പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഗുജറാത്തിലെ കെവഡിയയിൽ നടന്ന ദേശീയ ഏകതാ ദിന പരിപാടിയിലെ പ്രധാനമന്ത്രിയുടെ അഭിസംബോധന

Posted On: 31 OCT 2024 3:25PM by PIB Thiruvananthpuram

ഭാരത് മാതാ കി - ജയ്!

ഭാരത് മാതാ കി - ജയ്!

ഭാരത് മാതാ കി - ജയ്!

സർദാർ സാഹിബിൻ്റെ പ്രചോദനാത്മകമായ വാക്കുകൾ... ഏകതാ പ്രതിമയ്ക്ക് സമീപമുള്ള ഈ മഹത്തായ സംഭവം... ഏകതാ നഗറിൻ്റെ അതിമനോഹരമായ കാഴ്ച, ഇവിടുത്തെ ഗംഭീര പ്രകടനങ്ങൾ... മിനി ഇന്ത്യയുടെ ഒരു നേർക്കാഴ്ച്ച... എല്ലാം വളരെ അമൂല്യവും പ്രചോദനാത്മകവുമാണ് . ഓഗസ്റ്റ് 15-നും ജനുവരി 26-നും എന്ന പോലെ... ഒക്‌ടോബർ 31-ലെ ഈ പരിപാടി രാജ്യത്താകെ പുതിയ ഊർജം നിറയ്ക്കുന്നു. രാജ്യത്തെ എല്ലാ പൗരന്മാർക്കും രാഷ്ട്രീയ ഏകതാ ദിവസത്തിൽ (ദേശീയ ഏകതാ ദിനം) ഞാൻ ഹൃദയംഗമമായ ആശംസകൾ നേരുന്നു.

സുഹൃത്തുക്കളെ,

ഇത്തവണ അസാധാരണമായ ഒരു യാദൃശ്ചികതയാണ് ദേശീയ ഏകതാദിനത്തിൽ ഉണ്ടായിരിക്കുന്നത്. ഒരു വശത്ത്, ഞങ്ങൾ ഐക്യത്തിൻ്റെ ഉത്സവം ആഘോഷിക്കുന്നു, മറുവശത്ത്, ഇത് ദീപാവലിയുടെ ശുഭകരമായ സന്ദർഭം കൂടിയാണ്. ദീപാവലി രാജ്യത്തെ മുഴുവൻ പ്രകാശത്തിലൂടെ ബന്ധിപ്പിക്കുന്നു, രാജ്യത്തെ മുഴുവൻ പ്രകാശിപ്പിക്കുന്നു. ഇപ്പോൾ, ദീപാവലി ഉത്സവം ഭാരതത്തെ ലോകവുമായി ബന്ധിപ്പിക്കുന്നു. പല രാജ്യങ്ങളിലും ഇത് ഒരു ദേശീയ ഉത്സവമായി ആഘോഷിക്കുന്നു. രാജ്യത്തും ലോകമെമ്പാടുമുള്ള എല്ലാ ഇന്ത്യക്കാർക്കും ഭാരതത്തിൻ്റെ എല്ലാ അഭ്യുദയകാംക്ഷികൾക്കും ഞാൻ ദീപാവലി ആശംസകൾ നേരുന്നു.


സുഹൃത്തുക്കളെ,

ഈ ദേശീയ ഏകതാ ദിനം മറ്റൊരു കാരണത്താൽ സവിശേഷമാണ്. സർദാർ പട്ടേലിൻ്റെ 150-ാം ജന്മവാർഷിക വർഷത്തിന് ഇന്ന് തുടക്കം കുറിക്കുകയാണ്. അടുത്ത രണ്ട് വർഷത്തേക്ക് രാജ്യം സർദാർ പട്ടേലിൻ്റെ 150-ാം ജന്മവാർഷികം ആഘോഷിക്കും. അദ്ദേഹത്തിൻ്റെ അസാധാരണമായ സംഭാവനകൾക്ക് രാജ്യത്തെ ജനങ്ങൾ നൽകുന്ന ആദരമാണിത്. ഈ രണ്ട് വർഷത്തെ ആഘോഷം ‘ഏക് ഭാരത്, ശ്രേഷ്ഠ ഭാരതം’ എന്ന നമ്മുടെ ദൃഢനിശ്ചയത്തെ ശക്തിപ്പെടുത്തും. അസാധ്യമെന്നു തോന്നുന്നത് സാധ്യമാക്കുമെന്ന് ഈ സന്ദർഭം നമ്മെ പഠിപ്പിക്കും. ഭാരതം സ്വാതന്ത്ര്യം നേടിയപ്പോൾ, ഭാരതത്തിൻ്റെ ശിഥിലീകരണത്തെക്കുറിച്ച് പ്രവചിച്ച ചില ആളുകൾ ലോകത്തുണ്ടായിരുന്നു, സർദാർ സാഹിബിൻ്റെ വാക്കുകളിൽ ഇതിനെക്കുറിച്ചുള്ള വിശദമായ വിവരണം നാം കേട്ടു. നൂറുകണക്കിന് നാട്ടുരാജ്യങ്ങളെ ഒന്നിപ്പിച്ച് വീണ്ടും ഒരു ഭാരതം രൂപീകരിക്കാൻ കഴിയുമെന്ന് അവർക്ക് പ്രതീക്ഷയില്ലായിരുന്നു. പക്ഷേ അത് സാധ്യമാണെന്ന് സർദാർ സാഹിബ് തെളിയിച്ചു. സർദാർ സാഹിബ്,
പ്രവർത്തനത്തിൽ പ്രായോഗികവാദിയും, ദൃഢനിശ്ചയത്തിൽ സത്യസന്ധനും പരിശ്രമത്തിൽ മാനുഷിക മൂല്യമുള്ളവനും, ലക്ഷ്യത്തിൽ ദേശീയവാദിയും ആയതിനാൽ ഇത് നേടിയെടുക്കാൻ കഴിഞ്ഞു.

സുഹൃത്തുക്കളെ,

ഇന്ന് നമ്മൾ ഛത്രപതി ശിവജി മഹാരാജിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടു. ആക്രമണകാരികളെ തുരത്താൻ അദ്ദേഹം എല്ലാവരേയും ഒരുമിപ്പിച്ചു. മഹാരാഷ്ട്രയിലെ റായ്ഗഢ് കോട്ട ഇന്നും ആ കഥ പറയുന്നുണ്ട്. ഛത്രപതി ശിവാജി മഹാരാജ് റായ്ഗഢ് കോട്ടയിൽ നിന്ന് ഒരു പൊതു ആവശ്യത്തിനായി രാജ്യത്തിൻ്റെ വൈവിധ്യമാർന്ന ചിന്തകളെ ഒന്നിപ്പിച്ചു. ഏകതാ നഗറിലെ ആ ചരിത്രപ്രസിദ്ധമായ റായ്ഗഢ്  കോട്ടയുടെ ചിത്രം പ്രചോദനത്തിൻ്റെ പ്രതീകമായി നമ്മുടെ മുന്നിൽ നിൽക്കുന്നു. റായ്ഗഢ് കോട്ട സാമൂഹിക നീതിയുടെയും ദേശസ്‌നേഹത്തിൻ്റെയും രാഷ്ട്രത്തിന് പ്രഥമസ്ഥാനം നൽകുന്ന മൂല്യങ്ങളുടെയും പുണ്യഭൂമിയാണ്. ഈ പശ്ചാത്തലത്തിൽ, 'വികസിത ഭാരതം' (വികസിത ഇന്ത്യ) എന്ന പ്രമേയം സാക്ഷാത്കരിക്കാൻ നാം ഇന്ന് ഇവിടെ ഒത്തുകൂടി.

സുഹൃത്തുക്കളെ,

കഴിഞ്ഞ പത്തുവർഷങ്ങൾ ഭാരതത്തിൻ്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും അഭൂതപൂർവമായ നേട്ടങ്ങളാൽ നിറഞ്ഞിരിക്കുന്നു. ഇന്ന്, ഗവണ്മെൻ്റിൻ്റെ ഓരോ പ്രവർത്തനവും ദൗത്യവും ദേശീയ ഐക്യത്തോടുള്ള പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നു. അതിനൊരു ഉത്തമ ഉദാഹരണമാണ് നമ്മുടെ ഏകതാ നഗർ... ഏകതാ പ്രതിമ ഇവിടെയുണ്ട്... ഐക്യം എന്നത് പേരിൽ മാത്രമല്ല, അതിൻ്റെ നിർമ്മാണത്തിലും ഐക്യമുണ്ട്. സർദാർ സാഹിബ് ഒരു ഉരുക്ക് മനുഷ്യനും കർഷകൻ്റെ മകനുമായതിനാൽ ഈ പ്രതിമ നിർമ്മിക്കാൻ രാജ്യത്തുടനീളമുള്ള കർഷകർ ഉപയോഗിക്കുന്ന കാർഷിക ഉപകരണങ്ങളിൽ നിന്നുള്ള ഇരുമ്പ് ഇവിടെ കൊണ്ടുവന്നു. അതിനാൽ, ഇരുമ്പ്, പ്രത്യേകിച്ച് വയലുകളിൽ ഉപയോഗിക്കുന്ന ഉപകരണങ്ങളിൽ നിന്ന്, ഇവിടെ കൊണ്ടുവന്നു. രാജ്യത്തിൻ്റെ എല്ലാ കോണുകളിൽ നിന്നുമുള്ള മണ്ണും ഇവിടെ എത്തിച്ചു. അതിൻ്റെ നിർമ്മാണം ഒരു ഐക്യബോധം ഉണർത്തുന്നു. ഇവിടെ, നമുക്ക് ഒരു 'ഏകതാ നഴ്സറി' ഉണ്ട്. ഇവിടെ ഒരു ‘വിശ്വ വനവുമുണ്ട്’ ... അവിടെ ലോകത്തിലെ എല്ലാ ഭൂഖണ്ഡങ്ങളിലെയും മരങ്ങളും ചെടികളും ഉണ്ട്. രാജ്യത്തുടനീളമുള്ള ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ ഒരിടത്ത് പ്രദർശിപ്പിക്കുന്ന ഒരു 'കുട്ടികൾക്കായുള്ള പോഷകാഹാര പാർക്കുണ്ട്'. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയുർവേദ പാരമ്പര്യങ്ങളും സസ്യങ്ങളും ഉൾക്കൊള്ളുന്ന ഒരു 'ആരോഗ്യ വനവും' ഇവിടെയുണ്ട്. മാത്രമല്ല, സന്ദർശകർക്കായി ഒരു 'ഏകതാ മാൾ' ഉണ്ട്, അവിടെ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കരകൗശല വസ്തുക്കൾ ഒരിടത്ത് തന്നെ കാണാൻ സാധിക്കും.

സുഹൃത്തുക്കളെ,

'ഏകതാ മാൾ' ഇവിടെ മാത്രമല്ല; എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും 'ഏകതാ മാളുകൾ' നിർമ്മിക്കാൻ ഞങ്ങൾ പ്രോത്സാഹിപ്പിക്കുന്നു. വാർഷിക 'യൂണിറ്റി റൺ' വഴി ഐക്യത്തിൻ്റെ അതേ സന്ദേശം കൂടുതൽ ശക്തിപ്പെടുത്തുന്നു.

സുഹൃത്തുക്കളെ,

യഥാർത്ഥ ഇന്ത്യക്കാർ എന്ന നിലയിൽ, രാജ്യത്തിൻ്റെ ഐക്യത്തിനായുള്ള എല്ലാ ശ്രമങ്ങളും സന്തോഷവും ഉത്സാഹവും നിറച്ച് ആഘോഷിക്കേണ്ടത് നമ്മുടെ കടമയാണ്. ഊർജം, ആത്മവിശ്വാസം, പുതിയ തീരുമാനങ്ങൾ ഓരോ നിമിഷത്തെയും പ്രതീക്ഷകൾ-ഇതാണ് ആഘോഷം. ഭാരതത്തിൻ്റെ ഭാഷകൾക്ക് ഊന്നൽ നൽകുമ്പോൾ, ഐക്യത്തിൻ്റെ ശക്തമായ ഒരു ബന്ധവും നാം രൂപപ്പെടുത്തുകയാണ്. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിൽ ഇന്ത്യൻ ഭാഷകളിലെ വിദ്യാഭ്യാസത്തിന് ഞങ്ങൾ പ്രത്യേക ഊന്നൽ നൽകിയിട്ടുണ്ട്. നിങ്ങൾക്കെല്ലാവർക്കും അറിയാവുന്നതുപോലെ, ലോകമെമ്പാടും ആഘോഷിക്കപ്പെട്ട സമീപകാല തീരുമാനങ്ങളിലൊന്നിൽ രാജ്യം അഭിമാനിക്കുന്നു. ആ തീരുമാനം എന്താണെന്ന് അറിയാമോ? അടുത്തിടെ, മറാത്തി, ബംഗാളി, ആസാമീസ്, പാലി, പ്രാകൃതം എന്നീ ഭാഷകൾക്ക് ഗവണ്മെൻ്റ് ശ്രേഷ്ഠ ഭാഷാ പദവി അനുവദിച്ചു. ഗവണ്മെൻ്റിൻ്റെ ഈ തീരുമാനത്തെ എല്ലാവരും ഹാർദ്ദവമായി സ്വാഗതം ചെയ്തു. നാം നമ്മുടെ ഭാഷകളെ മാതൃഭാഷയായി ബഹുമാനിക്കുമ്പോൾ... അത് നമ്മുടെ അമ്മമാരെയും നമ്മുടെ ഭൂമി മാതാവിനെയും ഭാരതമാതാവിനെയും ബഹുമാനിക്കുന്നു. ഭാഷ പോലെ തന്നെ... രാജ്യത്തുടനീളം നടന്നുകൊണ്ടിരിക്കുന്ന കണക്റ്റിവിറ്റി സംരംഭങ്ങളും രാഷ്ട്രത്തിൻ്റെ ഐക്യത്തെ ശക്തിപ്പെടുത്തുന്നു. റെയിൽവേ, റോഡുകൾ, ഹൈവേകൾ, ഇൻ്റർനെറ്റ് പോലുള്ള ആധുനിക അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഗ്രാമങ്ങളെ നഗരങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്നു. കാശ്മീരിൻ്റെയും വടക്കുകിഴക്കിൻ്റെയും തലസ്ഥാനങ്ങൾ റെയിൽ വഴി ബന്ധിപ്പിക്കുമ്പോൾ... ലക്ഷദ്വീപും ആൻഡമാൻ-നിക്കോബാർ ദ്വീപുകളും കടലിനടിയിലെ കേബിളുകൾ വഴി അതിവേഗ ഇൻ്റർനെറ്റുമായി ബന്ധിപ്പിക്കുമ്പോൾ... മലനിരകളിലെ ജനങ്ങളെ മൊബൈൽ നെറ്റ്‌വർക്കുകളിലേക്ക് കണക്റ്റുചെയ്യുമ്പോൾ... വികസനത്തിനായുള്ള ഓട്ടത്തിനിടെ ഉപേക്ഷിക്കപ്പെടുന്ന അനുഭവം അപ്രത്യക്ഷമാകുന്നു, അത് മുന്നോട്ട് പോകാനുള്ള പുതിയ ഊർജ്ജം നൽകുന്നു. ദേശീയ ഐക്യത്തിൻ്റെ ആത്മാവ് ശാക്തീകരിക്കപ്പെടുന്നു.

സുഹൃത്തുക്കളെ,

മുൻ ഗവണ്മെൻ്റുകളുടെ നയങ്ങളിലും ഉദ്ദേശ്യങ്ങളിലും ഉള്ള വിവേചനത്തിൻ്റെ വികാരം രാജ്യത്തിൻ്റെ ഐക്യത്തെ ദുർബലപ്പെടുത്തി. കഴിഞ്ഞ 10 വർഷമായി,  ‘സുശാശൻ’ (നല്ല ഭരണം) എന്ന പുതിയ മാതൃക വിവേചനത്തിൻ്റെ എല്ലാ സാധ്യതകളും ഇല്ലാതാക്കി... ഞങ്ങൾ തെരഞ്ഞെടുത്തത് ‘എല്ലാവർക്കും ഒപ്പം, എല്ലാവരുടെയും വികസനം’ എന്ന പാതയാണ്. ഇന്ന്, വിവേചനമില്ലാതെ എല്ലാ വീട്ടിലും വെള്ളം എത്തിക്കുകയാണ് 'ഹർ ഘർ ജൽ' പദ്ധതി ലക്ഷ്യമിടുന്നത്. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി വിവേചനമില്ലാതെ എല്ലാവർക്കും നൽകുന്നു. ഇന്ന്, പ്രധാനമന്ത്രി ആവാസ് പദ്ധതിക്ക് കീഴിലുള്ള വീടുകൾ വിവേചനമില്ലാതെ എല്ലാവർക്കും നൽകുന്നു. ആയുഷ്മാൻ ഭാരത് പദ്ധതി വിവേചനമില്ലാതെ അർഹതയുള്ള ഓരോ വ്യക്തിക്കും പ്രയോജനം ചെയ്യുന്നു... ഗവണ്മെൻ്റിൻ്റെ ഈ സമീപനം സമൂഹത്തിൽ പതിറ്റാണ്ടുകളായി നിലനിന്നിരുന്ന അസംതൃപ്തി ഇല്ലാതാക്കി. അതോടെ ഗവണ്മെൻ്റിലും അതിൻ്റെ സംവിധാനങ്ങളിലും ജനങ്ങൾക്കുള്ള വിശ്വാസം വർധിച്ചു. 'വികാസ്' (വികസനം), 'വിശ്വാസം' (വിശ്വാസം) എന്നിവയുടെ ഈ ഐക്യം 'ഏക് ഭാരത്, ശ്രേഷ്ഠ ഭാരതം' എന്ന കാഴ്ചപ്പാടിനെ മുന്നോട്ട് നയിക്കുന്നു. എല്ലാ പദ്ധതികളിലും, എല്ലാ നയങ്ങളിലും, നമ്മുടെ ഉദ്ദേശ്യങ്ങളിലും ഐക്യം നമ്മുടെ സുപ്രധാന ശക്തിയാണെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. ഇത് കണ്ടും കേട്ടും സർദാർ സാഹിബിൻ്റെ ആത്മാവ് നമ്മെ അനുഗ്രഹിക്കുന്നുണ്ടാകുമെന്ന് ഞാൻ വിശ്വസിക്കുന്നു.

സുഹൃത്തുക്കളെ,

ആദരണീയനായ ബാപ്പു മഹാത്മാഗാന്ധി പറയുമായിരുന്നു, "നാനാത്വങ്ങൾക്കിടയിൽ ഐക്യത്തോടെ ജീവിക്കാനുള്ള നമ്മുടെ കഴിവ് നിരന്തരം പരീക്ഷിക്കപ്പെടും." "എന്തായാലും ഈ പരീക്ഷയിൽ നമ്മൾ വിജയിക്കണം" എന്ന് ഗാന്ധിജി പറഞ്ഞു. കഴിഞ്ഞ 10 വർഷത്തിനിടയിൽ, നാനാത്വങ്ങൾക്കിടയിൽ ഐക്യത്തോടെ ജീവിക്കാനുള്ള എല്ലാ ശ്രമങ്ങളിലും ഭാരതം വിജയിച്ചു. ഗവൺമെൻ്റ് അതിൻ്റെ നയങ്ങളിലും തീരുമാനങ്ങളിലും 'ഏകഭാരതം' എന്ന ആശയം തുടർച്ചയായി ശക്തിപ്പെടുത്തിയിട്ടുണ്ട്. 'ഒരു രാഷ്ട്രം, ഒരു ഐഡൻ്റിറ്റി'... അതായത് ആധാർ സംവിധാനത്തിൻ്റെ വിജയത്തിന് ഇന്ന് നാമെല്ലാവരും സാക്ഷ്യം വഹിക്കുന്നു, ലോകം അത് ചർച്ച ചെയ്യുന്നു. മുമ്പ് ഭാരതത്തിൽ വ്യത്യസ്ത നികുതി സമ്പ്രദായങ്ങളുണ്ടായിരുന്നു. ഞങ്ങൾ 'ഒരു രാജ്യം, ഒരു നികുതി' സംവിധാനം-ജിഎസ്ടി സൃഷ്ടിച്ചു. 'ഒരു രാഷ്ട്രം, ഒരു പവർ ഗ്രിഡ്' ഉപയോഗിച്ച് ഞങ്ങൾ രാജ്യത്തിൻ്റെ വൈദ്യുതി മേഖലയെ ശക്തിപ്പെടുത്തി. ചിലയിടങ്ങളിൽ മാത്രം വൈദ്യുതി ലഭിച്ചിരുന്ന,മറ്റിടങ്ങൾ അന്ധകാരത്തിൽ മുങ്ങിയ, പവർ ഗ്രിഡ് ഛിന്നഭിന്നമായ ഒരു കാലമുണ്ടായിരുന്നു. 'ഒരു രാജ്യം, ഒരു ഗ്രിഡ്' എന്ന പ്രമേയം ഞങ്ങൾ നിറവേറ്റി. 'ഒരു രാഷ്ട്രം, ഒരു റേഷൻ കാർഡ്' ഉപയോഗിച്ച് ഞങ്ങൾ ദരിദ്രർക്ക് ലഭ്യമായ ആനുകൂല്യങ്ങൾ സംയോജിപ്പിച്ചു. ഞങ്ങൾ ആയുഷ്മാൻ ഭാരത് വഴി 'ഒരു രാജ്യം, ഒരു ആരോഗ്യ ഇൻഷുറൻസ്' നൽകി, ഇത് ഓരോ പൗരനും പ്രയോജനപ്പെടുന്നു.

സുഹൃത്തുക്കളെ,

ഐക്യത്തിനായുള്ള ഞങ്ങളുടെ ശ്രമങ്ങൾക്ക് കീഴിൽ, ഞങ്ങൾ ഇപ്പോൾ 'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' എന്ന വിഷയത്തിൽ പ്രവർത്തിക്കുന്നു, അത് ഭാരതത്തിൻ്റെ ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയും ഭാരതത്തിൻ്റെ വിഭവങ്ങളുടെ ഫലം ഏറ്റവും മികച്ച രീതിയിൽ പ്രയോജനപ്പെടുത്തുകയും, 'വികസിത ഭാരതം' (വികസിത ഇന്ത്യ) എന്ന സ്വപ്നത്തെ മുന്നോട്ട് നയിക്കുകയും പുതിയ പുരോഗതിയിലേക്കും സമൃദ്ധിലേക്കും മുന്നേറുകയും ചെയ്യും.  'ഒരു രാഷ്ട്രം, ഒരു സിവിൽ കോഡ്'... അതായത് മതേതര സിവിൽ കോഡിലേക്ക് ഭാരതവും നീങ്ങുകയാണ്. ചുവപ്പ് കോട്ടയിൽ നിന്നാണ് ഞാൻ ഇക്കാര്യം സൂചിപ്പിച്ചത്. സർദാർ സാഹിബ് പറഞ്ഞ സാമൂഹിക ഐക്യം കൂടിയാണ് ഇതിൻ്റെ സാരാംശം, വിവിധ സാമൂഹിക വിഭാഗങ്ങൾക്കിടയിലുള്ള വിവേചനത്തെക്കുറിച്ചുള്ള പരാതികൾ പരിഹരിക്കാനും ദേശീയ ഐക്യം ശക്തിപ്പെടുത്താനും രാജ്യത്തിൻ്റെ പുരോഗതിക്കും ഇത് സഹായിക്കും. രാജ്യം ഐക്യത്തോടെ പ്രതിജ്ഞാബദ്ധത നിറവേറ്റും.

സുഹൃത്തുക്കളെ,

സ്വാതന്ത്ര്യം ലഭിച്ച് ഏഴു പതിറ്റാണ്ടിനുശേഷം 'ഒരു രാഷ്ട്രം, ഒരു ഭരണഘടന' എന്ന പ്രതിജ്ഞാബദ്ധതയും പൂർത്തീകരിക്കപ്പെട്ടതിൽ രാജ്യം മുഴുവൻ ഇന്ന് സന്തോഷത്തിലാണ്; സർദാർ സാഹിബിൻ്റെ ആത്മാവിനുള്ള എൻ്റെ ഏറ്റവും വലിയ ആദരാഞ്ജലിയാണിത്. ബാബാ സാഹിബ് അംബേദ്കറുടെ ഭരണഘടന 70 വർഷമായി രാജ്യത്തുടനീളം പൂർണമായി നടപ്പാക്കിയിട്ടില്ലെന്ന് പൗരന്മാർക്ക് അറിയില്ലായിരിക്കാം. ഭരണഘടനയ്ക്ക് വേണ്ടി അഹോരാത്രം വാദിക്കുന്നവർ അതിനെ വല്ലാതെ അപമാനിച്ചു... എന്തായിരുന്നു കാരണം? ജമ്മു കശ്മീരിലെ ആർട്ടിക്കിൾ 370-ൻ്റെ മതിൽ ഭരണഘടനയ്ക്ക് തടസ്സമായി നിലകൊള്ളുകയും ജനങ്ങളുടെ അവകാശങ്ങൾ ഇല്ലാതാക്കുകയും ചെയ്തു. ആ ആർട്ടിക്കിൾ 370 ഇപ്പോൾ എന്നെന്നേക്കുമായി കുഴിച്ചുമൂടപ്പെട്ടിരിക്കുന്നു. ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ ആദ്യമായി ജമ്മു കശ്മീരിൽ വിവേചനമില്ലാതെ വോട്ട് രേഖപ്പെടുത്തി. സ്വാതന്ത്ര്യം ലഭിച്ച് 75 വർഷങ്ങൾക്ക് ശേഷം ആദ്യമായി ജമ്മു കശ്മീർ മുഖ്യമന്ത്രി ഇന്ത്യൻ ഭരണഘടനയ്ക്ക് മേൽ സത്യപ്രതിജ്ഞ ചെയ്തു. ഈ രംഗം ഇന്ത്യൻ ഭരണഘടനയുടെ നിർമ്മാതാക്കൾക്ക് വലിയ സംതൃപ്തി നൽകുകയും അവരുടെ ആത്മാക്കൾക്ക് സമാധാനം നൽകുകയും ചെയ്തു, അത് അവർക്ക് ഞങ്ങൾ നൽകുന്ന എളിയ ആദരാഞ്ജലിയാണ്. ഭാരതത്തിൻ്റെ ഐക്യത്തിൻ്റെ സുപ്രധാനവും ശക്തവുമായ നാഴികക്കല്ലായി ഞാൻ ഇതിനെ കണക്കാക്കുന്നു. ജമ്മു കശ്മീരിലെ ദേശസ്‌നേഹികളായ ജനങ്ങൾ വിഭജനത്തിൻ്റെയും ഭീകരവാദത്തിൻ്റെയും പഴക്കമുള്ള അജണ്ട നിരസിച്ചു. പതിറ്റാണ്ടുകൾ നീണ്ട കുപ്രചരണങ്ങളെ പൊളിച്ചടുക്കി അവർ തങ്ങളുടെ വോട്ടുകൾ കൊണ്ട് ഭാരതത്തിൻ്റെ ഭരണഘടനയെയും ജനാധിപത്യത്തെയും വിജയിപ്പിച്ചു. ഈ ദേശീയ ഏകതാ ദിനത്തിൽ, ഭാരതത്തിൻ്റെ ഭരണഘടനയെ ബഹുമാനിക്കുന്ന ജമ്മു കശ്മീരിലെ ദേശസ്നേഹികളായ ജനങ്ങളെ ഞാൻ അഭിവാദ്യം ചെയ്യുന്നു.

സുഹൃത്തുക്കളെ,

കഴിഞ്ഞ 10 വർഷത്തിനിടെ, ദേശീയ ഐക്യത്തിന് ഭീഷണിയായ നിരവധി പ്രശ്നങ്ങൾ ഭാരതം പരിഹരിച്ചു. ഭാരതത്തെ ദ്രോഹിച്ചാൽ... ഭാരതം തങ്ങളെ വെറുതെ വിടില്ലെന്ന് ഇന്ന് തീവ്രവാദത്തിൻ്റെ സൂത്രധാരന്മാർക്കറിയാം. വടക്ക് കിഴക്ക് സംസ്ഥാനങ്ങളിലേക്ക് നോക്കൂ, അവിടെ കാര്യമായ പ്രതിസന്ധികൾ ഉണ്ടായിരുന്നു. സംവാദത്തിലൂടെയും വികസനത്തിലൂടെയും വിശ്വാസത്തിലൂടെയും വിഘടനവാദത്തിൻ്റെ തീജ്വാലകൾ ഞങ്ങൾ ശാന്തമാക്കി. ബോഡോ ഉടമ്പടി അസമിൽ 50 വർഷം പഴക്കമുള്ള തർക്കത്തിന് വിരാമമിട്ടു... പതിറ്റാണ്ടുകൾക്ക് ശേഷം ആയിരക്കണക്കിന് കുടിയൊഴിപ്പിക്കപ്പെട്ട ജനങ്ങൾക്ക് നാട്ടിലേക്ക് മടങ്ങാൻ ബ്രൂ-റിയാഗ് കരാർ അനുവദിച്ചു. നാഷണൽ ലിബറേഷൻ ഫ്രണ്ട് ഓഫ് ത്രിപുരയുമായുള്ള കരാർ ദീർഘകാലത്തെ അശാന്തിക്ക് വിരാമമിട്ടു. അസമും മേഘാലയയും തമ്മിലുള്ള അതിർത്തി തർക്കം ഞങ്ങൾ പരിഹരിച്ചു.

സുഹൃത്തുക്കളെ,

ഇരുപത്തിയൊന്നാം നൂറ്റാണ്ടിൻ്റെ ചരിത്രം എഴുതപ്പെടുമ്പോൾ... രണ്ടും മൂന്നും ദശകങ്ങളിൽ ഭാരതം നക്‌സലിസം എന്ന ഭയാനകമായ രോഗത്തെ എങ്ങനെ പിഴുതെറിഞ്ഞു, തള്ളിക്കളഞ്ഞു എന്നതിൻ്റെ ഒരു സുവർണ അധ്യായമുണ്ടാകും. നേപ്പാളിലെ പശുപതി മുതൽ ഭാരതത്തിലെ തിരുപ്പതി വരെ ഒരു ചുവന്ന ഇടനാഴി ഉണ്ടായിരുന്ന കാലം ഓർക്കുക. പരിമിതമായ വിഭവങ്ങളുണ്ടായിട്ടും നമ്മുടെ സ്വാതന്ത്ര്യത്തിനായി ബ്രിട്ടീഷുകാരോട് പോരാടിയ ഭഗവാൻ ബിർസ മുണ്ടയെപ്പോലുള്ള ദേശസ്നേഹികളെ നൽകിയ ഗോത്രസമൂഹത്തിൽ ഗൂഢാലോചനയുടെ ഭാഗമായി നക്സലിസത്തിൻ്റെ വിത്തുകൾ പാകുന്നത് നാം കണ്ടു. നക്സലിസത്തിൻ്റെ തീ ആളിക്കത്തി. നക്സലിസം ഭാരതത്തിൻ്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും വെല്ലുവിളിയായി. പത്തുവർഷത്തെ അശ്രാന്ത പരിശ്രമത്തിനൊടുവിൽ നക്സലിസം ഇപ്പോൾ ഭാരതത്തിൽ അതിൻ്റെ ഊർദ്ധ ശ്വാസം വലിക്കുകയാണ് എന്നറിയുന്നതിൽ എനിക്ക് സംതൃപ്തിയുണ്ട്. ഏറെ നാളായി കാത്തിരുന്ന വികസനം ഇന്ന് എൻ്റെ ഗോത്രവർഗ സമൂഹത്തിൻ്റെ വീടുകളിൽ എത്തുകയാണ്, ഇത് നല്ലൊരു ഭാവിയുടെ പ്രത്യാശ പകരുന്നു. 

സുഹൃത്തുക്കളെ,

കാഴ്ചപ്പാടും ദിശാബോധവും ഏറ്റവും പ്രധാനമായി ദൃഢതയും ഉള്ള ഒരു ഭാരതത്തെയാണ് നാം ഇന്ന് അഭിമുഖീകരിക്കുന്നത്. ഇന്ന്, രാജ്യത്തിന് കാഴ്ചപ്പാടും ദിശാബോധവും നിശ്ചയദാർഢ്യവുമുണ്ട്. ശാക്തീകരിക്കപ്പെട്ട, എല്ലാവരേയും ഉൾക്കൊള്ളുന്ന, സംവേദനക്ഷമതയുള്ള, ജാഗ്രതയുള്ള, വിനയാന്വിതവും, വികസനത്തിൻ്റെ പാതയിലുള്ളതുമായ ഒരു ഭാരതം - 'ശക്തി' (ശക്തി) 'ശാന്തി' (സമാധാനം) എന്നിവയുടെ പ്രാധാന്യം അറിയുന്ന ഒരു ഭാരതം. ആഗോള പ്രക്ഷുബ്ധതയ്‌ക്കിടയിലും അതിവേഗ വികസനം കൈവരിക്കുക എന്നത് ചെറിയ കാര്യമല്ല. വിവിധ ഭാഗങ്ങളിൽ സംഘർഷങ്ങൾ രൂക്ഷമാകുമ്പോൾ യുദ്ധത്തിനിടയിലും ബുദ്ധൻ്റെ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത് സാധാരണമല്ല. വിവിധ രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തിൽ പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ ഭാരതം ഒരു ‘വിശ്വ ബന്ധു’ (ആഗോള സുഹൃത്ത്) ആയി ഉയർന്നുവരുന്നത് സാധാരണമല്ല. രാഷ്ട്രങ്ങൾ തമ്മിലുള്ള അകലം വർദ്ധിക്കുമ്പോൾ തന്നെ രാജ്യങ്ങൾ ഭാരതത്തോട് കൂടുതൽ അടുക്കുകയും ചെയ്യുന്നു. ഇത് സാധാരണമല്ല... പുതിയൊരു ചരിത്രമെഴുതുകയാണ്. ഇത് നേടാൻ ഭാരതം എന്താണ് ചെയ്തത്?

സുഹൃത്തുക്കളെ,

ഇന്ന്, ഭാരതം അതിൻ്റെ വെല്ലുവിളികളെ എങ്ങനെ നിശ്ചയദാർഢ്യത്തോടെ നേരിടുന്നുവെന്ന് ലോകം ഉറ്റുനോക്കുകയാണ്. പതിറ്റാണ്ടുകൾ പഴക്കമുള്ള വെല്ലുവിളികളെ അതിജീവിക്കാൻ ഭാരതം ഒന്നിക്കുന്നതെങ്ങനെയെന്ന് ലോകം കാണുന്നുണ്ട്... അതുകൊണ്ട്... ഈ നിർണായക സമയത്ത് നമ്മുടെ ഐക്യം കാത്തുസൂക്ഷിക്കുകയും കൈകാര്യം ചെയ്യുകയും വേണം... നാം എടുത്ത ഐക്യത്തിൻ്റെ പ്രതിജ്ഞ ആവർത്തിച്ച് ഓർക്കണം, ആ ശപഥം ജീവിതമാക്കണം, ആവശ്യമെങ്കിൽ, ആ പ്രതിജ്ഞയ്‌ക്കായി പോരാടണം. ഈ പ്രതിജ്ഞയുടെ ചൈതന്യം കൊണ്ട് നാം ഓരോ നിമിഷവും നിറയ്ക്കണം.

സുഹൃത്തുക്കളെ,

ഭാരതത്തിൻ്റെ വർദ്ധിച്ചുവരുന്ന ശക്തിയും രാജ്യത്തിനകത്തെ ഐക്യത്തിൻ്റെ വികാരവും കണ്ട് ചില ശക്തികളും വികലമായ ആശയങ്ങളും മാനസികാവസ്ഥകളും വളരെയധികം അസ്വസ്ഥമാക്കുന്നുണ്ട്. ഭാരതത്തിനകത്തും പുറത്തും അസ്ഥിരതയും അരാജകത്വവും പ്രചരിപ്പിക്കാൻ ശ്രമിക്കുന്ന ആളുകളുണ്ട്. ഭാരതത്തിൻ്റെ സാമ്പത്തിക താൽപ്പര്യങ്ങളെ ഹനിക്കുന്നതിൽ അവർ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ലോകമെമ്പാടുമുള്ള നിക്ഷേപകർക്ക് തെറ്റായ സന്ദേശം നൽകാനാണ് ഈ ശക്തികൾ ആഗ്രഹിക്കുന്നത്, ഇവർ ഭാരതത്തിൻ്റെ മോശം പ്രതിച്ഛായ സൃഷ്ടിക്കുന്നു... അവർ നമ്മുടെ സായുധ സേനയെപ്പോലും ലക്ഷ്യമിടുന്നു, തെറ്റായ വിവര പ്രചാരണങ്ങൾ നടത്തുന്നു. സൈന്യത്തിനകത്ത് ഭിന്നിപ്പുണ്ടാക്കാനാണ് അവർ ശ്രമിക്കുന്നത്... ജാതിയുടെയും സമുദായത്തിൻ്റെയും പേരിൽ ഭാരതത്തെ ഭിന്നിപ്പിക്കാനാണ് ഇക്കൂട്ടർ ശ്രമിക്കുന്നത്. ഇന്ത്യൻ സമൂഹത്തെയും അതിൻ്റെ ഐക്യത്തെയും ദുർബലപ്പെടുത്തുക മാത്രമാണ് അവരുടെ ലക്ഷ്യം. ഭാരതം വികസിക്കണമെന്ന് അവർ ഒരിക്കലും ആഗ്രഹിക്കുന്നില്ല... കാരണം ദുർബലമായ ഭാരതവും ദരിദ്രമായ ഭാരതവും അവരുടെ രാഷ്ട്രീയത്തിന് അനുയോജ്യമാണ്. അഞ്ച് പതിറ്റാണ്ടുകളായി ഈ മലീമസമായതും അറപ്പുളവാക്കുന്നതുമായ രാഷ്ട്രീയം രാജ്യത്തെ ദുർബലപ്പെടുത്താൻ ഉപയോഗിച്ചു. അതിനാൽ, അവർ ഭരണഘടനയെയും ജനാധിപത്യത്തെയും കുറിച്ച് വാചാലമാകുമ്പോൾ, ഭാരതത്തിലെ ജനങ്ങൾക്കിടയിൽ വേർത്തിരിവുണ്ടാക്കാൻ അവർ പ്രവർത്തിക്കുന്നു.. അർബൻ നക്സലൈറ്റുകളുടെ ഈ കൂട്ടുകെട്ടിനെ നാം തിരിച്ചറിയണം; രാജ്യം തകർക്കുമെന്ന് സ്വപ്നം കാണുന്നവരെയും വിനാശകരമായ ആശയങ്ങൾ ഉയർത്തിപ്പിടിച്ച് വ്യാജ മുഖംമൂടി ധരിച്ചവരെയും തിരിച്ചറിയുകയും നേരിടുകയും വേണം. വനാന്തരങ്ങിൽ നിന്ന് ഉത്ഭവിച്ച, ബോംബും തോക്കുകളുമായി ആദിവാസി യുവാക്കളെ തെറ്റിദ്ധരിപ്പിച്ച നക്‌സലിസം അസ്തമിക്കുമ്പോൾ നഗര നക്‌സലിസത്തിൻ്റെ പുതിയ മാതൃക ഉരുത്തിരിയുകയാണ്.

സുഹൃത്തുക്കളെ,

ഇന്ന് ഐക്യത്തെക്കുറിച്ച് സംസാരിക്കുന്നത് പോലും കുറ്റകരമാകുന്ന സ്ഥിതിവിശേഷമായി മാറിയിരിക്കുന്നു. സ്കൂളുകളിലും കോളേജുകളിലും വീടുകളിലും പുറത്തും അഭിമാനത്തോടെ ഐക്യത്തിൻ്റെ പാട്ടുകൾ പാടിയിരുന്ന ഒരു കാലമുണ്ടായിരുന്നു. നമ്മൾ പാടിയ പാട്ടുകൾ പ്രായമായവർ ഓർക്കും... "ഹിന്ദുസ്ഥാനിലെ എല്ലാ നിവാസികളും ഒന്നാണ്. നമ്മുടെ നിറവും രൂപവും ഭാഷയും പരിഗണിക്കാതെ." ഈ പാട്ടുകൾ ഉറക്കെ പാടിയിട്ടുണ്ട്. ഇന്ന് ആരെങ്കിലും ഇത്തരമൊരു ഗാനം ആലപിച്ചാൽ അവരെ ലക്ഷ്യം വയ്ക്കുന്നത് അർബൻ നക്സൽ സംഘമാണ്. "ഐക്യമെന്നാൽ സുരക്ഷിതത്വമാണ്" എന്ന് ആരെങ്കിലും പറഞ്ഞാൽ, ഇക്കൂട്ടർ അതും തെറ്റായി വ്യാഖ്യാനിക്കും... രാജ്യത്തെ തകർക്കാനും സമൂഹത്തെ വിഭജിക്കാനും ആഗ്രഹിക്കുന്നവർ ദേശീയ ഐക്യത്താൽ വ്രണപ്പെടുന്നു. അതിനാൽ, എൻ്റെ സഹപൗരന്മാരെ, അത്തരം ആളുകൾ, ആശയങ്ങൾ, പ്രവണതകൾ, മനോഭാവങ്ങൾ എന്നിവയ്‌ക്കെതിരെ നാം എന്നത്തേക്കാളും കൂടുതൽ ജാഗ്രത പാലിക്കേണ്ടതുണ്ട്.

സുഹൃത്തുക്കളെ,

ഞങ്ങൾ സർദാർ സാഹിബിൻ്റെ ആദർശങ്ങളിൽ ജീവിക്കുന്നവരാണ്. സർദാർ സാഹിബ് പറയാറുണ്ടായിരുന്നു, ഭാരതത്തിന്റെ ഏറ്റവും വലിയ ലക്ഷ്യം ഐക്യമുള്ളതും കരുത്തുറ്റതുമായ ഒരു ശക്തിയായി മാറുക എന്നതായിരിക്കണം.. ഭാരതം വൈവിധ്യങ്ങൾ നിറഞ്ഞ രാജ്യമാണെന്ന് നാം ഓർക്കണം. നാം വൈവിധ്യം ആഘോഷിക്കും; എങ്കിൽ മാത്രമേ ഐക്യം ശക്തിപ്പെടുകയുള്ളൂ. അടുത്ത 25 വർഷം ഐക്യത്തിന് നിർണായകമാണ്. അതുകൊണ്ട്, ഈ ഐക്യമന്ത്രത്തെ നാം ഒരിക്കലും ദുർബലപ്പെടുത്താൻ അനുവദിക്കരുത്, എല്ലാ അസത്യങ്ങളെയും അഭിമുഖീകരിക്കുക, ഐക്യത്തിൻ്റെ മന്ത്രം ജീവശ്വാസമാക്കുക... ദ്രുതഗതിയിലുള്ള സാമ്പത്തിക വികസനത്തിനും, 'വികസിത' (വികസിത) 'സമൃദ്ധ' (സമൃദ്ധി) ഭാരതം സൃഷ്ടിക്കുന്നതിനും ഈ ഐക്യം അത്യന്താപേക്ഷിതമാണ്. ഈ ഐക്യം സാമൂഹിക ഐക്യത്തിൻ്റെ ജീവവായുവാണ്, സാമൂഹിക സമാധാനത്തിന് നിർണായകമാണ്. നമ്മൾ യഥാർത്ഥ സാമൂഹിക നീതിക്ക് വേണ്ടി പ്രതിജ്ഞാബദ്ധരാണെങ്കിൽ, സാമൂഹ്യനീതിയാണ് നമ്മുടെ മുൻഗണനയെങ്കിൽ, ഐക്യമാണ് ഏറ്റവും പ്രധാനം... നമ്മൾ ഐക്യം നിലനിർത്തണം. മെച്ചപ്പെട്ട സൗകര്യങ്ങളുടെ വികസനം ഐക്യമില്ലാതെ പുരോഗമിക്കില്ല. ജോലികൾക്കും നിക്ഷേപങ്ങൾക്കും ഐക്യം അനിവാര്യമാണ്. നമുക്ക് ഒറ്റക്കെട്ടായി മുന്നോട്ട് പോകാം. ഒരിക്കൽ കൂടി, ദേശീയ ഏകതാ ദിനത്തിൻ്റെ വേളയിൽ നിങ്ങൾക്കെല്ലാവർക്കും എൻ്റെ ആശംസകൾ.

ഞാൻ പറയും, സർദാർ സാഹിബ്, നിങ്ങൾ എല്ലാവരും ഏറ്റുപറയണം- അമർ രഹേ... അമർ രഹേ!

സർദാർ സാഹിബ് -- അമർ രഹേ... അമർ രഹേ!

സർദാർ സാഹിബ് -- അമർ രഹേ... അമർ രഹേ!

സർദാർ സാഹിബ് -- അമർ രഹേ... അമർ രഹേ!

സർദാർ സാഹിബ് -- അമർ രഹേ... അമർ രഹേ!

ഭാരത് മാതാ കി - ജയ്!

ഭാരത് മാതാ കി - ജയ്!

ഭാരത് മാതാ കി - ജയ്!

***


(Release ID: 2094740) Visitor Counter : 17