സാംസ്‌കാരിക മന്ത്രാലയം
'രാജ്യം മുഴുവനും ഐക്യമുള്ളതാകട്ടെ ’ എന്നതാണ് മഹാ കുംഭമേളയുടെ സന്ദേശം: പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി
സമൂഹത്തിലെ ഭിന്നിപ്പും വിദ്വേഷവും ഇല്ലാതാക്കാൻ ദൃഢനിശ്ചയം ചെയ്യാൻ പ്രധാനമന്ത്രി പൗരന്മാരോട് ആഹ്വാനം ചെയ്തു
രാജ്യത്ത് നിന്നും ലോകമെമ്പാടും നിന്നുമുള്ള ഭക്തർ ഡിജിറ്റൽ മഹാ കുംഭമേളയ്ക്ക് ആദ്യമായി സാക്ഷ്യം വഹിക്കും: പ്രധാനമന്ത്രി
Posted On:
29 DEC 2024 6:01PM by PIB Thiruvananthpuram
മഹാ കുംഭത്തിൻ്റെ പ്രത്യേകത അതിൻ്റെ വിശാലതയിൽ മാത്രമല്ല, അതിൻ്റെ വൈവിധ്യത്തിലുമാണ് എന്ന് മൻ കി ബാത്തിൻ്റെ 117-ാം പതിപ്പിൽ
രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഇന്ന്, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രസ്താവിച്ചു. കോടിക്കണക്കിന് ജനങ്ങളാണ് ഈ പരിപാടിക്കായി ഒത്തുകൂടുന്നത്. ലക്ഷക്കണക്കിന് സന്യാസിമാർ, ആയിരക്കണക്കിന് പാരമ്പര്യങ്ങൾ , നൂറുകണക്കിന് വിഭാഗങ്ങൾ, നിരവധി അഖാരകൾ, എല്ലാവരും ഈ പരിപാടിയുടെ ഭാഗമാകുന്നു. എവിടെയും വിവേചനമില്ലെന്നും ആരും വലിയവരോ , ആരും ചെറിയവരോ അല്ലെന്നും ശ്രീ മോദി എടുത്തുപറഞ്ഞു. നാനാത്വത്തിൽ ഏകത്വത്തിൻ്റെ ഈ ദൃശ്യം ലോകത്ത് മറ്റൊരിടത്തും കാണില്ല. അതുകൊണ്ട് നമ്മുടെ കുംഭം, ഐക്യത്തിൻ്റെ മഹാ കുംഭം കൂടിയാണ്. വരാനിരിക്കുന്ന മഹാ കുംഭം, ഐക്യത്തിൻ്റെ മഹാ കുംഭം എന്ന മന്ത്രത്തിനും ശക്തി പകരും. ഐക്യത്തിൻ്റെ ദൃഢനിശ്ചയത്തോടെ മഹാകുംഭത്തിൽ പങ്കെടുക്കാൻ അദ്ദേഹം പൗരന്മാരോട് ആഹ്വാനം ചെയ്തു. “സമൂഹത്തിലെ ഭിന്നിപ്പും വിദ്വേഷവും ഇല്ലാതാക്കാൻ നമുക്കും പ്രതിജ്ഞയെടുക്കാം. കുറഞ്ഞ വാക്കുകളിൽ പറയണമെങ്കിൽ, ഞാൻ പറയും" മഹാ കുംഭ് കാ സന്ദേശ്, ഏക് ഹോ പൂര ദേശ്”- മഹാ കുംഭത്തിൻ്റെ സന്ദേശം, രാജ്യം മുഴുവൻ ഒരുമിക്കട്ടെ എന്നാണ് . മറ്റൊരു തരത്തിൽ പറഞ്ഞാൽ, 'ഗംഗാ കി അവിരാൽ ധാരാ, നാ ബന്തേ സമാജ് ഹമാരാ'-ഗംഗയുടെ തടസ്സമില്ലാത്ത ഒഴുക്ക് പോലെ, നമ്മുടെ സമൂഹം അവിഭക്തമാകട്ടെ," അദ്ദേഹം പറഞ്ഞു.
ഇത്തവണ പ്രയാഗ്‌രാജിൽ രാജ്യത്തെയും ലോകത്തെയും വിശ്വാസികൾ ഡിജിറ്റൽ മഹാ കുംഭത്തിന് സാക്ഷികളാകുമെന്ന് ശ്രീ മോദി അറിയിച്ചു. ഡിജിറ്റൽ നാവിഗേഷൻ്റെ സഹായത്തോടെ, നിങ്ങൾക്ക് വിവിധ ഘാട്ടുകൾ, ക്ഷേത്രങ്ങൾ, സാധുക്കളുടെ അഖാരകൾ എന്നിവയിൽ എത്തിച്ചേരാനാകും. ഇതേ നാവിഗേഷൻ സംവിധാനം പാർക്കിംഗ് സ്ഥലങ്ങളിൽ എത്താനും നിങ്ങളെ സഹായിക്കും. കുംഭ് പരിപാടിയിൽ ആദ്യമായി ഒരു എ ഐ ചാറ്റ്ബോട്ട് ഉപയോഗിക്കുന്നു . കുംഭവുമായി ബന്ധപ്പെട്ട എല്ലാത്തരം വിവരങ്ങളും എ ഐ ചാറ്റ്ബോട്ട് വഴി 11 ഇന്ത്യൻ ഭാഷകളിൽ ലഭ്യമാകും. ടെക്‌സ്‌റ്റ് ടൈപ്പ് ചെയ്‌തോ സംസാരിച്ചോ ഈ ചാറ്റ്‌ബോട്ടിലൂടെ ആർക്കും ഏത് തരത്തിലുള്ള സഹായവും ആവശ്യപ്പെടാം. മേളയുടെ പ്രദേശം മുഴുവൻ AI- പവർ ക്യാമറകൾ കൊണ്ട് നിരീക്ഷിക്കുന്നു . കുംഭ മേളയിൽ ആരെങ്കിലും അടുത്ത ബന്ധുക്കളിൽ നിന്ന് വേർപിരിയപ്പെട്ടാൽ , അവരെ കണ്ടെത്താൻ ഈ ക്യാമറകൾ സഹായിക്കും. നഷ്ടപ്പെട്ടവരെ കണ്ടെത്താനുള്ള ഡിജിറ്റൽ കേന്ദ്രത്തിൻ്റെ സൗകര്യവും ഭക്തർക്ക് ലഭിക്കും. ഗവണ്മെന്റ് അംഗീകൃത ടൂർ പാക്കേജുകൾ, താമസം, ഹോം-സ്റ്റേ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും ഭക്തർക്ക് അവരുടെ മൊബൈൽ ഫോണിൽ നൽകും. മഹാ കുംഭം സന്ദർശിക്കുമ്പോൾ ഈ സൗകര്യങ്ങൾ പ്രയോജനപ്പെടുത്താനും #EktaKaMahakumbh ഉപയോഗിച്ച് സെൽഫി അപ്‌ലോഡ് ചെയ്യാനും ശ്രീ മോദി ജനങ്ങളോട് ആഹ്വാനം ചെയ്തു.
ഇന്ത്യൻ സംസ്‌കാരത്തിൻ്റെ പ്രഭ ഇന്ന് ലോകത്തിൻ്റെ എല്ലായിടത്തേക്കും വ്യാപിക്കുന്നതെങ്ങനെയെന്നും രാജ്യത്തെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഈജിപ്തിൽ നിന്നുള്ള 13 വയസ്സുള്ള ദിവ്യാംഗ് പെൺകുട്ടി തൻ്റെ വായ് കൊണ്ട് വരച്ച താജ്മഹലിൻ്റെ മനോഹരമായ ഒരു ചിത്രത്തെക്കുറിച്ച് അദ്ദേഹം പരാമർശിച്ചു. ഏതാനും ആഴ്ചകൾക്ക് മുമ്പ് ഈജിപ്തിൽ നിന്നുള്ള 23,000 വിദ്യാർത്ഥികൾ ഒരു പെയിൻ്റിംഗ് മത്സരത്തിൽ പങ്കെടുത്തിരുന്നു.അവിടെ ഇന്ത്യൻ സംസ്കാരവും ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്ര ബന്ധങ്ങളും പ്രതിപാദിക്കുന്ന ചിത്രങ്ങളായിരുന്നു വരയ്ക്കേണ്ടിയിരുന്നത്. "അവരുടെ സർഗ്ഗാത്മകതയെ എത്ര പ്രശംസിച്ചാലും മതിയാകില്ല" എന്ന് ഈ മത്സരത്തിൽ പങ്കെടുത്ത യുവാക്കളെ അഭിനന്ദിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.
****************************
(Release ID: 2088769)
Visitor Counter : 26