ആഭ്യന്തരകാര്യ മന്ത്രാലയം
azadi ka amrit mahotsav

കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ ന്യൂഡൽഹിയിൽ ദ്വീപ് വികസന ഏജൻസിയുടെ (ഐഡിഎ) ഏഴാമത് യോഗത്തിന് അധ്യക്ഷത വഹിച്ചു

'പിഎം സൂര്യ ഘർ' പദ്ധതി പ്രകാരം ആൻഡമാൻ-നിക്കോബാർ ദ്വീപുകളിലെയും ലക്ഷദ്വീപിലെയും എല്ലാ വീടുകളിലും 100 ശതമാനം സൗരോർജ്ജ പാനലുകൾ സ്ഥാപിക്കണം.

ഇരു ദ്വീപുകളിലും സൗര പാനലുകളിലൂടെയും വിൻഡ് മില്ലുകളിലൂടെയും 100% പുനരുല്പാദിപ്പിക്കാവുന്ന ഊർജം കൈവരിക്കാൻ ലക്ഷ്യമിടുന്നു.

ഈ ദ്വീപുകൾ ഡൽഹിയിൽ നിന്ന് വളരെ അകലെയാണെങ്കിലും, അവ നമ്മുടെ ഹൃദയത്തോട് അടുത്താണ്.ഇവിടെ അടിസ്ഥാന സൗകര്യ വികസനം, ടൂറിസം സൗകര്യങ്ങൾ എന്നിവ വർധിപ്പിക്കുകയാണ് ഗവൺമെന്റിന്റെ മുൻഗണന.

മോദി ഗവണ്മെന്റ് ഈ ദ്വീപുകളുടെ സംസ്കാരവും പൈതൃകവും സംരക്ഷിക്കുകയും വികസന പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുകയും ചെയ്യുന്നു

വിനോദസഞ്ചാരം, വ്യാപാരം, മറ്റ് മേഖലകൾ എന്നിവയുമായി ബന്ധപ്പെട്ട പദ്ധതികളിൽ രണ്ട് ദ്വീപ സമൂഹങ്ങളിലെയും ബന്ധപ്പെട്ട എല്ലാ മന്ത്രാലയങ്ങളും ഏകോപനത്തോടെ പ്രവർത്തിക്കണം.

Posted On: 03 JAN 2025 5:56PM by PIB Thiruvananthpuram
ന്യൂ ഡൽഹി, 03 ജനുവരി 2025
 
കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷായുടെ അധ്യക്ഷതയിൽ ദ്വീപ് വികസന ഏജൻസിയുടെ (ഐഡിഎ) ഏഴാമത് യോഗം ഇന്ന് ന്യൂഡൽഹിയിൽ ചേർന്നു. ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ ലഫ്റ്റനൻ്റ് ഗവർണർ അഡ്മിറൽ (റിട്ട.) ശ്രീ ഡി കെ ജോഷി, ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ ശ്രീ പ്രഫുൽ പട്ടേൽ, കേന്ദ്ര ആഭ്യന്തര സെക്രട്ടറി ശ്രീ ഗോവിന്ദ് മോഹൻ, വിവിധ കേന്ദ്ര മന്ത്രാലയങ്ങളിലെ സെക്രട്ടറിമാർ, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
 
 
 യോഗത്തിൽ, ആൻഡമാൻ നിക്കോബാർ ദ്വീപുകളിലും ലക്ഷദ്വീപിലും നടന്നുകൊണ്ടിരിക്കുന്ന വികസന സംരംഭങ്ങളുടെ പുരോഗതി കേന്ദ്ര ആഭ്യന്തര, സഹകരണ വകുപ്പ് മന്ത്രി ശ്രീ അമിത് ഷാ അവലോകനം ചെയ്തു. ആഭ്യന്തര മന്ത്രാലയവും ആൻഡമാൻ നിക്കോബാർ ദ്വീപ് ഭരണകൂടവും ലക്ഷദ്വീപ് ഭരണകൂടവും ഡിജിറ്റൽ കണക്റ്റിവിറ്റി, വ്യോമ കണക്റ്റിവിറ്റി, തുറമുഖ വികസനം എന്നീ മേഖലകളിലെ വികസനം ഉൾപ്പെടെ വിവിധ വികസന പദ്ധതികളെക്കുറിച്ച് സമഗ്ര അവതരണം നടത്തി.
 
ആൻഡമാൻ നിക്കോബാർ ദ്വീപുകളിലും ലക്ഷദ്വീപിലും സൗരോർജ്ജ, കാറ്റ് ഊർജ്ജ സംരംഭങ്ങൾ പുരോഗമിക്കേണ്ടതിൻ്റെ പ്രാധാന്യം കേന്ദ്ര ആഭ്യന്തര മന്ത്രി ചൂണ്ടിക്കാട്ടി. ഈ പ്രദേശങ്ങളിൽ സൗര പാനലുകളിലൂടെയും വിൻഡ് മില്ലുകളിലൂടെയും 100% പുനരുല്പാദിപ്പിക്കാവുന്ന ഊർജ ഉൽപ്പാദനം എന്ന ലക്ഷ്യം കൈവരിക്കാൻ അദ്ദേഹം ഊന്നൽ നൽകി. രണ്ട് ദ്വീപ സമൂഹങ്ങളിലെയും എല്ലാ വീടുകളിലും സൗര പാനലുകൾ സ്ഥാപിച്ച് 'പിഎം സൂര്യ ഘർ' പദ്ധതി നടപ്പിലാക്കാൻ കേന്ദ്ര നവ-പുനരുപയോഗ ഊർജ (എംഎൻആർഇ) മന്ത്രാലയത്തോട് ശ്രീ ഷാ നിർദ്ദേശിച്ചു.
 
ഈ ദ്വീപുകൾ ഡൽഹിയിൽ നിന്ന് വളരെ അകലെയാണെങ്കിലും അവ നമ്മുടെ ഹൃദയത്തോട് ചേർന്നുനിൽക്കുന്നവയാണെന്നും ഇവിടെ അടിസ്ഥാന സൗകര്യങ്ങളും വിനോദസഞ്ചാര സൗകര്യങ്ങളും വികസിപ്പിക്കുന്നതിനാണ്  സർക്കാരിൻ്റെ മുൻഗണനയെന്നും ശ്രീ അമിത് ഷാ പറഞ്ഞു. മോദി സർക്കാർ ദ്വീപുകളുടെ സംസ്കാരവും പൈതൃകവും സംരക്ഷിക്കുകയും വികസന പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുകയും ചെയ്യുന്നു. രണ്ട് ദ്വീപ് സമൂഹങ്ങളിലും അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് സമഗ്ര സമീപനത്തിൻ്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. വിനോദസഞ്ചാരം, വ്യാപാരം, മറ്റ് പ്രധാന മേഖലകൾ എന്നിവയുമായി ബന്ധപ്പെട്ട സംരംഭങ്ങളിൽ സഹകരിക്കാൻ ബന്ധപ്പെട്ട എല്ലാ കേന്ദ്ര മന്ത്രാലയങ്ങളോടും അദ്ദേഹം ആവശ്യപ്പെട്ടു. തീർപ്പുകൽപ്പിക്കാത്ത പ്രശ്നങ്ങൾ പരിഹരിക്കാനും നിലവിലുള്ള പദ്ധതികൾ വേഗത്തിലാക്കാനും ശ്രീ ഷാ വ്യക്തമായ നിർദ്ദേശം നൽകി.

(Release ID: 2090040) Visitor Counter : 20