വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
പരിവർത്തനാത്മക കഥാഖ്യാന യാത്രയ്ക്ക് തുടക്കം കുറിയ്ക്കാന്‍ ആനിമേഷൻ ചലച്ചിത്ര നിര്‍മാണ മത്സരം - സര്‍ഗാത്മകതയുടെയും അവസരങ്ങളുടെയും സംഗമവേദിയായി ‘വേവ്സ് ഒറിജിനല്‍സ്’
Posted On:
07 FEB 2025 7:06PM by PIB Thiruvananthpuram
ആനിമേഷൻ, വിഎഫ്എക്സ് , എആര്‍, വിആര്‍ വെർച്വൽ പ്രൊഡക്ഷൻ എന്നിവയിലെ ഉള്ളടക്ക നിര്‍മാതാക്കള്‍ക്ക് ആഗോള വേദിയൊരുക്കുന്ന വേവ്സ് - അന്താരാഷ്ട്ര ആനിമേഷന്‍ ചലച്ചിത്ര നിര്‍മാണ മത്സരത്തിന്റെ (എഎഫ്സി) ഉദ്ഘാടന പതിപ്പ് വിപ്ലവകരമായ സംരംഭം ആയി മാറിയിരിക്കുന്നു.
ആനിമേഷൻ ചലച്ചിത്ര നിര്‍മാണ മത്സരം - ‘വേവ്സ് ഒറിജിനല്‍സ്’
ലോക ദൃശ്യ - ശ്രാവ്യ വിനോദ ഉച്ചകോടിയുടെ (വേവ്സ്) ഭാഗമായി 2024 സെപ്റ്റംബർ 8 ന് ആരംഭിച്ച ഈ മത്സരം സര്‍ഗാത്മക കഥാഖ്യാനത്തിനും സാങ്കേതിക നവീകരണത്തിനും ഒരു മുൻനിര ലക്ഷ്യമെന്ന നിലയിൽ പ്രശസ്തമായതോടെ മത്സരാര്‍ത്ഥികളെയും വ്യവസായ പ്രമുഖരെയും ഒരുപോലെ ആകർഷിച്ചു.
വരാനിരിക്കുന്ന ലോക ദൃശ്യ - ശ്രാവ്യ വിനോദ ഉച്ചകോടിയുടെ (വേവ്സ്) പ്രധാന പരിപാടിയായ ആനിമേഷൻ ചലച്ചിത്ര നിര്‍മാണ മത്സരത്തിന് ഡാൻസിങ് ആറ്റംസുമായി കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം (ഐ&ബി) പങ്കുചേര്‍ന്നു. ഇത് ക്രിയേറ്റ് ഇൻ ഇന്ത്യ മത്സരങ്ങളുടെ ആദ്യ പതിപ്പിന് തുടക്കം കുറിക്കുന്നതിനൊപ്പം രാജ്യത്തിന്റെ സര്‍ഗാത്മക വ്യവസായത്തിൽ പുതുയുഗത്തിന് വഴിയൊരുക്കുന്ന ചരിത്രപരമായ സഹകരണത്തെ അടയാളപ്പെടുത്തുന്നു.
അഭൂതപൂർവമായ പങ്കാളിത്തം
തുടക്കം മുതല്‍ എഎഫ്സിയ്ക്ക് വൻതോതിലായിരുന്നു പങ്കാളിത്തം. 15-ലധികം രാജ്യങ്ങളിൽ നിന്ന് 1,200-ലധികം രജിസ്ട്രേഷനുകള്‍ ലഭിക്കുകയും 400-ലധികം സര്‍ഗാത്മക സൃഷ്ടികള്‍ സമര്‍പ്പിക്കപ്പെടുകയും ചെയ്തു.
സർഗ്ഗാത്മക മികവിനും അവസരത്തിനും പാതകൾ സൃഷ്ടിക്കൽ
സ്വന്തം കഥകൾക്ക് ജീവൻ പകരാൻ അവസരവും മികച്ച അനുഭവങ്ങളും നല്‍കിക്കൊണ്ട് മത്സരാര്‍ത്ഥികളെ ശാക്തീകരിക്കുകയെന്നതാണ് ഈ സംരംഭത്തിന്റെ യഥാർത്ഥ സാരാംശം. ആനിമേഷൻ ചലച്ചിത്ര നിര്‍മാണ മത്സരത്തിലൂടെ സൃഷ്ടിക്കപ്പെട്ട സർഗാത്മകതയും അവസരങ്ങളും സമന്വയിക്കുന്ന ആവാസവ്യവസ്ഥ കഥാകൃത്തുക്കളെ ആകർഷകമായ ആഖ്യാനങ്ങൾ രൂപീകരിക്കാനും അവരുടെ കാഴ്ചപ്പാടുകളെ യാഥാർത്ഥ്യമാക്കി മാറ്റാനും പ്രാപ്തരാക്കുന്നു.




ഇത് നേടിയെടുക്കുന്നതിങ്ങനെ:
ഓൺലൈൻ മാസ്റ്റർ ക്ലാസുകൾ: പിലാർ അലസ്സാൻഡ്ര, സെർജിയോ പാബ്ലോസ്, സരസ്വതി ബുയാല തുടങ്ങി ഈ മേഖലയിലെ പ്രശസ്തരും വിദഗ്ധരും നയിക്കുന്ന ക്ലാസുകള്‍.

വ്യക്തിഗത - ഹൈബ്രിഡ് ശില്പശാലകള്‍: സര്‍ഗാത്മക ആശയാവതരണം, വ്യക്തിഗത വികസനം, ഫലപ്രദമായ ശൃംഖല രൂപപ്പെടുത്തല്‍, വികസിച്ചുകൊണ്ടിരിക്കുന്ന സര്‍ഗാത്മക സമ്പദ്‌വ്യവസ്ഥയെ മനസ്സിലാക്കൽ തുടങ്ങി അവശ്യ നൈപുണ്യം ഉൾപ്പെടുത്തി ഇന്ത്യയിലെങ്ങുമുള്ള പ്രമുഖ സ്ഥാപനങ്ങളിൽ സംഘടിപ്പിക്കുന്നു. എഴുത്തുകാരിയും സര്‍ഗാത്മക സംവിധായികയും ഡാൻസിംഗ് ആറ്റംസ് സ്ഥാപകയുമായ സരസ്വതി ബുയാല ഐഐടി ഹൈദരാബാദ്, ജെഎന്‍എഎഫ്എയു ഹൈദരാബാദ്, ഐഐടി മുംബൈ, ഐഐഎംസി ഡൽഹി, ജാമിയ മില്ലിയ ഇസ്ലാമിയ ഡൽഹി, എന്‍എഫ്ഡിസി മുംബൈ തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്കും പ്രൊഫഷണലുകൾക്കുമായി ഇക്കഴിഞ്ഞ മാസങ്ങളിൽ കഥാഖ്യാന ശില്പശാലകള്‍ നടത്തി. സര്‍ഗാത്മക ആശയാവതരണം, വ്യക്തിഗത വികസനം, ഗുണപ്രദമായ ശൃംഖല രൂപപ്പെടുത്തല്‍, വികസിച്ചുകൊണ്ടിരിക്കുന്ന സര്‍ഗാത്മക സമ്പദ്‌വ്യവസ്ഥയെ മനസ്സിലാക്കൽ തുടങ്ങിയ അടിസ്ഥാന നൈപുണ്യം ഈ ശില്പശാലയുടെ ഭാഗമായിരുന്നു.
ആഗോള ആനിമേഷൻ രംഗത്തെ ദിശാ നിര്‍ണയം, ആശയങ്ങളുടെ ആത്മവിശ്വാസത്തോടെയുള്ള അവതരണം, കഥകളെ കളിപ്പാട്ടങ്ങളും ഗെയിമുകളും ഹാസ്യപുസ്‌തകങ്ങളുമാക്കി അന്തര്‍-മാധ്യമ കഥാഖ്യാനത്തിന്റെ പര്യവേക്ഷണം തുടങ്ങിയവ പഠിക്കാന്‍ പങ്കെടുത്തവര്‍ക്ക് അവസരമൊരുക്കിയ സംവേദനാത്മക ശില്പശാലകള്‍ ഹൈബ്രിഡ് പരിപാടികളുടെ ഭാഗമായിരുന്നു. ഒന്നിലധികം വിനോദ മാധ്യമങ്ങളില്‍ അഭിവൃദ്ധി പ്രകടിപ്പിക്കുന്ന സമർത്ഥരായ സര്‍ഗപ്രതിഭകളെ വളർത്തിയെടുക്കാന്‍ ശ്രമിക്കുന്ന എഎഫ്സിയുടെ പ്രതിബദ്ധതയെ ഈ സംരംഭങ്ങൾ അടിവരയിടുന്നു.
ആഗോള സാന്നിധ്യവും ശൃംഖലാ രൂപീകരണത്തിന് അതുല്യ അവസരങ്ങളും: അഭിമാനകരമായ പരിപാടികളിൽ എഎഫ്സിയുടെ സജീവമായ ആഭ്യന്തര - അന്തർദേശീയ പങ്കാളിത്തം അതിന്റെ ദൗത്യം കൂടുതൽ വിപുലീകരിക്കുകയും പങ്കെടുക്കുന്നവർക്ക് അവരുടെ ശൃംഖലകള്‍ വിപുലീകരിക്കാന്‍ വിലമതിക്കാനാവാത്ത അവസരങ്ങൾ നൽകുകയും ചെയ്തു. രാജ്യത്തിനകത്ത് ഡൽഹിയിലെ മേള, കോമിക് കോൺ ഹൈദരാബാദ്, വിഎഫ്എക്സ് ഉച്ചകോടി, ഐജിഡിസി, സിനിമാറ്റിക്ക, മുംബൈയിലെ എജിഐഎഫ്, ഗോവ രാജ്യാന്തര ചലച്ചിത്രമേള എന്നിവയിലാണ് എഎഫ്സി സാന്നിധ്യമറിയിച്ചത്.
ആഗോളതലത്തിൽ സ്പെയിനിൽ നടന്ന റൈറ്റേഴ്‌സ് റിട്രീറ്റ് ആൻഡ് പ്രൊഡ്യൂസേഴ്‌സ് ശില്പശാല, പസഡെനയിൽ നടന്ന ലൈറ്റ്‌ബോക്‌സ് പ്രദര്‍ശനം, ലോസ് ഏഞ്ചൽസിൽ നടന്ന ലോക ആനിമേഷൻ ഉച്ചകോടി, സിയാറ്റിലിലെ അൺറിയൽ ഫെസ്റ്റ് 2024, ഡെൻവറിൽ നടന്ന സിഗ്ഗ്രാഫ് 2024, കാനഡയിലെ ഒട്ടാവ രാജ്യാന്തര ചലച്ചിത്രമേള 2024, കാൻസിൽ നടന്ന മിപ്കോം & മിപ്ജെആര്‍ 2024 എന്നിവയിൽ എഎഫ്സി കാഴ്ചപ്പാട് പങ്കുവെച്ചു. ലോസ് ഏഞ്ചൽസിലും സാൻ ഫ്രാൻസിസ്കോയിലും വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം (എംഐബി) നയിച്ച ഈ പരിപാടികളും റോഡ്‌ഷോകളും എഎഫ്സിയെ ആഗോള മാധ്യമ ആവാസവ്യവസ്ഥയിലെ ഒരു നിർണായക സംരംഭമായി അടയാളപ്പെടുത്തി.

വേവ്സ് ഉച്ചകോടി 2025-ല്‍ മികച്ച സര്‍ഗാത്മക നിര്‍മാതാക്കളുടെ തിരഞ്ഞെടുപ്പ്
മത്സരം രണ്ടാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ 75-ലധികം മത്സരാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് എഎഫ്സി അഭിമാനത്തോടെ പ്രഖ്യാപിക്കുകയാണ്. ഈ മികച്ച കഥാകാരന്മാരില്‍നിന്ന് വീണ്ടും ചുരുക്കപ്പട്ടിക രൂപീകരിച്ച് 2025-ലെ WAVES ഉച്ചകോടിയിൽ നേരിട്ട് പങ്കെടുക്കാൻ എംഐബി ക്ഷണിക്കും.
തിരഞ്ഞെടുക്കപ്പെട്ട എല്ലാ സര്‍ഗാത്മക നിര്‍മാതാക്കള്‍ക്കും ഈ മേഖലയില്‍ ലോകത്ത് ഏറ്റവും പ്രശസ്തരായ വിദഗ്ധര്‍ നയിക്കുന്ന പ്രത്യേക മാസ്റ്റർ ക്ലാസുകളിലേക്ക് പ്രവേശനം ലഭിക്കും. അവരില്‍ ചിലര്‍:
-
പീറ്റർ റാംസി, ഓസ്കാർ ജേതാവായ സംവിധായകൻ
-
ഗുനീത് മോംഗ, ഓസ്കാർ ജേതാവായ നിർമാതാവ്
-
ഷോബു യാർലഗദ്ദ, ബാഹുബലി സിനിമകളുടെ കാല്പനിക നിർമാതാവ്
-
അർനൗ ഒല്ലെ ലോപ്പസ്, സ്കൈഡാൻസ് ആനിമേഷൻ സ്റ്റുഡിയോയിലെ ക്യാരക്ടർ ആനിമേഷൻ സംവിധായകന്‍
-
ക്രിസ് പിയേൺ, പ്രശസ്ത ആനിമേറ്റഡ് ചിത്രങ്ങളുടെ സംവിധായകൻ
-
അനു സിംഗ് ചൗധരി, പ്രശസ്ത എഴുത്തുകാരി
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വേവ്സ് ഉച്ചകോടി 2025-ൽ പങ്കെടുക്കുന്നവരെ അവരുടെ ചലച്ചിത്ര പദ്ധതികള്‍ പരിഷ്കരിക്കുന്നതിനും അവതരിപ്പിക്കുന്നതിനും വിലമതിക്കാനാവാത്ത ഉൾക്കാഴ്ചകളിലൂടെയും സംവിധാനങ്ങളിലൂടെയും സജ്ജരാക്കുക എന്നതാണ് ഈ ഘട്ടത്തിലൂടെ ലക്ഷ്യമിടുന്നത്.
ആശയം മുതൽ അനന്തരഫലം വരെ - വിടവ് നികത്തൽ
മത്സര വിജയികൾ അവരുടെ സര്‍ഗാത്മക ആശയങ്ങൾ ഇന്ത്യയിലെയും വിദേശത്തെയും മികച്ച നിർമാതാക്കൾക്കും പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമുകൾക്കും മുന്നിൽ അവതരിപ്പിക്കും. ആശയത്തില്‍നിന്ന് അനന്തരഫലത്തിലേക്കും ആശയത്തില്‍നിന്ന് നിക്ഷേപത്തിലേക്കുമുള്ള വിടവ് എംഐബി സംഘം ഗണ്യമായി നികത്തുന്നതിലൂടെ ആഗോള വിനോദരംഗത്തെ ഭീമന്മാരുമായി സഹകരിക്കുന്നതിന് സര്‍ഗാത്മക ഉള്ളടക്ക നിര്‍മാതാക്കള്‍ക്ക് സമാനതകളില്ലാത്ത അവസരങ്ങളാണ് എഎഫ്സി സൃഷ്ടിക്കുന്നത്.
സ്ത്രീ ശാക്തീകരണവും വൈവിധ്യ പ്രോത്സാഹനവും
ആനിമേഷൻ, എവിജിസി മേഖലകളിലെ വൈവിധ്യം പ്രോത്സാഹിപ്പിക്കുന്നതിലും സ്ത്രീകളെ ശാക്തീകരിക്കുന്നതിലും മുൻപന്തിയിലാണ് സരസ്വതി ബുയാല നയിക്കുന്ന ഡാൻസിങ് ആറ്റംസ്. വനിതാ സര്‍ഗപ്രതിഭകളെ പിന്തുണച്ചുകൊണ്ട് അവരുടെ കഴിവുകൾ പ്രദർശിപ്പിക്കുന്നതിനും മേഖലയില്‍ അർത്ഥവത്തായ സംഭാവന നൽകുന്നതിനും വിവിധ സംരംഭങ്ങളിലൂടെ വേദികൾ നൽകി. കഥാഖ്യാന മാനദണ്ഡങ്ങളെ പുനർനിർമിക്കുന്ന നിരവധി വനിതാ പ്രതിഭകളെ വേവ്സ് എഎഫ്സി മത്സരത്തിൽ അഭിമാനത്തോടെ അവതരിപ്പിക്കുന്നു.



SKY
***********
(Release ID: 2101035)
Visitor Counter : 22