വാര്ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
അഭിലാഷ ജില്ലാ പദ്ധതിയുടെ ഭാഗമായികേന്ദ്ര സഹമന്ത്രി ഡോ. എൽ. മുരുകൻ ജാർഖണ്ഡിലെ വെസ്റ്റ് സിംഹ്ഭുമിൽ സന്ദർശനം നടത്തും
Posted On:
15 JAN 2025 5:49PM by PIB Thiruvananthpuram
അഭിലാഷ ജില്ലാ പദ്ധതിയുടെ (എഡിപി) ഭാഗമായി കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ, പാർലമെന്ററി കാര്യ സഹമന്ത്രി ഡോ. എൽ. മുരുകൻ 2025 ജനുവരി 16 മുതൽ 18 വരെ ജാർഖണ്ഡിലെ വെസ്റ്റ് സിംഹ്ഭുമിൽ മൂന്ന് ദിവസത്തെ സന്ദർശനം നടത്തും.
അവലോകന യോഗങ്ങൾ, ഐടിഐ, ഫിഷറീസ് സന്ദർശനങ്ങൾ
വ്യാഴാഴ്ച എത്തുന്ന മന്ത്രി, ജില്ല കൈവരിച്ച പുരോഗതി വിലയിരുത്തുക എന്ന ലക്ഷ്യത്തോടെ ജില്ലാ ഉദ്യോഗസ്ഥരുമായും പൊതുജന പ്രതിനിധികളുമായും വിശദമായ ആശയവിനിമയം നടത്തും.
പര്യടനത്തിന്റെ രണ്ടാം ദിവസം, മന്ത്രി ജഗന്നാഥ്പൂരിലെ ഇൻഡസ്ട്രിയൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് (ഐടിഐ), കേജ് ഫിഷറീസ്-കരഞ്ജിയ എന്നിവ സന്ദർശിക്കും. തുടർന്ന് സെയിൽ(SAIL) ഖനികളിൽ സന്ദർശനം നടത്തും.
അഭിലാഷ ജില്ലാ പദ്ധതിയുടെ അവലോകനം
പര്യടനത്തിന്റെ അവസാന ദിവസം ജില്ലാ ഉദ്യോഗസ്ഥരുമായും വകുപ്പ് മേധാവികളുമായും ആശയവിനിമയം നടത്തും .തുടർന്ന് ചൈബാസയിൽ എഡിപിയുടെയും അഭിലാഷ ബ്ലോക്ക് പദ്ധതിയുടെയും (എബിപി) സൂചകങ്ങൾ വിലയിരുത്തും.അഭിലാഷ ജില്ലാ പദ്ധതിയുടെ (എഡിപി) എല്ലാ മാനദണ്ഡങ്ങളിലും ജില്ലയുടെ വികസനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ചർച്ചകളും നടക്കും.
അഭിലാഷ ജില്ലാ പദ്ധതി (എഡിപി)
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ദീർഘവീക്ഷണത്തോടെയുള്ള നേതൃത്വത്തിൽ 2018 ൽ ആരംഭിച്ച അഭിലാഷ ജില്ലാ പദ്ധതി (എഡിപി), രാജ്യത്തെ താരതമ്യേന പിന്നാക്കവും വിദൂരവുമായ 112 ജില്ലകളുടെ വികസനം ത്വരിതപ്പെടുത്തുന്നതിന് ലക്ഷ്യമിട്ടുള്ള ഒരു പരിവർത്തന സംരംഭമാണ്. ദുർബലരായ പൗരന്മാരെ ശാക്തീകരിക്കുന്നതിനുള്ള ഒരു മാർഗമായി വിഭാവനം ചെയ്ത എഡിപി, ആരോഗ്യവും പോഷകാഹാരവും, വിദ്യാഭ്യാസം, കൃഷിയും ജലവിഭവങ്ങളും, സാമ്പത്തിക ഉൾപ്പെടുത്തലും നൈപുണ്യ വികസനവും, അടിസ്ഥാന സൗകര്യങ്ങൾ എന്നീ അഞ്ച് നിർണായക മേഖലകളിലെ 81 വികസന സൂചകങ്ങളിലെ പുരോഗതിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ദശലക്ഷക്കണക്കിന് പേരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിലും പ്രാദേശിക അസമത്വങ്ങൾ പരിഹരിക്കുന്നതിലും ഈ പദ്ധതി പ്രകടമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്.
2047 ഓടെ വികസിത ഭാരതം എന്ന, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീക്ഷണത്തെ കൂടുതൽ മുന്നോട്ട് കൊണ്ടുപോകുന്ന അഭിലാഷ ബ്ലോക്ക് പദ്ധതി (ABP) 329 ജില്ലകളിലായി 500 ബ്ലോക്കുകൾ ലക്ഷ്യമിടുന്നു. ഇത് 40 സൂചകങ്ങളിലായി അവശ്യ ഗവൺമെന്റ് സേവനങ്ങളുടെ പൂർത്തീകരണം ലക്ഷ്യമിടുന്നു.
2024 ഡിസംബറിൽ, കേന്ദ്ര സഹമന്ത്രി ജാർഖണ്ഡിലെ മറ്റൊരു അഭിലാഷ് ജില്ലയായ പലാമു സന്ദർശിച്ചിരുന്നു. സന്ദർശന വേളയിൽ, ദൂരദർശൻ, പ്രസ് ഇൻഫർമേഷൻ ബ്യൂറോ, സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ എന്നിവയുടെ വകുപ്പ് മേധാവികളുമായും ഉദ്യോഗസ്ഥരുമായും മന്ത്രി കൂടിക്കാഴ്ചകൾ നടത്തി. സദ്ഭരണ വാരത്തിന്റെ ഭാഗമായി "പ്രശാസൻ ഗാവോം കി ഓർ" എന്ന വിഷയത്തിൽ നടന്ന ജില്ലാതല ശില്പശാലയിലും മന്ത്രി പങ്കെടുത്തു. ജില്ലകളുടെ വികസനത്തിനായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ വീക്ഷണത്തെക്കുറിച്ചും അദേഹത്തിന്റെ നേതൃത്വത്തിൽ സ്വീകരിച്ച വിവിധ നടപടികളെക്കുറിച്ചും മന്ത്രി സദസ്സിനെ അറിയിച്ചു.
SKY
(Release ID: 2093284)