ധനകാര്യ മന്ത്രാലയം
azadi ka amrit mahotsav

ജലസേചനമേഖലയുടെ വ്യാപ്തി 2016 സാമ്പത്തിക വർഷത്തിനും 2021 സാമ്പത്തിക വർഷത്തിനും ഇടയിൽ മൊത്തം വിളവിസ്തൃതിയുടെ 49.3 ശതമാനത്തിൽനിന്ന് 55 ശതമാനമായി വർധിച്ചു: സാമ്പത്തിക സർവേ 2024-25


ഓരോ തുള്ളിയിലും കൂടുതൽ വിളവ്: സംസ്ഥാനങ്ങൾക്ക് ₹21,968.75 കോടി അനുവദിച്ചു. 2016 സാമ്പത്തിക വർഷം മുതൽ 2025 സാമ്പത്തിക വർഷം വരെ 95.58 ലക്ഷം ഹെക്ടർ ഉൾപ്പെടുത്തി

കണികാജലസേചനനിധി: ₹4709 കോടി വരെയുള്ള വായ്പകൾക്ക് അംഗീകാരം; ₹3640 കോടി വിതരണം ചെയ്തു

പരമ്പരാഗത് കൃഷി വികാസ് യോജന: 14.99 ലക്ഷം ഹെക്ടർ ഉൾപ്പെടുത്തി; ജൈവ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി 25.30 ലക്ഷം കർഷകരെ അണിനിരത്തി

9000-ത്തിലധികം പുതിയ പ്രാഥമിക കാർഷിക വായ്പാ സംഘങ്ങളും ക്ഷീര-മത്സ്യബന്ധന സഹകരണ സംഘങ്ങളും സ്ഥാപിച്ചു; 35,293 പിഎസിഎസുകൾ പ്രധാനമന്ത്രി കിസാൻ സമൃദ്ധി കേന്ദ്രങ്ങളായി പ്രവർത്തിക്കുന്നു

Posted On: 31 JAN 2025 1:46PM by PIB Thiruvananthpuram

ജലസേചനസൗകര്യങ്ങൾ വർധിപ്പിക്കുന്നതിന്, ജലസേചനവികസനത്തിനും ജലസംരക്ഷണരീതികൾക്കും ഗവണ്മെന്റ് മുൻഗണന നൽകിയിട്ടുണ്ടെന്ന് കേന്ദ്ര ധനമന്ത്രി ശ്രീമതി നിർമല സീതാരാമൻ ഇന്നു പാർലമെന്റിൽ അവതരിപ്പിച്ച 2024-25ലെ സാമ്പത്തിക സർവേ വ്യക്തമാക്കുന്നു. 2016 സാമ്പത്തിക വർഷത്തിനും 2021 സാമ്പത്തിക വർഷത്തിനുമിടയിൽ ജലസേചനമേഖലയുടെ വ്യാപ്തി മൊത്തം വിളവിസ്തൃതിയുടെ (GCA) 49.3 ശതമാനത്തിൽനിന്ന് 55 ശതമാനമായി വർധിച്ചു. അതേസമയം ജലസേചനത്തിന്റെ മെച്ചപ്പെടുത്തൽ 144.2 ശതമാനത്തിൽനിന്ന് 154.5 ശതമാനമായി ഉയർന്നു.

കണി‌കാജലസേചനം

ഓരോ തുള്ളിയിലും കൂടുതൽ വിള

ജല കാര്യക്ഷമത പ്രോത്സാഹിപ്പിക്കുന്നതിനായി, 2016 സാമ്പത്തിക വർഷംമുതൽ, പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജനയുടെ (PMKSY) ഘടകമായ ഓരോ തുള്ളിയിലും കൂടുതൽ വിളവ് (PDMC) സംരംഭം ഗവണ്മെന്റ് നടപ്പാക്കിവരികയാണെന്നു സാമ്പത്തിക സർവേ വ്യക്തമാക്കുന്നു. 2016 സാമ്പത്തിക വർഷംമുതൽ 2025 സാമ്പത്തിക വർഷംവരെ (2024 ഡിസംബർ അവസാനംവരെ) PDMC പദ്ധതി നടപ്പാക്കുന്നതിനായി സംസ്ഥാനങ്ങൾക്ക് ₹ 21,968.75 കോടി അനുവദിച്ചു. 95.58 ലക്ഷം ഹെക്ടറാണ് ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതു നേരത്തെയുള്ള PDMC കാലയളവിനെ അപേക്ഷിച്ച് ഏകദേശം 104.67 ശതമാനം കൂടുതലാണ്.

കണി‌കാജലസേചനനിധി 

കണികാജലസേചനനിധി(MIF)ക്കു കീഴിൽ ലഭിക്കുന്ന വായ്പകൾക്കു സംസ്ഥാനങ്ങൾക്ക് 2 ശതമാനം പലിശ ഇളവു നൽകിയത്  നൂതന പദ്ധതികൾക്കു സഹായകമാകുന്നു. ₹4709 കോടിയുടെ വായ്പകൾ ഇതുവരെ അംഗീകരിച്ചു. അതിൽ ഇതുവരെ വിതരണം ചെയ്തത് ₹3640 കോടിയാണ്.

മഴയെ ആശ്രയിച്ചുള്ള പ്രദേശ വികസന പദ്ധതി

സുസ്ഥിരകൃഷിക്കായുള്ള ദേശീയ ദൗത്യത്തിന്റെ (NMSA) ഭാഗമായി, കാർഷിക സംവിധാനങ്ങൾക്കൊപ്പം പ്രകൃതിവിഭവങ്ങൾ വികസിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനുമായി മഴയെ ആശ്രയിച്ചുള്ള പ്രദേശ വികസന (RAD) പരിപാടി സാമ്പത്തിക വർഷം 2015 മുതൽ നടപ്പാക്കിവരുന്നു. സാമ്പത്തിക വർഷം 2022 മുതൽ, RAD പദ്ധതി രാഷ്ട്രീയ കൃഷി വികാസ് യോജനയിൽ (RKVY) സംയോജിപ്പിച്ചിട്ടുണ്ട്. RAD പരിപാടിയുടെ തുടക്കം മുതൽ 8 ലക്ഷം ഹെക്ടറിലായി ഇതുവരെ ₹1858.41 കോടി അനുവദിച്ചു.

ജൈവ കൃഷി 

ജൈവ കൃഷിയെ പിന്തുണയ്ക്കുന്നതിനായി, 2015 മുതൽ ഗവണ്മെന്റ് രണ്ടു സമർപ്പിത പദ്ധതികൾ നടപ്പാക്കിയിട്ടുണ്ടെന്നു സാമ്പത്തിക സർവേ പറയുന്നു: പരമ്പരാഗത് കൃഷി വികാസ് യോജനയും (PKVY) വടക്കുകിഴക്കൻ മേഖലയ്ക്കുള്ള ജൈവ മൂല്യശൃംഖലാ വികസന ദൗത്യവും (MOVCDNER). PKVY പ്രകാരം, 14.99 ലക്ഷം ഹെക്ടറും 25.30 ലക്ഷം കർഷകരും ഉൾപ്പെടുന്ന 52,289 ക്ലസ്റ്ററുകൾ സജ്ജമാക്കി. അതുപോലെ, MOVCDNER-നു കീഴിൽ, 434 കർഷക ഉൽപ്പാദക കമ്പനികൾ സൃഷ്ടിക്കപ്പെട്ടു. ആകെ 1.73 ലക്ഷം ഹെക്ടർ വിസ്തൃതിയുള്ളതും 2.19 ലക്ഷം കർഷകർക്കു പ്രയോജനം ചെയ്യുന്നതുമാണിവ.

സഹകരണ സംഘങ്ങൾ

ഇന്ത്യയിലെ സഹകരണ സംഘങ്ങൾ കൃഷി, വായ്പ, ബാങ്കിങ്, ഭവനനിർമാണം, വനിതാ ക്ഷേമം എന്നിവയുൾപ്പെടെ നിരവധി മേഖലകളിൽ നിർണായകമായ പ്രവർത്തനം കാഴ്ചവയ്ക്കുന്നുവെന്നു സാമ്പത്തിക സർവേ പറയുന്നു. സഹകരണമേഖലയ്ക്കു കരുത്തേകുന്നതിനായി, ഇന്ത്യാ ഗവണ്മെന്റ് തന്ത്രപരമായ വിവിധ സംരംഭങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്. പ്രാഥമിക കാർഷിക വായ്പാ സംഘങ്ങൾക്കായി (PACS) പ്രത്യേകമായി മാതൃകാ ഉപനിയമങ്ങൾ അവതരിപ്പിക്കുന്നത് ഇതിൽ ഉൾപ്പെടുന്നു. അവയുടെ പ്രവർത്തനങ്ങൾക്കു ഘടനാപരമായ ചട്ടക്കൂട് നൽകുന്നതിനായാണ് ഇതു രൂപകൽപ്പന ചെയ്തിട്ടുള്ളത്. പെട്രോൾ-ഡീസൽ ചില്ലറവിൽപ്പനകേന്ദ്രങ്ങൾ സ്ഥാപിക്കൽ, ബാങ്കിങ് സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനു സഹകരണസംഘങ്ങൾക്കുള്ളിൽ മൈക്രോ-എടിഎമ്മുകൾ സ്ഥാപിക്കൽ തുടങ്ങിയ നടപടികൾ സഹകരണമേഖലയെ സമ്പന്നമാക്കാൻ ലക്ഷ്യമിടുന്നതാണ്. മാത്രമല്ല, ക്ഷീര സഹകരണസംഘങ്ങൾക്കായി പ്രത്യേകമായി റുപേ കിസാൻ ക്രെഡിറ്റ് കാർഡുകൾ നൽകുന്നത് ഈ സ്ഥാപനങ്ങളുടെയും അവയുടെ അംഗങ്ങളുടെയും സാമ്പത്തികശേഷി മെച്ചപ്പെടുത്താൻ ലക്ഷ്യമിടുന്നു.

Chapter 9-04.jpg

ഇതുവരെ സേവനം ലഭ്യമാകാത്ത പഞ്ചായത്തുകളിൽ 9000-ത്തിലധികം പുതിയ പിഎസിഎസുകളും ക്ഷീര-മത്സ്യബന്ധന സഹകരണസംഘങ്ങളും സ്ഥാപിക്കപ്പെട്ടു. വിവിധ ഫെഡറേഷനുകളിൽനിന്ന് ഇതിനു പിന്തുണ ലഭിച്ചു. കൂടുതൽ പ്രവേശനക്ഷമത  ഉറപ്പാക്കുന്നതിനുള്ള ഗവണ്മെന്റിന്റെ ശ്രമത്തിന്റെ ഭാഗമായി, 240 പിഎസിഎസുകൾ പെട്രോൾ-ഡീസൽ ചില്ലറവിൽപ്പന കേന്ദ്രങ്ങൾക്കായി അപേക്ഷിച്ചിട്ടുണ്ട്. നിലവിൽ 39 എണ്ണം പ്രവർത്തനത്തിനായി തെരഞ്ഞെടുക്കപ്പെട്ടു. അതിലൂടെ അവരുടെ സേവന വാഗ്ദാനങ്ങൾ വിപുലീകരിച്ചു. കൂടാതെ, വലിയതോതിൽ (35,293) പിഎസിഎസുകൾ ഇപ്പോൾ പ്രധാൻ മന്ത്രി കിസാൻ സമൃദ്ധി കേന്ദ്രങ്ങളായി (PMKSK) പ്രവർത്തിക്കുന്നു. അവ കർഷകർക്ക് അവശ്യവളങ്ങളും അനുബന്ധ സേവനങ്ങളും നൽകുന്നതിനായി സമർപ്പിച്ചിരിക്കുന്നു. ഇതു കാർഷിക ഉൽപ്പാദനക്ഷമതയെ നേരിട്ടു ബാധിക്കുന്ന കാര്യമാണ്. കൂടാതെ, 1723 മൈക്രോ എടിഎമ്മുകൾ വിതരണം ചെയ്യുകയും വീട്ടുപടിക്കൽ സാമ്പത്തിക സേവനങ്ങൾ സുഗമമാക്കുകയും ഗ്രാമീണ ജനതയുടെ പ്രവേശനക്ഷമത മെച്ചപ്പെടുത്തുകയും ചെയ്തു.

***

NK


(Release ID: 2097981) Visitor Counter : 15