രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

രാഷ്‌ട്രപതി പതിനഞ്ചാമത് ദേശീയ വോട്ടർ ദിനാഘോഷങ്ങളിൽ പങ്കെടുത്തു

Posted On: 25 JAN 2025 2:46PM by PIB Thiruvananthpuram
ന്യൂഡൽഹി, 2025 ജനുവരി 25

ഇന്ന് (ജനുവരി 25, 2025) ന്യൂഡൽഹിയിൽ നടന്ന പതിനഞ്ചാമത് ദേശീയ വോട്ടർ ദിനാഘോഷത്തിൽ രാഷ്ട്രപതി ശ്രീമതി ദ്രൗപതി മുർമു പങ്കെടുത്തു. തിരഞ്ഞെടുപ്പുകളുടെ സുഗമമായ നടത്തിപ്പ് ഉറപ്പാക്കുന്നതിൽ മാതൃകാപരമായ പ്രകടനം കാഴ്ചവച്ച സംസ്ഥാന, ജില്ലാ ഉദ്യോഗസ്ഥർക്ക് മികച്ച തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കുള്ള അവാർഡുകൾ രാഷ്ട്രപതി ചടങ്ങിൽ സമ്മാനിച്ചു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ശ്രീ രാജീവ് കുമാറിൽ നിന്ന് "ഇന്ത്യ വോട്ട്സ് 2024: എ സാഗ ഓഫ് ഡെമോക്രസി" എന്ന പുസ്തകത്തിന്റെ ആദ്യ പകർപ്പും രാഷ്‌ട്രപതി  ഏറ്റുവാങ്ങി.

നമ്മുടെ ജനാധിപത്യം ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ജനാധിപത്യം മാത്രമല്ല, ലോകത്തിലെ ഏറ്റവും വലുതും, വൈവിധ്യപൂർണ്ണവും, യുവത്വമുള്ളതും, ഉൾക്കൊള്ളുന്നതും, സംവേദനക്ഷമതയുള്ളതുമായ ജനാധിപത്യമാണെന്നത് നമുക്കെല്ലാവർക്കും അഭിമാനകരമാണെന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് രാഷ്ട്രപതി പറഞ്ഞു. ആധുനിക ലോകത്തിന് ഇന്ത്യയുടെ ജനാധിപത്യം ഒരു സവിശേഷ മാതൃകയാണെന്ന് അവർ പറഞ്ഞു. ലോകത്തിലെ പല രാജ്യങ്ങളും നമ്മുടെ തിരഞ്ഞെടുപ്പ് സംവിധാനത്തിൽ നിന്നും നിര്വഹണരീതികളിൽ നിന്നും പഠിക്കുന്നുണ്ട്.


എല്ലാവരെയും ഉൾക്കൊള്ളിക്കുന്ന നമ്മുടെ ജനാധിപത്യത്തിന്റെ ശ്രദ്ധേയമായ കാഴ്ച തിരഞ്ഞെടുപ്പുകളിൽ ദൃശ്യമാണെന്ന് രാഷ്ട്രപതി പറഞ്ഞു. തിരഞ്ഞെടുപ്പുകളിൽ സ്ത്രീകളുടെ വർദ്ധിച്ചുവരുന്ന പങ്കാളിത്തം നമ്മുടെ സമൂഹത്തിന്റെയും രാജ്യത്തിന്റെയും സമഗ്ര  വികസനത്തിന്റെ ഒരു പ്രധാന അടയാളമാണ്. 85 വയസ്സിന് മുകളിലുള്ള മുതിർന്ന വോട്ടർമാർ, ഭിന്നശേഷിക്കാരായ വോട്ടർമാർ, വിദൂര പ്രദേശങ്ങളിൽ താമസിക്കുന്ന ഗോത്ര വോട്ടർമാർ എന്നിവരുടെ വോട്ടിംഗ് പ്രക്രിയ സുഗമമാക്കുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രത്യേക ശ്രമങ്ങൾ നടത്തിയിട്ടുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടി. ഈ രീതിയിൽ, എല്ലാവരെയും ഉൾക്കൊള്ളുന്നതും സംവേദനക്ഷമവുമായ തിരഞ്ഞെടുപ്പ് നിർവ്വഹണത്തിന്റെ മികച്ച മാതൃകയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ സൃഷ്ടിച്ചതെന്ന് അവർ പറഞ്ഞു.


വോട്ടിംഗുമായി ബന്ധപ്പെട്ട ആദർശങ്ങളും ഉത്തരവാദിത്തങ്ങളുമാണ് നമ്മുടെ ജനാധിപത്യത്തിന്റെ പ്രധാന മാനങ്ങളെന്ന് രാഷ്ട്രപതി പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷൻ പുറപ്പെടുവിച്ച സമ്മതിദായകരുടെ പ്രതിജ്ഞ എല്ലാ പൗരന്മാരെയും നയിക്കുന്നു. ജനാധിപത്യത്തിൽ പൂർണ്ണ വിശ്വാസമർപ്പിക്കുന്നതിനൊപ്പം, എല്ലാത്തരം സങ്കുചിതത്വങ്ങൾക്കും വിവേചനത്തിനും പ്രലോഭനങ്ങൾക്കും അതീതമായി വോട്ടവകാശം വിനിയോഗിക്കുമെന്ന ഉറച്ച ദൃഢനിശ്ചയവും വോട്ടർമാർക്കുണ്ടാകണമെന്ന് അവർ പറഞ്ഞു. പ്രബുദ്ധരായ വോട്ടർമാർ നമ്മുടെ ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നുവെന്ന് അവർ കൂട്ടിച്ചേർത്തു.


2011 മുതൽ, ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്ഥാപക ദിനത്തിന്റെ സ്മരണയ്ക്കായി എല്ലാ വർഷവും ജനുവരി 25 ന് ദേശീയ വോട്ടേഴ്‌സ് ദിനം ആചരിച്ചുവരുന്നു. വോട്ടർമാരുടെ കേന്ദ്രസ്ഥാനം ഊന്നിപ്പറയുക, പൗരന്മാരിൽ തിരഞ്ഞെടുപ്പ് അവബോധം വളർത്തുക, ജനാധിപത്യ പ്രക്രിയയിൽ അവരുടെ സജീവ പങ്കാളിത്തത്തിന് പ്രചോദനം നൽകുക എന്നിവയാണ് ഈ പരിപാടിയുടെ ലക്ഷ്യം.


രാഷ്ട്രപതിയുടെ പ്രസംഗം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
 
 
****

(Release ID: 2096162) Visitor Counter : 27