സഹകരണ മന്ത്രാലയം
മഹാ കുംഭ് 2025: പ്രയാഗ്‌രാജിലെ ഭക്തർക്ക് താങ്ങാവുന്ന വിലയിൽ ഗുണനിലവാരമുള്ള റേഷൻ നൽകുന്നതിനുള്ള പ്രത്യേക പദ്ധതി
NAFED-ൽ നിന്ന് ഇതുവരെ 1000 മെട്രിക് ടണ്ണിലധികം റേഷൻ വിതരണം ചെയ്തു; 20 മൊബൈൽ വാനുകൾ വിന്യസിച്ചു. വാട്ട്‌സ്ആപ്പ് വഴിയും ഫോൺ കോളുകൾ വഴിയും റേഷൻ ലഭ്യമാണ്
Posted On:
09 FEB 2025 7:16PM by PIB Thiruvananthpuram
കേന്ദ്ര സർക്കാരിന്റെ പ്രത്യേക പദ്ധതി പ്രകാരം മഹാ കുംഭമേളയിൽ പ്രയാഗ്‌രാജിൽ ഭക്തർക്ക് താങ്ങാവുന്ന വിലയിൽ ഗുണനിലവാരമുള്ള റേഷൻ നൽകുന്നു. നാഫെഡ് (നാഷണൽ അഗ്രികൾച്ചറൽ കോ-ഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ) ഗോതമ്പ് മാവ്, പയർവർഗ്ഗങ്ങൾ, അരി, മറ്റ് അവശ്യവസ്തുക്കൾ എന്നിവ സബ്‌സിഡി നിരക്കിൽ വിതരണം ചെയ്യുന്നു. ഭക്തർക്ക് വാട്ട്‌സ്ആപ്പ് വഴിയോ ഫോൺ കോൾ വഴിയോ റേഷൻ ആവശ്യപ്പെടാം . 1000 മെട്രിക് ടണ്ണിലധികം റേഷൻ വിതരണം ചെയ്തു കഴിഞ്ഞു. കൂടാതെ 20 മൊബൈൽ വാനുകൾ വഴി മഹാ കുംഭ് നഗരത്തിലും പ്രയാഗ്‌രാജിലും റേഷൻ വിതരണം തുടരുന്നു.

ആശ്രമങ്ങൾക്കും ഭക്തർക്കും താങ്ങാവുന്ന വിലയിൽ റേഷൻ എത്തിക്കുന്ന മൊബൈൽ വാനുകൾ
മഹാ കുംഭത്തിലെ സന്യാസിമാർക്കും കൽപ്പവാസികൾക്കും ഭക്തർക്കും ഭക്ഷ്യക്ഷാമം നേരിടുന്നില്ലെന്ന് ഉറപ്പാക്കാൻ, മൊബൈൽ വാനുകൾ വഴിയാണ് റേഷൻ വിതരണം നടത്തുന്നത്. ഭക്തർക്ക് ഭക്ഷണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ഉണ്ടാകരുതെന്ന് ഉറപ്പാക്കുന്നതിനാണ് സഹകരണ മന്ത്രാലയം ഈ പ്രത്യേക പദ്ധതി നടത്തുന്നതെന്ന് നാഫെഡിന്റെ സംസ്ഥാന മേധാവി രോഹിത് ജെയിൻ പറഞ്ഞു. ഓരോ വ്യക്തിക്കും കൃത്യസമയത്ത് ഭക്ഷണസാധനങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ നാഫെഡിന്റെ എംഡി ദീപക് അഗർവാൾ മുഴുവൻ പ്രവർത്തനങ്ങൾക്കും നേരിട്ട് മേൽനോട്ടം വഹിക്കുന്നു.
മഹാകുംഭത്തിൽ പങ്കെടുക്കുന്ന ഭക്തർക്ക് 72757 81810 എന്ന നമ്പറിൽ വിളിക്കുകയോ വാട്ട്‌സ്ആപ്പ് വഴി റേഷൻ ആവശ്യപ്പെടുകയോ ചെയ്യാം. സബ്‌സിഡി റേഷനിൽ ഗോതമ്പ് മാവും അരിയും 10 കിലോ പാക്കറ്റുകളിലായും ചെറുപയർ, മസൂർ, കടല പരിപ്പ് എന്നിവ 1 കിലോ പാക്കറ്റുകളിലായും വിതരണം ചെയ്യുന്നു. റേഷൻ ആവശ്യപ്പെട്ടുള്ള സന്ദേശം ലഭിച്ചാലുടൻ മൊബൈൽ വാനുകൾ , ബന്ധപ്പെട്ട ആശ്രമങ്ങളിലും സന്യാസിമാർക്കും റേഷൻ ഉടൻ എത്തിക്കും.
ഇതുവരെ 700 മെട്രിക് ടൺ ഗോതമ്പ് മാവ്, 350 മെട്രിക് ടൺ പയർവർഗ്ഗങ്ങൾ (ചെറുപയർ, മസൂർ, കടല പരിപ്പ്), 10 മെട്രിക് ടൺ അരി എന്നിവ വിതരണം ചെയ്തു. നാഫെഡിന്റെ ഉൽപ്പന്നങ്ങളും 'ഭാരത് ബ്രാൻഡ്' ധാന്യങ്ങളും ഭക്തർക്കിടയിൽ വളരെ പെട്ടെന്ന് പ്രചാരം നേടിക്കൊണ്ടിരിക്കുകയാണ്.
ഈ പദ്ധതിയിലൂടെ, മഹാകുംഭത്തിൽ പങ്കെടുക്കുന്ന ദശലക്ഷക്കണക്കിന് ഭക്തർക്ക് ഉയർന്ന നിലവാരമുള്ള റേഷൻ നൽകുക മാത്രമല്ല,റേഷൻ വിതരണപ്രക്രിയ സൗകര്യപ്രദവും എളുപ്പവുമാക്കി മാറ്റുകയും ചെയ്യുന്നു. മൊബൈൽ വാനുകളും ഓൺ-കോൾ സൗകര്യങ്ങളും ഈ സേവനത്തെ കൂടുതൽ ഫലപ്രദമാക്കി.ഈ പ്രവർത്തനങ്ങൾ 2025 ലെ മഹാകുംഭം ഓരോ ഭക്തനും സുഗമവും അവിസ്മരണീയവുമായ അനുഭവമായി തുടരുന്നുവെന്ന് ഉറപ്പാക്കുന്നു.
*****
(Release ID: 2101210)
Visitor Counter : 29