ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

കഴിഞ്ഞ ഏതാനും ആഴ്ചകളായി ചൈനയിൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ സംയുക്ത നിരീക്ഷണ സംഘത്തിന്റെ യോഗം വിളിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം

Posted On: 04 JAN 2025 8:18PM by PIB Thiruvananthpuram

കഴിഞ്ഞ ഏതാനും ആഴ്ചകളായി ചൈനയിൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ വർധിച്ചുവരുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്ന സാഹചര്യത്തില്‍ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിലെ ആരോഗ്യസേവന ഡയറക്ടര്‍ ജനറലിന്റെ അധ്യക്ഷതയിൽ സംയുക്ത നിരീക്ഷണ സംഘം (ജെഎംജി) ഇന്ന് ന്യൂഡല്‍ഹിയില്‍ യോഗം ചേർന്നു. ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ), ദുരന്തനിവാരണ (ഡിഎം) വിഭാഗം, സംയോജിത രോഗബാധ നിരീക്ഷണ പരിപാടി (ഐഡിഎസ്പി), ദേശീയ രോഗബാധ നിയന്ത്രണ  കേന്ദ്രം (എൻസിഡിസി), ഇന്ത്യൻ മെഡിക്കൽ ഗവേഷണ സമിതി (ഐസിഎംആർ), അടിയന്തര മെഡിക്കൽ സഹായ (ഇഎംആർ) വിഭാഗം എന്നിവയിലെയും ഡൽഹി എയിംസ് ആശുപത്രിയിലെയും വിദഗ്ധര്‍ യോഗത്തിൽ പങ്കെടുത്തു.

 

വിശദമായ ചർച്ചകൾക്ക് ശേഷം നിലവിൽ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ താഴെപ്പറയുന്ന കാര്യങ്ങൾ അംഗീകരിച്ചു:

 

  • നിലവിലെ പകര്‍ച്ചപ്പനിയുടെ കാലത്ത് ചൈനയിലെ സ്ഥിതി അസാധാരണമല്ല. രോഗബാധയിലുണ്ടായ ഇപ്പോഴത്തെ കുതിച്ചുചാട്ടത്തിന് കാരണം ഈ സമയത്ത്  പ്രതീക്ഷിക്കുന്ന സാധാരണ രോഗകാരികളായ ആർ‌എസ്‌വി, എച്ച്‌എം‌പി‌വി എന്നീ ജലദോഷപ്പനി പടര്‍ത്തുന്ന വൈറസുകളാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

  • ലഭ്യമായ എല്ലാ മാർഗങ്ങളിലൂടെയും ചൈനയിലെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കു ന്നതിനൊപ്പം സമയബന്ധിതമായി പുതിയ വിവരങ്ങള്‍ പങ്കിടാൻ ലോകാരോഗ്യ സംഘടനയോട് സർക്കാർ അഭ്യർത്ഥിച്ചിട്ടുണ്ട്.

  • ഇന്ത്യയുൾപ്പെടെ ലോകമെങ്ങും ഈ വൈറസുകൾ ഇതിനകം പ്രചാരത്തിലുണ്ട്.

  • ജലദോഷപ്പനി പോലുള്ള അസുഖങ്ങൾ (ILI), തീവ്രവും കഠിനവുമായ ശ്വാസകോശസംബന്ധ അസുഖങ്ങള്‍ (SARI) എന്നിവയ്ക്കെതിരെ ഇന്ത്യയിൽ ICMR, IDSP ശൃംഖലകള്‍ വഴി നിലവിലുള്ള  ശക്തമായ നിരീക്ഷണ സംവിധാനങ്ങളുടെ വിവരങ്ങള്‍  ILI, SARI കേസുകളിൽ അസാധാരണമായ വർധന കാണിക്കുന്നില്ല.

  • കഴിഞ്ഞ ഏതാനും ആഴ്ചകളിൽ ഈ സമയത്തിന്റേതായി പ്രതീക്ഷിക്കുന്ന വ്യതിയാനം ഒഴികെ ശ്വസനസംബന്ധമായ അസുഖങ്ങളുടെ എണ്ണത്തില്‍  ഒരു കുതിച്ചുചാട്ടവും ഉണ്ടായിട്ടില്ലെന്ന് ആശുപത്രികളിൽനിന്ന് ഡോക്ടർമാരും സ്ഥിരീകരിക്കുന്നു. 

  • അഡെനോവൈറസ്, RSV, HMPV മുതലായ മറ്റ് ശ്വസന വൈറസുകളുടെ പരിശോധനയും ICMR ശൃംഖലവഴി നടത്തിയെങ്കിലും  സാമ്പിളുകളിൽ ഇവയുടെയും അസാധാരണ വർധന കാണിക്കുന്നില്ല. ഒരു മുൻകരുതൽ നടപടിയായി HMPV പരിശോധനാ ലബോറട്ടറികളുടെ എണ്ണം ICMR വർധിപ്പിക്കുകയും  വർഷം മുഴുവന്‍ HMPV പ്രവണതകൾ നിരീക്ഷിക്കുകയും ചെയ്യും. 

  • ശ്വാസകോശ സംബന്ധമായ അസുഖങ്ങളുടെ വര്‍ധന നേരിടാൻ രാജ്യം പൂര്‍ണസജ്ജമാണെന്നാണ് രാജ്യത്തുടനീളം അടുത്തിടെ നടത്തിയ തയ്യാറെടുപ്പ് പരിശീലനത്തിന്റെ വിവരങ്ങള്‍  വ്യക്തമാക്കുന്നത്. 

  • ഉയർന്നുവരുന്ന ഏതൊരു ആരോഗ്യ വെല്ലുവിളിയോടും ഉടനടി പ്രതികരിക്കാൻ സജ്ജമാണെന്ന് ഉറപ്പാക്കിക്കൊണ്ട് രാജ്യത്തെ  ആരോഗ്യ സംവിധാനങ്ങളും നിരീക്ഷണ ശൃംഖലകളും ജാഗ്രത പുലര്‍ത്തുന്നു.


(Release ID: 2090272) Visitor Counter : 39