സാംസ്‌കാരിക മന്ത്രാലയം
azadi ka amrit mahotsav

2025 മഹാ കുംഭമേളയിലെ മകരസംക്രാന്തി

കാലാതിവർത്തിയായ ഉത്സവം, ചൈതന്യവത്തായ ജീവിതം

Posted On: 14 JAN 2025 6:48PM by PIB Thiruvananthpuram
ശൈത്യകാലത്തിന്റെ അവസാനവും മിതോഷ്ണകാലത്തിന്റെ ആരംഭവും സൂചിപ്പിക്കുന്ന ഉത്സവമായ മകരസംക്രാന്തിയുടെ പ്രഭാതത്തിൽ, പ്രയാഗ്‌രാജിലെ ത്രിവേണി സംഗമ തീരങ്ങൾ ഈശ്വര ചൈതന്യത്തിന്റെ രംഗവേദിയായി മാറി. മകരസംക്രാന്തിയുടെ ശുഭവേളയിൽ 2025 ലെ മഹാ കുംഭമേളയിലെ ആദ്യ അമൃത സ്നാനം (പുണ്യസ്നാനം) പൂർത്തിയായി. കോടിക്കണക്കിന് തീർത്ഥാടകരും സന്യാസിമാരും ഗംഗ, യമുന, സരസ്വതി നദികളുടെ പുണ്യ സംഗമത്തിലേക്ക് ഒഴുകിയെത്തി. തണുപ്പിനെ തൃണവദ് ഗണിച്ച് അവർ പുണ്യസ്നാനം നിർവ്വഹിച്ചു. ആദ്യ അമൃത സ്നാനവേളയിൽ 3.5 കോടിയിലധികം ഭക്തർ പുണ്യ നദീസംഗമത്തിൽ മുങ്ങി നിവർന്നു. ആദ്യ രണ്ട് ദിവസങ്ങളിൽ തന്നെ ഭക്തരുടെ എണ്ണം 5 കോടി കടന്നു. ആത്മ ശുദ്ധീകരണത്തിന്റെയും ഈശ്വരാനുഗ്രഹത്തിന്റെയും പ്രതീകമായ ഈ അചഞ്ചലഭക്തി ഭാരതീയ സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും സത്തയെ പ്രോജ്ജ്വലിപ്പിച്ചു.

പുണ്യസ്നാനം നടത്തിയ ഭക്തർ ആത്മ വിശുദ്ധിക്കും ശ്രേയസ്സിനും വേണ്ടി പ്രാർത്ഥിച്ചു. സൂര്യഭഗവാന് സമർപ്പിച്ചിരിക്കുന്ന മകരസംക്രാന്തി ഉത്സവദിനത്തിൽ, പുണ്യമോക്ഷങ്ങൾക്കുള്ള അനുഗ്രഹം തേടി ഭക്തർ സൂര്യന് അർഘ്യം അർപ്പിച്ചു.ദക്ഷിണായനത്തിൽ നിന്ന് ഉത്തരായനത്തിലേക്കുള്ള സൂര്യന്റെ പരിവർത്തനത്തെ അടയാളപ്പെടുത്തുന്നു എന്നതാണ് മകരസംക്രാന്തി ദിനത്തിന്റെ ശാസ്ത്രയുക്തി. മകരസംക്രാന്തി ദിനം മുതൽ പകലുകൾക്ക് ദൈർഘ്യമേറുകയും രാത്രികൾക്ക് ദൈർഘ്യം കുറയുകയും ചെയ്യും. പുണ്യസ്നാനത്തിനുശേഷം, ഭക്തർ ഘാട്ടുകളിൽ ആചാരാനുഷ്ഠാനങ്ങളും പ്രാർത്ഥനകളും നിർവ്വഹിച്ചു. എള്ള്, നിവേദ്യം, മറ്റ് പൂജാ ദ്രവ്യങ്ങൾ എന്നിവ സമർപ്പിച്ചു. ഗംഗാ ആരതിയിലും ഭക്തർ പങ്കെടുത്തു. പാരമ്പര്യം ഉയർത്തിപ്പിടിച്ചുകൊണ്ട്, അവർ ദാനധർമ്മങ്ങളിൽ ഏർപ്പെട്ടു. ഉത്സവത്തിന്റെ പവിത്രതയേറ്റും വിധം  എള്ള്, നിവേദ്യം എന്നിവയും ദാനം ചെയ്തു. .

അമേരിക്കൻ പൗരനും കാലിഫോർണിയക്കാരനുമായ സുദർശൻ, കുംഭമേളയോടുള്ള തന്റെ ആരാധന പ്രകടമാക്കിക്കൊണ്ട്  പറഞ്ഞു, “ആറു വർഷം മുമ്പ് അർദ്ധ കുംഭമേളയിൽ ഞാൻ പങ്കെടുത്തു. അവിടെ വച്ച് അവാച്യമായ  ഒരു അനുഭൂതി എന്നിൽ അങ്കുരിച്ചു.  മറ്റെവിടെയും ലഭിക്കാത്ത ഊർജ്ജസ്രോതസ്സുകളുമായി ബന്ധപ്പെടാനുള്ള സവിശേഷമായ അവസരമാണ് കുംഭമേള. ഭക്തിപൂർവ്വം സമർപ്പിക്കാനും സ്വന്തം കർമ്മപാത പിന്തുടരുന്നതിനുള്ള അനുഗ്രഹങ്ങൾ തേടാനും ഞാൻ ഇവിടെ സന്നിഹിതനായിരിക്കുന്നു.” കുംഭമേളയിലൂടെ ആളുകൾ സ്വന്തം ആത്മീയ ഉണർവ് കണ്ടെത്തിയ ഒട്ടേറെ സംഭവകഥകളുണ്ട്.

മഹാ കുംഭമേള ഒരു സാധാരണ ഉത്സവമല്ല. ത്രിവേണി സംഗമത്തിന്റെ തീരങ്ങളെ വിശ്വാസത്തിന്റെയും ഈശ്വരചൈതന്യത്തിൻെറയും ജീവസുറ്റ ചിത്രകമ്പളമാക്കി മാറ്റുന്ന പ്രതിഭാസമാണത്. സൂര്യപ്രകാശത്തിന്റെ ആദ്യ കിരണങ്ങൾ ജലത്തിൽ സ്പർശിക്കുന്ന ബ്രഹ്മ മുഹൂർത്തം മുതൽ രാത്രിയുടെ അന്ത്യയാമങ്ങൾ വരെ, പുണ്യസ്നാനത്തിലൂടെ ആത്മ ശുദ്ധീകരണവും അനുഗ്രഹവും തേടിയുള്ള ഭക്തരുടെ അക്ഷയ പ്രവാഹം തുടരുകയാണ്. അചഞ്ചലമായ ഭക്തിയുടെ കൂട്ടായ്മയ്ക്കും ഊഷ്മളതയ്ക്കും മുന്നിൽ ജനുവരിയിലെ അതിശൈത്യം തുലോം നിസാരമായി മാറുന്നു.

കോടിക്കണക്കിന് ആളുകൾ സംഗമിക്കുന്ന മഹാസമ്മേളനത്തിനിടയിൽ, അസാധാരണമായിരുന്നു  അഖാഡകളൊരുക്കിയ കാഴ്ചകൾ. പഞ്ചായത്തി അഖാഡ മഹാനിർവാണിയിലെ നാഗ സന്യാസിമാർ രാജകീയ പ്രൗഢിയോടെ അമൃത സ്നാനം നിർവ്വഹിച്ചു. കുന്തങ്ങൾ, ത്രിശൂലങ്ങൾ, വാളുകൾ എന്നിവയാൽ ഭൂഷിതരായ അവർ, ഗാംഭീര്യഭാവത്തിൽ ഘോഷയാത്രയായി ജനക്കൂട്ടത്തിനിടയിലൂടെ നീങ്ങി. കുതിരപ്പുറത്തും രഥങ്ങളിലും കാണപ്പെട്ട സന്യാസി രൂപങ്ങൾ കാണികളെ ആകർഷിച്ചുകൊണ്ട് ആത്മീയ ഊർജ്ജം പ്രസരിപ്പിച്ചു മുന്നോട്ട് നീങ്ങി. ഭജന സംഘങ്ങൾ സ്തുതിഗീതങ്ങൾ ആലപിക്കുകയും ഭക്തർ "ഹർ ഹർ മഹാദേവ്", "ജയ് ശ്രീ റാം" ആരവങ്ങൾ മുഴക്കുകയും ചെയ്തു. അന്തരീക്ഷം ആ ദിവ്യ താളത്താൽ പ്രകമ്പനം കൊണ്ടു.

നാനാവർണ്ണങ്ങളാൽ സമ്പന്നമായ ഈ മഹാമേളയ്ക്കെത്തുന്ന കുടുംബങ്ങൾ അതിന് പുതിയൊരു വർണ്ണം ചാർത്തുന്നു. പുണ്യസംഗമത്തിന്റെ പ്രഥമ ദർശനം പകർന്നു നൽകാൻ പിതാക്കന്മാർ കുട്ടികളെ തോളിലേറ്റുന്നു. തിരക്കേറിയ ഘാട്ടുകളിലൂടെ പുത്രന്മാർ വൃദ്ധ മാതാപിതാക്കളെ ആനയിക്കുന്നു. അവർക്കും പുണ്യസ്നാനത്തിൽ പങ്കുചേരാൻ കഴിയുമെന്ന് ഉറപ്പാക്കുന്നു. ഭാരതീയ സംസ്കാരത്തിന്റെ സനാതനമായ ശാശ്വത മൂല്യങ്ങളുടെ ജീവിക്കുന്ന സാക്ഷ്യമാണത് - ഭക്തി, കടമ, ഐക്യം എന്നിവയുടെ മനോഹര സമന്വയം.

വ്യത്യസ്ത ഭാഷകൾ സംസാരിക്കുന്ന, വൈവിധ്യമാർന്ന പരമ്പരാഗത വസ്ത്രങ്ങൾ ധരിക്കുന്ന, അതുല്യമായ സാംസ്കാരിക ആചാരങ്ങൾ പിന്തുടരുന്ന തീർത്ഥാടകരുടെ വൈവിധ്യം അത്ഭുതാവഹമായ
ഐക്യം സൃഷ്ടിക്കുന്നു. നാനാത്വത്തിലെ ഈ ഏകത്വം മഹാ കുംഭമേളയുടെ അതീവ സങ്കീർണ്ണമായ വശങ്ങളിലൊന്നാണ്. രാജ്യത്തിന്റെ ഐക്യത്തെയും അഖണ്ഡതയെയും പ്രതീകവത്ക്കരിക്കുന്ന ത്രിവർണ്ണ പതാകയ്‌ക്കൊപ്പം പാറിപ്പറക്കുന്ന സനാതന ധർമ്മത്തിന്റെ കാവി പതാക ഇന്ത്യയുടെ സാംസ്കാരികവും ആത്മീയവുമായ പൈതൃകത്തെ സജീവമാക്കുന്നു.

ഭരണകൂടത്തിന്റെ അതിസൂക്ഷ്മമായ ആസൂത്രണം മഹാ കുംഭമേള സമാധാനപരവും സുസംഘടിതവുമായി തുടരുന്നുവെന്ന് ഉറപ്പാക്കിയിട്ടുണ്ട്. സംഗമത്തിലേക്കുള്ള എല്ലാ റോഡുകളിലും ബാരിക്കേഡുകൾ നിരത്തി, സുരക്ഷയും ജനക്കൂട്ട നിയന്ത്രണവും സാധ്യമാക്കുന്നതിനുള്ള കാര്യക്ഷമമായ പരിശോധനകൾ നടത്തിവരുന്നു. മേളയുടെ വേദികളിൽ  പോലീസും സുരക്ഷാ സേനയും പട്രോളിംഗ് നടത്തുന്നു. മഹാ കുംഭ നഗറിന്റെ വിശാല വിസ്തൃതിയിൽ സഞ്ചരിക്കുന്ന തീർത്ഥാടകർക്ക് അവരുടെ സാന്നിധ്യം ആശ്വാസകരമായ അനുഭവമായിരുന്നു. ഭക്തരെ അനുകമ്പയോടെയും കാര്യക്ഷമതയോടെയും നയിക്കുന്ന സന്നദ്ധപ്രവർത്തകരുടെ പരിശ്രമം മേളയുടെ ശാന്തത സംരക്ഷിക്കുന്നു.

പലരും, സംഗമത്തിലേക്കുള്ള യാത്ര ഉത്സവത്തിന് ഏറെ മുമ്പുതന്നെ ആരംഭിച്ചിരുന്നു. അചഞ്ചലമായ വിശ്വാസത്തിന്റെ പ്രേരണയാൽ മുന്നോട്ടു നയിക്കപ്പെടുന്ന ചെറുപ്പക്കാരും പ്രായമായവരുമായ തീർത്ഥാടകർ തലയിൽ കെട്ടുകൾ ചുമന്ന് കിലോമീറ്ററുകൾ നടക്കുന്നു. ചിലർ രാത്രിയിൽ തന്നെ നക്ഷത്രനിബിഡമായ ആകാശത്തിനു കീഴെ തണുത്ത വെള്ളത്തിൽ പുണ്യസ്നാനം ആരംഭിച്ചു. സൂര്യോദയത്തോടെ, നാഗവാസുകി ക്ഷേത്രവും സംഗമ പ്രദേശവും ഭക്തിയുടെ കേദാരങ്ങളായി. പ്രായമായ ഭക്തരും വനിതകളും യുവാക്കളും പ്രാർത്ഥനകൾ നടത്താനും പുണ്യകർമ്മങ്ങളിൽ പങ്കെടുക്കാനും ഒത്തുകൂടി.

ഭാരതീയ പൈതൃകത്തിന്റെയും ആത്മീയതയുടെയും നേർചിത്രമാണ് മഹാ കുംഭമേള. അനുഗ്രഹാശിസ്സുകളെയും ഭാവാത്മകതയെയും സ്വജീവിതത്തിലേക്ക് ആനയിക്കാനുള്ള മാർഗമാണ് മകരസംക്രാന്തിയിലെ അമൃത സ്നാനം. പുണ്യജലത്തിൽ മുങ്ങിനിവരുന്നതിലൂടെ, പാപങ്ങൾ കഴുകിക്കളയാനും മോക്ഷം സാക്ഷാത്ക്കരിക്കാനും കഴിയുമെന്ന് ഭക്തർ വിശ്വസിക്കുന്നു.

ദിനം അവസാനിക്കുമ്പോഴും, സംഗമ തീരങ്ങൾ സജീവമായി തുടരുകയാണ്. തീർത്ഥാടകർ കൊളുത്തിയ ദീപങ്ങൾ നദിയിൽ ഓളംതല്ലി ഒഴുകി നടക്കുന്നു. മിന്നുന്ന ജ്വാലകൾ പ്രത്യാശയുടെയും പ്രാർത്ഥനയുടെയും പ്രതീകമായി ദൈവസന്നിധി അണയുന്നു. ഗംഗ, യമുന, സരസ്വതി നദികളുടെ സംഗമസ്ഥാനം സന്ധ്യയിൽ തിളങ്ങി നിൽക്കുന്നു. സ്വർഗ്ഗം ഭൂമിയെ സ്പർശിക്കുന്നത് അനുഭവേദ്യമാക്കുന്ന പുണ്യസ്ഥലമാണിത്. പ്രയാഗ്‌രാജിലേക്കുള്ള യാത്ര, 2025 ലെ മഹാ കുംഭമേളയിലെ മകരസംക്രാന്തിയ്ക്ക് സാക്ഷ്യം വഹിക്കാൻ മാത്രമുള്ളതല്ല, ജീവിത്തിൽ സ്വാംശീകരിക്കാനും ഉള്ളിൽ സൂക്ഷിക്കാനുമുള്ള അനുഭവമാണ് - ഭൂമിയും ഈശ്വചൈതന്യവും സമന്വയിക്കുന്ന നിമിഷം.

ഒരു സന്യാസിവര്യൻ പറഞ്ഞതുപോലെ, “മഹാ കുംഭമേള വെറുമൊരു ഉത്സവമല്ല; അത് നിത്യതയുമായുള്ള നമ്മുടെ അഭേദ്യമായ ബന്ധത്തിന്റെ ഓർമ്മപ്പെടുത്തലാണ്. മനുഷ്യത്വത്തിന്റെ എണ്ണമറ്റ നൂലുകൾ ഈശ്വരത്വത്തിന്റെയും ഐക്യത്തിന്റെയും വർണ്ണകമ്പളം നെയ്യാൻ ഇവിടെ ഒത്തുചേരുന്നു.

(Release ID: 2092977) Visitor Counter : 8