രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

രാഷ്ട്രപതി ദ്രൗപദി മുര്‍മു പഞ്ചായത്ത് രാജ് സ്ഥാപനങ്ങളിലെ പട്ടികവര്‍ഗ്ഗ വനിതാ പ്രതിനിധികളുമായി ആശയവിനിമയം നടത്തി

പോസ്റ്റഡ് ഓണ്‍: 06 JAN 2025 7:51PM by PIB Thiruvananthpuram

ന്യൂ ഡൽഹി, 06 ജനുവരി 2025

പഞ്ചായത്ത് രാജ് സ്ഥാപനങ്ങളിലെ പട്ടികവര്‍ഗ്ഗ വനിതാ പ്രതിനിധികളുടെ സംഘം ഇന്ന്  (2025, ജനുവരി ആറ്) രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുര്‍മുവുമായി, രാഷ്ട്രപതി ഭവന്‍ കള്‍ച്ചറല്‍ സെന്ററില്‍ വെച്ച് കൂടിക്കാഴ്ച നടത്തി. പട്ടിക വര്‍ഗ്ഗകാര്യ മന്ത്രാലയത്തിന്റെയും ലോക്‌സഭാ സെക്രട്ടേറിയറ്റിന്റെയും സഹകരണത്തോടെ ദേശീയ വനിതാ കമ്മീഷന്‍ സംഘടിപ്പിച്ച 'പഞ്ചായത്തില്‍ നിന്നും പാര്‍ലമെന്റിലേക്ക്' (Panchayat se Parliament)  എന്ന പരിപാടിയുടെ ഭാഗമായാണ് സംഘം ഡല്‍ഹിയിലെത്തിയത്.


 

പഞ്ചായത്ത് രാജ് സ്ഥാപനങ്ങള്‍ നമ്മുടെ ജനാധിപത്യത്തിന്റെ ആണിക്കല്ലാണെന്ന് സന്നിഹിതരായിരുന്നവരെ അഭിസംബോധന ചെയ്തുകൊണ്ട് രാഷ്ട്രപതി പറഞ്ഞു. താഴേത്തട്ടില്‍ ഭരണ നിര്‍വ്വഹണത്തിനും സാമൂഹിക വികസനത്തിനും അവ വേദി ഒരുക്കുന്നു. സ്ത്രീ ശാക്തീകരണത്തിനും ഈ സ്ഥാപനങ്ങള്‍ സുപ്രധാന പങ്കു വഹിക്കുന്നു. രാജ്യത്തുടനീളമുള്ള പഞ്ചായത്ത്‌രാജ് സ്ഥാപനങ്ങളിലെയും ഗ്രാമീണ തദ്ദേശസ്ഥാപനങ്ങളിലെയും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളായി 14 ലക്ഷം സ്ത്രീകള്‍ സേവനമനുഷ്ഠിക്കുന്നുണ്ടെന്നും ഇത് മൊത്തം തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളില്‍ 46 ശതമാനമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഈ പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി മിക്ക സംസ്ഥാനങ്ങളും സംവരണ പരിധി 50 ശതമാനമായി ഉയര്‍ത്തിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.


 

രാജ്യത്തിന്റെയും പൗരന്മാരുടെയും സമഗ്രവികസനത്തിനു വേണ്ടിയാണ് ഇന്ത്യാ ഗവണ്‍മെന്റ് പ്രവര്‍ത്തിക്കുന്നതെന്നു രാഷ്ട്രപതി പറഞ്ഞു. പൗരന്മാരുടെ ക്ഷേമത്തിനായി നിരവധി പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. ക്ഷേമപദ്ധതികള്‍ പ്രയോജനപ്പെടുത്തുന്നതിന്  അര്‍ഹരായ ആളുകളെ ബോധവത്കരിച്ച് അതിന്റെ ഗുണഭോക്താക്കളാക്കാന്‍ പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ പ്രതിനിധികളോട് അവര്‍ അഭ്യര്‍ത്ഥിച്ചു. കുട്ടികള്‍ക്കു കൃത്യസമയത്തു പ്രതിരോധ കുത്തിവയ്പ് നല്‍കുന്നുണ്ടെന്നും ഗര്‍ഭിണികള്‍ക്ക് ശരിയായ പോഷകാഹാരം ലഭിക്കുന്നുണ്ടെന്നും കുട്ടികള്‍ പഠനം പാതി വഴിയില്‍ ഉപേക്ഷിക്കുന്നില്ലെന്നും ഉറപ്പാക്കണമെന്ന് അവര്‍ അഭ്യര്‍ത്ഥിച്ചു. സ്ത്രീധനം, ഗാര്‍ഹിക പീഡനം, മയക്കുമരുന്നുപയോഗം തുടങ്ങിയ സാമൂഹിക തിന്മകള്‍ക്കെതിരേ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കണമെന്നും അവര്‍ നിര്‍ദ്ദേശിച്ചു.


 

പഞ്ചായത്തുകളിലെ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ എന്ന നിലയില്‍ തങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ നിര്‍ഭയമായി നിര്‍വഹിക്കണമെന്ന് വനിതാ പ്രതിനിധികളെ രാഷ്ട്രപതി ഉപദേശിച്ചു. പഞ്ചായത്ത് പ്രതിനിധി എന്ന നിലയില്‍ ഗ്രാമവാസികള്‍ തമ്മിലുള്ള പരസ്പര തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്ന് അവര്‍ പറഞ്ഞു. അവര്‍ ഈ അവകാശം ഉചിതമായി ഉപയോഗിക്കുകയും ഗ്രാമവാസികള്‍ക്കിടയിലുള്ള തര്‍ക്കങ്ങള്‍ പഞ്ചായത്ത് തലത്തില്‍ തന്നെ പരിഹരിക്കാന്‍ ശ്രമിക്കുകയും വേണം. ഇത് ജനങ്ങളുടെ സാധനസമ്പത്തുകളും സമയവും ലാഭിക്കുക മാത്രമല്ല പരസ്പര സൗഹാര്‍ദ്ദം വര്‍ദ്ധിപ്പിക്കുകയും ചെയ്യും എന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി.



*****

LPS


( റിലീസ് ഐ.ഡി: 2090779) സന്ദര്‍ശക കൗണ്ടര്‍ : 57
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Marathi , Bengali , Punjabi , Tamil