നിയമ, നീതി മന്ത്രാലയം
വർഷാന്ത്യ അവലോകനം- 2024: നിയമ-നീതിന്യായ മന്ത്രാലയം
Posted On:
06 JAN 2025 12:20PM by PIB Thiruvananthpuram
ന്യൂ ഡൽഹി, 06 ജനുവരി 2025
ഗവൺമെൻ്റ് ഓഫ് ഇന്ത്യ (അലോക്കേഷൻ ഓഫ് ബിസിനസ്) റൂൾസ്, 1961 പ്രകാരം അനുവദിച്ചിട്ടുള്ള വിശാലമായ പ്രവർത്തനമണ്ഡലങ്ങളിൽ, നിയമകാര്യ വകുപ്പിനെ സംബന്ധിച്ചിടത്തോളം അസംഖ്യം നേട്ടങ്ങളുടെ വർഷമാണ് 2024.
ഒരു രാജ്യം ഒറ്റത്തിരഞ്ഞെടുപ്പ് സംബന്ധിച്ച ഉന്നതതല സമിതിയുടെ റിപ്പോർട്ട്:
ശ്രീ രാം നാഥ് കോവിന്ദിൻ്റെ അധ്യക്ഷതയിലുള്ള 'ഒരു രാജ്യം ഒറ്റത്തിരഞ്ഞെടുപ്പ്' സംബന്ധിച്ച ഉന്നതതല സമിതിയുടെ, 18,626 പേജുകളുള്ള റിപ്പോർട്ട് 2024 മാർച്ച് 14-ന് ആദരണീയ രാഷ്ട്രപതിക്ക് സമർപ്പിച്ചു. കൂടിയാലോചനയിൽ പങ്കെടുത്ത 47 രാഷ്ട്രീയ കക്ഷികളിൽ 32 ഉം നിർദ്ദേശത്തെ പിന്തുണച്ചു. ലഭിച്ച 21,558 പൊതു പ്രതികരണങ്ങളിൽ 80 % പേർ നിർദ്ദേശത്തെ പിന്തുണച്ചു. സാമ്പത്തികവും സാമൂഹികവുമായ നേട്ടങ്ങൾ മുൻനിർത്തി പ്രഗത്ഭരായ നിയമജ്ഞരും സാമ്പത്തിക വിദഗ്ധരും തിരഞ്ഞെടുപ്പ് വിദഗ്ധരും 'ഒരു രാജ്യം ഒറ്റത്തിരഞ്ഞെടുപ്പിനെ' അംഗീകരിച്ചു. രണ്ട് ഘട്ടങ്ങളായുള്ള സമീപനം സമിതി നിർദ്ദേശിച്ചു: ആദ്യം ലോക്സഭാ- നിയമസഭാ തിരഞ്ഞെടുപ്പുകൾ ഒരുമിച്ചു നടത്തുക. തുടർന്ന് 100 ദിവസത്തിനുള്ളിൽ തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുകൾ ഒരുമിച്ചു നടത്തുക. ഏകീകൃത വോട്ടർപട്ടികയും EPIC സംവിധാനവും സമിതി ശുപാർശ ചെയ്തു. കേന്ദ്രമന്ത്രിസഭയുടെ അംഗീകാരത്തിന് ശേഷം ബിൽ സംയുക്ത പാർലമെൻ്ററി സമിതിക്ക് വിട്ടു.
മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങൾ നടപ്പിലാക്കി:
കൊളോണിയൽ കാലത്തെ നിയമങ്ങൾക്ക് പകരമായി, ഭാരതീയ ന്യായ സംഹിത 2023, ഭാരതീയ നാഗരിക സുരക്ഷാ സൻഹിത 2023, ഭാരതീയ സാക്ഷ്യ അധീനിയം 2023 എന്നീ മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങൾ 2024 ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വന്നു. മൂന്ന് നിയമങ്ങളും പ്രാബല്യത്തിൽ വരുന്നതിന് മുമ്പ്, ‘ക്രിമിനൽ നീതി നിർവഹണത്തിൽ ഇന്ത്യയുടെ പുരോഗമന പാത’ എന്ന പ്രമേയത്തിലൂന്നി നിർവഹണത്തിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാവർക്കുമായി കൂടിയാലോചനാ സമ്മേളനങ്ങളുടെ ഒരു പരമ്പര തന്നെ വകുപ്പ് സംഘടിപ്പിച്ചു. ന്യൂഡൽഹി, ഗുവാഹത്തി, കൊൽക്കത്ത, ചെന്നൈ, മുംബൈ എന്നിവിടങ്ങളിൽ 2024 ഏപ്രിൽ മുതൽ ജൂൺ വരെ സമ്മേളനങ്ങൾ നടന്നു. ഇലക്ട്രോണിക് ട്രയലുകളും വേഗത്തിലുള്ള തീർപ്പും ഉൾപ്പെടെയുള്ള നിയമങ്ങളിലെ ആധുനിക വ്യവസ്ഥകൾ ഇന്ത്യയിലുടനീളം സംഘടിപ്പിച്ച സമ്മേളനങ്ങൾ ഉയർത്തിക്കാട്ടി. ഈ പരിഷ്കാരങ്ങൾ ഡിജിറ്റൽ യുഗത്തിലെ കുറ്റകൃത്യങ്ങൾ പരിഹരിക്കുന്നതിനും നീതിന്യായ വിതരണം വേഗത്തിലാക്കാനും ലക്ഷ്യമിടുന്നു.
22-ാമത് നിയമ കമ്മീഷൻ ശുപാർശകൾ:
പ്രധാന വിവരങ്ങൾ:
- പ്രവാസി ഇന്ത്യക്കാർക്കും വിദേശത്തുള്ള ഇന്ത്യൻ പൗരന്മാർക്കുമായി വൈവാഹിക പ്രശ്‌നങ്ങൾ സംബന്ധിച്ച നിയമം: നിർബന്ധിത വിവാഹ രജിസ്‌ട്രേഷൻ, ലിങ്ക് ചെയ്‌ത പാസ്‌പോർട്ടുകൾ, വിവാഹമോചനം, കുട്ടികളുടെ സംരക്ഷണം എന്നിവയ്‌ക്കായുള്ള നിയമനിർമ്മാണ ഭേദഗതികൾ.
- ക്രിമിനൽ അപകീർത്തി: നിയമം നിലനിർത്താൻ ശുപാർശ ചെയ്യുന്നു. ആർട്ടിക്കിൾ 21 വിഭാവനം ചെയ്യുന്ന അന്തസ്സോടെ ജീവിക്കാനുള്ള അവകാശവും അഭിപ്രായ സ്വാതന്ത്ര്യവും സന്തുലിതമാക്കുന്നു.
- പകർച്ചവ്യാധി നിയന്ത്രണ നിയമം,1897-ൻ്റെ സമഗ്രമായ അവലോകനം: COVID-19 വെളിച്ചം വീശിയ പരിമിതികളും ഭാവിയിലെ ആരോഗ്യ പ്രതിസന്ധികളും പരിഹരിക്കുന്നതിന് 1897 ലെ നിയമം മാറ്റിസ്ഥാപിക്കാനോ ഭേദഗതി ചെയ്യാനോ നിർദ്ദേശം.
പുതിയ നോട്ടറി പോർട്ടൽ ആരംഭിച്ചു
നിയമ-നീതി മന്ത്രാലയത്തിൻ്റെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി ശ്രീ അർജുൻ റാം മേഘ്‌വാൾ, 2024 സെപ്റ്റംബർ 3-ന് നിയമ-നീതി വകുപ്പ് സംഘടിപ്പിച്ച ചടങ്ങിൽ പുതിയ നോട്ടറി പോർട്ടൽ (https://notary.gov.in) ഉദ്‌ഘാടനം ചെയ്തു. ഓൺലൈൻ ആപ്ലിക്കേഷനുകൾ, സർട്ടിഫിക്കേഷനുകൾ, റെക്കോർഡ് സ്റ്റോറേജ് എന്നിവ പുതിയ പോർട്ടൽ പ്രവർത്തനക്ഷമമാക്കുന്നു. ഭേദഗതി ചെയ്ത ചട്ടങ്ങളിലൂടെ നോട്ടറി നിയമനം 1,04,925 ആയി ഉയർത്തി. 2023-24 ൽ, 185 പ്രാക്ടീസ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. 32,350 നിയമ പ്രാക്ടീഷണർമാർക്ക് താൽക്കാലിക അംഗീകാരം ലഭിച്ചു.
നിയമവും തർക്ക പരിഹാരവും സംബന്ധിച്ച ഇന്ത്യ-സിംഗപ്പൂർ ധാരണാപത്രം:
അന്താരാഷ്ട്ര വാണിജ്യ തർക്ക പരിഹാരത്തിലും ഇതര തർക്ക പരിഹാര (Alternative Dispute Resolution-ADR) സംവിധാനങ്ങളിലും സഹകരണം മെച്ചപ്പെടുത്തുന്നതിനായി ഇന്ത്യയും സിംഗപ്പൂരും 2024 മാർച്ചിൽ ധാരണാപത്രത്തിൽ ഒപ്പുവച്ചു.
ബ്രിക്സ് നീതിന്യായ യോഗത്തിൽ പങ്കാളിത്തം:
2024 സെപ്‌റ്റംബർ 18-ന്, നിയമ-നീതി മന്ത്രാലയത്തിന് കീഴിലുള്ള നിയമകാര്യ വകുപ്പ്, ബ്രിക്‌സ് നീതിന്യായ മന്ത്രിമാരുടെ യോഗത്തിൽ വീഡിയോ കോൺഫറൻസിംഗ് മുഖാന്തിരം പങ്കെടുത്തു. ജുഡീഷ്യൽ ബാധ്യതകൾ കുറയ്ക്കുന്നതിൽ ഇതര തർക്ക പരിഹാര സംവിധാനങ്ങളുടെ പങ്ക് എടുത്തുകാട്ടുന്ന മധ്യസ്ഥ നിയമം ഉൾപ്പെടെയുള്ള നിയമ പരിഷ്‌കാരങ്ങൾ ഇന്ത്യ വിശദീകരിച്ചു. ബ്രിക്‌സ് രാജ്യങ്ങൾ സൈബർ സുരക്ഷ, നിർമ്മിതബുദ്ധി (AI) ദുരുപയോഗം, കുറ്റവാളി കൈമാറ്റം എന്നിവയിലെ സഹകരണം ചർച്ച ചെയ്തു.
ഇന്ത്യൻ പ്രതിനിധി സംഘം യുണൈറ്റഡ് കിംഗ്ഡം (UK) സന്ദർശിച്ചു:
2024 സെപ്തംബർ 30 മുതൽ ഒക്ടോബർ 2 വരെ, ശ്രീ അർജുൻ റാം മേഘ്‌വാളിൻ്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ പ്രതിനിധി സംഘം UK യിലെ ബന്ധപ്പെട്ട പ്രതിനിധി സംഘവുമായി നിയമ ലളിതവത്ക്കരണം, ഇതര തർക്ക പരിഹാര സംവിധാനങ്ങൾ, പരിഷ്‌കാരങ്ങൾ എന്നിവയെക്കുറിച്ച് ചർച്ച ചെയ്തു. UK ലീഗൽ ഇയർ സെറിമണിയിൽ പങ്കെടുക്കുന്നതും സന്ദർശനത്തിന്റെ ഭാഗമായിരുന്നു.
സിവിൽ നിയമപ്രകാരം ഉള്ള ഉടമ്പടികളും കരാറുകളും
വിദേശ രാജ്യങ്ങളുമായുള്ള പരസ്പര ക്രമീകരണങ്ങളുടെ നോഡൽ ഏജൻസിയാണ് നിയമ-നീതി മന്ത്രാലയതിന് കീഴിലുള്ള നിയമകാര്യ വകുപ്പ്. ഈ കാലയളവിൽ, സിവിൽ, വാണിജ്യ കാര്യങ്ങളിൽ വിയറ്റ്നാമുമായുള്ള പരസ്പര നിയമ സഹായ ഉടമ്പടിക്ക് അന്തിമരൂപം നൽകി.
സമൻസ് സേവനം തുടങ്ങിയവയുമായി ബന്ധപ്പെട്ട് ഉഭയകക്ഷി ഉടമ്പടികളിൽ ഉണ്ടാകുന്ന അഭ്യർത്ഥനകളുടെ പരിശോധനയും കൈകാര്യവും
ഹേഗ് കൺവെൻഷൻ (1965) പ്രകാരം സെൻട്രൽ അതോറിറ്റി എന്ന നിലയിൽ, ജുഡീഷ്യൽ, എക്സ്ട്രാ ജുഡീഷ്യൽ രേഖകളുടെ സേവനവുമായി ബന്ധപ്പെട്ട 3,829 അഭ്യർത്ഥനകൾ വകുപ്പ് കൈകാര്യം ചെയ്തു.
ഇന്ത്യൻ ഭരണഘടനയെക്കുറിച്ചുള്ള ഓൺലൈൻ ഹിന്ദി കോഴ്‌സ്
2024 നവംബർ 26-ന് ഭരണഘടനാ ദിനത്തിൽ, ഹൈദരാബാദിലെ NALSAR സർവ്വകലാശാലയുമായി സഹകരിച്ച് ഭരണഘടനയെക്കുറിച്ചുള്ള ഒരു ഓൺലൈൻ ഹിന്ദി കോഴ്‌സ് വകുപ്പ് ആരംഭിച്ചു. 15 വീഡിയോകൾ ഉൾക്കൊള്ളുന്ന കോഴ്‌സ്, ഹിന്ദി സംസാരിക്കുന്നവർക്ക് ഭരണഘടനാ പരിജ്ഞാനം ഉറപ്പാക്കുകയും സർവ്വാശ്ലേഷിത്വവും ശാക്തീകരണവും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
ഡിജിറ്റലൈസേഷനും സൈബർ സുരക്ഷയും
തത്സമയ കേസ് നിരീക്ഷണത്തിനും നോട്ടറി അപേക്ഷാ പ്രക്രിയ ഡിജിറ്റൈസ് ചെയ്യുന്നതിനുമായി ലീഗൽ ഇൻഫർമേഷൻ മാനേജ്‌മെൻ്റ് ആൻഡ് ബ്രീഫിംഗ് സിസ്റ്റം (LIMBS) അവതരിപ്പിച്ചുകൊണ്ട് വകുപ്പ് ഒരു കടലാസ് രഹിത ഓഫീസിലേക്ക് മാറിയിരിക്കുന്നു. നവീകരിച്ച വെബ്‌സൈറ്റ് "ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്" പോലുള്ള സംരംഭങ്ങളെ പിന്തുണയ്ക്കുന്നു. സൈബർ സുരക്ഷാ ക്രൈസിസ് മാനേജ്‌മെൻ്റ് പ്ലാൻ, ചീഫ് ഇൻഫർമേഷൻ സെക്യൂരിറ്റി ഓഫീസർ, ബോധവത്കരണ പരിപാടികൾ എന്നിവ സൈബർ സുരക്ഷാ നടപടികളിൽ ഉൾപ്പെടുന്നു. സൈബർ സുരക്ഷാ ഭീഷണികൾക്കെതിരായ പ്രതിരോധ നടപടികൾ ഉയർത്തിക്കാട്ടുന്ന പ്രതിമാസ ഓൺലൈൻ ബുള്ളറ്റിൻ പുറത്തിറക്കുന്നു.
പരിശീലന മേഖലയിലെ നേട്ടങ്ങൾ, കാര്യക്ഷമത വർദ്ധിപ്പിക്കൽ:
കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനായി 2023-24 സാമ്പത്തിക വർഷത്തിൽ നടത്തിയ പ്രവർത്തനങ്ങൾ:
- കപ്പാസിറ്റി ബിൽഡിംഗ് കമ്മീഷനുമായി കൂടിയാലോചിച്ച് വാർഷിക കപ്പാസിറ്റി ബിൽഡിംഗ് പ്ലാൻ (ACBP) വികസിപ്പിച്ചു.
- ACBP ക്ക് കീഴിൽ വികസിപ്പിച്ച പരിശീലന കലണ്ടർ നടപ്പിലാക്കൽ
- വകുപ്പിലെ ഉദ്യോഗസ്ഥർക്കുള്ള പരിശീലനങ്ങൾ/ശില്പശാലകൾ/വെബിനാറുകൾ മുതലായവ നടത്തുക.
- കേന്ദ്രീകൃത ഓൺലൈൻ പരിശീലന പ്ലാറ്റ്‌ഫോം ആയ i-GoT കർമ്മയോഗി പ്ലാറ്റ്‌ഫോമിൽ വകുപ്പിലെ ജീവനക്കാരുടെ സാന്നിധ്യവും ജീവനക്കാർ ഉപയോഗിക്കുന്ന പരിശീലന കോഴ്‌സുകളുടെ നിരീക്ഷണവും.
- പരിശീലനവുമായി ബന്ധപ്പെട്ട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷനുമായി ധാരണാപത്രം ഒപ്പുവച്ചു.
ക്ഷേമ സംരംഭങ്ങൾ
പത്താം അന്താരാഷ്ട്ര യോഗ ദിനത്തിൽ, ധ്യാനം, കസേര യോഗ, പ്രാണായാമം എന്നിവയിലൂടെ ശാരീരികവും മാനസികവുമായ ക്ഷേമം പ്രോത്സാഹിപ്പിക്കുന്ന സെഷനുകൾ വകുപ്പ് സംഘടിപ്പിച്ചു, ജീവനക്കാരുടെ സമഗ്ര ആരോഗ്യം ആയിരുന്നു ലക്‌ഷ്യം.
കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് ക്ലിക്ക് ചെയ്യുക: https://pib.gov.in/PressReleasePage.aspx?PRID=2090480
****
(Release ID: 2090560)
Visitor Counter : 20