ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
2025 മഹാകുംഭ മേളയില്‍ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനു എഫ്എസ്എസ്എഐ സമഗ്ര നടപടികള്‍ ആവിഷ്‌കരിച്ചു; സഞ്ചരിക്കുന്ന ഭക്ഷ്യ പരിശോധനാ ലാബുകള്‍, ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനു കൂടുതല്‍ ഉദ്യോഗസ്ഥര്‍ എന്നിവരെ വിന്യസിച്ചു.
Posted On:
19 JAN 2025 6:58PM by PIB Thiruvananthpuram
പ്രയാഗ്‌രാജില്‍ നടക്കുന്ന 2025 മഹാകുംഭമേളയില്‍ ദശലക്ഷക്കണക്കിനു ഭക്തജനങ്ങള്‍ക്കു ശുചിത്വവും സുരക്ഷിതവുമായ ഭക്ഷണം ഉറപ്പാക്കുന്നതിനു ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) വിപുലവും ശക്തവുമായ രീതിയില്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചും സഞ്ചരിക്കുന്ന ഭക്ഷ്യ പരിശോധനാ ലാബുകള്‍ (ഫുഡ് സേഫ്റ്റി ഓണ്‍ വീല്‍സ്) വിന്യസിച്ചും ബോധവത്കരണ പരിപാടികളിലൂടെയും മഹാകുംഭമേളയില്‍ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതില്‍ എഫ്എസ്എസ്എഐ മുന്നിട്ടു നില്‍ക്കുന്നു.
മഹാകുംഭമേള പ്രദേശത്ത് വിവിധ മേഖലകള്‍ക്കായി, ഉത്തര്‍പ്രദേശ് ഗവണ്‍മെന്റിന്റെ ഫുഡ് സേഫ്റ്റി ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനുമായി സഹകരിച്ച്, ഫുഡ് അനലിസ്റ്റുകള്‍ക്കൊപ്പം 10 സഞ്ചരിക്കുന്ന ഭക്ഷ്യ പരിശോധനാ ലാബുകളും വിന്യസിച്ചിട്ടുണ്ട്. സഞ്ചരിക്കുന്ന ഭക്ഷ്യ പരിശോധനാ ലാബുകള്‍ മായം ചേര്‍ത്തതും പഴകിയതുമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പിടിച്ചെടുത്ത ഉടന്‍ പരിശോധന നടത്തുകയും ആഹാര സാധനങ്ങള്‍ വില്‍ക്കുന്നവര്‍ക്കും (FBOs) വഴിയോരത്തു ഭക്ഷണം വില്‍ക്കുന്നവര്‍ക്കും പൊതുജനങ്ങള്‍ക്കും അവബോധം നല്‍കുകയും മേളയില്‍ ഭക്ഷണ സാധനങ്ങള്‍ സുരക്ഷിതമായി കൈകാര്യം ചെയ്യുന്നതിനുള്ള സാഹചര്യം ഉറപ്പാക്കുകയും ചെയ്യുന്നു.
മേളയെ അഞ്ച് സോണുകളായും 25 സെക്ടറുകളായും തിരിച്ചിരിക്കുന്നു, ശുചിത്വവും സുരക്ഷാ മാനദണ്ഡങ്ങളും പതിവായി നിരീക്ഷിക്കുന്നതിന് ഓരോ സെക്ടറിലും ഭക്ഷ്യ സുരക്ഷാ ഓഫീസര്‍മാരെ (എഫ്എസ്ഒ) വിന്യസിച്ചിട്ടുണ്ട്. നിരീക്ഷണം ശക്തമാക്കുന്നതിന്, അഞ്ച് ചീഫ് ഭക്ഷ്യ സുരക്ഷാ ഓഫീസര്‍മാര്‍ (സിഎഫ്എസ്ഒകള്‍) ഉള്‍പ്പെടെ മൊത്തം 56 ഭക്ഷ്യ സുരക്ഷാ ഓഫീസര്‍മാരെ (എഫ്എസ്ഒ) മേഖലയിലുടനീളം വിന്യസിച്ചിട്ടുണ്ട്. ഓരോ മേഖലയിലും രണ്ട് എഫ്എസ്ഒകളെ വിന്യസിച്ചിട്ടുണ്ടെങ്കിലും, ഓരോ സോണിന്റെയും മേല്‍നോട്ടം ഒരു സിഎഫ്എസ്ഒയ്ക്കാണ്, ഇത് സമഗ്രമായ പരിശോധനയും ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കുന്നതും ഉറപ്പാക്കുന്നു. മേളയിലെ ഭക്ഷ്യസുരക്ഷാ പ്രവര്‍ത്തനങ്ങള്‍ നഗരത്തിലെ സെക്ടര്‍ 24-ലെ സങ്കട് മോചന്‍ മാര്‍ഗില്‍ ഇതിനു മാത്രമുള്ള ഒരു ഓഫീസില്‍ നിന്നാണ് കേന്ദ്രീകൃതമായി നിയന്ത്രിക്കുന്നത്.
മേളയുടെ പരിസരത്തുള്ള ഹോട്ടലുകള്‍, ധാബകള്‍, ചെറിയ ഫുഡ് സ്റ്റാളുകള്‍ എന്നിവടങ്ങളിലെ ഭക്ഷണത്തിന്റെ ഗുണനിലവാരം പതിവായി പരിശോധിക്കുന്നുണ്ട്. ഭക്ഷ്യസുരക്ഷയെ സംബന്ധിച്ച പരാതികള്‍ ഉടനടി പരിഹരിക്കാനും ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കളുടെ ഗുണനിലവാരം ഉള്‍പ്പെടെ പാചകരീതികളില്‍ കര്‍ശന പരിശോധന നടത്തി അടിയന്തര നടപടി സ്വീകരിക്കാനും ഉദ്യോഗസ്ഥ സംഘത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മഹാ കുംഭമേള പ്രദേശത്തേക്കുള്ള അരി, പഞ്ചസാര, ഗോതമ്പ് മാവ്, മറ്റ് അവശ്യ ഭക്ഷ്യവസ്തുക്കള്‍ എന്നിവയുടെ സാമ്പിളുകള്‍ പരിശോധനയ്ക്കായി പതിവായി ശേഖരിക്കുന്നു.വാരണാസിയിലെ റീജിയണല്‍ പബ്ലിക് ഹെല്‍ത്ത് ലബോറട്ടറിയില്‍ പരിശോധന നടത്തുന്നതിനുള്ള ഈ സാമ്പിളുകള്‍ നിശ്ചിത സംഭരണ, വിതരണ കേന്ദ്രങ്ങളില്‍ നിന്നാണു ശേഖരിക്കുന്നത്.
നിരീക്ഷണത്തിനും നിര്‍വ്വഹണത്തിനും പുറമേ, ഭക്തരുമായും കച്ചവടക്കാരുമായും സമ്പര്‍ക്കംപുലര്‍ത്തുന്നതിന് എഫ്എസ്എസ്എഐ ഒരു ഇന്ററാക്ടീവ് പവലിയന്‍ സജ്ജീകരിച്ചിട്ടുണ്ട്. ഈ സ്റ്റാളുകളില്‍ സുരക്ഷിതമായ ഭക്ഷണ രീതികളുടെ പ്രാധാന്യം ഉയര്‍ത്തിക്കാട്ടുന്ന നുക്കാദ് നാടക (Nukkad Natak ) പ്രകടനങ്ങളും ഭക്ഷ്യ സുരക്ഷയും പോഷകാഹാരവും സംബന്ധിച്ച തത്സമയ ക്വിസുകളും സംഘടിപ്പിക്കും. മായം ചേര്‍ക്കല്‍, ലൈസന്‍സിംഗ്, പരിശീലനം, തുടങ്ങിയ സുപ്രധാന വിഷയങ്ങളെക്കുറിച്ച് സ്റ്റാളിലെ എഫ്എസ്എസ്എഐ ഉദ്യോഗസ്ഥര്‍ അവബോധം സൃഷ്ടിക്കുന്നു. ഈ പ്രചാരണങ്ങള്‍ വഴി, സുരക്ഷിതവും ശുചിത്വവുമുള്ള ഭക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളെ ഫലപ്രദമായി ബോധവല്‍ക്കരിക്കുക എന്നതാണ് എഫ്എസ്എസ്എഐ ലക്ഷ്യമിടുന്നത്.
SKY
******************
(Release ID: 2094485)
Visitor Counter : 11