സാംസ്‌കാരിക മന്ത്രാലയം
azadi ka amrit mahotsav

പവിത്രം, പരിശുദ്ധം

മഹാകുംഭമേളയിലെ ശുചിത്വ സംരംഭങ്ങൾ

Posted On: 24 JAN 2025 6:59PM by PIB Thiruvananthpuram

2025-ലെ മഹാകുംഭമേള  മതപരമായ സുപ്രധാന ഒത്തുചേരല്‍ എന്നതിലുപരി പരിസ്ഥിതി സംരക്ഷണത്തിന്റെയും ശുചിത്വത്തിന്റെയും ഉദാത്ത മാതൃകകൂടിയാണ്. ദശലക്ഷക്കണക്കിന് ഭക്തർ ഒത്തുചേരുന്ന ഈ ഉത്സവമേളയിൽ വൃത്തിയും ശുചിത്വവും പാലിക്കുന്നതിനാണ് ഏറ്റവുമധികം മുൻ‌ഗണന. മാലിന്യ സംസ്കരണത്തിനും നദീസംരക്ഷണത്തിനും പരിസ്ഥിതി സൗഹൃദ പ്രവര്‍ത്തനങ്ങള്‍ക്കും മേള പുതിയ ആഗോളമാനങ്ങള്‍ സൃഷ്ടിക്കുന്നു. ‘ശുചിത്വപൂര്‍ണമായ  മഹാകുംഭമേള’ ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ ഒരു സമഗ്ര ശുചീകരണ പദ്ധതി നടപ്പാക്കിയിട്ടുണ്ട്. നൂതന മാലിന്യ സംസ്കരണ സംവിധാനങ്ങളിലൂടെയും ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകളുടെ കർശന നിയന്ത്രണത്തിലൂടെയും വിപുലമായ ബോധവൽക്കരണ പ്രചാരണങ്ങളിലൂടെയും   പരിസ്ഥിതി സൗഹൃദവും വൃത്തിയുള്ളതുമായ ഒരു തീർത്ഥാടനമൊരുക്കുക യെന്നതാണ് ലക്ഷ്യം. മഹത്തായ ഈ ഒത്തുചേരലില്‍ ആത്മീയതയും സുസ്ഥിരതയും ചേര്‍ന്നുനില്‍ക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഈ സംരംഭം പരിസ്ഥിതി സംരക്ഷണത്തോടുള്ള പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്നു. 


ഗംഗയുടെ പരിശുദ്ധിയും പ്ലാസ്റ്റിക് രഹിത മേഖലകളും


ഗംഗയുടെ പരിശുദ്ധി നിലനിർത്തുകയെന്നത് 2025-ലെ മഹാകുംഭമേളയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്.  ഇത് കൈവരിക്കുന്നതിന് മലിനീകരണം തടയാന്‍ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനൊപ്പം  നദിയുടെ തുടർച്ചയായ നിരീക്ഷണവും നടന്നുവരുന്നു. മേള നടക്കുന്ന ഇടങ്ങള്‍  ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന്  പൂർണ നിരോധനത്തോടെ പ്ലാസ്റ്റിക് രഹിത മേഖലകളായി നിശ്ചയിച്ചിട്ടുണ്ട്.  പ്ലാസ്റ്റിക് മാലിന്യം ഒഴിവാക്കാനും പാഴ് വസ്തുക്കള്‍ പ്രത്യേകം ക്രമീകരിച്ച ചവറ്റുകൊട്ടകളില്‍  നിക്ഷേപിക്കാനും തീർത്ഥാടകരെ പ്രേരിപ്പിക്കുന്ന ബോധവൽക്കരണ പ്രചാരണ പരിപാടികളിലൂടെ ഈ സംരംഭം ശക്തിപ്പെടുത്തുന്നു.

വന്‍കിട ശുചിത്വ അടിസ്ഥാന സൗകര്യങ്ങൾ

വലിയ ഭക്തജനപ്രവാഹത്തെ  ഉൾക്കൊള്ളുന്നതിനായി സജ്ജീകരിച്ച ശക്തമായ ശുചിത്വ അടിസ്ഥാന സൗകര്യങ്ങളില്‍ ചിലത് ഇവയാണ്:  

സെപ്റ്റിക് ടാങ്കുകളടങ്ങിയ 2000 ഫൈബർ പ്രബല പ്ലാസ്റ്റിക് നിര്‍മിത (FRP) ശൗചാലയങ്ങള്‍.

സംഭരണശേഷിയോടുകൂടിയ 16,100 പൂര്‍വനിര്‍മിത ഉരുക്കു ശൗചാലയങ്ങള്‍.

മേളയുടെ വിവിധ ഭാഗങ്ങളിൽ ആസൂത്രിതമായി സ്ഥാപിച്ച 20,000 സമൂഹ മൂത്രപ്പുരകൾ.

ഈ സൗകര്യങ്ങൾ തീർത്ഥാടകർക്ക് വൃത്തിയും വെടിപ്പുമുള്ള വിശ്രമമുറികൾ ഉറപ്പാക്കുന്നതിനൊപ്പം  തുറന്ന സ്ഥലത്തെ മലമൂത്ര വിസർജന സാധ്യതയും അനുബന്ധ ആരോഗ്യ അപകടങ്ങളും കുറയ്ക്കുകയും ചെയ്യുന്നു. 

കാര്യക്ഷമമായ മാലിന്യ സംസ്കരണ സംവിധാനം

മേള നടക്കുന്ന സ്ഥലം വൃത്തിയുള്ളതും പരിസ്ഥിതി സൗഹൃദവുമായി നിലനിർത്തുന്നതിന് സുസംഘടിത മാലിന്യ സംസ്കരണ സംവിധാനം നിലവിലുണ്ട്. 

ഇതിനായി സ്വീകരിച്ച നടപടികളിൽ ചിലത് ഇവയാണ്:  

ഉറവിടത്തിൽ തന്നെ മാലിന്യം വേർതിരിക്കുന്നതിന് പ്രത്യേകം ക്രമീകരിച്ച 20,000 ചവറ്റുകൊട്ടകള്‍.

വ്യവസ്ഥാപിത മാലിന്യ ശേഖരണത്തിനും സംസ്കരണത്തിനുമായി 37.75 ലക്ഷം ലൈനർ ബാഗുകൾ.

പ്രധാന സ്നാന ചടങ്ങുകൾക്ക് ശേഷവും മറ്റും ഉടനടി മാലിന്യ നിർമാർജനത്തിന് പ്രത്യേക ശുചീകരണ സംഘങ്ങൾ.

ഈ ശ്രമങ്ങൾ  പരിസ്ഥിതി ആഘാതം കുറയ്ക്കുന്നതിനൊപ്പം പുനചംക്രമണവും പുനരുപയോഗവും പ്രോത്സാഹിപ്പിക്കുന്നു. 

മിയാവാക്കി വനങ്ങൾ: ഒരു പരിസ്ഥിതി സൗഹൃദ സംരംഭം

ശുചീകരണ നടപടികൾക്ക് പുറമെ പ്രയാഗ്‌രാജിലെ വായു ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും പച്ചപ്പ് വർധിപ്പിക്കുന്നതിനുമായി സർക്കാർ മിയാവാക്കി വനവൽക്കരണവിദ്യ നടപ്പാക്കിയിട്ടുണ്ട്.  പ്രശസ്ത ജാപ്പനീസ് സസ്യശാസ്ത്രജ്ഞൻ അകിറ മിയാവാക്കി  1970-കളിൽ വികസിപ്പിച്ചെടുത്ത മിയാവാക്കി സാങ്കേതികവിദ്യ പരിമിതമായ സ്ഥലങ്ങളിൽ ഇടതൂർന്ന വനങ്ങൾ സൃഷ്ടിക്കുന്ന  വിപ്ലവകരമായ രീതിയാണ്. പലപ്പോഴും ‘ചെടിച്ചട്ടി നടീൽ’ എന്നറിയപ്പെടുന്ന ഈ രീതിയില്‍ വളർച്ച ത്വരിതപ്പെടുത്തുന്നതിന് മരങ്ങളും കുറ്റിച്ചെടികളും  അടുത്തടുത്ത് നട്ടുപിടിപ്പിക്കുന്നു.  സസ്യങ്ങൾ പത്ത് മടങ്ങ് വേഗത്തിൽ വളരുന്ന ഈ സാങ്കേതികവിദ്യ നഗരപ്രദേശങ്ങൾക്ക്  പ്രായോഗിക പരിഹാരമായി മാറുന്നു. മിയാവാക്കി സാങ്കേതികവിദ്യ ഉപയോഗിച്ച് നട്ടുപിടിപ്പിക്കുന്ന മരങ്ങൾ പരമ്പരാഗത വനങ്ങളെ അപേക്ഷിച്ച് കൂടുതൽ കാർബൺ ആഗിരണം ചെയ്യുകയും പെട്ടെന്ന് വളരുകയും ജൈവവൈവിധ്യ സമ്പത്തിനെ പിന്തുണയ്ക്കുകയും ചെയ്യുന്നു. 

ഏകദേശം നാല് വർഷങ്ങൾക്ക് മുമ്പ് 2020-21 ലാണ് പ്രയാഗ്‌രാജിൽ ചെറിയ തോതിൽ മിയാവാക്കി പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്. 2023-24 ൽ നൈനി വ്യാവസായിക മേഖലയിലെ നെവാഡ സമോഗറില്‍ 34,200 ചതുരശ്ര മീറ്റർ സ്ഥലത്ത് 63 വ്യത്യസ്ത ഇനങ്ങളിലെ 1,19,700 തൈകൾ നട്ടുപിടിപ്പിച്ചുകൊണ്ട് ഈ പദ്ധതി ഗണ്യമായി വിപുലീകരിച്ചു. പ്രാദേശിക ഫാക്ടറികൾ പതിവായി  മാലിന്യം  നിക്ഷേപിച്ചിരുന്നതിനാല്‍  നേരത്തെ ഈ പ്രദേശം വ്യാവസായിക മാലിന്യങ്ങളാൽ വളരെയേറെ മലിനീകരിക്കപ്പെട്ടിരുന്നു.

നഗരത്തിലെ ഏറ്റവും വലിയ മാലിന്യ നിക്ഷേപ കേന്ദ്രമായ ബസ്‌വാറും മിയാവാക്കി പദ്ധതിയിലൂടെ ശ്രദ്ധേയമായ പരിവർത്തനത്തിന് വിധേയമായി. ഒരുകാലത്ത് മാലിന്യം നിറഞ്ഞിരുന്ന ഈ പ്രദേശം വൃത്തിയാക്കി 9,000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയിൽ 27 വ്യത്യസ്ത ഇനങ്ങളിലെ 27,000 തൈകളാണ് നട്ടുപിടിപ്പിച്ചത്. ഇന്ന് ഈ തൈകൾ ഇടതൂർന്ന വനമായി വളര്‍ന്ന് പരിസ്ഥിതിയെ വലിയതോതില്‍ മെച്ചപ്പെടുത്തി. മിയാവാക്കി സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രയാഗ്‌രാജ് നഗരത്തിലെ മറ്റ് 13 സ്ഥലങ്ങളിലും വനങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. 

മാവ്, മഹുവ, വേപ്പ്, ബോധി, പുളി, അർജുന, തേക്ക്, തുളസി, നെല്ലിക്ക, ബേർ എന്നിവയാണ് ഈ പദ്ധതിയുടെ ഭാഗമായി നട്ടുപിടിപ്പിക്കുന്ന പ്രധാന ഇനങ്ങൾ. കൂടാതെ ചെമ്പരത്തി, കദംബ, ഗുൽമോഹർ, ജംഗിൾ ജലേബി, ബൊഗൈൻവില്ല, ബ്രഹ്മി തുടങ്ങിയ അലങ്കാര, ഔഷധ സസ്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ ഹരിത മേഖലകള്‍ താപനില (4 മുതൽ 7 ഡിഗ്രി സെൽഷ്യസ് വരെ) നിയന്ത്രിക്കാനും ജൈവവൈവിധ്യം വർധിപ്പിക്കാനും വായു - ജല മലിനീകരണം കുറയ്ക്കാനും മണ്ണൊലിപ്പ് തടയാനും മഹാകുംഭമേളയിലെ സമഗ്ര പരിസ്ഥിതി സംരക്ഷണ ശ്രമങ്ങൾക്ക് സംഭാവന നൽകാനും സഹായിക്കുന്നു.

സമൂഹ പങ്കാളിത്തവും ബോധവൽക്കരണ പരിപാടികളും 

മഹാകുംഭമേളയിൽ ശുചിത്വം പാലിക്കുന്നതില്‍ പൊതുജനപങ്കാളിത്തം ഒരു നിർണായക ഘടകമാണ്. മേള നടക്കുന്ന സ്ഥലങ്ങളില്‍ പാഴ് വസ്തുക്കള്‍ വലിച്ചെറിയരുതെന്നും ശുചിത്വം നിലനിര്‍ത്താന്‍ സഹായിക്കുന്നതിന് നിശ്ചിത സ്ഥലങ്ങളിൽ മാത്രം മാലിന്യം നിക്ഷേപിക്കണമെന്നും ഭരണകൂടം തീർത്ഥാടകരോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ജനങ്ങളുടെ ശ്രദ്ധയാകര്‍ഷിക്കാനും തീര്‍ത്ഥാടകര്‍ക്കിടയില്‍ അവബോധം വര്‍ധിപ്പിക്കുന്നതിനുമായി നിരവധി സംരംഭങ്ങള്‍ക്ക് തുടക്കം കുറിച്ചു:

പ്രയാഗ്‌രാജ് നഗരസഭ സംഘടിപ്പിച്ച സ്വച്ഛതാ രഥയാത്ര ശുചിത്വം പ്രോത്സാഹിപ്പിക്കുന്നതിന് വിവിധ നഗരവീഥീകളിലൂടെ കടന്നുപോയി.

തെരുവ് നാടകങ്ങളും സംഗീത പ്രകടനങ്ങളും മാലിന്യം ശരിയായി വേര്‍തിരിക്കുന്നതിനെക്കുറിച്ചും മാലിന്യസംസ്കരണത്തെക്കുറിച്ചും തീർത്ഥാടകരെ ബോധവൽക്കരിക്കുന്നു.

ശുചിത്വം പാലിക്കാൻ ഭക്തരെ പ്രേരിപ്പിക്കുന്ന സന്ദേശങ്ങൾ തീര്‍ത്ഥഘട്ടങ്ങളിലെ പൊതു അറിയിപ്പ് സംവിധാനങ്ങളിലൂടെ  തുടർച്ചയായി നല്‍കിവരുന്നു.  

പ്രത്യേക ശുചിത്വ യജ്ഞങ്ങളും ദ്രുത ശുചീകരണ സംഘങ്ങളും

പ്രധാന സ്നാന ദിവസങ്ങൾക്ക് ശേഷം മേള നടക്കുന്ന പ്രദേശത്തുടനീളം ശുചിത്വം പുനഃസ്ഥാപിക്കുന്നതിന് വലിയ തോതില്‍ ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നു. പ്രത്യേക ശുചീകരണ സംഘങ്ങളെയും ചില പ്രവര്‍ത്തനങ്ങള്‍ക്കായി വിന്യസിച്ചിട്ടുണ്ട്:

പൊതു ശൗചാലയങ്ങളുടെ പതിവ് ശുചീകരണം: മേളയില്‍ ഉപയോഗിക്കുന്ന പൊതു ശൗചാലയങ്ങളില്‍ വലിയ തോതില്‍ ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നു. ഇതിനായി ശുചീകരണ തൊഴിലാളികളുടെ അധിക സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്. പാർക്കിംഗ് മേഖല മുതൽ തീര്‍ത്ഥഘട്ടങ്ങള്‍ വരെ സ്ഥാപിച്ച ശൗചാലയങ്ങളുടെ ശുചിത്വത്തിന് പ്രത്യേക ശ്രദ്ധ നൽകുന്നു.

തീർത്ഥാടകർ ഉപേക്ഷിക്കുന്ന മാലിന്യങ്ങൾ നീക്കം ചെയ്യല്‍: മാലിന്യം ശേഖരിച്ച് പ്രത്യേകമായി ക്രമീകരിച്ച സ്ഥലങ്ങളിൽ സംസ്കരിക്കുന്നു. ശേഖരിച്ച മാലിന്യങ്ങൾ വ്യവസ്ഥാപിതമായി സംസ്കരിക്കുന്നതിന് കറുത്ത ലൈനർ ബാഗുകളിൽ സൂക്ഷിക്കുന്നു. ഈ പദ്ധതി നടപ്പിാക്കുന്നതിൽ ദ്രുതഗതിയിലാണ് പുരോഗതി കൈവരിക്കുന്നത്. 

കറുത്ത ലൈനർ ബാഗുകൾ ഉപയോഗിച്ച് മാലിന്യങ്ങൾ വ്യവസ്ഥാപിതമായി സംസ്കരിക്കുന്നത് ഉറപ്പാക്കുന്നു. 

അണുനാശിനി തളിക്കലും ഫോഗിങും പതിവായി നടത്തുന്നു. 

തീർത്ഥാടന പാതകളിൽ നിന്ന് കല്ലുകൾ, ഇഷ്ടികകൾ, മറ്റ് അവശിഷ്ടങ്ങൾ എന്നിവയടക്കം എല്ലാ നിർമാണ സാമഗ്രികളും പതിവായി നീക്കം ചെയ്യുന്നതിന്  ശ്രമങ്ങൾ നടത്തുന്നു.

ഈ ദ്രുതപ്രതികരണങ്ങൾ മേളയിലുടനീളം വൃത്തിയുള്ളതും ആരോഗ്യകരവുമായ അന്തരീക്ഷം നിലനിർത്തുന്നതിനുള്ള പ്രതിബദ്ധതയെ ശക്തിപ്പെടുത്തുന്നു.

ശുചീകരണ തൊഴിലാളികളുടെ ക്ഷേമം

മഹാകുംഭമേളയില്‍ ശുചിത്വം നിലനിർത്തുന്നതിലും സ്വച്ഛ് മഹാകുംഭ് അഭിയാൻ വൻവിജയമാക്കുന്നതിലും സഫായ് മിത്ര എന്നുവിളിക്കുന്ന ശുചീകരണ തൊഴിലാളികളുടെ നിർണായക പങ്ക് തിരിച്ചറിഞ്ഞുകൊണ്ട് സംസ്ഥാന സർക്കാർ അവരുടെ ക്ഷേമത്തിന് വലിയ മുൻഗണന നൽകിവരുന്നു. ഇതിനായി സ്വീകരിച്ച നടപടികളിൽ ചിലത് ഇവയാണ്:

ശുചീകരണ തൊഴിലാളികളുടെ താമസസ്ഥലങ്ങളില്‍ നല്ല വീടുകളും സൗകര്യങ്ങളുമൊരുക്കല്‍. 

വിദ്യാകുംഭ് സംരംഭത്തിലൂടെ അവരുടെ കുട്ടികൾക്ക് പ്രാഥമിക വിദ്യാലയങ്ങൾ, വിദ്യാഭ്യാസം, യൂണിഫോം, ഉച്ചഭക്ഷണം എന്നിവ ഉറപ്പാക്കൽ.

എല്ലാ ശുചീകരണ തൊഴിലാളികൾക്കും മതിയായ ഭക്ഷണം, താമസ സൗകര്യം, സമയബന്ധിതമായ ശമ്പളം എന്നിവ നല്‍കല്‍. 

ശുചിത്വം നിലനിർത്തുന്നതിനൊപ്പം അതിന് കാരണക്കാരായ തൊഴിലാളികളെ പിന്തുണയ്ക്കുന്നതിനുള്ള ഭരണകൂടത്തിന്റെ പ്രതിബദ്ധതയാണ് ഈ ശ്രമങ്ങൾ എടുത്തുകാണിക്കുന്നത്.

ഹരിത മഹാകുംഭ്:  ഒരു ദേശീയതല പരിസ്ഥിതി ചർച്ച

പരിസ്ഥിതി അവബോധം കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിനായി ആയിരത്തിലധികം പരിസ്ഥിതി, ജല സംരക്ഷണ വിദഗ്ധരെ ഒരുമിച്ചുകൊണ്ടുവരുന്ന ഹരിത മഹാകുംഭ് 2025 ജനുവരി 31-ന് നടക്കും. ശിക്ഷാ സംസ്‌കൃതി ഉത്താൻ ന്യാസിന്റെ ആഭിമുഖ്യത്തില്‍ ഗ്യാൻ മഹാകുംഭ് - 2081 പരമ്പരയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഈ പരിപാടി ശ്രദ്ധകേന്ദ്രീകരിക്കുന്ന മേഖലകളില്‍ ചിലത് ഇവയാണ്: 

പ്രകൃതി, പരിസ്ഥിതി, ജലം, ശുചിത്വം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ.

പ്രകൃതിയുടെ പഞ്ചഘടകങ്ങളെ സന്തുലിതപ്പെടുത്തല്‍. 

പരിസ്ഥിതി സംരക്ഷണത്തിലും ശുചിത്വത്തിലു മികച്ച മാതൃകകള്‍. 

സുസ്ഥിരതാ ശ്രമങ്ങളിൽ ഭക്തരെ ഉൾപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങള്‍.

പാരിസ്ഥിതിക ഉത്തരവാദിത്തമുള്ള ഒരു മഹാകുംഭമേളയുടെ കാഴ്ചപ്പാട് ശക്തിപ്പെടുത്തുന്നതിനും അറിവുകള്‍ പങ്കിടുന്നതിനുമുള്ള ഒരു വേദിയായി ഈ പരിപാടി നിലകൊള്ളും. 

ഉപസംഹാരം

ശുചിത്വം, സുസ്ഥിരത, പരിസ്ഥിതി സംരക്ഷണം എന്നിവയോടുള്ള സംസ്ഥാന സർക്കാരിന്റെ പ്രതിബദ്ധതയുടെ നേര്‍സാക്ഷ്യമാണ് 2025-ലെ മഹാകുംഭമേള. മാലിന്യ സംസ്കരണവും പ്ലാസ്റ്റിക് രഹിത സംരംഭങ്ങളും മുതൽ മിയാവാക്കി വനങ്ങളുടെ വികസനവും ശുചീകരണത്തൊഴിലാളികളുടെ ക്ഷേമപരിപാടികളും വരെ മേളയുടെ എല്ലാ തലങ്ങളും ശുചിത്വവും പാരിസ്ഥിതിക സന്തുലനവും ഉറപ്പാക്കുന്നതിന് സൂക്ഷ്മമായി ആസൂത്രണം ചെയ്തിരിക്കുന്നു. ഈ സംരംഭങ്ങൾ ശുചിത്വപൂര്‍ണമായ കുംഭമേള ഉറപ്പാക്കുക മാത്രമല്ല,  ഭാവിയില്‍ ലോകമെങ്ങും നടക്കാനിരിക്കുന്ന വന്‍കിട പരിപാടികൾക്ക്  മാതൃകയായി മാറുകയും ചെയ്യുന്നു. സമൂഹ പങ്കാളിത്തം, സാങ്കേതിക പുരോഗതി, നയാധിഷ്ഠിത നടപടികൾ എന്നിവയിലൂടെ 2025-ലെ മഹാകുംഭമേള പരിസ്ഥിതി ഉത്തരവാദിത്തത്തിലും പൊതുശുചിത്വത്തിലും ഒരു നാഴികക്കല്ലാണെന്ന് തെളിയിക്കപ്പെടുന്നു. 

അവലംബം: 

ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ്, ഉത്തര്‍പ്രദേശ് സര്‍ക്കാര്‍.  

www.kumbh.gov.in

https://www.instagram.com/ddnews_official/p/DCQS50yvZ-9/?img_index=2

https://x.com/PIBKohima/status/1881268090627145733

https://www.instagram.com/mib_india/p/DEM0AESuVzf/

****************


(Release ID: 2096555) Visitor Counter : 9