ലോക്സഭാ സെക്രട്ടേറിയേറ്റ്
azadi ka amrit mahotsav

എ ഐ , ഡിജിറ്റൽ സാങ്കേതികവിദ്യ എന്നിവയുടെ ഉപയോഗത്തിൽ ഇന്ത്യൻ, സ്കോട്ടിഷ് പാർലമെന്റുകൾ പരസ്പര അനുഭവങ്ങളിൽ നിന്ന് പഠിക്കണം : ലോക് സഭാ സ്പീക്കർ

ഇന്ത്യയുടെ പുതിയ വിദ്യാഭ്യാസ നയം ഇന്ത്യയിലേക്ക് വരുന്ന സ്കോട്ടിഷ് സർവകലാശാലകൾക്കായി പുതിയ പാതകൾ തുറക്കുന്നു : ലോക് സഭാ സ്പീക്കർ

സ്കോട്ട്ലൻഡിന്റെ ഫസ്റ്റ് മിനിസ്റ്ററെയും സ്കോട്ടിഷ് പാർലമെന്റിന്റെ അധ്യക്ഷനെയും ലോക് സഭാ സ്പീക്കർ സന്ദർശിച്ചു

ഗെർൺസിയിൽ നാളെ നടക്കുന്ന CSPOCയുടെ സ്റ്റാൻഡിംഗ് കമ്മിറ്റി യോഗത്തിൽ ലോക് സഭാ സ്പീക്കർ അധ്യക്ഷനാകും

Posted On: 09 JAN 2025 9:19PM by PIB Thiruvananthpuram
സ്കോട്ലൻഡ്/ന്യൂ ഡൽഹി: AI ഉപയോഗത്തിലെ അനുഭവങ്ങളിൽ നിന്ന് ഇന്ത്യൻ, സ്കോട്ടിഷ് പാർലമെന്റുകൾ പരസ്പരം പഠിക്കേണ്ടതുണ്ടെന്ന് ലോക്സഭാ സ്പീക്കർ ശ്രീ ഓം ബിർള അഭിപ്രായപ്പെട്ടു . നിർമിത ബുദ്ധിയുടെയും സാങ്കേതികവിദ്യയുടെയും ഉപയോഗത്തിലൂടെ ഇന്ത്യൻ പാർലമെന്റിന് അതിന്റെ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കാൻ കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. യുണൈറ്റഡ് കിംഗ്ഡം സന്ദർശനത്തിന്റെ രണ്ടാം ഘട്ടത്തിൽ, സ്കോട്ട്ലൻഡിലുള്ള ശ്രീ ബിർള ഇന്ന് സ്കോട്ട്ലൻഡിലെ ഫസ്റ്റ് മിനിസ്റ്റർ ആയ ജോൺ സ്വിന്നിയുമായി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളുടെയും ജനാധിപത്യ മൂല്യങ്ങളെയും സഹകരണത്തെയും കുറിച്ച് ഇരു നേതാക്കളും ചർച്ച ചെയ്തു. ഹരിത ഊർജ്ജം, ഐടി, എഐ, മറ്റ് മേഖലകൾ എന്നിവയിലെ സഹകരണത്തെക്കുറിച്ച് ഇരു നേതാക്കളും ചർച്ച ചെയ്തു. ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകാനുള്ള ഇന്ത്യയുടെ ലക്ഷ്യം ശ്രീ ബിർള ആവർത്തിച്ചു.'വസുധൈവ കുടുംബകം' എന്ന ദർശനത്തോടെ ആഗോള സമാധാനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ട്,പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ യുടെ ശക്തമായ വളർച്ചയെക്കുറിച്ച് സ്പീക്കർ സ്വിന്നിയോട് വിശദമാക്കി

ഇന്ത്യയുടെ പുതിയ വിദ്യാഭ്യാസ നയം ഇന്ത്യയിലേക്ക് വരുന്ന വിദേശ സർവകലാശാലകൾക്ക് പുതിയ പാതകൾ തുറന്നിട്ടുണ്ടെന്നും സ്കോട്ടിഷ് സർവകലാശാലകൾക്ക് ഇത് പ്രയോജനപ്പെടുത്താമെന്നും ശ്രീ ബിർള പരാമർശിച്ചു. ഇരു കക്ഷികൾക്കും ഊർജ്ജസ്വലമായ പാർലമെന്ററി സംവിധാനമുണ്ടെന്ന് പറഞ്ഞ സ്കോട്ട്ലൻഡ് ഫസ്റ്റ് മിനിസ്റ്റർ ഇന്ത്യ സന്ദർശിക്കാനുള്ള തന്റെ അതിയായ ആഗ്രഹം പ്രകടിപ്പിച്ചു.
 


സന്ദർശന വേളയിൽ ശ്രീ ഓം ബിർള, ക്വീൻസ്‌ബെറി ഹൗസിൽ സ്കോട്ടിഷ് പാർലമെന്റിന്റെ അധ്യക്ഷൻ  അലിസൺ ജോൺസ്റ്റോണിനെയും സന്ദർശിച്ചു . ഇന്ത്യയും സ്‌കോട്ട്ലൻഡും തമ്മിലുള്ള പാർലമെന്ററി സഹകരണം വർദ്ധിപ്പിക്കുന്നത് ഉൾപ്പെടെ പരസ്പര താൽപ്പര്യമുള്ള നിരവധി വിഷയങ്ങൾ ചർച്ച ചെയ്തു.

നിയമനിർമ്മാണത്തിലൂടെയും അർത്ഥവത്തായ സംവാദങ്ങളിലൂടെയും ഇന്ത്യൻ പാർലമെന്റ് കഴിഞ്ഞ വർഷങ്ങളിൽ ലിംഗസമത്വത്തിനും സ്ത്രീ ശാക്തീകരണത്തിനും സ്വീകരിച്ച വിവിധ നടപടികൾ ശ്രീ ബിർള പങ്കുവെച്ചു. ഇന്ത്യയിലെ പാർലമെന്ററി നടപടികളിൽ വനിതാ പാർലമെന്റ് അംഗങ്ങളുടെ പങ്കാളിത്തത്തിലെ വർദ്ധന ഈ ദിശയിലുള്ള ഒരു പ്രധാന സംരംഭമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സ്ത്രീ ശാക്തീകരണവുമായി ബന്ധപ്പെട്ട അനുഭവങ്ങൾ ഇന്ത്യയും സ്കോട്ട്ലൻഡും പങ്കുവെക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.

 



ജനാധിപത്യ പ്രക്രിയയിൽ സ്ത്രീകളുടെ വർദ്ധിച്ച പ്രാതിനിധ്യം ഉറപ്പാക്കുന്നതിനും സ്ത്രീകൾ നയിക്കുന്ന വികസനം പ്രോത്സാഹിപ്പിക്കുന്നതിനുമായി ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ നാരി ശക്തി വന്ദൻ അധിനിയം പോലുള്ള ചരിത്രപരമായ തീരുമാനങ്ങൾ എടുത്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യൻ ജനാധിപത്യം എങ്ങനെ അഭിവൃദ്ധി പ്രാപിക്കുന്നുവെന്നും ജനങ്ങളുടെ ആത്മവിശ്വാസം നേടുന്നുവെന്നും കൂടുതൽ സമഗ്രമാകുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. 'സ്ത്രീകളുടെ വികസനം' എന്നതിനപ്പുറം 'സ്ത്രീകൾ നയിക്കുന്ന വികസനം' എന്നതിലേക്ക് ഇന്ത്യ നീങ്ങിയിട്ടുണ്ടെന്ന് ശ്രീ ബിർള പറഞ്ഞു.

 സ്കോട്ട്ലൻഡിലെ വിവിധ പാർട്ടികളിൽ നിന്നുള്ള പാർലമെന്റ് അംഗങ്ങളുമായും ലോക്സഭാ സ്പീക്കർ സംവദിച്ചു. ഇന്ത്യയിലെ പാർലമെന്ററി സംവിധാനത്തെ ഏറ്റവും ശക്തമായ ജനാധിപത്യ സംവിധാനങ്ങളിലൊന്നായി ചൂണ്ടിക്കാട്ടിയ ശ്രീ ബിർള, ഇന്ത്യൻ പാർലമെന്റിന്റെ പ്രവർത്തനത്തിൽ അർത്ഥവത്തായ ചർച്ച, സംവാദം, ആസൂത്രണം എന്നിവയ്ക്ക് പ്രത്യേക പ്രാധാന്യമുണ്ടെന്ന് പരാമർശിച്ചു. ശക്തവും കാര്യക്ഷമവുമായ കമ്മിറ്റി സംവിധാനം ഇന്ത്യയുടെ പാർലമെന്ററി ജനാധിപത്യത്തിന്റെ ഊർജ്ജസ്വലത വർദ്ധിപ്പിക്കുന്നുവെന്ന് ശ്രീ ബിർള കൂട്ടിച്ചേർത്തു.

ലോകസഭ സ്പീക്കർ ലണ്ടനിലെ ഇന്ത്യൻ സമൂഹവുമായി സംവദിച്ചു

കഴിഞ്ഞ ദിവസം ശ്രീ ബിർള, ലണ്ടനിലെ ഇന്ത്യൻ സമൂഹവുമായി സംവദിച്ചു. ഇന്ത്യൻ പ്രവാസികൾ തങ്ങളുടെ ഉള്ളിൽ ഭാരതീയതയുടെ വികാരം സൂക്ഷിക്കുന്നതിൽ സന്തോഷം പ്രകടിപ്പിച്ച സ്പീക്കർ, ഇന്ത്യയും യുകെയും തമ്മിലുള്ള ബഹുമുഖ ബന്ധത്തിലെ പാലങ്ങളായി പ്രവാസികൾ വർത്തിക്കുന്നുവെന്ന് നിരീക്ഷിച്ചു. ഇന്ന്, ഇന്ത്യൻ പാസ്‌പോർട്ടിന്റെ മൂല്യം വർദ്ധിച്ചു എന്ന് മാത്രമല്ല, ഇന്ത്യഎന്ന പേര് കൂടുതൽ ബഹുമാനവും സ്നേഹവും ആരാധനയും നേടിയിട്ടുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു . ഇന്ത്യയുടെ സംസ്കാരത്തിലും പാരമ്പര്യത്തിലും ജീവിത മൂല്യങ്ങളിലുമുള്ള വിശ്വാസം വർദ്ധിച്ചു. കൂടാതെ ഇന്ത്യയിൽ നിന്നുള്ള പ്രതീക്ഷകളും വർദ്ധിച്ചു. ആഗോള വെല്ലുവിളികൾക്കുള്ള പരിഹാരങ്ങൾക്കായി ലോകം ഇന്ത്യയിലേക്ക് നോക്കുമ്പോൾ, ഇന്ത്യൻ പ്രവാസികൾ ഈ ശ്രമത്തിൽ നിർണായക പങ്ക് വഹിക്കുന്നുവെന്ന് ശ്രീ ബിർള പറഞ്ഞു. 'നവീകരണത്തിലൂടെ പരിവർത്തനം' എന്ന ലക്ഷ്യത്തോടെ ഇന്ത്യ മുന്നോട്ട് പോകുമ്പോൾ, ഇന്ത്യയുമായുള്ള ബന്ധം,വൈകാരിക അടുപ്പത്തിൽ മാത്രം ഒതുങ്ങരുതെന്ന് ലണ്ടനിലെ ഇന്ത്യൻ സമൂഹത്തിലെ അംഗങ്ങളോട് ലോക്‌സഭാ സ്പീക്കർ അഭ്യർത്ഥിച്ചു. നൂതനാശയമായാലും നിക്ഷേപമായാലും ബിസിനസ് ആയാലും, ഇന്ന് ഉയർന്നുവരുന്ന നവ ഇന്ത്യയിലെ സാധ്യതകൾ വളരെ വലുതാണ്. ഇന്ത്യയിൽ പ്രവാസികൾക്ക്അ വസരങ്ങളുടെ ഒരു കലവറയുണ്ട്. ഈ അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണം. പുതിയ ഇന്ത്യ അവരെ സ്വീകരിക്കുന്നതിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

 


ലണ്ടൻ സന്ദർശന വേളയിൽ, ശ്രീ ബിർള യുകെയുടെ മുൻ പ്രധാനമന്ത്രി ശ്രീ. ഋഷി സുനകിനെയും കണ്ടു. നമ്മുടെ ചരിത്രപരമായ ബന്ധങ്ങൾ, പാർലമെന്ററി ജനാധിപത്യത്തിന്റെ മൂല്യങ്ങൾ, ജനങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ, ഐടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സമൂഹ മാധ്യമം എന്നിവയുടെ സ്വാധീനം, വ്യാജ വാർത്തകളും അത്തരം വെല്ലുവിളികളെ നേരിടാൻ ഉചിതമായ നിയമങ്ങൾ ഉണ്ടാകേണ്ടതിന്റെ ആവശ്യകത എന്നിവയുൾപ്പെടെ നിരവധി വിഷയങ്ങളിൽ ഇരു നേതാക്കളും അഭിപ്രായങ്ങൾ കൈമാറി.

 


ലോക്സഭാ സ്പീക്കർ ശ്രീ ഓം ബിർള, ലണ്ടനിൽ മഹാത്മാഗാന്ധിയുടെ പ്രതിമയിൽ ശ്രദ്ധാഞ്ജലി അർപ്പിച്ചു.

 

 
******************

(Release ID: 2091948) Visitor Counter : 8