പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഡൽഹിയിൽ ഒന്നിലധികം വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവ്വഹിച്ചു
അശോക് വിഹാറിലെ സ്വാഭിമാൻ അപ്പാർട്ട്‌മെൻ്റിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കായി പുതുതായി നിർമ്മിച്ച 1,675 ഫ്ലാറ്റുകൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
നഗരത്തിൻ്റെ വികസനം ത്വരിതപ്പെടുത്തുന്നതിന് ഭവനം, അടിസ്ഥാന സൗകര്യങ്ങൾ, വിദ്യാഭ്യാസം എന്നിവയിൽ പരിവർത്തന പദ്ധതികൾ ആരംഭിക്കുന്ന ഡൽഹിയെ സംബന്ധിച്ചിടത്തോളം ഇന്ന് ഒരു സുപ്രധാന ദിനമാണ്: പ്രധാനമന്ത്രി
ചേരികൾക്ക് പകരം സ്ഥിരം വീടുകൾ നിർമ്മിക്കാനുള്ള കാമ്പയിൻ കേന്ദ്ര ഗവൺമെന്റ് ആരംഭിച്ചു: പ്രധാനമന്ത്രി
ദരിദ്ര കുടുംബങ്ങളിലെ കുട്ടികൾക്ക് പുതിയ അവസരങ്ങൾ നൽകുന്ന നയമാണ് പുതിയ ദേശീയ വിദ്യാഭ്യാസ നയം: പ്രധാനമന്ത്രി
Posted On:
03 JAN 2025 3:40PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഡൽഹിയിൽ നിരവധി പ്രധാന വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവ്വഹിച്ചു. ഒരു വലിയ സമ്മേളനത്തെ അഭിസംബോധന ചെയ്ത്, പുതുവത്സരാശംസകൾ നേർന്നു കൊണ്ട്, ശ്രീ മോദി ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുകയെന്ന ലക്ഷ്യത്തിലേക്ക് രാജ്യത്തെ നയിക്കുന്ന 2025 ഇന്ത്യയുടെ വികസനത്തിന് വലിയ അവസരങ്ങളുടെ വർഷമാകുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു. "ഇന്ന്, ഇന്ത്യ രാഷ്ട്രീയ സാമ്പത്തിക സ്ഥിരതയുടെ ആഗോള പ്രതീകമായി നിലകൊള്ളുന്നു," പ്രധാനമന്ത്രി പറഞ്ഞു. വരും വർഷത്തിൽ രാജ്യത്തിൻ്റെ പ്രതിച്ഛായ കൂടുതൽ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോകത്തെ ഏറ്റവും വലിയ ഉൽപ്പാദന കേന്ദ്രമായി ഇന്ത്യ മാറുന്നതിനും യുവാക്കളെ സ്റ്റാർട്ടപ്പുകൾക്കും സംരംഭകത്വത്തിനും കഴിവുറ്റവരായി ശാക്തീകരിക്കുന്നതിനും പുതിയ കാർഷിക റെക്കോർഡുകൾ സ്ഥാപിക്കുന്നതിനും സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനം പ്രോത്സാഹിപ്പിക്കുന്നതിനും ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനുമുള്ള വർഷമാണിതെന്ന് ഊന്നിപ്പറഞ്ഞുകൊണ്ട് ശ്രീ മോദി 2025-ലെ കാഴ്ചപ്പാട് വിശദീകരിച്ചു. ഓരോ പൗരനും ജീവിത സൗകര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
ഇന്ന് ഉദ്ഘാടനം ചെയ്ത പദ്ധതികളിൽ പാവപ്പെട്ടവർക്കുള്ള വീടുകളും സ്‌കൂളുകൾ, കോളേജുകൾ എന്നിവയുമായി ബന്ധപ്പെട്ട പദ്ധതികളും ഉൾപ്പെട്ടിട്ടുണ്ടെന്ന് ഈ അവസരത്തിൽ ജനങ്ങളെ അഭിനന്ദിച്ചുകൊണ്ട് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഒരു വിധത്തിൽ ഒരു പുതിയ ഇന്നിംഗ്സ് ആരംഭിക്കുകയാണെന്ന് പറഞ്ഞ അദ്ദേഹം, ജനങ്ങളെയും സ്ത്രീകളെ പ്രത്യേകിച്ചും അഭിവാദ്യം ചെയ്തു. ജുഗ്ഗികൾക്ക് പകരം പക്ക വീടും വാടക വീടുകൾക്ക് പകരം സ്വന്തം വീടുമാണ് പുതിയ തുടക്കമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനങ്ങൾക്ക് അനുവദിച്ച വീടുകൾ ആത്മാഭിമാനത്തിൻ്റെയും പുതിയ ആഗ്രഹങ്ങളുടെയും സ്വപ്നങ്ങളുടെയും പ്രതീകമാണെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു. അവരുടെ ആഘോഷങ്ങളുടെയും ഉത്സാവന്തരീക്ഷങ്ങളുടേയും ഭാഗമാകാൻ താൻ സന്നിഹിതനായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടിയന്തരാവസ്ഥയുടെ ഇരുണ്ട ദിനങ്ങൾ അനുസ്മരിച്ചുകൊണ്ട്, അടിയന്തരാവസ്ഥയ്‌ക്കെതിരായ ഒളിപ്പോരാട്ട പ്രസ്ഥാനത്തിൻ്റെ ഭാഗമായിരുന്ന താനും തന്നെപ്പോലുള്ള മറ്റ് നിരവധി പാർട്ടി പ്രവർത്തകരും അശോക് വിഹാറിൽ താമസിച്ചിരുന്നുവെന്ന് ശ്രീ മോദി പറഞ്ഞു.
"ഇന്ന് രാജ്യം മുഴുവൻ വികസിത് ഭാരത് നിർമ്മാണത്തിൽ വ്യാപൃതരാണ്", ശ്രീ മോദി ഉദ്‌ഘോഷിച്ചു. ഇന്ത്യയിലെ ഓരോ പൗരനും വികസിത ഇന്ത്യയിൽ ഒരു പക്കാ വീട് ഉണ്ടെന്ന് ഉറപ്പാക്കാനുള്ള പ്രമേയവുമായി ഞങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ പ്രമേയത്തിൻ്റെ പൂർത്തീകരണത്തിൽ ഡൽഹിക്ക് വലിയ പങ്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിനാൽ, ജുഗ്ഗികൾക്ക് പകരം പക്കാ വീടുകൾ നിർമിക്കാനുള്ള പദ്ധതിക്ക് കേന്ദ്ര ഗവൺമെന്റ് തുടക്കമിട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രണ്ട് വർഷം മുമ്പ് ജുഗ്ഗി നിവാസികൾക്കായി കൽക്കാജി എക്സ്റ്റൻഷനിൽ മൂവായിരത്തിലധികം വീടുകൾ ഉദ്ഘാടനം ചെയ്യാൻ തനിക്ക് അവസരം ലഭിച്ചിരുന്നുവെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു. നിരവധി തലമുറകളായി ജുഗ്ഗികളിൽ പ്രതീക്ഷകളില്ലാതെ താമസിച്ചിരുന്ന കുടുംബങ്ങൾ ആദ്യമായാണ് പക്ക വീടുകളിലേക്ക് മാറിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതൊരു തുടക്കം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏകദേശം 1500 വീടുകളുടെ താക്കോൽ ഇന്ന് ജനങ്ങൾക്ക് നൽകിയതായി ശ്രീ മോദി എടുത്തുപറഞ്ഞു. സ്വാഭിമാൻ അപ്പാർട്ടുമെൻ്റുകൾ ജനങ്ങളുടെ ആത്മാഭിമാനം വർധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗുണഭോക്താക്കൾക്കിടയിൽ ഒരു പുതിയ ആവേശവും ഊർജവും ഉണ്ടെന്ന് താൻ തിരിച്ചറിഞ്ഞതായി പ്രധാനമന്ത്രി പറഞ്ഞു. വീടിൻ്റെ ഉടമ ആരായാലും ശരി, അവരെല്ലാം തൻ്റെ കുടുംബത്തിൻ്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗവൺമെൻ്റിൻ്റെ പ്രതിബദ്ധത ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, കഴിഞ്ഞ 10 വർഷത്തിനിടയിൽ 4 കോടിയിലധികം ആളുകളുടെ പക്കാ വീട് എന്ന സ്വപ്‌നം തൻ്റെ സർക്കാർ സാക്ഷാത്കരിച്ചതായി പറഞ്ഞു. നിലവിൽ മേൽക്കൂരയില്ലാതെ കഴിയുന്ന എല്ലാവർക്കും എല്ലാ അടിസ്ഥാന സൗകര്യങ്ങളുമുള്ള വീട് തീർച്ചയായും ലഭിക്കുമെന്ന് എല്ലാവരെയും അറിയിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. ഇത്തരം നടപടികൾ ഒരു പാവപ്പെട്ട വ്യക്തിയുടെ ആത്മാഭിമാനം വർധിപ്പിക്കുമെന്നും വികസിത് ഭാരതിൻ്റെ യഥാർത്ഥ ഊർജ്ജമായ ആത്മവിശ്വാസം വളർത്തുമെന്നും ശ്രീ മോദി പറഞ്ഞു. ഡൽഹിയിൽ ഏകദേശം 3000 പുതിയ വീടുകൾ നിർമ്മിക്കുമെന്ന് പ്രഖ്യാപിച്ച അദ്ദേഹം, വരും വർഷത്തിൽ നഗരവാസികൾക്ക് ആയിരക്കണക്കിന് പുതിയ വീടുകൾ ലഭ്യമാക്കുമെന്നും കൂട്ടിച്ചേർത്തു. ശ്രീ മോദി തുടർന്നു പറഞ്ഞു, “ഈ പ്രദേശങ്ങളിൽ ധാരാളം സർക്കാർ ജീവനക്കാർ താമസിക്കുന്നു, അവർ താമസിച്ചിരുന്ന വീടുകൾ വളരെ പഴയതായിരുന്നു. പുതിയതും ആധുനികവുമായ ഭവന നിർമ്മാണം അവർക്ക് മെച്ചപ്പെട്ട ജീവിത നിലവാരം പ്രദാനം ചെയ്യും, അത് അവരുടെ ക്ഷേമത്തോടുള്ള നമ്മുടെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കും.“ നഗരത്തിൽ വർദ്ധിച്ചുവരുന്ന ജനസംഖ്യയുടെയും നഗരവൽക്കരണത്തിൻ്റെയും പശ്ചാത്തലത്തിൽ, നരേല ഉപനഗരത്തിൻ്റെ നിർമ്മാണം വേഗത്തിലാക്കിക്കൊണ്ട് ഡൽഹിയുടെ അടിസ്ഥാന സൗകര്യ വികസനം കേന്ദ്ര ഗവൺമെന്റ് കൂടുതൽ ത്വരിതപ്പെടുത്തുകയാണെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു.
വികസിത ഇന്ത്യയെ രൂപപ്പെടുത്തുന്നതിൽ നഗരങ്ങളുടെ നിർണായക പങ്ക് ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, ഈ നഗര കേന്ദ്രങ്ങളിലാണ് രാജ്യമെമ്പാടുമുള്ള ആളുകൾ അവരുടെ സ്വപ്നങ്ങൾ പിന്തുടരുന്നതെന്നും ചൂണ്ടിക്കാട്ടി. എല്ലാ പൗരന്മാർക്കും ഗുണനിലവാരമുള്ള ഭവനവും വിദ്യാഭ്യാസവും നൽകാനുള്ള ഗവൺമെന്റിൻ്റെ പ്രതിബദ്ധത അദ്ദേഹം ആവർത്തിച്ചു. “നമ്മുടെ നഗരങ്ങൾ ഒരു വികസിത ഇന്ത്യയുടെ അടിത്തറയാണ്. വലിയ സ്വപ്നങ്ങളുമായി ആളുകൾ ഇവിടെയെത്തുന്നു, ആ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ അവർ കഠിനമായി പരിശ്രമിക്കുന്നു. നമ്മുടെ നഗരങ്ങളിലെ എല്ലാ കുടുംബങ്ങൾക്കും ഗുണനിലവാരമുള്ള ജീവിതം നൽകാൻ കേന്ദ്ര ഗവൺമെന്റ് പ്രതിജ്ഞാബദ്ധമാണ്, ” പ്രധാനമന്ത്രി പറഞ്ഞു. ഭവനനിർമ്മാണ മേഖലയിൽ കൈവരിച്ച സുപ്രധാനമായ മുന്നേറ്റങ്ങളെ വിവരിച്ചുകൊണ്ട്, കഴിഞ്ഞ ദശകത്തിൽ രാജ്യത്തുടനീളം 1 കോടിയിലധികം വീടുകൾ നിർമ്മിച്ച പ്രധാനമന്ത്രി ആവാസ് യോജന (അർബൻ) വിജയകരമായി നടപ്പിലാക്കിയതിനെക്കുറിച്ച് പ്രധാനമന്ത്രി പരാമർശിച്ചു. “കഴിഞ്ഞ 10 വർഷത്തിനുള്ളിൽ, ഈ പദ്ധതി പ്രകാരം 30,000 പുതിയ വീടുകൾ ഡൽഹിയിൽ നിർമ്മിച്ചു. ഞങ്ങൾ ഇപ്പോൾ ഈ ശ്രമം വിപുലീകരിക്കുകയാണ്, അടുത്ത ഘട്ടത്തിൽ രാജ്യത്തുടനീളമുള്ള നഗരങ്ങളിലെ പാവപ്പെട്ട കുടുംബങ്ങൾക്കായി ഒരു കോടി വീടുകൾ കൂടി നിർമ്മിക്കും," അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിവർഷം 9 ലക്ഷം രൂപയിൽ താഴെ വരുമാനമുള്ളവർക്ക് ഭവനവായ്പ പലിശനിരക്കിൽ വലിയ സബ്‌സിഡികൾ ഉൾപ്പെടെ, ഇടത്തരം കുടുംബങ്ങൾക്ക് നൽകുന്ന സാമ്പത്തിക സഹായങ്ങളും പ്രധാനമന്ത്രി എടുത്തുപറഞ്ഞു. "പാവപ്പെട്ടവരോ ഇടത്തരക്കാരോ ആകട്ടെ, എല്ലാ കുടുംബങ്ങൾക്കും നല്ലൊരു വീട് സ്വന്തമാക്കാനുള്ള അവസരമുണ്ടെന്ന് ഞങ്ങളുടെ ഗവൺമെന്റ് ഉറപ്പുവരുത്തുന്നുണ്ട്," അദ്ദേഹം കൂട്ടിച്ചേർത്തു.
വിദ്യാഭ്യാസ രംഗത്ത്, എല്ലാ കുട്ടികൾക്കും, പ്രത്യേകിച്ച് പിന്നാക്ക പശ്ചാത്തലത്തിൽ നിന്നുള്ളവർക്ക്, ഗുണനിലവാരമുള്ള വിദ്യാഭ്യാസവും അവസരങ്ങളും മെച്ചപ്പെടുത്തുന്നതിലുള്ള ഗവൺമെൻ്റിൻ്റെ ശ്രദ്ധ പ്രധാനമന്ത്രി ആവർത്തിച്ചു. “ഓരോ കുടുംബവും തങ്ങളുടെ കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം ലഭിക്കുമെന്ന് സ്വപ്നം കാണുന്നു, കൂടാതെ രാജ്യത്തുടനീളം ഉയർന്ന തലത്തിലുള്ള സ്കൂളുകൾ, കോളേജുകൾ, സർവ്വകലാശാലകൾ എന്നിവ നൽകുന്നതിന് കേന്ദ്ര സർക്കാർ പ്രവർത്തിക്കുന്നു,” അദ്ദേഹം പറഞ്ഞു. പാർശ്വവത്കരിക്കപ്പെട്ട സമൂഹങ്ങൾ ഉൾപ്പെടെ എല്ലാ പശ്ചാത്തലങ്ങളിൽ നിന്നുമുള്ള കുട്ടികൾക്ക് വിജയിക്കാനുള്ള അവസരമുണ്ടെന്ന് ഉറപ്പാക്കാൻ മാതൃഭാഷയിൽ പഠിപ്പിക്കുന്നതിന് ഊന്നൽ നൽകുന്ന ദേശീയ വിദ്യാഭ്യാസ നയത്തെയും (എൻഇപി) പ്രധാനമന്ത്രി പ്രശംസിച്ചു. "പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന് കീഴിൽ, ദരിദ്ര കുടുംബങ്ങളിലെ കുട്ടികൾക്ക് ഇപ്പോൾ ഡോക്ടർമാരും എഞ്ചിനീയർമാരും പ്രൊഫഷണലുകളും ആകാനുള്ള വ്യക്തമായ പാതയുണ്ട്," അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ വിദ്യാഭ്യാസ സമ്പ്രദായം മെച്ചപ്പെടുത്തുന്നതിൽ സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ്റെ (സിബിഎസ്ഇ) നിർണായക പങ്കിനെ ശ്രീ മോദി എടുത്തു പറഞ്ഞു. ആധുനിക വിദ്യാഭ്യാസ രീതികളുടെ വിപുലീകരണത്തെ പിന്തുണയ്ക്കുന്നതിനായി ഒരു പുതിയ സിബിഎസ്ഇ കെട്ടിടം നിർമ്മിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. "പുതിയ സിബിഎസ്ഇ കെട്ടിടം ആധുനിക വിദ്യാഭ്യാസം വികസിപ്പിക്കുന്നതിനും വിപുലമായ പരീക്ഷാ രീതികൾ സ്വീകരിക്കുന്നതിനും സഹായിക്കും," അദ്ദേഹം പറഞ്ഞു.
ഉന്നതവിദ്യാഭ്യാസ മേഖലയിൽ ഡൽഹി സർവകലാശാലയുടെ പ്രശസ്തി തുടർച്ചയായി വർധിച്ചുവരികയാണെന്ന് പ്രധാനമന്ത്രി അടിവരയിടുന്നു. “ഡൽഹിയിലെ യുവാക്കൾക്ക് ഇവിടെത്തന്നെ ഉന്നത വിദ്യാഭ്യാസത്തിന് കൂടുതൽ അവസരങ്ങൾ നൽകാനാണ് ഞങ്ങളുടെ ശ്രമം. ഇന്ന്, പുതിയ കാമ്പസുകൾക്ക് തറക്കല്ലിട്ടിരിക്കുന്നു, നൂറുകണക്കിന് വിദ്യാർത്ഥികൾക്ക് ഡൽഹി സർവകലാശാലയിൽ വർഷം തോറും പഠിക്കാൻ കഴിയും. ദീർഘകാലമായി കാത്തിരിക്കുന്ന കിഴക്കൻ, പടിഞ്ഞാറൻ കാമ്പസുകൾ യഥാക്രമം സൂരജ്മൽ വിഹാറിലും ദ്വാരകയിലും വികസിപ്പിക്കും, ”ശ്രീ മോദി കൂട്ടിച്ചേർത്തു. കൂടാതെ, വീർ സവർക്കർ ജിയുടെ പേരിൽ നജഫ്ഗഡിൽ ഒരു പുതിയ കോളേജും നിർമ്മിക്കും.
ഒരു വശത്ത് ഡൽഹിയിലെ വിദ്യാഭ്യാസ സമ്പ്രദായത്തിന് വേണ്ടി കേന്ദ്രഗവൺമെന്റ് പരിശ്രമിക്കുമ്പോൾ മറുവശത്ത് സംസ്ഥാന ഗവൺമെന്റിന്റെ കള്ളത്തരങ്ങളാണെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. "ഡൽഹി സംസ്ഥാന ഗവൺമെന്റ്, പ്രത്യേകിച്ച് വിദ്യാഭ്യാസത്തിനുള്ള ഫണ്ട് ദുരുപയോഗം ചെയ്തുകൊണ്ട് കാര്യമായ ദോഷം വരുത്തി. "സമഗ്ര ശിക്ഷാ അഭിയാൻ" പ്രകാരം അനുവദിച്ച തുക കുട്ടികളുടെ വിദ്യാഭ്യാസത്തിന് പോലും സംസ്ഥാന ഗവൺമെന്റ് ചെലവഴിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. മദ്യ കരാറുകൾ, സ്കൂൾ വിദ്യാഭ്യാസം, പാവപ്പെട്ടവർക്കുള്ള ആരോഗ്യ സംരക്ഷണം, മലിനീകരണ നിയന്ത്രണം, റിക്രൂട്ട്‌മെൻ്റ് തുടങ്ങി വിവിധ മേഖലകളിലെ അഴിമതിയും കുംഭകോണങ്ങളും കഴിഞ്ഞ 10 വർഷങ്ങളായി തുടരുന്നു. അണ്ണാ ഹസാരെയെ ഉപയോഗിച്ച ചില അഴിമതിക്കാരാണ് ഡൽഹിയെ ഈ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടത്”, ശ്രീ മോദി കൂട്ടിച്ചേർത്തു. ഡൽഹി എല്ലായ്‌പ്പോഴും നല്ല ഭരണമാണ് വിഭാവനം ചെയ്യുന്നതെന്നും എന്നാൽ ഭരിക്കുന്ന സംസ്ഥാന ഗവൺമെന്റ് വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടെന്നും സ്ഥിതി കൂടുതൽ വഷളാക്കുകയേയുള്ളൂവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. തൽഫലമായി, ഡൽഹിയിലെ ജനങ്ങൾ ഈ പ്രതിസന്ധിയ്‌ക്കെതിരെ പോരാടാൻ തീരുമാനിച്ചു, മാറ്റം കൊണ്ടുവരുമെന്നും നഗരത്തെ ഈ അഴിമതിയിൽ നിന്ന് മോചിപ്പിക്കുമെന്നും പ്രതിജ്ഞയെടുത്തുവെന്നും ശ്രീ മോദി പറഞ്ഞു.
ഡൽഹിയിലെ റോഡുകൾ, മെട്രോ സംവിധാനങ്ങൾ, ആശുപത്രികൾ, കോളേജ് കാമ്പസുകൾ തുടങ്ങിയ പ്രധാന പദ്ധതികൾ കേന്ദ്ര ഗവൺമെന്റ് കൈകാര്യം ചെയ്യുന്നുണ്ടെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. എന്നിരുന്നാലും, സംസ്ഥാന സർക്കാർ അതിൻ്റെ ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിൽ പരാജയപ്പെട്ടു, പ്രത്യേകിച്ച് യമുനാ നദിയുടെ ശുചീകരണം പോലുള്ള മേഖലകളിൽ. യമുന നദിയെ അവഗണിക്കുന്നത് ജനങ്ങൾക്ക് മലിനജലം ലഭിക്കുന്ന പ്രതിസന്ധിയിലേക്ക് നയിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നല്ല ദേശീയ പദ്ധതികളുടെ ഗുണഫലങ്ങൾ ഡൽഹിയിൽ എത്തുന്നുവെന്ന് ഉറപ്പാക്കുകയാണ് തൻ്റെ ലക്ഷ്യമെന്ന് ശ്രീ മോദി ഊന്നിപ്പറഞ്ഞു. കേന്ദ്ര ഗവൺമെന്റിന്റെ പദ്ധതികൾ പാവപ്പെട്ടവർക്കും ഇടത്തരക്കാർക്കും സാമ്പത്തിക നേട്ടവും സമ്പാദ്യവും നൽകി. ഗവൺമെന്റ് വൈദ്യുതി ബില്ലുകൾ പൂജ്യമാക്കുകയും കുടുംബങ്ങൾക്ക് വൈദ്യുതി ഉൽപ്പാദിപ്പിക്കാനുള്ള അവസരങ്ങൾ നൽകുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി സൂര്യഘർ മുഫ്ത് ബിജ്‌ലി യോജനയിലൂടെ കുടുംബങ്ങൾ വൈദ്യുതി ഉത്പാദകരായി മാറിക്കൊണ്ടിരിക്കുകയാണെന്നും സോളാർ പാനലുകൾ സ്ഥാപിക്കാൻ കേന്ദ്ര ഗവൺമെന്റ് 78,000 രൂപ വാഗ്ദാനം ചെയ്യുന്നുണ്ടെന്നും ശ്രീ മോദി പറഞ്ഞു.
ഡൽഹിയിലെ 75 ലക്ഷം ദരിദ്രരായ ആളുകൾക്ക് കേന്ദ്ര സർക്കാർ സൗജന്യ റേഷൻ നൽകുന്നുണ്ടെന്ന് ശ്രീ മോദി അടിവരയിട്ടു പറഞ്ഞു. "ഒരു രാജ്യം, ഒരു റേഷൻ കാർഡ്" പദ്ധതി ഡൽഹിയിലെ ജനങ്ങൾക്ക് വലിയ സഹായമാണ്.
80 ശതമാനത്തിലധികം വിലക്കിഴിവിൽ മിതമായ നിരക്കിൽ മരുന്നുകൾ ലഭ്യമാക്കുന്നതിനായി ഡൽഹിയിൽ 500-ഓളം ജൻ ഔഷധി കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുണ്ടെന്നും, ഇത് പ്രതിമാസം ആയിരക്കണക്കിന് രൂപ ലാഭിക്കാൻ ആളുകളെ സഹായിക്കുമെന്നും പ്രധാനമന്ത്രി പ്രസ്താവിച്ചു. സൗജന്യ ചികിത്സ വാഗ്ദാനം ചെയ്യുന്ന ആയുഷ്മാൻ പദ്ധതിയുടെ ആനുകൂല്യങ്ങൾ ഡൽഹിയിലെ ജനങ്ങൾക്ക് ലഭ്യമാക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും എന്നാൽ ആയുഷ്മാൻ പദ്ധതി ഇവിടെ ഡൽഹിയിൽ നടപ്പാക്കാൻ സംസ്ഥാന സർക്കാർ അനുവദിക്കുന്നില്ലെന്നും ശ്രീ മോദി പറഞ്ഞു. ഇതുമൂലം ഡൽഹിയിലെ ജനങ്ങൾ ദുരിതത്തിലാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിലൂടെ ഡൽഹിയിലെ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താനുള്ള കേന്ദ്ര ഗവൺമെന്റിൻ്റെ പ്രതിജ്ഞാബദ്ധത ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, 70 വയസ്സിനു മുകളിലുള്ള പ്രായമായ പൗരന്മാരെ ഉൾപ്പെടുത്തുന്നതിനായി കേന്ദ്ര ഗവൺമെന്റ് ആയുഷ്മാൻ ഭാരത് യോജന വിപുലീകരിച്ചതായും പറഞ്ഞു. സംസ്ഥാന ഗവൺമെന്റിൻ്റെ സ്വാർത്ഥതയും ധാർഷ്ട്യവും പിടിവാശിയും കാരണം ഡൽഹിയിലെ ജനങ്ങൾക്ക്, പ്രത്യേകിച്ച് പ്രായമായവർക്ക് ഇതിൽ നിന്ന് പ്രയോജനം ലഭിക്കുന്നില്ല. ഡൽഹി നിവാസികളുടെ ആവശ്യങ്ങൾ അഭിസംബോധന ചെയ്യാൻ കേന്ദ്ര ഗവൺമെന്റ് പൂർണ്ണ സംവേദനക്ഷമതയോടെ പ്രവർത്തിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഡൽഹിയിലെ കോളനികൾ ക്രമപ്പെടുത്താനുള്ള കേന്ദ്ര ഗവൺമെൻ്റിൻ്റെ ശ്രമങ്ങൾ ലക്ഷക്കണക്കിന് ആളുകൾക്ക് പ്രയോജനം ചെയ്തിട്ടുണ്ടെന്നും ശ്രീ മോദി എടുത്തുപറഞ്ഞു. വെള്ളം, ഡ്രെയിനേജ് തുടങ്ങിയ അവശ്യ സേവനങ്ങൾ ലഭ്യമാക്കുന്നതിൽ സംസ്ഥാന ഗവൺമെന്റ് പരാജയപ്പെട്ടെന്ന് അദ്ദേഹം വിമർശിച്ചു. ഈ പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് ശ്രീ മോദി ഡൽഹിയിലെ ജനങ്ങൾക്ക് ഉറപ്പ് നൽകി.
എല്ലാ വീട്ടിലും പൈപ്പ് വഴിയുള്ള പ്രകൃതിവാതകം ലഭ്യമാക്കൽ, പുതിയ ഹൈവേകളുടെയും എക്‌സ്പ്രസ് വേകളുടെയും നിർമ്മാണം തുടങ്ങിയ ഡൽഹിയുടെ അടിസ്ഥാന സൗകര്യ വികസനത്തിൽ നടന്നുകൊണ്ടിരിക്കുന്ന പുരോഗതി എടുത്തുപറഞ്ഞുകൊണ്ട്, “പദ്ധതികളിൽ സംസ്ഥാനം ഇടപെടാത്തതിനാൽ, ഈ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്. ഡൽഹി നിവാസികളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിന് ഈ സംഭവവികാസങ്ങൾ നിർണായകമാണ്” എന്നും അദ്ദേഹം പറഞ്ഞു. ശിവമൂർത്തി മുതൽ നെൽസൺ മണ്ടേല മാർഗ് വരെയുള്ള ടണൽ നിർമാണം, നിരവധി പ്രധാന എക്‌സ്പ്രസ് വേകളുടെ കണക്ഷൻ എന്നിവ ഉൾപ്പെടുത്തുന്നതിനായി അടുത്തിടെ നിർദ്ദേശിച്ച ഗതാഗത പരിഹാരങ്ങളും അദ്ദേഹം പരാമർശിച്ചു. ഈ നിർദ്ദേശങ്ങൾ അംഗീകരിച്ചിട്ടുണ്ടെന്നും ഭാവിയിൽ ഗതാഗതക്കുരുക്ക് ഗണ്യമായി കുറയ്ക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
2025-ലേക്കുള്ള തൻ്റെ കാഴ്ചപ്പാട് വിശദീകരിച്ചുകൊണ്ട് പ്രധാനമന്ത്രി തൻ്റെ പ്രസംഗം ഉപസംഹരിച്ചു. “2025 ഡൽഹിയിൽ സദ്ഭരണത്തിൻ്റെ ഒരു പുതിയ യുഗം കൊണ്ടുവരും. ഇത് ‘രാഷ്ട്രം ആദ്യം, ജനങ്ങൾ ആദ്യം’ എന്ന മനോഭാവത്തെ ശക്തിപ്പെടുത്തുകയും രാഷ്ട്രനിർമ്മാണത്തിലും പൊതുക്ഷേമത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു പുതിയ രാഷ്ട്രീയത്തിൻ്റെ തുടക്കം കുറിക്കുകയും ചെയ്യും,” ശ്രീ മോദി പറഞ്ഞു. വീടുകളുടെ താക്കോൽ ലഭിച്ചവരെയും പുതിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ലഭിച്ച ഡൽഹിയിലെ ജനങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു.
കേന്ദ്ര ഭവന, നഗരകാര്യ മന്ത്രി ശ്രീ മനോഹർ ലാൽ, വിദ്യാഭ്യാസ മന്ത്രി ശ്രീ ധർമേന്ദ്ര പ്രധാൻ, ഡൽഹി ലെഫ്റ്റനൻ്റ് ഗവർണർ ശ്രീ വിനയ് കുമാർ സക്‌സേന എന്നിവരും മറ്റ് പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.
പശ്ചാത്തലം
'എല്ലാവർക്കും വീട്' എന്ന തൻ്റെ പ്രതിജ്ഞാബദ്ധതയ്ക്ക് അനുസൃതമായി, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഡൽഹിയിലെ അശോക് വിഹാറിലെ സ്വാഭിമാൻ അപ്പാർട്ട്‌മെൻ്റിൽ ഇൻ-സിറ്റു ചേരി പുനരധിവാസ പദ്ധതിക്ക് കീഴിലുള്ള ജുഗ്ഗി ജോപ്രി (ജെജെ) ക്ലസ്റ്ററുകളിലെ താമസക്കാർക്കായി പുതുതായി നിർമ്മിച്ച ഫ്ലാറ്റുകൾ സന്ദർശിച്ചു.
ജെ ജെ ക്ലസ്റ്ററുകളിലെ താമസക്കാർക്കായി പുതുതായി നിർമിച്ച 1,675 ഫ്‌ളാറ്റുകളുടെ ഉദ്ഘാടനവും ഡൽഹിയിലെ അശോക് വിഹാറിലെ സ്വാഭിമാൻ അപ്പാർട്ട്‌മെൻ്റിൽ അർഹരായ ഗുണഭോക്താക്കൾക്കുള്ള താക്കോൽദാനവും പ്രധാനമന്ത്രി നിർവഹിച്ചു. പുതുതായി നിർമിച്ച ഫ്ലാറ്റുകളുടെ ഉദ്ഘാടനത്തോടെ, ഡൽഹി വികസന അതോറിറ്റിയുടെ (ഡിഡിഎ) വിജയകരമായ രണ്ടാമത്തെ ഇൻ-സിറ്റു ചേരി പുനരധിവാസ പദ്ധതിയുടെ പൂർത്തീകരണമാണ് സാധ്യമാകുന്നത്. ഡൽഹിയിലെ ജെജെ ക്ലസ്റ്ററുകളിലെ താമസക്കാർക്ക് ശരിയായ സൗകര്യങ്ങളും സൗകര്യങ്ങളുമുള്ള മെച്ചപ്പെട്ട ആരോഗ്യകരമായ ജീവിത അന്തരീക്ഷം പ്രദാനം ചെയ്യുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
ഗവൺമെന്റ് ഒരു ഫ്ലാറ്റ് നിർമ്മാണത്തിനായി ചെലവഴിക്കുന്ന ഓരോ 25 ലക്ഷം രൂപയ്ക്കും, അർഹരായ ഗുണഭോക്താക്കൾ ആകെ തുകയുടെ 7% ൽ താഴെയാണ് നൽകുന്നത്, നാമമാത്രമായ വിഹിതമായി 1.42 ലക്ഷം രൂപയും അഞ്ച് വർഷത്തെ അറ്റകുറ്റപ്പണിക്ക് 30,000 രൂപയും ഉൾപ്പെടുന്നു.
നൗറോജി നഗറിലെ വേൾഡ് ട്രേഡ് സെൻ്റർ (ഡബ്ല്യുടിസി), സരോജിനി നഗറിലെ ജനറൽ പൂൾ റെസിഡൻഷ്യൽ അക്കോമഡേഷൻ (ജിപിആർഎ) ടൈപ്പ്-2 ക്വാർട്ടേഴ്സ് എന്നീ രണ്ട് നഗര പുനർവികസന പദ്ധതികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.
നൗറോജി നഗറിലെ വേൾഡ് ട്രേഡ് സെൻ്റർ 600-ലധികം തകർന്ന ക്വാർട്ടേഴ്സുകൾക്ക് പകരം അത്യാധുനിക വാണിജ്യ ടവറുകൾ സ്ഥാപിച്ച് ഈ പ്രദേശത്തെ മാറ്റിമറിച്ചു, നൂതന സൗകര്യങ്ങളോടെ ഏകദേശം 34 ലക്ഷം ചതുരശ്ര അടി പ്രീമിയം വാണിജ്യ ഇടം വാഗ്ദാനം ചെയ്തു. സീറോ ഡിസ്ചാർജ് കൺസെപ്റ്റ്, സൗരോർജ്ജ ഉൽപ്പാദനം, മഴവെള്ള സംഭരണ സംവിധാനങ്ങൾ തുടങ്ങിയ വ്യവസ്ഥകളോടെയുള്ള ഗ്രീൻ ബിൽഡിംഗ് രീതികൾ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സരോജിനി നഗറിലെ GPRA ടൈപ്പ്-II ക്വാർട്ടേഴ്സിൽ 28 ടവറുകൾ ഉൾപ്പെടുന്നു, അത് 2,500-ലധികം റെസിഡൻഷ്യൽ യൂണിറ്റുകൾ ഉൾക്കൊള്ളുന്നു, അത് ആധുനിക സൗകര്യങ്ങളും സ്ഥലത്തിൻ്റെ കാര്യക്ഷമമായ ഉപയോഗവും വാഗ്ദാനം ചെയ്യുന്നു. പദ്ധതിയുടെ രൂപകൽപ്പനയിൽ മഴവെള്ള സംഭരണ സംവിധാനങ്ങൾ, മലിനജല, ജല ശുദ്ധീകരണ പ്ലാൻ്റുകൾ, പരിസ്ഥിതി ബോധമുള്ള ജീവിതത്തെ പ്രോത്സാഹിപ്പിക്കുന്ന സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന മാലിന്യ കോംപാക്‌ടറുകൾ എന്നിവ ഉൾപ്പെടുന്നു.
ഡൽഹിയിലെ ദ്വാരകയിൽ 300 കോടി രൂപ ചെലവിൽ നിർമിച്ച സിബിഎസ്ഇയുടെ ഇൻ്റഗ്രേറ്റഡ് ഓഫീസ് കോംപ്ലക്‌സിൻ്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിച്ചു. ഓഫീസുകൾ, ഓഡിറ്റോറിയം, അഡ്വാൻസ്ഡ് ഡാറ്റാ സെൻ്റർ, സമഗ്രമായ ജല മാനേജ്മെൻ്റ് സിസ്റ്റം എന്നിവ ഇതിൽ ഉൾപ്പെടുന്നു. പരിസ്ഥിതി സൗഹൃദ കെട്ടിടം ഉയർന്ന പരിസ്ഥിതി നിലവാരത്തിലാണ് നിർമ്മിച്ചിരിക്കുന്നത്, ഇന്ത്യൻ ഗ്രീൻ ബിൽഡിംഗ് കൗൺസിലിൻ്റെ (ഐജിബിസി) പ്ലാറ്റിനം റേറ്റിംഗ് മാനദണ്ഡങ്ങൾക്കനുസൃതമായാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഡൽഹി സർവ്വകലാശാലയിൽ 600 കോടിയിലധികം രൂപയുടെ മൂന്ന് പുതിയ പദ്ധതികൾക്ക് പ്രധാനമന്ത്രി തറക്കല്ലിട്ടു. കിഴക്കൻ ഡൽഹിയിലെ സൂരജ്മൽ വിഹാറിലെ ഈസ്റ്റേൺ കാമ്പസും ദ്വാരകയിലെ വെസ്റ്റേൺ കാമ്പസും ഇതിൽ ഉൾപ്പെടുന്നു. നജഫ്ഗഡിലെ റോഷൻപുരയിൽ വിദ്യാഭ്യാസത്തിനുള്ള അത്യാധുനിക സൗകര്യങ്ങളുള്ള വീർ സവർക്കർ കോളേജ് കെട്ടിടവും ഇതിൽ ഉൾപ്പെടുന്നു.
-SK-
(Release ID: 2090047)
Visitor Counter : 23
Read this release in:
Odia
,
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada