സാംസ്‌കാരിക മന്ത്രാലയം
azadi ka amrit mahotsav

മഹാകുംഭമേള: അതിരുകൾ ഭേദിക്കുന്ന ആഘോഷം

Posted On: 13 JAN 2025 6:58PM by PIB Thiruvananthpuram

ഒരു സ്വപ്നത്തിൽ നിന്നാണ് മഹാകുംഭമേളയിലേക്ക് പിനാറിന്റെ യാത്ര ആരംഭിച്ചത്. ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക ചിത്രങ്ങളിൽ അതീവ ജിജ്ഞാസയുള്ള  തുർക്കി പൗരയായ അവർ മഹാ കുംഭമേളയെ നിർവചിക്കുന്ന വിശ്വാസത്തിന്റെയും പാരമ്പര്യത്തിന്റെയും മാനവികതയുടെയും  അതീന്ദ്രിയ സംഗമത്തെക്കുറിച്ചുള്ള കഥകൾ ഏറെക്കാലമായി കേട്ടിരുന്നു. 2025 ജനുവരിയിൽ ഗംഗ, യമുന, സരസ്വതി നദികളുടെ പുണ്യ സംഗമഭൂമിയുടെ മണലിൽ കാലൂന്നിയപ്പോള്‍ അവരുടെ സ്വപ്നം സാക്ഷാത്ക്കരിക്കപ്പെടുകയായിരുന്നു. 

പരമ്പരാഗത ഇന്ത്യൻ വസ്ത്രം ധരിച്ചുകൊണ്ട്  പിനാർ സനാതന ധർമ്മത്തിലെ പരമപ്രധാന ശുദ്ധീകരണ ക്രിയയായ ഗംഗാസ്നാനം നടത്തി. നെറ്റിയിൽ തിലകം ചാർത്തിയ തന്നെ പുണ്യജലം ആലിംഗനം ചെയ്യവെ ആ ദിവ്യനിമിഷത്തില്‍ അവര്‍ പൂർണ്ണമായി മുഴുകി. ‘ഈ അന്തരീക്ഷം ദിവ്യവും പ്രൗഢവുമാണെ’ന്ന് പറയവെ അവരുടെ സ്വരം വിസ്മയപൂരിതമായി. പിനാറിനെ സംബന്ധിച്ചിടത്തോളം ഇത് ഭൂഖണ്ഡങ്ങൾ താണ്ടിയുള്ള കേവലമൊരു യാത്ര മാത്രമല്ല, ആഴമേറിയ ഒരു ആത്മീയ ഉണർവുകൂടിയായിരുന്നു. 

മേളയുടെ ഊർജ്ജസ്വലതയോടും പവിത്രതയോടുമുള്ള ആരാധന അവരില്‍ പ്രകടമായിരുന്നു. ധ്യാനത്തില്‍ പങ്കെടുത്ത് തിലകം ചാർത്തിയതോടെ ഇന്ത്യയുടെ പൗരാണിക പാരമ്പര്യങ്ങളുമായി ആഴത്തിലുള്ള ബന്ധം അവര്‍ക്ക് അനുഭവപ്പെട്ടു. ‘സംഗമഭൂമിയിലെ മണലില്‍ ചുവടുവെയ്ക്കുന്നതും ഗംഗയിൽ പുണ്യസ്നാനം ചെയ്യുന്നതും എനിക്ക് ഒരിക്കലും മറക്കാനാവാത്ത അനുഭവങ്ങളാണെ’ന്ന അവരുടെ വാക്കുകളില്‍ സനാതന ധർമ്മത്തോടുള്ള പുതിയ ധാരണയും ആദരവും പ്രതിഫലിച്ചു.  

2025 ലെ മഹാകുംഭമേള ഇന്ത്യയിലെ ഏറ്റവും വലിയ ആത്മീയ ഒത്തുചേരൽ എന്നതിലുപരി ദശലക്ഷക്കണക്കിന് പേരെ ആകർഷിക്കുന്ന ഒരു ആഗോള സാംസ്കാരിക മേളയെന്ന നിലയിലും അതിന്റെ സ്ഥാനം നിര്‍ണയിച്ചിരിക്കുന്നു.  മാനവരാശിയുടെ അദൃശ്യ പൈതൃകമായി കണക്കാക്കപ്പെടുന്ന മഹാകുംഭമേള സനാതന സംസ്കാരത്തിന്റെ പരമാര്‍ത്ഥത്തെ പ്രതിനിധീകരിക്കുകയും ലോകമെങ്ങും ജിജ്ഞാസയുണർത്തുകയും ചെയ്തിട്ടുണ്ട്. അന്താരാഷ്ട്ര സന്ദർശകരുടെയും  ഓൺലൈൻ ഉപയോക്താക്കളുടെയും താൽപ്പര്യത്തിലുണ്ടായ  ഈ വർഷത്തെ കുതിച്ചുചാട്ടം മേളയുടെ ആഗോള ആകർഷണത്തെ കാണിക്കുന്നു. മഹത്തായ ഈ  മേളയുടെ പ്രാധാന്യം മനസ്സിലാക്കാനും അതിന്റെ ആത്മീയ അഭിനിവേശത്തില്‍ പങ്കുചേരാനും വിവിധ ഭൂഖണ്ഡങ്ങളില്‍നിന്ന് ജനങ്ങള്‍ ഈ പ്രൗഢോത്സവത്തെക്കുറിച്ച്  ആകാംക്ഷയോടെ വിവരങ്ങൾ തേടുകയാണ്.  

 

ഈ ആഗോള കൗതുകത്തിന്റെ ആവശ്യങ്ങള്‍ ഫലപ്രദമായി നിറവേറ്റുന്നതിന് ഡിജിറ്റൽ പരിവർത്തനം അവലംബിച്ചുകൊണ്ട് ഉത്തർപ്രദേശിലെ യോഗി സർക്കാർ 2025-ലെ മഹാകുംഭമേളയെ ഒരു "ഡിജിറ്റൽ കുംഭമേള"യായി അവതരിപ്പിക്കുന്നു. മഹാകുംഭമേളയുടെ എല്ലാ തലങ്ങളെക്കുറിച്ചും സമഗ്ര വിവരങ്ങൾ നൽകുന്ന ഔദ്യോഗിക വെബ്‌സൈറ്റ് https://kumbh.gov.in/  ആണ് ഈ സംരംഭത്തിന്റെ കേന്ദ്രബിന്ദു. പാരമ്പര്യങ്ങളും ആത്മീയ പ്രാധാന്യവും മുതൽ യാത്രാ മാർഗനിർദ്ദേശങ്ങളും താമസ സൗകര്യങ്ങളും വരെ എല്ലാമുള്‍ക്കൊള്ളുന്ന, ഭക്തർക്കും വിനോദസഞ്ചാരികൾക്കും ഒരുപോലെ ഉപയോഗപ്രദമായ ഒരിടമാണ് ഈ പോർട്ടൽ. ആഴത്തിലുള്ള അനുഭവം ഉറപ്പാക്കുന്നതിനായി മേളയുടെ  പ്രധാന ആകർഷണങ്ങൾ, പ്രധാന സ്നാനോത്സവങ്ങൾ, ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങൾ, മാധ്യമ ഉള്ളടക്കങ്ങള്‍ തുടങ്ങിയവ അതിസൂക്ഷ്മമായി വിശദീകരിച്ചിരിക്കുന്നു.

 

ശ്രദ്ധേയമായ ഉപയോഗത്തിനാണ് ഈ ഡിജിറ്റൽ സംരംഭം സാക്ഷ്യം വഹിച്ചത്.  ജനുവരി ആദ്യ ആഴ്ചയിൽ മാത്രം 6,206 ആഗോള നഗരങ്ങളിൽ നിന്നായി  183 രാജ്യങ്ങളിലെ 33 ലക്ഷത്തിലധികം പേര്‍ വെബ്‌സൈറ്റ് സന്ദർശിച്ചു.  ഇന്ത്യയില്‍നിന്നാണ് ഏറ്റവുമധികം പേര്‍ പോര്‍ട്ടലില്‍ പ്രവേശിച്ചത്.  തൊട്ടുപിന്നില്‍ അമേരിക്ക, ബ്രിട്ടൻ, കാനഡ, ജർമനി എന്നീ രാജ്യങ്ങളും. ഭൂമിശാസ്ത്ര -  സാംസ്കാരിക അതിരുകൾക്കപ്പുറം മേളയുടെ സാർവത്രിക ആകർഷണത്തെ ഈ പോര്‍ട്ടലിന്റെ വ്യാപ്തി എടുത്തുകാണിക്കുന്നു.

 

വെബ്‌സൈറ്റ് തുടങ്ങിയതുമുതല്‍ ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ വർധനയുണ്ടായതായി പോര്‍ട്ടല്‍ നിയന്ത്രിക്കുന്ന സാങ്കേതിക സംഘം അറിയിച്ചു. മേളയോടടുക്കുന്നതോടെ ദൈനംദിന ഉപയോക്താക്കളുടെ എണ്ണം ദശലക്ഷങ്ങളിലേക്കെത്തി.  സന്ദർശകർ പോര്‍ട്ടലില്‍ പ്രവേശിക്കുക മാത്രമല്ല, അതിന്റെ ഉള്ളടക്കം അടുത്തറിയാനും മഹാ കുംഭമേളയുടെ സമ്പന്ന ചരിത്രത്തിലേക്കും ആത്മീയ സാരാംശത്തിലേക്കും ആഴ്ന്നിറങ്ങാനും ഗണ്യമായ സമയം ചെലവഴിക്കുന്നു. പൗരാണിക പാരമ്പര്യങ്ങളുടെയും ആധുനിക സാങ്കേതികവിദ്യയുടെയും സുഗമമായ സംയോജനത്തെ അടിവരയിടുന്നതാണ് ഡിജിറ്റൽ മഹാകുംഭമേള. വിശ്വസനീയ വിവരങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിലൂടെ ഭക്തർക്കും വിനോദസഞ്ചാരികൾക്കും മറ്റ് വെല്ലുവിളികളൊന്നുമില്ലാതെ മഹാ കുംഭമേളയുടെ ആത്മീയ വശങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാവുമെന്ന് ഉത്തർപ്രദേശ് സർക്കാർ ഉറപ്പാക്കുന്നു.

 

2025 ലെ മഹാകുംഭമേള പുരോഗമിക്കവെ അതിന്റെ മഹത്വത്തിന് സാക്ഷ്യം വഹിക്കുന്നവരിൽ മേള അത്ഭുതവും ആദരവുമുണർത്തുന്നു. പിനാറിനെപ്പോലുള്ള സന്ദർശകർക്ക് കുംഭമേള ഒരു ഉത്സവത്തേക്കാളുപരി സംസ്കാരങ്ങളെ പരസ്പരം ബന്ധിപ്പിക്കുകയും ആത്മീയ ബന്ധങ്ങള്‍ക്ക് ആഴം പകരുകയും ചെയ്യുന്ന ഒരു പരിവർത്തന യാത്രയാണ്. മാനവരാശിയെ ഒന്നിപ്പിക്കുന്നതിനുള്ള വിശ്വാസത്തിന്റെ ശാശ്വത ശക്തിയെയാണ് മഹാകുംഭമേളയുടെ മഹത്വം നമ്മെ ഓര്‍മിപ്പിക്കുന്നത്.  വിശുദ്ധിയുടെയും ഭക്തിയുടെയും പൊരുള്‍തേടിയുള്ള മനുഷ്യന്റെ ഒരുമിച്ചുള്ള അന്വേഷണത്തിന്റെയും കാലാതീത സന്ദേശമാണ് നദികളിലും മണലുകളിലും പുണ്യകർമ്മങ്ങളിലുമെല്ലാം മേള പകര്‍ന്നു നല്‍കുന്നത്. ആഗോള ശ്രദ്ധയാകര്‍ഷിച്ച  ഡിജിറ്റൽ നവീകരണങ്ങളിലൂടെ മഹാ കുംഭമേള അതിന്റെ പാരമ്പര്യങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം അവയെ പരസ്പരബന്ധിതമായ  ലോകത്തേക്ക് എത്തിക്കുകയും ചെയ്യുന്നു.

 

ഈ വർഷം ദശലക്ഷക്കണക്കിന് പേര്‍ സംഗമത്തിൽ ഒത്തുചേരുമ്പോള്‍ പൗരാണിക ആചാരങ്ങളും ആധുനിക അഭിലാഷങ്ങളും ജീവിതത്തിന്റെയും ദൈവികതയുടെയും ആഘോഷത്തിൽ ഒരുമിക്കുന്ന ഒരു ആത്മീയ കേന്ദ്രമായി  മഹാകുംഭമേള അതിന്റെ സ്ഥാനം ഊട്ടിയുറപ്പിക്കുന്നു. 


 

അവലംബം

 

  • ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് വകുപ്പ് (DPIR), ഉത്തർപ്രദേശ് സർക്കാര്‍ 

  • www.kumbh.gov.in/ 

  • PDF-ൽ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക 


(Release ID: 2092944) Visitor Counter : 12