വാര്‍ത്താവിനിമയ, വിവരസാങ്കേതികവിദ്യാ മന്ത്രാലയം
azadi ka amrit mahotsav

പ്രയാഗ്‌രാജിൽ നടക്കുന്ന 2025-ലെ മഹാകുംഭമേളയിൽ തീർത്ഥാടകർക്കും സുരക്ഷാ സേനയ്ക്കും ആശ്വാസമായി BSNL-ന്റെ തടസ്സരഹിത ആശയവിനിമയ സേവനങ്ങൾ

മേള പ്രദേശത്ത് സൗജന്യ സിം വിതരണവും അത്യാധുനിക ആശയവിനിമയ സൗകര്യങ്ങളും

Posted On: 02 FEB 2025 3:23PM by PIB Thiruvananthpuram
2025-ലെ മഹാകുംഭമേളയിലുടനീളം വിശ്വസനീയ മൊബൈല്‍ കണക്റ്റിവിറ്റി ഉറപ്പാക്കുന്നതിന് ആത്മനിർഭർ ഭാരത് സംരംഭത്തിന് കീഴിൽ ആശയവിനിമയ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിൽ ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് (ബിഎസ്എൻഎൽ) സുപ്രധാന പങ്കുവഹിക്കുന്നു. മേള പ്രദേശത്ത് ബിഎസ്എൻഎൽ സജ്ജീകരിച്ച പ്രത്യേക ഉപഭോക്തൃ സേവന കേന്ദ്രത്തില്‍ തീർത്ഥാടകർക്കും ഭക്തർക്കും തത്സമയ സഹായവും പരാതി പരിഹാരവും തടസ്സരഹിത ആശയവിനിമയ സേവനങ്ങളും ലഭ്യമാണ്.


രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കുംഭമേളയിലെത്തുന്ന തീർത്ഥാടകർക്ക് അവരുടെ സർക്കിളുകളിൽ നിന്നുള്ള സൗജന്യ സിം കാർഡുകൾ നൽകുന്നു.   തീർത്ഥാടകരുടെ സിം കാർഡ് നഷ്ടപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്താൽ  സ്വന്തം സംസ്ഥാനത്തേക്ക് മടങ്ങേണ്ട സാഹചര്യം ഇതുവഴി ഒഴിവാക്കുന്നു. രാജ്യത്തെ എല്ലാസർക്കിളുകളിലെയും സിം കാർഡുകൾ മേള പ്രദേശത്ത് വിതരണം ചെയ്യുന്നതിന് ബിഎസ്എൻഎൽ ക്രമീകരണമേര്‍പ്പെടുത്തിയിട്ടുണ്ട്. പൂർണ്ണമായും സൗജന്യമായ ഈ സേവനം തീർത്ഥാടകർക്ക് അവരുടെ കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും എളുപ്പത്തിൽ ബന്ധം നിലനിർത്താനാവുമെന്ന് ഉറപ്പാക്കുന്നു. ലാൽറോഡ് സെക്ടർ -2 ൽ ക്രമീകരിച്ച  ബിഎസ്എൻഎൽ  ക്യാമ്പ് ഓഫീസില്‍നിന്നാണ് മേളയിലെ ആശയവിനിമയ സേവനങ്ങള്‍‌ ഏകോപിപ്പിക്കുന്നത്.  


കുംഭമേള പ്രദേശത്ത് ഫൈബർ കണക്ഷനുകൾ, ലീസ്ഡ് ലൈൻ കണക്ഷനുകൾ, മൊബൈൽ റീചാർജുകൾ തുടങ്ങിയ സേവനങ്ങളുടെ ആവശ്യകതയിൽ ഗണ്യമായ വർധനയുണ്ട്. ജനങ്ങളുടെ സൗകര്യം കണക്കിലെടുത്ത് വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള സിം കാർഡുകൾ ലഭ്യമാക്കിയത് തീർത്ഥാടകര്‍ക്കൊപ്പം മേളയില്‍ വിന്യസിക്കപ്പെട്ട സുരക്ഷാ സേനയ്ക്കും പ്രയോജനകരമാണ്. മകരസംക്രാന്തിയിലെയും മൗനി അമാവാസിയിലെയും അമൃത സ്നാന വേളയിൽ വലിയ ഭക്തജനത്തിരക്കുണ്ടായെങ്കിലും ആശയവിനിമയ സേവനങ്ങളുടെ ഗുണനിലവാരം  മികച്ച നിലയില്‍ തുടര്‍ന്നുവെന്നും നെറ്റ്‌വർക്കിന് ഒരു തടസ്സവും അനുഭവപ്പെട്ടില്ലെന്നും ബി‌എസ്‌എൻ‌എല്ലിന്റെ  പ്രയാഗ്‌രാജ് വാണിജ്യ മേഖല ചീഫ് ജനറൽ മാനേജർ ശ്രീ ബി.കെ. സിംഗ് പറഞ്ഞു.


2025-ലെ മഹാകുംഭമേളയിൽ തടസ്സരഹിത ആശയവിനിമയ സേവനങ്ങൾ ഉറപ്പാക്കുന്നതിനായി മേള പ്രദേശത്ത് ആകെ 90 BTS ടവറുകൾ പ്രവര്‍ത്തിക്കുന്നുണ്ട്. 30 BTS (700 MHz 4G ബാൻഡ്), 30 BTS (2100 MHz ബാൻഡ്), 30 BTS (2G- ലഭ്യമാക്കിയത്) എന്നിവ ഇതിലുൾപ്പെടുന്നു. കൂടാതെ ഇന്റർനെറ്റ് ലീസ്ഡ് ലൈനുകൾ, വൈ-ഫൈ ഹോട്ട്‌സ്‌പോട്ടുകൾ, അതിവേഗ ഇന്റർനെറ്റ് (FTTH), വെബ്‌കാസ്റ്റിംഗ്, SD-WAN, കൂട്ട എസ്എംഎസ് സേവനം, M2M സിം കാര്‍‍ഡുകൾ, ഉപഗ്രഹ ഫോൺ സേവനങ്ങൾ എന്നിവയും മേള പ്രദേശത്ത് ഒരുക്കിയിട്ടുണ്ട്. ഈ സംരംഭത്തിലൂടെ മേളയുടെ സുഗമമായ നടത്തിപ്പിനെ സഹായിച്ചുകൊണ്ട് BSNL ദശലക്ഷക്കണക്കിന് തീർത്ഥാടകര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും  സുരക്ഷാ സേനകള്‍ക്കും സന്നദ്ധ സംഘടനകൾക്കും  തടസ്സരഹിത ആശയവിനിമയം ഉറപ്പാക്കുന്നു.
 
SKY

(Release ID: 2099039) Visitor Counter : 10