പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി നരേന്ദ്ര മോദി റിപ്പബ്ലിക്ക് ഓഫ് എസ്റ്റോണിയ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി

Posted On: 11 FEB 2025 6:19PM by PIB Thiruvananthpuram

പാരീസിൽ നടന്ന എ ഐ ആക്ഷൻ ഉച്ചകോടിക്കിടെ എസ്റ്റോണിയ റിപ്പബ്ലിക് പ്രസിഡന്റ് ശ്രീ അലാർ കാരിസുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് കൂടിക്കാഴ്ച നടത്തി. ഇരു നേതാക്കളും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്.

ഇന്ത്യയും എസ്റ്റോണിയയും തമ്മിലുള്ള ഊഷ്മളവും സൗഹൃദപരവുമായ ബന്ധം, ജനാധിപത്യം, നിയമവാഴ്ച, സ്വാതന്ത്ര്യം, ബഹുസ്വരത എന്നീ  മൂല്യങ്ങളോടുള്ള പരസ്പരം പങ്കിട്ട പ്രതിബദ്ധതയെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് പ്രധാനമന്ത്രിയും പ്രസിഡന്റ് കാരിസും അടിവരയിട്ടു. വ്യാപാരം, നിക്ഷേപം, ഐടി- ഡിജിറ്റൽ, സംസ്കാരം, വിനോദസഞ്ചാരം, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ അഭിവൃദ്ധിപ്രാപിച്ചുകൊണ്ടിരിക്കുന്ന ഉഭയകക്ഷി സഹകരണത്തിൽ ഇരു നേതാക്കളും സംതൃപ്തി പ്രകടിപ്പിച്ചു. സൈബർ സുരക്ഷാ മേഖലയിൽ നിലവിലുള്ള ഉഭയകക്ഷി സഹകരണത്തെക്കുറിച്ച് അവർ ചർച്ച ചെയ്തു. വളരുന്ന ഇന്ത്യ വാഗ്ദാനം ചെയ്യുന്ന അവസരങ്ങൾ മനസിലാക്കാനും ഡിജിറ്റൽ ഇന്ത്യ പോലുള്ള പരിപാടികൾ പ്രയോജനപ്പെടുത്താനും പ്രധാനമന്ത്രി എസ്റ്റോണിയൻ ഗവണ്മെന്റിനെയും കമ്പനികളെയും ക്ഷണിച്ചു.

ഇന്ത്യ-യൂറോപ്യൻ യൂണിയൻ തന്ത്രപരമായ പങ്കാളിത്തത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ-എസ്റ്റോണിയ പങ്കാളിത്തത്തിന്റെ പ്രാധാന്യവും ഇരു നേതാക്കളും ചൂണ്ടിക്കാട്ടി. ഇന്ത്യ-നോർഡിക്-ബാൾട്ടിക് ഘടനയിൽ മന്ത്രിതല കൈമാറ്റങ്ങൾ ആരംഭിച്ചതിനെ അവർ സ്വാഗതം ചെയ്തു. പരസ്പര താൽപ്പര്യമുള്ള പ്രാദേശിക, ആഗോള വിഷയങ്ങളിലും ഐക്യരാഷ്ട്രസഭയിലെ സഹകരണത്തിലും ഉള്ള വീക്ഷണങ്ങൾ നേതാക്കൾ കൈമാറി.

ഇന്ത്യയും എസ്റ്റോണിയയും തമ്മിലുള്ള സാംസ്കാരികവും ജനങ്ങൾ തമ്മിലുള്ള ബന്ധവും അഭിവൃദ്ധി പ്രാപിക്കുന്നതിൽ ഇരു നേതാക്കളും സംതൃപ്തി പ്രകടിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട്, എസ്റ്റോണിയയിൽ യോഗയ്ക്ക് ഉണ്ടായ ജനപ്രീതിയെ പ്രധാനമന്ത്രി അഭിനന്ദിച്ചു.

***

NK


(Release ID: 2101933) Visitor Counter : 40