പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഐഎന്‍എസ് സൂറത്ത്, ഐഎന്‍എസ് നീലഗിരി, ഐഎന്‍എസ് വാഘ്ഷീര്‍ എന്നീ മുന്‍നിര നാവികസേനാ കപ്പലുകൾ രാജ്യത്തിന് സമര്‍പ്പിച്ചു
മൂന്ന് മുന്‍നിര നാവിക കപ്പലുകൾ കമ്മീഷന്‍ ചെയ്യുന്നത് കരുത്തുറ്റതും സ്വയംപര്യാപ്തവുമായ പ്രതിരോധ മേഖല കെട്ടിപ്പടുക്കുന്നതിനുള്ള ഇന്ത്യയുടെ അചഞ്ചലമായ പ്രതിബദ്ധത അടിവരയിടുന്നു: പ്രധാനമന്ത്രി
21-ാം നൂറ്റാണ്ടിലെ ഇന്ത്യന്‍ നാവികസേനയെ ശാക്തീകരിക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പ്: പ്രധാനമന്ത്രി
ഇന്നത്തെ ഇന്ത്യ ലോകത്തിലെ പ്രധാന നാവികശക്തിയായി വളരുകയാണ്: പ്രധാനമന്ത്രി
ഇന്ന്, ആഗോളതലത്തില്‍, പ്രത്യേകിച്ച് ഗ്ലോബല്‍ സൗത്ത് മേഖലയില്‍ വിശ്വസനീയവും ഉത്തരവാദിത്വമുള്ളതുമായ പങ്കാളിയായി ഇന്ത്യ അംഗീകരിക്കപ്പെട്ടിരിക്കുന്നു: പ്രധാനമന്ത്രി
ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലുടനീളം ആദ്യം പ്രതികരിക്കുന്ന രാഷ്ട്രമായി ഇന്ത്യ മാറിയിരിക്കുന്നു: പ്രധാനമന്ത്രി
കരയോ ജലമോ വായുവോ ആഴക്കടലോ ബഹിരാകാശമോ എവിടെയുമാകട്ടെ, അവിടെയെല്ലാം ഇന്ത്യ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നു: പ്രധാനമന്ത്രി
Posted On:
15 JAN 2025 12:50PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് മൂന്ന് മുന്‍നിര നാവിക കപ്പലുകളായ ഐഎന്‍എസ് സൂറത്ത്, ഐഎന്‍എസ് നീലഗിരി, ഐഎന്‍എസ് വാഘ്ഷീര്‍ എന്നിവ മുംബൈയിലെ നേവല്‍ ഡോക്ക് യാര്‍ഡില്‍ കമ്മീഷന്‍ ചെയ്തു. തുടർന്ന് ഇവ രാജ്യത്തിന് സമര്‍പ്പിച്ചു. കരസേനാ ദിനമായി ആചരിക്കുന്ന ജനുവരി 15 ന് രാജ്യത്തിന്റെ സുരക്ഷയ്ക്കും സംരക്ഷണത്തിനും വേണ്ടി ജീവന്‍ ത്യജിക്കുന്ന ഓരോ ധീര യോദ്ധാവിനെയും അഭിവാദ്യം ചെയ്യുന്നതായി സദസിനെ അഭിസംബോധന ചെയ്തു ശ്രീ മോദി പറഞ്ഞു. ഈ അവസരത്തില്‍ എല്ലാ ധീര യോദ്ധാക്കളെയും അദ്ദേഹം അഭിനന്ദിച്ചു.
ഇന്ത്യയുടെ നാവിക പൈതൃകത്തിനും നാവികസേനയുടെ മഹത്തായ ചരിത്രത്തിനും ആത്മനിര്‍ഭര്‍ ഭാരത് അഭിയാനും ഇന്ന് പ്രധാന ദിവസമാണെന്ന് സൂചിപ്പിച്ച പ്രധാനമന്ത്രി, ഛത്രപതി ശിവാജി മഹാരാജ് ഇന്ത്യയിലെ നാവികസേനയ്ക്ക് പുതിയ ശക്തിയും കാഴ്ചപ്പാടും നല്‍കിയെന്ന് പറഞ്ഞു. ശിവാജി മഹാരാജിന്റെ നാട്ടില്‍ 21-ാം നൂറ്റാണ്ടിലെ ഇന്ത്യയുടെ നാവികസേനയെ ശാക്തീകരിക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പാണ് ഇന്ന് ഗവണ്‍മെന്റ് സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതാദ്യമായാണ് ഡിസ്ട്രോയർ, ഫ്രിഗേറ്റ് ഇനത്തിൽപ്പെട്ട യുദ്ധക്കപ്പലുകളും , അന്തര്‍വാഹിനിയും ഉൾപ്പെടെ മൂന്നു ജലയാനങ്ങളുടെ കമ്മീഷനിങ്ങ് ഒന്നിച്ചു നടക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. മൂന്ന് മുന്‍നിര പ്ലാറ്റ്ഫോമുകളും ഇന്ത്യയില്‍ നിര്‍മ്മിച്ചതാണ് എന്നത് അഭിമാനകരമാണെന്നും അദ്ദേഹം പറഞ്ഞു. ഈ നേട്ടത്തിന് ഇന്ത്യന്‍ നാവികസേനയെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന എല്ലാ പങ്കാളികളെയും ഇന്ത്യന്‍ പൗരന്മാരെയും അദ്ദേഹം അഭിനന്ദിച്ചു.
“ഇന്നത്തെ പരിപാടി നമ്മുടെ മഹത്തായ പൈതൃകത്തെ നമ്മുടെ ഭാവി അഭിലാഷങ്ങളുമായി ബന്ധിപ്പിക്കുന്നു” - ശ്രീ മോദി പറഞ്ഞു. ദീര്‍ഘമായ കടല്‍ യാത്രകള്‍, വാണിജ്യം, നാവിക പ്രതിരോധം, കപ്പല്‍ വ്യവസായം എന്നിവയുമായി ബന്ധപ്പെട്ട സമ്പന്നമായ ചരിത്രമാണ് ഇന്ത്യയ്ക്കുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ സമ്പന്നമായ ചരിത്രത്തില്‍ നിന്ന് പ്രചോദനം ഉള്‍കൊണ്ട്, ഇന്നത്തെ ഇന്ത്യ ലോകത്തിലെ പ്രധാന നാവിക ശക്തിയായി വളരുകയാണെന്നും ഇന്ന് സമാരംഭിച്ച കപ്പലുകൾ അതിന്റെ നേര്‍ക്കാഴ്ചയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചോള രാജവംശത്തിന്റെ സമുദ്ര വൈദഗ്ധ്യത്തിന്റെ ആദരത്തിനായി ഐഎന്‍എസ് നീലഗിരിയും ഗുജറാത്തിലെ തുറമുഖങ്ങള്‍ ഇന്ത്യയെ പശ്ചിമേഷ്യയുമായി ബന്ധിപ്പിച്ച കാലഘട്ടത്തെ അനുസ്മരിപ്പിക്കുന്നതിനായി ഐ എൻ എസ് സൂറത്ത് യുദ്ധക്കപ്പലും സമര്‍പ്പിച്ചിരിക്കുന്നതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ആദ്യ അന്തര്‍വാഹിനിയായ കല്‍വരി കമ്മീഷന്‍ ചെയ്തതിന് ശേഷം പി 75 ക്ലാസിലെ ആറാമത്തെ വാഘ്ഷീര്‍ അന്തര്‍വാഹിനി കമ്മീഷന്‍ ചെയ്തതിനെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. ഈ പുതിയ കപ്പലുകൾ ഇന്ത്യയുടെ സുരക്ഷയും പുരോഗതിയും വര്‍ദ്ധിപ്പിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
"ഇന്ത്യ ഇന്ന് ആഗോളതലത്തിൽ, പ്രത്യേകിച്ച് ഗ്ലോബൽ സൗത്തിൽ, വിശ്വസനീയവും ഉത്തരവാദിത്വമുള്ളതുമായ പങ്കാളിയായി അംഗീകരിക്കപ്പെട്ടിരിക്കുന്നു" - പ്രധാനമന്ത്രി പറഞ്ഞു. വിപുലീകരിക്കുന്നതിൽ അല്ല, വികസന മനോഭാവത്തിലാണ് ഇന്ത്യ പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ എപ്പോഴും തുറന്നതും സുരക്ഷിതവും എല്ലാവരെയും ഉൾക്കൊള്ളുന്നതും സമൃദ്ധവുമായ ഇന്തോ-പസഫിക് മേഖലയെ പിന്തുണച്ചിട്ടുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തീരദേശ രാഷ്ട്രങ്ങളുടെ വികസനത്തിന്റെ കാര്യത്തിൽ, ഇന്ത്യ SAGAR (മേഖലയിലെ എല്ലാവർക്കും സുരക്ഷയും വളർച്ചയും) എന്ന മന്ത്രം അവതരിപ്പിച്ചുവെന്നും ഈ കാഴ്ചപ്പാടുമായി മുന്നേറിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജി 20 അധ്യക്ഷതയുടെ കാലത്ത് "ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി" എന്ന മന്ത്രം പ്രോത്സാഹിപ്പിച്ച ഇന്ത്യയുടെ നേതൃത്വത്തെ അദ്ദേഹം പരാമർശിച്ചു. കോവിഡ്-19 നെതിരായ ആഗോള പോരാട്ടത്തിൽ ഇന്ത്യയുടെ "ഒരു ഭൂമി, ഒരു ആരോഗ്യം" എന്ന കാഴ്ചപ്പാടിനെക്കുറിച്ചും ശ്രീ മോദി പറഞ്ഞു. ഇത് ലോകത്തെ ഒരു കുടുംബമായി പരിഗണിക്കുന്നതിലുള്ള ഇന്ത്യയുടെ വിശ്വാസത്തെയും എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനത്തോടുള്ള പ്രതിബദ്ധതയെയും പ്രതിഫലിപ്പിക്കുന്നു. മേഖലയുടെ പ്രതിരോധ പ്രവർത്തനവും സുരക്ഷയും ഇന്ത്യ ഉത്തരവാദിത്വമായി കണക്കാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ആഗോള സുരക്ഷ, സാമ്പത്തിക മേഖല, ഭൗമരാഷ്ട്രീയ ചലനാത്മകത എന്നിവ രൂപപ്പെടുത്തുന്നതിൽ ഇന്ത്യ പോലുള്ള സമുദ്ര തീരരാഷ്ട്രങ്ങളുടെ പ്രധാന പങ്ക് പ്രധാനമന്ത്രി സൂചിപ്പിച്ചു. സമുദ്രസഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കുന്നതിന് പ്രാദേശിക ജല അതിർത്തികൾ സംരക്ഷിക്കുക, സാമ്പത്തിക പുരോഗതിക്കും ഊർജ്ജ സുരക്ഷയ്ക്കും വേണ്ടി വ്യാപാര വിതരണപാതകളും കടൽ പാതകളും സുരക്ഷിതമാക്കുക എന്നിവയുടെ പ്രാധാന്യം അദ്ദേഹം എടുത്തുപറഞ്ഞു. ഭീകരത, ആയുധങ്ങൾ, മയക്കുമരുന്ന് കടത്ത് എന്നിവയിൽ നിന്ന് മേഖലയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം ഊന്നിപ്പറഞ്ഞു. സമുദ്രങ്ങളെ സുരക്ഷിതവും സമൃദ്ധവുമാക്കുന്നതിലും ലോജിസ്റ്റിക് കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിലും ഷിപ്പിംഗ് വ്യവസായത്തെ പിന്തുണയ്ക്കുന്നതിലും ആഗോള പങ്കാളികളാകേണ്ടതിന്റെ പ്രാധാന്യം ശ്രീ മോദി ചൂണ്ടിക്കാട്ടി. അപൂർവ ധാതുക്കൾ, മത്സ്യസമ്പത്ത് തുടങ്ങിയ സമുദ്ര വിഭവങ്ങളുടെ ദുരുപയോഗം തടയുകയും അവ കൈകാര്യം ചെയ്യാനുള്ള ശേഷി വികസിപ്പിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം എടുത്തുപറഞ്ഞു. പുതിയ ഷിപ്പിംഗ് പാതകളിലും ആശയവിനിമയത്തിനുള്ള കടൽ പദ്ധതികളിലും നിക്ഷേപിക്കേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ഈ ദിശയിൽ ഇന്ത്യ തുടർച്ചയായി നടപടികൾ സ്വീകരിക്കുന്നതിൽ സംതൃപ്തി പ്രകടിപ്പിച്ച്, "ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ ആദ്യം പ്രതികരിക്കുന്ന രാഷ്ട്രമായി ഇന്ത്യ ഉയർന്നുവന്നിട്ടുണ്ട്" എന്ന് അഭിപ്രായപ്പെട്ടു. സമീപ മാസങ്ങളിൽ ഇന്ത്യൻ നാവികസേന നൂറുകണക്കിന് ജീവൻ രക്ഷിക്കുകയും ആയിരക്കണക്കിന് കോടി രൂപയുടെ ദേശീയ, അന്തർദേശീയ ചരക്കുകൾ സുരക്ഷിതമാക്കുകയും ചെയ്തുവെന്നും ഇത് ഇന്ത്യയിലും ഇന്ത്യൻ നാവികസേനയിലും തീരസംരക്ഷണ സേനയിലും ആഗോള വിശ്വാസം വർദ്ധിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പരാമർശിച്ചു. ആസിയാൻ, ഓസ്‌ട്രേലിയ, ഗൾഫ് രാജ്യങ്ങൾ, ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവയുമായുള്ള ഇന്ത്യയുടെ സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തുന്നതായി പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ ഇന്ത്യയുടെ സാന്നിധ്യവും ശേഷിയും ഇതിന് കാരണമായി. സൈനിക, സാമ്പത്തിക വീക്ഷണകോണുകൾ കണക്കിലെടുക്കുമ്പോൾ, ഇന്നത്തെ പരിപാടിക്ക് ഇരട്ടി പ്രാധാന്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
21-ാം നൂറ്റാണ്ടിൽ ഇന്ത്യയുടെ സൈനിക ശേഷി വർദ്ധിപ്പിക്കുകയും ആധുനികവൽക്കരിക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഊന്നിപ്പറഞ്ഞ ശ്രീ മോദി, "കര, ജലം, വായു, ആഴക്കടൽ അല്ലെങ്കിൽ അനന്തമായ ബഹിരാകാശം എവിടെയുമാകട്ടെ, ഇന്ത്യ എല്ലായിടത്തും അതിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നു" എന്ന് എടുത്തുപറഞ്ഞു. സംയുക്തസേനാമേധാവി പദവി സൃഷ്ടിച്ചത് ഉൾപ്പെടെ തുടർച്ചയായി നടപ്പിലാക്കുന്ന പരിഷ്കാരങ്ങളെക്കുറിച്ച് അദ്ദേഹം അഭിപ്രായപ്പെട്ടു. സായുധ സേനയെ കൂടുതൽ കാര്യക്ഷമമാക്കുന്നതിന് തിയേറ്റർ കമാൻഡുകൾ നടപ്പിലാക്കുന്നതിലേക്ക് ഇന്ത്യ പുരോഗമിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദശകത്തിൽ ഇന്ത്യയുടെ സായുധ സേന ആത്മനിർഭരത (സ്വയംപര്യാപ്തത) സ്വീകരിച്ചതിനെയും പ്രതിസന്ധി ഘട്ടങ്ങളിൽ മറ്റ് രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനുള്ള പ്രശംസനീയമായ ശ്രമങ്ങളെയും അഭിനന്ദിച്ചു. ഇനി ഇറക്കുമതി ചെയ്യേണ്ടാത്ത 5000-ത്തിലധികം ഇനങ്ങളും ഉപകരണങ്ങളും സായുധ സേന തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ആഭ്യന്തരമായി നിർമ്മിക്കുന്ന ഉപകരണങ്ങൾ ഉപയോഗിക്കുന്ന ഇന്ത്യൻ സൈനികരുടെ വർദ്ധിച്ച ആത്മവിശ്വാസത്തിന് അദ്ദേഹം ഊന്നൽ നൽകി. കർണാടകയിൽ രാജ്യത്തെ ഏറ്റവും വലിയ ഹെലികോപ്റ്റർ നിർമ്മാണ ഫാക്ടറിയും സായുധ സേനയ്ക്കായി വിമാന ഫാക്ടറിയും സ്ഥാപിച്ചത് ശ്രീ മോദി ചൂണ്ടിക്കാട്ടി. തേജസ് യുദ്ധവിമാനത്തിന്റെ നേട്ടങ്ങളും പ്രതിരോധ ഉൽപ്പാദനം ത്വരിതപ്പെടുത്തുന്ന ഉത്തർപ്രദേശിലെയും തമിഴ്‌നാട്ടിലെയും പ്രതിരോധ ഇടനാഴികളുടെ വികസനവും അദ്ദേഹം എടുത്തുപറഞ്ഞു. മസഗോൺ ഡോക്ക്‌യാർഡിന്റെ നിർണായക പങ്ക് ചൂണ്ടിക്കാട്ടി, മെയ്ക്ക് ഇൻ ഇന്ത്യ സംരംഭത്തിൽ നാവികസേനയുടെ ഗണ്യമായ പ്രവർത്തനങ്ങളിൽ പ്രധാനമന്ത്രി സംതൃപ്തി പ്രകടിപ്പിച്ചു. കഴിഞ്ഞ ദശകത്തിൽ 33 കപ്പലുകളും ഏഴ് അന്തർവാഹിനികളും നാവികസേനയിൽ ഉൾപ്പെടുത്തിയതിനെക്കുറിച്ച് അദ്ദേഹം പരാമർശിച്ചു. 40 നാവിക കപ്പലുകളിൽ 39 എണ്ണം ഇന്ത്യൻ കപ്പൽശാലകളിൽ നിർമ്മിക്കുന്നു. ഇതിൽ ഐഎൻഎസ് വിക്രാന്ത് വിമാനവാഹിനിക്കപ്പലും ഐഎൻഎസ് അരിഹന്ത്, ഐഎൻഎസ് അരിഘാട്ട് പോലുള്ള ആണവ അന്തർവാഹിനികളും ഉൾപ്പെടുന്നു. മെയ്ക്ക് ഇൻ ഇന്ത്യ യജ്ഞം മുന്നോട്ട് നയിച്ചതിന് സായുധ സേനയെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ഇന്ത്യയുടെ പ്രതിരോധ ഉൽപ്പാദനം 1.25 ലക്ഷം കോടി രൂപ കവിഞ്ഞതായും രാജ്യം 100-ലധികം രാജ്യങ്ങളിലേക്ക് പ്രതിരോധ ഉപകരണങ്ങൾ കയറ്റുമതി ചെയ്യുന്നുണ്ടെന്നും അദ്ദേഹം എടുത്തുപറഞ്ഞു. തുടർച്ചയായ പിന്തുണയോടെ ഇന്ത്യയുടെ പ്രതിരോധ മേഖലയുടെ ദ്രുതഗതിയിലുള്ള പരിവർത്തനത്തിൽ അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
"മെയ്ക്ക് ഇൻ ഇന്ത്യ സംരംഭം ഇന്ത്യയുടെ സായുധ സേനയുടെ കഴിവുകൾ വർദ്ധിപ്പിക്കുക മാത്രമല്ല, സാമ്പത്തിക പുരോഗതിക്ക് പുതിയ വഴികൾ തുറക്കുകയും ചെയ്യുന്നു" - ശ്രീ മോദി പറഞ്ഞു. കപ്പൽ നിർമ്മാണ ആവാസവ്യവസ്ഥയെ ഉദാഹരണമായി അദ്ദേഹം ഉദ്ധരിച്ചു. കപ്പൽ നിർമ്മാണത്തിൽ നിക്ഷേപിക്കുന്ന ഓരോ രൂപയും സമ്പദ്‌വ്യവസ്ഥയിൽ ഇരട്ടിയെന്ന നിലയിൽ ഗുണപരമായ സ്വാധീനം ചെലുത്തുന്നുവെന്ന് വിദഗ്ധർ പറയുന്നു. നിലവിൽ രാജ്യത്ത് 60 വലിയ കപ്പലുകൾ നിർമ്മിക്കുകയാണെന്നും അവയുടെ മൂല്യം ഏകദേശം ₹1.5 ലക്ഷം കോടി രൂപയാണെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഈ നിക്ഷേപം ഏകദേശം ₹3 ലക്ഷം കോടിയുടെ സാമ്പത്തിക പ്രവാഹത്തിനും തൊഴിലിന്റെ കാര്യത്തിൽ ആറിരട്ടി വർധിത ഫലത്തിനും കാരണമാകുമെന്ന് അദ്ദേഹം പറഞ്ഞു. മിക്ക കപ്പൽ ഭാഗങ്ങളും ആഭ്യന്തര എംഎസ്എംഇകളിൽ നിന്നാണെന്ന് ചൂണ്ടിക്കാട്ടിയ ശ്രീ മോദി, ഒരു കപ്പൽ നിർമ്മാണത്തിൽ 2000 തൊഴിലാളികൾ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ, അത് മറ്റ് വ്യവസായങ്ങളിൽ, പ്രത്യേകിച്ച് എംഎസ്എംഇ മേഖലയിൽ ഏകദേശം 12,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് അഭിപ്രായപ്പെട്ടു.
ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുന്നതിനുള്ള ഇന്ത്യയുടെ ദ്രുതഗതിയിലുള്ള പുരോഗതിക്ക് ഊന്നൽ നൽകിയ പ്രധാനമന്ത്രി, ഉൽപ്പാദനത്തിലും കയറ്റുമതി ശേഷിയിലും തുടർച്ചയായ വളർച്ചയുണ്ടെന്ന് അഭിപ്രായപ്പെട്ടു. നൂറുകണക്കിന് പുതിയ കപ്പലുകളുടെയും കണ്ടെയ്‌നറുകളുടെയും ഭാവി ആവശ്യകത അദ്ദേഹം ചൂണ്ടിക്കാട്ടി. തുറമുഖാധിഷ്ഠിത വികസന മാതൃക സമ്പദ്‌വ്യവസ്ഥയെയാകെ ത്വരിതപ്പെടുത്തുകയും ആയിരക്കണക്കിന് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സമുദ്ര യാത്രാ മേഖലയിലെ വർദ്ധിച്ചുവരുന്ന തൊഴിലവസരങ്ങളുടെ ഉദാഹരണം ചൂണ്ടിക്കാട്ടി, ഇന്ത്യയിലെ നാവികരുടെ എണ്ണം 2014-ൽ 1,25,000-ത്തിൽ താഴെയായിരുന്നത് ഇന്ന് ഏകദേശം 3 ലക്ഷമായി വർദ്ധിച്ചുവെന്ന് പരാമർശിച്ച്, സമുദ്ര യാത്രക്കാരുടെ എണ്ണത്തിൽ ഇന്ത്യ ഇപ്പോൾ ആഗോളതലത്തിൽ മികച്ച അഞ്ച് രാജ്യങ്ങളിൽ ഒന്നാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
തന്റെ ഗവണ്മെന്റിന്റെ മൂന്നാം ഊഴം നിരവധി പ്രധാന തീരുമാനങ്ങളോടെയാണ് ആരംഭിച്ചതെന്നു പറഞ്ഞ അദ്ദേഹം, രാജ്യത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി പുതിയ നയങ്ങളുടെ ദ്രുതഗതിയിലുള്ള രൂപീകരണത്തെക്കുറിച്ചും പുതിയ പദ്ധതികൾ ആരംഭിക്കുന്നതിനെക്കുറിച്ചും പറഞ്ഞു. രാജ്യത്തിന്റെ എല്ലാ കോണുകളിലും മേഖലകളിലും വികസനം ഉറപ്പാക്കുക എന്നതാണ് ലക്ഷ്യമെന്നും തുറമുഖ മേഖലയുടെ വികാസം ഈ കാഴ്ചപ്പാടിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൂന്നാം ഊഴത്തിലെ ആദ്യത്തെ പ്രധാന തീരുമാനങ്ങളിലൊന്ന് മഹാരാഷ്ട്രയിലെ വാധ്‌വൻ തുറമുഖത്തിനു നൽകിയ അംഗീകാരമാണെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു. 75,000 കോടി രൂപ നിക്ഷേപത്തോടെയുള്ള ഈ ആധുനിക തുറമുഖത്തിന്റെ നിർമ്മാണം ഇതിനകം ആരംഭിച്ചിട്ടുണ്ടെന്നും മഹാരാഷ്ട്രയിൽ ആയിരക്കണക്കിന് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതിർത്തികളുമായും തീരപ്രദേശങ്ങളുമായും ബന്ധപ്പെട്ട അടിസ്ഥാനസൗകര്യ കണക്റ്റിവിറ്റിയിൽ കഴിഞ്ഞ ദശകത്തിൽ നടത്തിയ അഭൂതപൂർവമായ പ്രവർത്തനങ്ങൾ എടുത്തുകാണിച്ച ശ്രീ മോദി, കാർഗിൽ, ലഡാക്ക് പോലുള്ള അതിർത്തി പ്രദേശങ്ങളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ സഹായിക്കുന്ന ജമ്മു കശ്മീരിലെ സോനാമാർഗ് തുരങ്കം അടുത്തിടെ ഉദ്ഘാടനം ചെയ്തതും പരാമർശിച്ചു. കഴിഞ്ഞ വർഷം അരുണാചൽ പ്രദേശിലെ സേല തുരങ്കം ഉദ്ഘാടനം ചെയ്തതും അദ്ദേഹം പരാമർശിച്ചു. ഇത് യഥാർഥ നിയന്ത്രണ രേഖയിലേക്കുള്ള സൈന്യത്തിന്റെ പ്രവേശനം മെച്ചപ്പെടുത്തുന്നു. ഷിൻകുൻ ലാ തുരങ്കം, സോജില തുരങ്കം തുടങ്ങിയ നിർണായക അടിസ്ഥാനസൗകര്യ പദ്ധതികളിൽ നടന്നുകൊണ്ടിരിക്കുന്ന ദ്രുതഗതിയിലുള്ള പ്രവർത്തനങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭാരത് മാല പദ്ധതി അതിർത്തി പ്രദേശങ്ങളിൽ മികച്ച ദേശീയ പാതകളുടെ ശൃംഖല സൃഷ്ടിക്കുന്നുണ്ടെന്നും അതിർത്തി ഗ്രാമങ്ങളുടെ വികസനത്തിൽ ‘വൈബ്രന്റ് വില്ലേജ്’ പദ്ധതി നിർണായക പങ്ക് വഹിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ജനവാസമില്ലാത്ത ദ്വീപുകളുടെ പതിവ് നിരീക്ഷണവും നാമകരണവും ഉൾപ്പെടെ കഴിഞ്ഞ ദശകത്തിൽ വിദൂര ദ്വീപുകളിൽ ഗവണ്മെന്റ് ശ്രദ്ധ കേന്ദ്രീകരിച്ചെന്നും പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഇന്ത്യൻ മഹാസമുദ്രത്തിനടിയിലുള്ള മലനിരകൾക്കു പേരിട്ടതിനെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. കഴിഞ്ഞ വർഷം ഇന്ത്യയുടെ മുൻകൈയിൽ ഒരു അന്താരാഷ്ട്ര സംഘടനയാണ് അത്തരം അഞ്ച് സ്ഥലങ്ങൾക്ക് നാമകരണം നൽകിയത്. ഇതിൽ അശോക സീമൗണ്ട്, ഹർഷവർദ്ധൻ സീമൗണ്ട്, രാജരാജ ചോള സീമൗണ്ട്, കൽപ്പതരു റിഡ്ജ്, ഇന്ത്യൻ മഹാസമുദ്രത്തിലെ ചന്ദ്രഗുപ്ത റിഡ്ജ് എന്നിവ ഉൾപ്പെടുന്നു. ഇത് ഇന്ത്യയുടെ അഭിമാനം വർദ്ധിപ്പിക്കുന്നു.
ഭാവിയിൽ ബഹിരാകാശത്തിനും ആഴക്കടലിനുമുള്ള പ്രാധാന്യത്തിന് ഊന്നൽ നൽകിയ പ്രധാനമന്ത്രി, ഈ മേഖലകളിൽ ഇന്ത്യയുടെ കഴിവുകൾ വർദ്ധിപ്പിക്കാനുള്ള ശ്രമങ്ങൾ എടുത്തുകാണിച്ചു. ശാസ്ത്രജ്ഞരെ സമുദ്രത്തിൽ 6000 മീറ്റർ ആഴത്തിലേക്ക് കൊണ്ടുപോകാൻ ലക്ഷ്യമിടുന്ന സമുദ്രയാൻ പദ്ധതിയെക്കുറിച്ച് അദ്ദേഹം അഭിപ്രായപ്പെട്ടു. ചുരുക്കം ചില രാജ്യങ്ങൾ മാത്രം നേടിയ നേട്ടമാണിത്. ഭാവി സാധ്യതകൾ പര്യവേക്ഷണം ചെയ്യുന്നതിൽ ഗവണ്മെന്റ് ഒരു വീഴ്ചയും വരുത്തുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
കോളനിവാഴ്ചയുടെ പ്രതീകങ്ങളിൽ നിന്ന് ഇന്ത്യയെ മോചിപ്പിച്ച് 21-ാം നൂറ്റാണ്ടിൽ ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകേണ്ടതിന്റെ പ്രാധാന്യത്തിന് ഊന്നൽ നൽകിയ ശ്രീ മോദി, ഇക്കാര്യത്തിൽ ഇന്ത്യൻ നാവികസേനയുടെ നേതൃത്വത്തെ എടുത്തുപറഞ്ഞു. നാവികസേന അതിന്റെ പതാകയെ ഛത്രപതി ശിവാജി മഹാരാജിന്റെ മഹത്തായ പാരമ്പര്യവുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്നും അതിനനുസരിച്ച് അഡ്മിറൽ പദവി മുദ്രകൾ പുനർരൂപകൽപ്പന ചെയ്തിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി. മേക്ക് ഇൻ ഇന്ത്യ സംരംഭവും സ്വയംപര്യാപ്തതയ്ക്കായുള്ള പ്രചാരണവും അധിനിവേശ മനോഭാവത്തിൽ നിന്നുള്ള മോചനത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. രാഷ്ട്രം അഭിമാനകരമായ നിമിഷങ്ങൾ തുടർന്നും കൈവരിക്കുമെന്നും ഇന്ത്യയെ വികസിത രാജ്യമാക്കി മാറ്റുന്നതിന് സംഭാവന നൽകുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ‘ഉത്തരവാദിത്വങ്ങൾ വ്യത്യസ്തമായിരിക്കാം, പക്ഷേ ലക്ഷ്യം ഒന്നുതന്നെയാണ്- വികസിത ഭാരതം’ എന്ന് അദ്ദേഹം പറഞ്ഞു. ഇന്ന് ലഭിച്ച പുതിയ സുരക്ഷ പ്ലാറ്റ്‌ഫോമുകൾ രാജ്യത്തിന്റെ ദൃഢനിശ്ചയത്തെ ശക്തിപ്പെടുത്തുമെന്ന് പറഞ്ഞുകൊണ്ടും എല്ലാവർക്കും ആശംസകൾ നേർന്നുമാണ് പ്രധാനമന്ത്രി ഉപസംഹരിച്ചത്.
മഹാരാഷ്ട്ര ഗവർണർ ശ്രീ സി.പി. രാധാകൃഷ്ണൻ, കേന്ദ്ര പ്രതിരോധ മന്ത്രി ശ്രീ രാജ്‌നാഥ് സിങ്, മഹാരാഷ്ട്ര മുഖ്യമന്ത്രി ശ്രീ ദേവേന്ദ്ര ഫഡ്‌ണവീസ്, കേന്ദ്ര പ്രതിരോധ സഹമന്ത്രി ശ്രീ സഞ്ജയ് സേഠ്, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിമാരായ ശ്രീ ഏക്‌നാഥ് ഷിന്ദെ, ശ്രീ അജിത് പവാർ തുടങ്ങിയവർ പങ്കെടുത്തു.
പശ്ചാത്തലം
പ്രതിരോധ നിർമ്മാണത്തിലും സമുദ്ര സുരക്ഷയിലും ആഗോളതലത്തിൽ മുൻനിരയിലെത്തുക എന്ന ഇന്ത്യയുടെ കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതിൽ മൂന്ന് പ്രധാന നാവിക കപ്പലുകളുടെ കമ്മീഷൻ സുപ്രധാന മുന്നേറ്റമാണ്. P15B ഗൈഡഡ് മിസൈൽ ഡിസ്ട്രോയർ പദ്ധതിയുടെ നാലാമത്തെയും അവസാനത്തെയും കപ്പലായ INS സൂറത്ത്, ലോകത്തിലെ ഏറ്റവും വലുതും ഏറ്റവും നൂതനവുമായ ഡിസ്ട്രോയറുകളിൽ ഒന്നാണ്. 75% തദ്ദേശീയ ഉള്ളടക്കമുള്ള ഈ കപ്പൽ, അത്യാധുനിക ആയുധ-സെൻസർ പാക്കേജുകളാലും നൂതന ശൃംഖലാ കേന്ദ്രീകൃത കഴിവുകളാലും സജ്ജമാണ്. P17A സ്റ്റെൽത്ത് ഫ്രിഗേറ്റ് പ്രോജക്റ്റിന്റെ ആദ്യ കപ്പലായ INS നീലഗിരി, ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പൽ ഡിസൈൻ ബ്യൂറോയാണ് രൂപകൽപ്പന ചെയ്‌തത്. കൂടാതെ അടുത്ത തലമുറയിലെ തദ്ദേശീയ യുദ്ധക്കപ്പലുകളെ പ്രതിഫലിപ്പിക്കുന്ന മെച്ചപ്പെട്ട അതിജീവനം, കടൽ സംരക്ഷണം, ചാരപ്രവർത്തനം എന്നിവയ്‌ക്കായുള്ള നൂതന സവിശേഷതകൾ ഉൾക്കൊള്ളുന്നു. P75 സ്കോർപീൻ പദ്ധതിയുടെ ആറാമത്തെയും അവസാനത്തെയും അന്തർവാഹിനിയായ INS വാഘ്ഷീർ, അന്തർവാഹിനി നിർമ്മാണത്തിൽ ഇന്ത്യയുടെ വർധിച്ചുവരുന്ന വൈദഗ്ധ്യത്തെ പ്രതിനിധാനം ചെയ്യുന്നു. ഫ്രാൻസിലെ നേവൽ ഗ്രൂപ്പുമായി സഹകരിച്ചാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.
-SK-
(Release ID: 2093153)
Visitor Counter : 21