പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി ജനുവരി 4നു ന്യൂഡൽഹിയിൽ ‘ഗ്രാമീൺ ഭാരത് മഹോത്സവ് 2025’ ഉദ്ഘാടനം ചെയ്യും


‘വികസിത ഭാരതം 2047’നായി അതിജീവനശേഷിയുള്ള ഗ്രാമീണ ഇന്ത്യ കെട്ടിപ്പടുക്കുക എന്നതാണു മഹോത്സവത്തിന്റെ പ്രമേയം

ഗ്രാമീണ ഇന്ത്യയുടെ സംരംഭകത്വ മനോഭാവവും സാംസ്കാരിക പൈതൃകവും ആഘോഷമാക്കാൻ മഹോത്സവം ലക്ഷ്യമിടുന്നു

Posted On: 03 JAN 2025 5:56PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2025 ജനുവരി നാലിനു രാവിലെ 10.30നു ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ‘ഗ്രാമീൺ ഭാരത് മഹോത്സവ്’ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ അദ്ദേഹം സമ്മേളനത്തെ അഭിസംബോധന ചെയ്യും.

ഗ്രാമീണ ഇന്ത്യയുടെ സംരംഭകത്വ മനോഭാവവും സാംസ്കാരിക പൈതൃകവും ആഘോഷിക്കുന്ന മഹോത്സവം ജനുവരി 4 മുതൽ 9 വരെയാണ്. ‘വികസിത ഭാരതം 2047നായി അതിജീവനശേഷിയുള്ള ഗ്രാമീണ ഇന്ത്യ കെട്ടിപ്പടുക്കുക’ എന്ന പ്രമേയത്തോടെ സംഘടിപ്പിക്കുന്ന മഹോത്സവത്തിന്റെ ആപ്തവാക്യം “ഗാവ് ബഢേ, തോ ദേശ് ബഢേ” എന്നതാണ്.

വിവിധ ചർച്ചകൾ, ശിൽപ്പശാലകൾ, വിദഗ്ധരുടെ പ്രഭാഷണങ്ങൾ എന്നിവയിലൂടെ ഗ്രാമീണ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തുക, സ്വയംപര്യാപ്തമായ സമ്പദ്‌വ്യവസ്ഥ സൃഷ്ടിക്കുക, ഗ്രാമീണ സമൂഹങ്ങളിൽ നവീകരണം പ്രോത്സാഹിപ്പിക്കുക തുടങ്ങിയ കാര്യങ്ങളാണു മഹോത്സവം ലക്ഷ്യമിടുന്നത്. വടക്കുകിഴക്കൻ ഇന്ത്യയിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് ഗ്രാമീണ ജനതയ്ക്കിടയിൽ സാമ്പത്തിക സ്ഥിരതയും സാമ്പത്തിക ഭദ്രതയും പ്രോത്സാഹിപ്പിക്കൽ, സാമ്പത്തിക ഉൾച്ചേർക്കൽ അഭിസംബോധന ചെയ്യൽ, സുസ്ഥിര കാർഷിക സമ്പ്രദായങ്ങൾ പ്രോത്സാഹിപ്പിക്കൽ എന്നിവയും മഹോത്സവത്തിന്റെ ലക്ഷ്യങ്ങളിൽ ഉൾപ്പെടുന്നു.

സംരംഭകത്വത്തിലൂടെ ഗ്രാമീണവനിതകളെ ശാക്തീകരിക്കൽ; ഗവണ്മെന്റ് ഉദ്യോഗസ്ഥർ, പ്രമുഖ ചിന്തകർ, ഗ്രാമീണ സംരംഭകർ, കരകൗശലവിദഗ്ധർ, വിവിധ മേഖലകളിൽ നിന്നുള്ള പങ്കാളികൾ എന്നിവരെ ഒരുമിച്ചു കൊണ്ടുവന്ന് സഹകരണാത്മകവും കൂട്ടായതുമായ ഗ്രാമീണ പരിവർത്തനത്തിനായി മാർഗരേഖ സൃഷ്ടിക്കൽ; ഗ്രാമീണ ഉപജീവനമാർഗങ്ങൾ മെച്ചപ്പെടുത്തുന്നതിനു സാങ്കേതികവിദ്യയും നൂതനരീതികളും പ്രയോജനപ്പെടുത്തുന്നതിനുള്ള ചർച്ചകൾ പ്രോത്സാഹിപ്പിക്കൽ; ഊർജസ്വലമായ പ്രകടനങ്ങളിലൂടെയും പ്രദർശനങ്ങളിലൂടെയും ഇന്ത്യയുടെ സമൃദ്ധമായ സാംസ്കാരിക പൈതൃകം പ്രദർശിപ്പിക്കൽ എന്ന‌ിവയിൽ മഹോത്സവം പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കും.

-NK-


(Release ID: 2090057) Visitor Counter : 31