സഹകരണ മന്ത്രാലയം
azadi ka amrit mahotsav

മഹാരാഷ്ട്രയിലെ മുംബൈയിൽ അന്താരാഷ്ട്ര സഹകരണ വർഷം -2025 ന്റെ ഉദ്ഘാടന ചടങ്ങിനെ കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ അഭിസംബോധന ചെയ്തു


പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ, സഹകരണ സ്ഥാപനങ്ങൾ വരും കാലങ്ങളിൽ തൊഴിൽ, കാർഷിക- ഗ്രാമീണ മേഖലകളുടെ അഭിവൃദ്ധി എന്നിവയ്ക്ക് വഴിയൊരുക്കും

പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ, മഹാരാഷ്ട്രയിലെ ഇരട്ട എഞ്ചിൻ ഗവൺമെന്റ്, സംസ്ഥാനത്തെ യഥാർത്ഥ അർത്ഥത്തിൽ സഹകരണ കേന്ദ്രമാക്കി മാറ്റും

സഹകരണ വർഷം ഇന്ത്യയിൽ ആഘോഷിക്കുന്നത് രാജ്യത്തുടനീളം സഹകരണ സ്ഥാപനങ്ങളുടെ ഗണ്യമായ വികസനത്തിന് വഴിയൊരുക്കും

അന്താരാഷ്ട്ര സഹകരണ വർഷത്തിൽ, സഹകരണ സ്ഥാപനങ്ങളുടെ വ്യാപ്തി വർദ്ധിപ്പിക്കുന്നതിനും എല്ലാ വ്യക്തികളെയും സഹകരണ സ്ഥാപനങ്ങളുമായി ബന്ധിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങൾ നടത്തും

പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ, ഇന്ത്യയുടെ സഹകരണ മേഖല സാമൂഹിക ഐക്യം, സമത്വം, ഉൾക്കൊള്ളൽ എന്നീ തത്വങ്ങളുമായി മുന്നോട്ട് പോകുന്നു

'സഹകരണ സ്ഥാപനങ്ങൾക്കിടയിലെ സഹകരണം' എന്ന തത്വത്തിൽ അധിഷ്ഠിതമായി രാജ്യമെമ്പാടും പ്രവർത്തിക്കുന്ന സഹകരണ മേഖല സാമ്പത്തികമായി സ്വയംപര്യാപ്തമാകും

ഡിജിറ്റൽ ബാങ്കിംഗ്, മൊബൈൽ ബാങ്കിംഗ്, ഓൺലൈൻ ഇടപാടുകൾ, വിദേശ രാജ്യങ്ങളുമായുള്ള വ്യാപാരം തുടങ്ങിയ പ്രവർത്തനങ്ങളെ 'മാതൃ സംഘടന', നഗര സഹകരണ ബാങ്കുമായി സംയോജിപ്പിക്കും

എല്ലാ സഹകരണ ബാങ്കുകളും, സാധാരണ ബാങ്കുകളുടെ സേവനങ്ങൾ നൽകാൻ ഉടൻ തന്നെ പ്രാപ്തമാകും. ഇത് സഹകരണ ബാങ്കിങ്ങിന്റെ വികസനത്തിലേക്ക് നയിക്കും

Posted On: 24 JAN 2025 8:53PM by PIB Thiruvananthpuram

മുംബൈ : മഹാരാഷ്ട്രയിലെ മുംബൈയിൽ നടന്ന അന്താരാഷ്ട്ര സഹകരണ വർഷം 2025 ന്റെ ഉദ്ഘാടന ചടങ്ങിൽ കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ അഭിസംബോധന ചെയ്തു. നാഷണൽ അർബൻ കോ-ഓപ്പറേറ്റീവ് ഫിനാൻസ് ആൻഡ് ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ (NUCFDC) കോർപ്പറേറ്റ് ഓഫീസും ശ്രീ അമിത് ഷാ ഉദ്ഘാടനം ചെയ്തു. കേന്ദ്രസഹകരണ സഹമന്ത്രി ശ്രീ മുരളീധർ മോഹോൾ, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിമാരായ ശ്രീ ഏക്‌നാഥ് ഷിൻഡെ, ശ്രീ അജിത് പവാർ, സഹകരണ മന്ത്രാലയ സെക്രട്ടറി ഡോ. ആശിഷ് കുമാർ ഭൂട്ടാനി, മറ്റ് നിരവധി പ്രമുഖർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

CR5_7387.JPG

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അടുത്തിടെ 2025 ലെ അന്താരാഷ്ട്ര സഹകരണ വർഷം ഉദ്ഘാടനം ചെയ്തിരുന്നു. സഹകരണ വർഷം ആഘോഷിക്കുന്നതിനായി കേന്ദ്ര സഹകരണ മന്ത്രാലയം 12 മാസത്തെ പരിപാടിക്ക് രൂപം നൽകിയിട്ടുണ്ടെന്നും അത് ഇന്ന് ഉദ്ഘാടനം ചെയ്യുകയാണെന്നും കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ പറഞ്ഞു. രാജ്യത്തുടനീളമുള്ള സഹകരണ പ്രസ്ഥാനത്തെ ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകുന്ന തരത്തിൽ ഇന്ത്യ സഹകരണ വർഷം ആഘോഷിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര സഹകരണ വർഷത്തിൽ, സഹകരണ മേഖലയെ വികസിപ്പിക്കുന്നതിനും, സുതാര്യത കൊണ്ടുവരുന്നതിനും, സഹകരണ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്നതിനും, പുതിയ മേഖലകളിലേക്ക് സഹകരണ സ്ഥാപനങ്ങൾ വിപുലീകരിക്കുന്നതിനും , രാജ്യത്തെ ഓരോ വ്യക്തിയെയും ഏതെങ്കിലും തരത്തിൽ സഹകരണ മേഖലയുമായി ബന്ധിപ്പിക്കുന്നതിനും ശ്രമിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

CR5_7323.JPG

 2025 ഡിസംബർ 31 ന് ഐക്യരാഷ്ട്രസഭയുടെ അന്താരാഷ്ട്ര സഹകരണ വർഷം അവസാനിക്കുമ്പോൾ, ഇന്ത്യയുടെ സഹകരണ പ്രസ്ഥാനത്തിന്റെ വളർച്ച എല്ലാ മേഖലയെയും ഉൾക്കൊള്ളുന്നതും സംഘടിതവുമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. "സഹകരണത്തിലൂടെ സമൃദ്ധി" എന്ന ലക്ഷ്യം കൈവരിക്കുമെന്നും ശ്രീ ഷാ പറഞ്ഞു. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നിശ്ചയിച്ച ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറുക, 2047 ഓടെ പൂർണ്ണമായും വികസിത രാഷ്ട്രമായി മാറുക എന്നീ രണ്ട് പ്രധാന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ സഹകരണ മേഖല ഒരു പ്രധാന പങ്ക് വഹിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സാമൂഹിക ഐക്യം, സമത്വം, ഉൾക്കൊള്ളൽ എന്നീ തത്വങ്ങളെ അടിസ്ഥാനമാക്കി സഹകരണ മേഖല മുന്നേറുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

 

സഹകരണ ബാങ്കുകൾക്കായുള്ള മാതൃ സംഘടനയായ നാഷണൽ അർബൻ കോപ്പറേറ്റീവ് ഫിനാൻസ് ആൻഡ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ (NUCFDC) വെർച്വൽ രീതിയിൽ ഉദ്ഘാടനം ചെയ്തതായി കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി അറിയിച്ചു. ഈ സ്ഥാപനം നഗര സഹകരണ മേഖലയ്ക്ക് ബഹുമുഖ ആനുകൂല്യങ്ങൾ നൽകും . അടുത്ത മൂന്ന് വർഷത്തിനുള്ളിൽ, നമ്മുടെ എല്ലാ ഷെഡ്യൂൾഡ് സഹകരണ ബാങ്കുകളും ദേശീയ, സ്വകാര്യ ബാങ്കുകൾ വാഗ്ദാനം ചെയ്യുന്ന സേവനങ്ങൾ ലഭ്യമാക്കുന്ന വിധത്തിൽ സജ്ജമാകും എന്നും ഇത് അവയുടെ സേവനങ്ങളുടെ വ്യാപ്തി ഗണ്യമായി വർദ്ധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതോടൊപ്പം വിഭവങ്ങളുടെ മികച്ച വിനിയോഗം, ബാങ്കിംഗ് പ്രക്രിയകൾ മെച്ചപ്പെടുത്തൽ, എല്ലാ സഹകരണ ബാങ്കുകളുടെയും അക്കൗണ്ടിംഗ് സംവിധാനങ്ങൾ ഏകീകരിക്കൽ എന്നിവയിലും ശ്രദ്ധ കേന്ദ്രീകരിക്കും. രാജ്യത്ത് നിലവിൽ ആകെ 1,465 നഗര സഹകരണ ബാങ്കുകളുണ്ടെന്നും അതിൽ പകുതിയോളം ഗുജറാത്തിലും മഹാരാഷ്ട്രയിലുമാണെന്നും ശ്രീ ഷാ വ്യക്തമാക്കി. രാജ്യത്ത് 49 ഷെഡ്യൂൾഡ് ബാങ്കുകളും 8.25 ലക്ഷത്തിലധികം സഹകരണ സ്ഥാപനങ്ങളുമുണ്ട്.

 

'സഹകരണ സംഘങ്ങൾക്കിടയിലെ സഹകരണം' എന്ന തത്വം രാജ്യമെമ്പാടും ഉടൻ നടപ്പിലാക്കുമെന്ന് കേന്ദ്ര സഹകരണ മന്ത്രി പറഞ്ഞു. ഡിജിറ്റൽ ബാങ്കിംഗ്, മൊബൈൽ ബാങ്കിംഗ്, ഓൺലൈൻ ഇടപാടുകൾ, വിദേശ രാജ്യങ്ങളുമായുള്ള വ്യാപാരം തുടങ്ങിയ പ്രവർത്തനങ്ങൾ നഗര കോപ്പറേറ്റീവ് ബാങ്കുമായി സംയോജിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ' മാതൃ സംഘടന ' നിർവഹിക്കും. സഹകരണ സ്ഥാപനങ്ങളുടെ എല്ലാ ഇടപാടുകളും സാമ്പത്തിക പ്രവർത്തനങ്ങളും സഹകരണ ബാങ്കുകൾ വഴി മാത്രമായിരിക്കും നടത്തുക. എല്ലാ സംസ്ഥാനങ്ങളിലും 'സഹകരണ സംഘങ്ങൾക്കിടയിലെ സഹകരണം' എന്ന തത്വം ഫലപ്രദമായി നിർവഹിക്കപ്പെട്ടു കഴിഞ്ഞാൽ , അത് മികച്ച വിജയത്തിലേക്ക് നയിക്കുമെന്നും സഹകരണ മേഖലയ്ക്ക് സാമ്പത്തിക സ്വയംപര്യാപ്തത കൈവരിക്കാൻ പ്രാപ്തമാക്കുമെന്നും ശ്രീ ഷാ വ്യക്തമാക്കി.

റിസർവ് ബാങ്കുമായുള്ള നഗര സഹകരണ ബാങ്കുകളുമായി ബന്ധപ്പെട്ട നിരവധി പ്രശ്നങ്ങൾ മോദി സർക്കാർ പരിഹരിച്ചിട്ടുണ്ടെന്ന് ശ്രീ അമിത് ഷാ പറഞ്ഞു. NUCFDC ശക്തിപ്പെടുത്തുന്നത് എല്ലാ തടസ്സങ്ങളും നീക്കുന്നതിനൊപ്പം വിശ്വാസവും വ്യാപാരവും വർദ്ധിപ്പിക്കാൻ സഹായിക്കുമെന്ന് അദ്ദേഹം പരാമർശിച്ചു. പുതിയ ചട്ടങ്ങൾ പ്രകാരം രൂപീകരിച്ച 10,000 എം-പിഎസിഎസ് (മൾട്ടിപർപ്പസ് പ്രൈമറി അഗ്രികൾച്ചറൽ കോപ്പറേറ്റീവ് സൊസൈറ്റികൾ)- കൾക്കുള്ള പരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത അദ്ദേഹം ഇത് ഒരു പുതിയ തുടക്കമാണെന്ന് അഭിപ്രായപ്പെട്ടു. രാജ്യത്തുടനീളമുള്ള എല്ലാ ഗ്രാമ പഞ്ചായത്തുകളിലും ഒരു പിഎസിഎസ് സ്ഥാപിക്കുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പിഎസിഎസിന്റെ നിലനിൽപ്പ് ഉറപ്പാക്കുന്നതിനായി, മാതൃക സൃഷ്ടിക്കുകയും അവ എല്ലാ സംസ്ഥാനങ്ങളും അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്.

 

മാതൃകാ ചട്ടങ്ങൾ പ്രകാരം പിഎസിഎസിന് ഇപ്പോൾ വിവിധ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ കഴിയുമെന്ന് ശ്രീ ഷാ പറഞ്ഞു. ഈ വിവിധ പ്രവർത്തനങ്ങൾ പിഎസിഎസുമായി ബന്ധിപ്പിക്കാൻ ഓരോ പ്രാഥമിക കാർഷിക വായ്പ സൊസൈറ്റികൾക്കും കമ്പ്യൂട്ടറുകളും സോഫ്റ്റ്‌വെയറും ലഭ്യമാക്കുന്നതിനായി മോദി ഗവൺമെന്റ് 2,500 കോടി രൂപ ചെലവഴിച്ചിട്ടുണ്ടെന്നും അദ്ദേഹം പരാമർശിച്ചു. ഈ സംരംഭം വിജയകരമാക്കാൻ സാങ്കേതികവിദ്യ സ്വീകരിക്കണമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. പ്രൊഫഷണലിസം കൊണ്ടുവരുന്നതിലൂടെ, മുഴുവൻ സഹകരണ മേഖലയെയും പിഎസിഎസിലൂടെ ശക്തിപ്പെടുത്താൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

 

ബാങ്കുകളിലോ പിഎസിഎസിലോ ആകട്ടെ, സഹകരണ സ്ഥാപനങ്ങളെ സ്വയംപര്യാപ്തമാക്കുന്നതിന് ആധുനിക സാങ്കേതികവിദ്യയിൽ പ്രാവീണ്യമുള്ള യുവാക്കളെ ഉൾപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം കേന്ദ്ര സഹകരണ മന്ത്രി ഊന്നിപ്പറഞ്ഞു. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലും ശ്രീ ദേവേന്ദ്ര ഫഡ്‌നാവിസ്, ശ്രീ ഏക്‌നാഥ് ഷിൻഡെ, ശ്രീ അജിത് പവാർ എന്നിവരുടെ സംയുക്തമായുമുള്ള ' ഇരട്ട എഞ്ചിൻ ഗവൺമെന്റ്', നടത്തുന്ന ശ്രമങ്ങൾ മഹാരാഷ്ട്രയെ സഹകരണ മികവിന്റെ യഥാർത്ഥ കേന്ദ്രമാക്കി മാറ്റുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. സഹകരണ സ്ഥാപനങ്ങൾക്ക് എല്ലാ ഗ്രാമങ്ങളിലെയും തൊഴിൽ സ്രോതസ്സാകാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

 

 മോദി ഗവൺമെന്റ് സഹകരണ മേഖലയ്ക്ക് നൽകുന്ന ഗണ്യമായ പിന്തുണ ശ്രീ അമിത് ഷാ എടുത്തുപറഞ്ഞു. എഥനോൾ ഉത്പാദനം ആരംഭിച്ചത് പഞ്ചസാര മില്ലുകളുടെ ലാഭക്ഷമത വർദ്ധിപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പഞ്ചസാരയ്ക്ക് മികച്ച വില ഉറപ്പാക്കുന്നതിനായി, പ്രധാനമന്ത്രി മോദി അടുത്തിടെ 10 ലക്ഷം ടൺ പഞ്ചസാര കയറ്റുമതി ചെയ്യാൻ അംഗീകാരം നൽകിയതായും ഇത് ഏറ്റവും കൂടുതൽ പ്രയോജനം ചെയ്യുന്നത് മഹാരാഷ്ട്രയിലെ സഹകരണ പഞ്ചസാര മില്ലുകൾക്കാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സഹകരണ മേഖലയെ മുന്നോട്ട് നയിക്കാൻ മോദി ഗവൺമെന്റ് പ്രതിജ്ഞാബദ്ധമാണെന്നും ഈ ലക്ഷ്യം കൈവരിക്കുന്നതിനായി ഒരു റാങ്കിംഗ് സംവിധാനം അവതരിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പിഎസിഎസ്, ക്ഷീര മേഖല,മത്സ്യബന്ധന മേഖല , അർബൻ കോപ്പറേറ്റീവ് ബാങ്കുകൾ, ഭവന വായ്പ സൊസൈറ്റികൾ, ഖാദി ഗ്രാമ വ്യവസായ സംഘം എന്നിവയുൾപ്പെടെ ഏഴ് പ്രധാന മേഖലകളെ റാങ്കിംഗിൽ ഉൾപ്പെടുത്തും. ഓഡിറ്റുകൾ, പ്രവർത്തനങ്ങൾ, സേവനങ്ങൾ, സാമ്പത്തിക പ്രകടനം, അടിസ്ഥാന സൗകര്യങ്ങൾ, ബ്രാൻഡിംഗ് എന്നിവയുൾപ്പെടെ നിരവധി മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി 100 മാർക്കിനാണ് റാങ്കിംഗ് സംവിധാനം തയ്യാറാക്കിയിരിക്കുന്നത് ശ്രീ ഷാ വിശദീകരിച്ചു. സുതാര്യതയും വിശ്വാസ്യതയും വർദ്ധിപ്പിക്കുക എന്നതാണ് ഈ സംവിധാനം ലക്ഷ്യമിടുന്നത്. ഈ റാങ്കിംഗ് അടിസ്ഥാനമാക്കി ബാങ്കുകൾക്ക് ഭാവിയിൽ പിഎസിഎസുകൾക്ക് ആത്മവിശ്വാസത്തോടെ ധനസഹായം നൽകാൻ കഴിയും .

9B7A0560.JPG

 പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ, 'സഹകരണത്തിലൂടെ സമൃദ്ധി,സമൃദ്ധിയിലൂടെ സ്വാശ്രയത്വം' എന്നീ കാഴ്ചപ്പാടുകളും ആയി ഗവൺമെന്റ് മുന്നേറുകയാണെന്ന് കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി പറഞ്ഞു. അന്താരാഷ്ട്ര സഹകരണ വർഷം 2025 ന്റെ (IYC) അനുബന്ധമായുള്ള പരിപാടികൾ അടങ്ങിയ കലണ്ടറിന്റെ ഉദ്ഘാടനം, നഗര സഹകരണ ബാങ്കുകളുടെ മാതൃസ്ഥാപനം - NUCFDC - യുടെ ഉദ്ഘാടനം, 10,000 പുതിയ MPACS അംഗങ്ങൾക്കുള്ള ആദ്യ പരിശീലന സെഷൻ എന്നിവയുടെ ഉദ്ഘാടനം എന്നിവ ചടങ്ങിൽ അദ്ദേഹം പ്രഖ്യാപിച്ചു. ഗുജറാത്തിൽ പ്രമുഖ സഹകരണ നേതാവ് ശ്രീ ത്രിഭുവൻ ദാസ് പട്ടേലിന്റെ പേരിലുള്ള ത്രിഭുവൻ നാഷണൽ കോപ്പറേറ്റീവ് സർവ്വകലാശാല സ്ഥാപിക്കുമെന്ന് വരാനിരിക്കുന്ന ബജറ്റ് സെഷനിൽ ഗവൺമെന്റ് പ്രഖ്യാപിക്കുമെന്നും ശ്രീ അമിത് ഷാ വെളിപ്പെടുത്തി. വിവിധ മേഖലകൾക്കായി വൈദഗ്ധ്യമുള്ള പ്രൊഫഷണലുകളെ സൃഷ്ടിക്കുന്നതിലാണ് ഈ സർവകലാശാല ശ്രദ്ധ കേന്ദ്രീകരിക്കുക. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ, കൃഷി, ഗ്രാമീണ മേഖല, യുവാക്കൾ എന്നിവർക്കിടയിൽ തൊഴിലും പുരോഗതിയും പ്രദാനം ചെയ്യുന്നതിന് സഹകരണ മേഖലയ്ക്ക് കഴിയുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

 

*****


(Release ID: 2096048) Visitor Counter : 15