള നിരവധി മേഖലകൾക്ക് പ്രത്യേക പിന്തുണ നൽകിയിട്ടുണ്ട്. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് ആഗോള വിപണിയിൽ തിളങ്ങാൻ കഴിയണമെന്നതാണ് ലക്ഷ്യം.

സുഹൃത്തുക്കളെ,

സംസ്ഥാനങ്ങളിൽ നിക്ഷേപത്തിന് ഉജ്ജ്വലമായ മത്സരാധിഷ്ഠിത അന്തരീക്ഷം സൃഷ്ടിക്കുന്നതിന് ബജറ്റിൽ പ്രത്യേക ഊന്നൽ നൽകിയിട്ടുണ്ട്. എംഎസ്എംഇകൾക്കും സ്റ്റാർട്ടപ്പുകൾക്കുമുള്ള വായ്പാ ഗ്യാരണ്ടി ഇരട്ടിയാക്കുന്നതിനുള്ള പ്രഖ്യാപനവും നടത്തിയിട്ടുണ്ട്. പുതിയ സംരംഭകരാകാൻ ആഗ്രഹിക്കുന്ന പട്ടികജാതി, പട്ടികവർഗ, വനിതാ സംരംഭകർക്ക്, ഗ്യാരണ്ടി ഇല്ലാതെ, രണ്ട് കോടി രൂപ വരെ വായ്പ നൽകുന്ന പദ്ധതിയും കൊണ്ടുവന്നിട്ടുണ്ട്. പുതിയ കാലത്തെ സമ്പദ്‌വ്യവസ്ഥയെ മനസ്സിൽ വെച്ചുകൊണ്ട്, ഈ ബജറ്റിൽ ഗിഗ് തൊഴിലാളികൾക്കായി ഒരു വലിയ പ്രഖ്യാപനം നടത്തിയിട്ടുണ്ട്. ആദ്യമായി, ഗിഗ് തൊഴിലാളികളെ ഇ-ശ്രം പോർട്ടലിൽ രജിസ്റ്റർ ചെയ്യും. ഇതിനുശേഷം, ഈ തൊഴിലാളികൾക്ക് ആരോഗ്യ സംരക്ഷണത്തിന്റെയും മറ്റ് സാമൂഹിക സുരക്ഷാ പദ്ധതികളുടെയും ആനുകൂല്യം ലഭിക്കും. അധ്വാനത്തിന്റെ അന്തസ്സ് ഉയർത്തുന്ന ഈ നടപടി ശ്രമേവ ജയതേ എന്ന ഗവൺമെന്റിന്റെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നു. നിയന്ത്രണ പരിഷ്കാരങ്ങൾ മുതൽ സാമ്പത്തിക പരിഷ്കാരങ്ങൾ വരെ, ജൻ വിശ്വാസ് 2.0 പോലുള്ള നടപടികൾ മിനിമം ഗവൺമെന്റിനും വിശ്വാസാധിഷ്ഠിത ഭരണത്തിനുമുള്ള നമ്മുടെ പ്രതിബദ്ധതയെ കൂടുതൽ ശക്തിപ്പെടുത്തും.

സുഹൃത്തുക്കളെ,

ഈ ബജറ്റ് രാജ്യത്തിന്റെ നിലവിലെ ആവശ്യങ്ങൾ കണക്കിലെടുക്കുക മാത്രമല്ല, ഭാവിയിലേക്ക് തയ്യാറെടുക്കാൻ നമ്മെ സഹായിക്കുകയും ചെയ്യുന്നു. സ്റ്റാർട്ടപ്പുകൾക്കായുള്ള ഡീപ് ടെക് ഫണ്ട്, ജിയോസ്പേഷ്യൽ മിഷൻ, ആണവോർജ്ജ ദൗത്യം എന്നിവ അത്തരം പ്രധാനപ്പെട്ട ഘട്ടങ്ങളാണ്. ഈ ചരിത്രപ്രധാനമായ ജനകീയ ബജറ്റിന് ഞാൻ ഒരിക്കൽ കൂടി എല്ലാ ജനങ്ങളെയും അഭിനന്ദിക്കുന്നു, ധനമന്ത്രിയെയും അഭിനന്ദിക്കുന്നു. വളരെ നന്ദി.

ഡിസ്ക്ലയ്മർ: പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ ഏകദേശ വിവർത്തനമാണിത്. യഥാർത്ഥ പ്രസംഗം ഹിന്ദിയിലായിരുന്നു നടത്തിയത്.

***

NK


(Release ID: 2101957) Visitor Counter : 30