പ്രധാനമന്ത്രിയുടെ ഓഫീസ്
മധ്യപ്രദേശിലെ ഖജുരാഹോയില്‍ കെന്‍-ബെത്വ നദി ബന്ധിപ്പിക്കുന്ന ദേശീയ പദ്ധതിക്കു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തറക്കല്ലിട്ടു
പ്രധാനമന്ത്രി ഓംകാരേശ്വര്‍ ഫ്‌ലോട്ടിംഗ് സോളാര്‍ പദ്ധതി ഉദ്ഘാടനം ചെയ്തു
1153 അടല്‍ ഗ്രാം സുശാസന്‍ കെട്ടിടങ്ങള്‍ക്ക് പ്രധാനമന്ത്രി തറക്കല്ലിട്ടു
മുന്‍ പ്രധാനമന്ത്രി ശ്രീ അടല്‍ ബിഹാരി വാജ്പേയിയുടെ നൂറാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ഒരു സ്മരണിക സ്റ്റാമ്പും നാണയവും പ്രധാനമന്ത്രി പ്രകാശനം ചെയ്തു
ഇന്ന് നമുക്കെല്ലാവര്‍ക്കും വളരെ പ്രചോദനാത്മകമായ ദിവസമാണ്, ഇന്ന് ബഹുമാനപ്പെട്ട അടല്‍ ജിയുടെ ജന്മദിനമാണ്: പ്രധാനമന്ത്രി
കെന്‍-ബെത്വ ലിങ്ക് പദ്ധതി ബുന്ദേല്‍ഖണ്ഡ് മേഖലയില്‍ സമൃദ്ധിയുടെയും സന്തോഷത്തിന്റെയും പുതിയ വാതിലുകള്‍ തുറക്കും: പ്രധാനമന്ത്രി
കഴിഞ്ഞ ദശകം ഇന്ത്യയുടെ ചരിത്രത്തില്‍ ജലസുരക്ഷയുടെയും ജലസംരക്ഷണത്തിന്റെയും അഭൂതപൂര്‍വമായ ദശകമായി ഓര്‍മ്മിക്കപ്പെടും: പ്രധാനമന്ത്രി
രാജ്യത്തുനിന്നും വിദേശത്തുനിന്നുമുള്ള എല്ലാ വിനോദസഞ്ചാരികള്‍ക്കും ആവശ്യമായ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ കേന്ദ്ര ഗവണ്‍മെന്റ് നിരന്തരം ശ്രമിക്കുന്നു: പ്രധാനമന്ത്രി
Posted On:
25 DEC 2024 3:27PM by PIB Thiruvananthpuram
മുന്‍ പ്രധാനമന്ത്രി ശ്രീ അടല്‍ ബിഹാരി വാജ്പേയിയുടെ നൂറാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച്, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മധ്യപ്രദേശിലെ ഖജുരാഹോയില്‍ ഒന്നിലധികം വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വഹിച്ചു. സമ്മേളനത്തെ അഭിസംബോധന ചെയ്ത ശ്രീ മോദി, ഇന്ത്യയിലെയും ലോകത്തെയും ക്രിസ്ത്യന്‍ സമൂഹത്തിലെ ജനങ്ങള്‍ക്ക് ക്രിസ്മസ് ആശംസകള്‍ നേര്‍ന്നു. മുഖ്യമന്ത്രി ഡോ. മോഹന്‍ യാദവിന്റെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റ് രൂപീകൃതമായി ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ കാര്യം അനുസ്മരിച്ചുകൊണ്ട് ശ്രീ മോദി അതിനു മധ്യപ്രദേശിലെ ജനങ്ങളെ അഭിനന്ദിച്ചു. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ആയിരക്കണക്കിന് കോടി രൂപയുടെ പുതിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ നടപ്പാക്കിയതിനൊപ്പം വികസന പ്രവര്‍ത്തനങ്ങള്‍ വേഗത്തിലായതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചരിത്രപ്രസിദ്ധമായ കെന്‍-ബേത്വ നദികളെ ബന്ധിപ്പിക്കുന്ന പദ്ധതി, ദൗധന്‍ അണക്കെട്ട്, മധ്യപ്രദേശിലെ ആദ്യ സൗരോര്‍ജ പദ്ധതിയായ ഓംകാരേശ്വര്‍ ഫ്‌ളോട്ടിങ് സൗരോര്‍ജ പദ്ധതി എന്നിവയ്ക്ക് ഇന്ന് തറക്കല്ലിട്ടതായി പ്രധാനമന്ത്രി വ്യക്തമാക്കി. അതിന് അദ്ദേഹം മധ്യപ്രദേശിലെ ജനങ്ങളെ അഭിനന്ദിക്കുകയും ചെയ്തു.
ഭാരതരത്ന ശ്രീ അടല്‍ ബിഹാരി വാജ്പേയിയുടെ ജന്മശതാബ്ദിയോടനുബന്ധിച്ച് ഇന്ന് അങ്ങേയറ്റം പ്രചോദനാത്മകമായ ദിനമാണെന്നു വ്യക്തമാക്കിയ പ്രധാനമന്ത്രി, സദ്ഭരണത്തിന്റെയും നല്ല സേവനത്തിന്റെയും ഉത്സവം നമുക്കെല്ലാവര്‍ക്കും പ്രചോദനമായി വര്‍ത്തിക്കുന്നതായി പറഞ്ഞു. സ്മരണികാ സ്റ്റാമ്പും നാണയവും പ്രകാശനം ചെയ്തുകൊണ്ട് ശ്രീ വാജ്‌പേയിയെ അനുസ്മരിക്കവെ, ശ്രീ വാജ്‌പേയി വര്‍ഷങ്ങളായി തന്നെപ്പോലെയുള്ള നിരവധി പാദസേവകരെ പരിപോഷിപ്പിക്കുകയും ഉപദേശിക്കുകയും ചെയ്തുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ വികസനത്തിനായുള്ള അടല്‍ജിയുടെ സേവനം നമ്മുടെ സ്മരണയില്‍ എന്നും മായാതെ നിലനില്‍ക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 1100-ലധികം അടല്‍ ഗ്രാം സുഷാന്‍ സദനിന്റെ പ്രവര്‍ത്തനങ്ങള്‍ ഇന്ന് മുതല്‍ നടക്കുമെന്നും അതിനുള്ള ആദ്യ ഗഡു അനുവദിച്ചിട്ടുണ്ടെന്നും ശ്രീ മോദി അറിയിച്ചു. അടല്‍ ഗ്രാമസേവാ സദന്‍, ഗ്രാമങ്ങളുടെ വികസനത്തിന് വഴിയൊരുക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
സദ്ഭരണ ദിനം ഒരു ദിവസത്തെ മാത്രം കാര്യമല്ലെന്ന് ഊന്നിപ്പറഞ്ഞ ശ്രീ മോദി, 'നമ്മുടെ ഗവണ്‍മെന്റുകളുടെ വ്യക്തിത്വമാണു നല്ല ഭരണം' എന്നു പറഞ്ഞു. കേന്ദ്രത്തില്‍ തുടര്‍ച്ചയായി മൂന്നാം തവണയും സേവനമനുഷ്ഠിക്കാന്‍ അവസരം നല്‍കിയതിനും മധ്യപ്രദേശില്‍ തുടര്‍ച്ചയായി സേവനം ചെയ്യാന്‍ അവസരം നല്‍കിയതിനും ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ പ്രധാനമന്ത്രി, സദ്ഭരണമാണ് ഇതിനു പിന്നിലെ ഏറ്റവും ശക്തമായ ഘടകമെന്നു വ്യക്തമാക്കി. സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം പൂര്‍ത്തിയാക്കിയ ഘട്ടത്തില്‍ വികസനം, പൊതുക്ഷേമം, സദ്ഭരണം എന്നീ മാനദണ്ഡങ്ങളെ അടിസ്ഥാനപ്പെടുത്തി രാജ്യത്തെ വിലയിരുത്താന്‍ ബുദ്ധിജീവികളോടും രാഷ്ട്രീയ വിശകലന വിദഗ്ധരോടും മറ്റു പ്രമുഖ അക്കാദമിക് വിദഗ്ധരോടും പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു. ജനങ്ങളെ സേവിക്കാന്‍ അവസരം ലഭിച്ചപ്പോഴെല്ലാം ജനങ്ങളുടെ ക്ഷേമവും വികസന പ്രവര്‍ത്തനങ്ങളും ഉറപ്പാക്കുന്നതില്‍ തങ്ങളുടെ ഗവണ്‍മെന്റ് വിജയിച്ചിട്ടുണ്ടെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ''ചില മാനദണ്ഡങ്ങളിലൂടെ നമ്മളെ വിലയിരുത്തുകയാണെങ്കില്‍, സാധാരണക്കാരോട് നമ്മള്‍ എത്രമാത്രം അര്‍പ്പണബോധമുള്ളവരാണെന്ന് രാജ്യം കാണും'' എന്ന് ശ്രീ മോദി പറഞ്ഞു. നമ്മുടെ രാജ്യത്തിനായി രക്തം ചൊരിഞ്ഞ നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ ഗവണ്‍മെന്റ് അക്ഷീണം പ്രയത്‌നിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സദ്ഭരണത്തിന് നല്ല പദ്ധതികള്‍ മാത്രമല്ല, ഫലപ്രദമായി നടപ്പാക്കലും ആവശ്യമാണെന്ന് അടിവരയിട്ട പ്രധാനമന്ത്രി, ഗവണ്‍മെന്റ് പദ്ധതികള്‍ ജനങ്ങള്‍ക്ക് എത്രത്തോളം പ്രയോജനം ചെയ്യുന്നു എന്നതാണ് സദ്ഭരണത്തിന്റെ അളവുകോല്‍ എന്ന് എടുത്തുപറഞ്ഞു. പ്രഖ്യാപനങ്ങള്‍ നടത്തിയ മുന്‍ ഗവണ്‍മെന്റുകളുടെ കാലത്ത്, ഉദ്ദേശ്യശുദ്ധിയും നടപ്പാക്കുന്നതിലെ ഗൗരവവും ഇല്ലാത്തതിനാല്‍ ആനുകൂല്യങ്ങള്‍ ജനങ്ങളിലേക്ക് എത്തിയില്ലെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. അദ്ദേഹം, മധ്യപ്രദേശിലെ കര്‍ഷകര്‍ക്ക് 12,000 രൂപ ലഭിക്കുന്ന പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പോലുള്ള പദ്ധതികളുടെ നേട്ടങ്ങള്‍ ഊന്നിപ്പറയുകയും ജന്‍ധന്‍ ബാങ്ക് അക്കൗണ്ടുകള്‍ തുറന്ന് ഇത് സാധ്യമാക്കിയെന്നു കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. ആധാറും മൊബൈല്‍ നമ്പരുമായി ബാങ്ക് അക്കൗണ്ടുകള്‍ ബന്ധിപ്പിക്കാതെ അത് സാധ്യമാകുമായിരുന്നില്ല എന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി മധ്യപ്രദേശിലെ ലാഡ്ലി ബെഹ്ന യോജനയെ എടുത്തുപറഞ്ഞു. മുമ്പ് വിലകുറഞ്ഞ റേഷന്‍ പദ്ധതികള്‍ നിലവിലുണ്ടായിരുന്നുവെങ്കിലും, പാവപ്പെട്ടവര്‍ക്ക് റേഷന്‍ ലഭിക്കാന്‍ പാടുപെടേണ്ടിയിരുന്നു. എന്നാല്‍ ഇന്ന് ദരിദ്രര്‍ക്ക് സുതാര്യതയോടെ സൗജന്യ റേഷന്‍ ലഭിക്കുന്നു. തട്ടിപ്പ് ഇല്ലാതാക്കുന്ന സാങ്കേതികവിദ്യയും ഒരു രാജ്യം, ഒരു റേഷന്‍ കാര്‍ഡ് തുടങ്ങിയ രാജ്യവ്യാപക സൗകര്യങ്ങളും അവതരിപ്പിച്ചതിന് നന്ദി.
സദ്ഭരണം എന്നാല്‍ പൗരന്മാര്‍ തങ്ങളുടെ അവകാശങ്ങള്‍ക്കായി ഗവണ്‍മെന്റിനോട് യാചിക്കേണ്ടി വരികയോ ഗവണ്‍മെന്റ് ഓഫീസുകള്‍ക്ക് ചുറ്റും ഓടുകയോ ചെയ്യേണ്ടിവരരുതെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു. 100% ഗുണഭോക്താക്കളെ 100% ആനുകൂല്യങ്ങളുമായി ബന്ധിപ്പിക്കുക എന്നതാണ് അവരുടെ നയമെന്ന് അദ്ദേഹം എടുത്തുപറഞ്ഞു, ഇത് അവരുടെ ഗവണ്‍മെന്റുകളെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമാക്കുന്നു. രാജ്യം മുഴുവന്‍ ഇതിനു സാക്ഷ്യം വഹിക്കുന്നുണ്ടെന്നും അതിനാലാണ് അവര്‍ക്ക് സേവനത്തിനുള്ള അവസരം ആവര്‍ത്തിച്ച് നല്‍കിയതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
നിലവിലെയും ഭാവിയിലെയും വെല്ലുവിളികളെ സദ്ഭരണം അഭിസംബോധന ചെയ്യുന്നുവെന്ന് ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, നിര്‍ഭാഗ്യവശാല്‍ മുന്‍ ഗവണ്‍മെന്റുകളുടെ തെറ്റായ ഭരണം കാരണം ബുന്ദേല്‍ഖണ്ഡിലെ ജനങ്ങള്‍ ദശാബ്ദങ്ങളോളം വലിയ ദുരിതങ്ങള്‍ അനുഭവിച്ചുവെന്ന് പറഞ്ഞു. ഫലപ്രദമായ ഭരണത്തിന്റെ അഭാവം മൂലം ബുന്ദേല്‍ഖണ്ഡിലെ കര്‍ഷകരും സ്ത്രീകളും നിരവധി തലമുറകള്‍ ഓരോ തുള്ളി വെള്ളത്തിനും വേണ്ടി പാടുപെടുന്നുണ്ടെന്നും ജലപ്രതിസന്ധിക്ക് ശാശ്വതമായ പരിഹാരത്തെ കുറിച്ച് പഴയ ഭരണകാലഘട്ടങ്ങളില്‍ ചിന്തിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയ്ക്ക് നദീജലം എത്രത്തോളം പ്രധാനമാണെന്ന് ആദ്യമായി മനസ്സിലാക്കിയവരില്‍ ഒരാളാണ് ഡോ. ബി ആര്‍ അംബേദ്കറെന്നും ഇന്ത്യയിലെ പ്രധാന നദീതട പദ്ധതികള്‍ ഡോ. അംബേദ്കറുടെ കാഴ്ചപ്പാടിനെ അടിസ്ഥാനമാക്കിയുള്ളതാണെന്നും ശ്രീ മോദി എടുത്തുപറഞ്ഞു, അദ്ദേഹത്തിന്റെ ശ്രമഫലമായാണ് കേന്ദ്ര ജലകമ്മീഷന്‍ സ്ഥാപിക്കപ്പെട്ടതും. ജലസംരക്ഷണത്തിനും വലിയ അണക്കെട്ട് പദ്ധതികള്‍ക്കും ഡോ.അംബേദ്കര്‍ നല്‍കിയ സംഭാവനകള്‍ക്ക് മുന്‍ ഗവണ്‍മെന്റുകള്‍ അര്‍ഹമായ അംഗീകാരം നല്‍കിയിട്ടില്ലെന്നും അവര്‍ ഒരിക്കലും ഈ ശ്രമങ്ങളില്‍ ഗൗരവം കല്‍പിച്ചിട്ടില്ലെന്നും ഓര്‍മിപ്പിച്ച പ്രധാനമന്ത്രി അതില്‍ വേദന പ്രകടിപ്പിച്ചു. ഏഴു പതിറ്റാണ്ടുകള്‍ക്കുശേഷവും ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഇപ്പോഴും ജല തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്ന് ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, മുന്‍ ഭരണകാലത്തെ ഉദ്ദേശ്യശുദ്ധിയുടെ അഭാവവും തെറ്റായ ഭരണനിര്‍വ്വഹണവും മൂര്‍ത്തമായ ശ്രമങ്ങളെ തടഞ്ഞുവെന്ന് അഭിപ്രായപ്പെട്ടു.
മുന്‍കാലത്ത് ശ്രീ വാജ്പേയിയുടെ ഗവണ്‍മെന്റ് ജലവുമായി ബന്ധപ്പെട്ട വെല്ലുവിളികളെ ഗൗരവമായി അഭിമുഖീകരിക്കാന്‍ തുടങ്ങിയിരുന്നുവെന്നും എന്നാല്‍ 2004ന് ശേഷം അത്തരം പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കപ്പെട്ടുവെന്നും ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, തന്റെ ഗവണ്‍മെന്റ് ഇപ്പോള്‍ രാജ്യത്തുടനീളമുള്ള നദികളെ ബന്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ ത്വരിതപ്പെടുത്തുകയാണെന്ന് ഊന്നിപ്പറഞ്ഞു. ബുന്ദേല്‍ഖണ്ഡ് മേഖലയില്‍ സമൃദ്ധിയുടെയും സന്തോഷത്തിന്റെയും പുതിയ വാതിലുകള്‍ തുറന്ന് കെന്‍-ബെത്വ ലിങ്ക് പദ്ധതി യാഥാര്‍ത്ഥ്യമാകാന്‍ പോകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മധ്യപ്രദേശിലെ ഛത്തര്‍പൂര്‍, ടികാംഗഡ്, നിവാരി, പന്ന, ദാമോ, സാഗര്‍ എന്നിവയുള്‍പ്പെടെ 10 ജില്ലകള്‍ക്ക് ജലസേചന സൗകര്യം നല്‍കുന്ന കെന്‍-ബെത്വ ബന്ധന പദ്ധതിയുടെ പ്രയോജനങ്ങള്‍ വ്യക്തമാക്കികൊണ്ട്, ഉത്തര്‍പ്രദേശിലെ ബന്ദ, മഹോബ, ലളിത്പൂര്‍, ഝാന്‍സി ജില്ലകള്‍ ഉള്‍പ്പെടെ.
ബുന്ദേല്‍ഖണ്ഡ് മേഖലയ്ക്കും പദ്ധതി പ്രയോജനപ്പെടുമെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു.
'നദികള്‍ ബന്ധിപ്പിക്കുന്ന മഹത്തായ പ്രചരണത്തിനു കീഴില്‍ രണ്ടു പദ്ധതികള്‍ ആരംഭിക്കുന്ന രാജ്യത്തെ ആദ്യത്തെ സംസ്ഥാനമായി മധ്യപ്രദേശ് മാറി', ശ്രീ മോദി പറഞ്ഞു. തന്റെ സമീപകാല രാജസ്ഥാന്‍ സന്ദര്‍ശന വേളയില്‍ പര്‍ബതി-കലിസിന്ധ്-ചമ്പല്‍, കെന്‍-ബെത്വ ബന്ധന പദ്ധതികള്‍ വഴി നിരവധി നദികളെ ബന്ധിപ്പിക്കുന്നത് സ്ഥിരീകരിച്ചതായി അദ്ദേഹം എടുത്തുപറഞ്ഞു. ഈ കരാര്‍ മധ്യപ്രദേശിനും കാര്യമായ നേട്ടമുണ്ടാക്കുമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്നാണ് ജലസുരക്ഷ,' ശ്രീ മോദി ചൂണ്ടിക്കാട്ടി. ആവശ്യത്തിന് ജലമുള്ള രാജ്യങ്ങളും പ്രദേശങ്ങളും മാത്രമേ പുരോഗതി പ്രാപിക്കുകയുള്ളൂവെന്നും സമൃദ്ധമായ വയലുകള്‍ക്കും അഭിവൃദ്ധി പ്രാപിക്കുന്ന വ്യവസായങ്ങള്‍ക്കും ജലം അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം എടുത്തുപറഞ്ഞു. വര്‍ഷത്തില്‍ ഭൂരിഭാഗവും വരള്‍ച്ച അനുഭവപ്പെടുന്ന ഗുജറാത്തില്‍ നിന്ന് വന്ന താന്‍ വെള്ളത്തിന്റെ പ്രാധാന്യം മനസ്സിലാക്കുന്നു എന്നും മധ്യപ്രദേശില്‍ നിന്നുള്ള നര്‍മ്മദാ നദിയുടെ അനുഗ്രഹം ഗുജറാത്തിന്റെ വിധി മാറ്റിമറിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു. മധ്യപ്രദേശിലെ വരള്‍ച്ചബാധിത പ്രദേശങ്ങളെ ജലക്ഷാമത്തില്‍ നിന്ന് മോചിപ്പിക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ബുന്ദേല്‍ഖണ്ഡിലെ ജനങ്ങള്‍ക്ക്, പ്രത്യേകിച്ച് കര്‍ഷകര്‍ക്കും സ്ത്രീകള്‍ക്കും, അവരുടെ ബുദ്ധിമുട്ടുകള്‍ കുറയ്ക്കാന്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുമെന്ന് താന്‍ വാഗ്ദാനം ചെയ്തതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഈ കാഴ്ചപ്പാടിനനുസൃതമായാണ് ബുന്ദേല്‍ഖണ്ഡിനായി 45,000 കോടി രൂപയുടെ, ജലവുമായി ബന്ധപ്പെട്ട പദ്ധതി രൂപീകരിച്ചതെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. മധ്യപ്രദേശിലെയും ഉത്തര്‍പ്രദേശിലെയും അവരുടെ ഗവണ്‍മെന്റുകള്‍ക്കു തുടര്‍ച്ചയായി പ്രോല്‍സാഹനം നല്‍കിയെന്നും അത് കെന്‍-ബെത്വാ ബന്ധിത പദ്ധതിക്കു കീഴില്‍ ദൗധന്‍ അണക്കെട്ടിന്റെ ശിലാസ്ഥാപനത്തിലേക്കു നയിച്ചു എന്നും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ഏകദേശം 11 ലക്ഷം ഹെക്ടര്‍ ഭൂമിക്കു വെള്ളം നല്‍കുന്ന നൂറുകണക്കിന് കിലോമീറ്ററുകളോളം നീളുന്ന കനാല്‍ ഈ അണക്കെട്ടിലുണ്ടാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
'കഴിഞ്ഞ ദശകം ഇന്ത്യയുടെ ചരിത്രത്തില്‍ ജലസുരക്ഷയുടെയും സംരക്ഷണത്തിന്റെയും അഭൂതപൂര്‍വമായ ദശകമായി ഓര്‍മ്മിക്കപ്പെടും', ശ്രീ മോദി പറഞ്ഞു. മുന്‍ ഗവണ്‍മെന്റുകള്‍ ജലവുമായി ബന്ധപ്പെട്ട ചുമതലകള്‍ വിവിധ വകുപ്പുകള്‍ക്കിടയില്‍ വിഭജിച്ചിരുന്നു, എന്നാല്‍ ഈ പ്രശ്‌നം പരിഹരിക്കാന്‍ ജല്‍ ശക്തി മന്ത്രാലയം സൃഷ്ടിച്ചത് തന്റെ ഗവണ്‍െന്റാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാ വീട്ടിലും ടാപ്പ് വെള്ളം ലഭ്യമാക്കുന്നതിനുള്ള ഒരു ദേശീയ ദൗത്യം ആദ്യമായി ആരംഭിച്ചതായി ശ്രീ മോദി ഊന്നിപ്പറഞ്ഞു. സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഏഴു പതിറ്റാണ്ടുകളില്‍ 3 കോടി ഗ്രാമീണ കുടുംബങ്ങള്‍ക്ക് മാത്രമേ ടാപ്പ് കണക്ഷനുണ്ടായിരുന്നുള്ളൂവെന്ന് എടുത്തുപറഞ്ഞ ശ്രീ മോദി, കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ 12 കോടി പുതിയ കുടുംബങ്ങള്‍ക്ക് ടാപ്പ് വെള്ളം നല്‍കിയിട്ടുണ്ടെന്നും ഈ പദ്ധതിക്കായി 3.5 ലക്ഷം കോടിയിലധികം രൂപ ചെലവഴിച്ചതായും ശ്രീ മോദി പറഞ്ഞു. ജല്‍ ജീവന്‍ മിഷന്റെ മറ്റൊരു ഭാഗമായ ജലത്തിന്റെ ഗുണനിലവാര പരിശോധനയെ പ്രധാനമന്ത്രി ഉയര്‍ത്തിക്കാട്ടി. രാജ്യത്തുടനീളം 2,100 ജല ഗുണനിലവാര ലാബുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും ഗ്രാമങ്ങളില്‍ 25 ലക്ഷം സ്ത്രീകള്‍ക്ക് കുടിവെള്ളം പരിശോധിക്കാന്‍ പരിശീലനം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ സംരംഭം ആയിരക്കണക്കിന് ഗ്രാമങ്ങളെ മലിനജലം കുടിക്കാന്‍ നിര്‍ബന്ധിതമാകുന്ന അവസ്ഥയില്‍ നിന്ന് മോചിപ്പിക്കുകയും കുട്ടികളെയും മുതിര്‍ന്നവരെയും രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്തുവെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
2014-ന് മുമ്പ്, പതിറ്റാണ്ടുകളായി അപൂര്‍ണമായി കിടന്നിരുന്ന നൂറോളം വന്‍കിട ജലസേചന പദ്ധതികള്‍ രാജ്യത്തുണ്ടായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഈ പഴയ ജലസേചന പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ തന്റെ ഗവണ്‍മെന്റ് ആയിരക്കണക്കിന് കോടികള്‍ ചെലവഴിച്ചതായും ആധുനിക ജലസേചന സാങ്കേതിക വിദ്യകളുടെ ഉപയോഗം വര്‍ധിപ്പിച്ചതായും ശ്രീ മോദി എടുത്തുപറഞ്ഞു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ മധ്യപ്രദേശിലെ അഞ്ച് ലക്ഷം ഹെക്ടര്‍ ഉള്‍പ്പെടെ ഏകദേശം ഒരു കോടി ഹെക്ടര്‍ ഭൂമി സൂക്ഷ്മ ജലസേചന സൗകര്യങ്ങളാല്‍ ബന്ധിപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഓരോ തുള്ളി വെള്ളവും ഫലപ്രദമായി വിനിയോഗിക്കുന്നതിനുള്ള നിരന്തരമായ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് ശ്രീ മോദി ഊന്നിപ്പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം പ്രമാണിച്ച് ഓരോ ജില്ലയിലും 75 അമൃത് സരോവറുകള്‍ സൃഷ്ടിക്കുന്നതിനുള്ള പ്രചരണം ഉയര്‍ത്തിക്കാട്ടി. രാജ്യവ്യാപകമായി മൂന്ന് ലക്ഷത്തിലധികം റീചാര്‍ജ് കിണറുകള്‍ നിര്‍മ്മിച്ചുകൊണ്ട് ജലശക്തി അഭിയാനും ക്യാച്ച് ദ റെയിന്‍ കാമ്പെയ്നും ആരംഭിച്ചത് പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു. നഗര-ഗ്രാമ പ്രദേശങ്ങളില്‍ നിന്നുള്ള സജീവ പങ്കാളിത്തത്തോടെ ഈ പ്രചാരണങ്ങളുടെ നേതൃത്വം ജനങ്ങള്‍ ഏറ്റെടുക്കുന്നുണ്ടെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. മധ്യപ്രദേശ് ഉള്‍പ്പെടെ ഭൂഗര്‍ഭജലനിരപ്പ് ഏറ്റവും താഴ്ന്ന സംസ്ഥാനങ്ങളില്‍ അടല്‍ ഭൂജല്‍ യോജന നടപ്പാക്കുന്നുണ്ടെന്നു പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു.
വിനോദസഞ്ചാരത്തില്‍ മധ്യപ്രദേശ് എക്കാലവും മുന്‍പന്തിയിലാണെന്നും യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുകയും രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുകയും ചെയ്യുന്ന മേഖലയാണ് വിനോദസഞ്ചാരമെന്നും മോദി പറഞ്ഞു. ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറാന്‍ പോവുകയാണെന്ന് പറഞ്ഞ അദ്ദേഹം, ഇന്ത്യയെക്കുറിച്ചുള്ള ആഗോള താല്‍പര്യം വര്‍ധിച്ചുവരികയാണെന്നും ഇന്ത്യയെ അറിയാനും മനസ്സിലാക്കാനും ലോകം ആഗ്രഹിക്കുന്നുവെന്നും ഇത് മധ്യപ്രദേശിന് വളരെയധികം ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിലെ ഏറ്റവും ആകര്‍ഷകമായ പത്ത് വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നായി മധ്യപ്രദേശിനെ വിശേഷിപ്പിച്ചുകൊണ്ട് ഒരു അമേരിക്കന്‍ പത്രത്തില്‍ അടുത്തിടെ വന്ന ഒരു റിപ്പോര്‍ട്ട് പ്രധാനമന്ത്രി എടുത്തുപറഞ്ഞു.
ആഭ്യന്തര, അന്തര്‍ദേശീയ വിനോദസഞ്ചാരികള്‍ക്ക് യാത്ര സുഗമമാക്കുന്നതിനുള്ള സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ കേന്ദ്ര ഗവണ്‍മെന്റ് തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അടിവരയിട്ടു പറഞ്ഞുകൊണ്ട്, വിദേശ വിനോദസഞ്ചാരികള്‍ക്കായി ഗവണ്‍മെന്റ് ഇ-വിസ പദ്ധതികള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ഇന്ത്യയില്‍ പൈതൃകവും വന്യജീവി വിനോദസഞ്ചാരവും വിപുലീകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. മധ്യപ്രദേശിലെ വിനോദസഞ്ചാരത്തിനുള്ള അസാധാരണമായ സാധ്യതകളെ വിശദീകരിച്ചുകൊണ്ട്, ഖജുരാഹോ പ്രദേശം ചരിത്രപരവും ആത്മീയവുമായ പൈതൃകങ്ങളാല്‍ സമ്പന്നമാണെന്നും കന്ദാരിയ മഹാദേവ്, ലക്ഷ്മണ ക്ഷേത്രം, ചൗസത് യോഗിനി ക്ഷേത്രം തുടങ്ങിയ സ്ഥലങ്ങളാല്‍ സമ്പന്നമാണെന്നും ശ്രീ മോദി പറഞ്ഞു. ഇന്ത്യയില്‍ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനായി, ഖജുരാഹോയില്‍ ഒരു അത്യാധുനിക രാജ്യാന്തര കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മ്മിച്ചു നടത്തിയത് ഉള്‍പ്പെടെ രാജ്യത്തുടനീളം ജി-20 യോഗങ്ങള്‍ നടന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിനോദസഞ്ചാര മേഖലയെക്കുറിച്ച് കൂടുതല്‍ ചര്‍ച്ച ചെയ്ത ശ്രീ മോദി, കേന്ദ്ര ഗവണ്‍മെന്റിന്റെ സ്വദേശ് ദര്‍ശന്‍ പദ്ധതിക്ക് കീഴില്‍, പരിസ്ഥിതസൗഹൃദപരമായ വിനോദസഞ്ചാര സൗകര്യങ്ങളും വിനോദസഞ്ചാരികള്‍ക്ക് പുതിയ സൗകര്യങ്ങളും വികസിപ്പിക്കുന്നതിന് നൂറുകണക്കിന് കോടികള്‍ മധ്യപ്രദേശിന് അനുവദിച്ചതായി ഓര്‍മിപ്പിച്ചു. ഗാന്ധി സാഗര്‍, ഓംകാരേശ്വര്‍ അണക്കെട്ട്, ഇന്ദിരാ സാഗര്‍ അണക്കെട്ട്, ഭേദഘട്ട്, ബന്‍സാഗര്‍ അണക്കെട്ട് എന്നിവ പരിസ്ഥിതസൗഹൃദ സര്‍ക്യൂട്ടിന്റെ ഭാഗമാണെന്നും സാഞ്ചിയും മറ്റ് ബുദ്ധമത കേന്ദ്രങ്ങളും ബുദ്ധ സര്‍ക്യൂട്ടിലൂടെ ബന്ധിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഖജുരാഹോ, ഗ്വാളിയോര്‍, ഓര്‍ക്കാ, ചന്ദേരി, മണ്ടു തുടങ്ങിയ സ്ഥലങ്ങളെ ഹെറിറ്റേജ് സര്‍ക്യൂട്ടിന്റെ ഭാഗമായി ബന്ധിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പന്ന നാഷണല്‍ പാര്‍ക്കും വൈല്‍ഡ് ലൈഫ് സര്‍ക്യൂട്ടില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും കഴിഞ്ഞ വര്‍ഷം രണ്ടരലക്ഷത്തോളം വിനോദസഞ്ചാരികള്‍ പന്ന ടൈഗര്‍ റിസര്‍വ് സന്ദര്‍ശിച്ചതായും പ്രധാനമന്ത്രി പറഞ്ഞു. ലിങ്ക് കനാല്‍ നിര്‍മിക്കുന്നത് പന്ന കടുവാ സങ്കേതത്തിലെ വന്യജീവികളെയും പരിഗണിച്ചാണ് എന്നതില്‍ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു.
വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ പ്രാദേശിക സമ്പദ്വ്യവസ്ഥയെ ഗണ്യമായി ശക്തിപ്പെടുത്തുമെന്ന് സൂചിപ്പിച്ച പ്രധാനമന്ത്രി, വിനോദസഞ്ചാരികള്‍ പ്രാദേശിക വസ്തുക്കള്‍ വാങ്ങുമെന്നും ഓട്ടോ, ടാക്‌സി സേവനങ്ങള്‍, ഹോട്ടലുകള്‍, ധാബകള്‍, ഹോംസ്റ്റേകള്‍, ഗസ്റ്റ് ഹൗസുകള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഉപയോഗിക്കുമെന്നും വിശദീകരിച്ചു. പാല്‍, തൈര്, പഴങ്ങള്‍, പച്ചക്കറികള്‍ തുടങ്ങിയ ഉല്‍പന്നങ്ങള്‍ക്ക് മെച്ചപ്പെട്ട വില ലഭിക്കുന്നതിനാല്‍ കര്‍ഷകര്‍ക്കും പ്രയോജനം ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ വിവിധ മേഖലകളില്‍ ശ്രദ്ധേയമായ പുരോഗതി കൈവരിച്ചതിന് മധ്യപ്രദേശിനെ അഭിനന്ദിച്ച ശ്രീ മോദി, വരും ദശകങ്ങളില്‍ മധ്യപ്രദേശ് രാജ്യത്തെ ഏറ്റവും മികച്ച സമ്പദ്വ്യവസ്ഥകളിലൊന്നായി മാറുമെന്നും അതില്‍ ബുന്ദേല്‍ഖണ്ഡ് ഒരു പ്രധാന പങ്ക് വഹിക്കുമെന്നും അഭിപ്രായപ്പെട്ടു. വികസിത ഇന്ത്യക്കായി മധ്യപ്രദേശിനെ വികസിത സംസ്ഥാനമാക്കി മാറ്റുന്നതിന് കേന്ദ്രത്തിലെയും സംസ്ഥാനത്തിലെയും ഗവണ്‍മെന്റുകള്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നത് തുടരുമെന്ന് പ്രസംഗം ഉപസംഹരിച്ചുകൊണ്ട് ശ്രീ മോദി ഉറപ്പുനല്‍കി.
മധ്യപ്രദേശ് ഗവര്‍ണര്‍, ശ്രീ മംഗുഭായ് സി. പട്ടേല്‍, മധ്യപ്രദേശ് മുഖ്യമന്ത്രി, ഡോ. മോഹന്‍ യാദവ്, കേന്ദ്ര കൃഷി, കര്‍ഷക ക്ഷേമ മന്ത്രി, ശ്രീ ശിവരാജ് സിംഗ് ചൗഹാന്‍, സാമൂഹ്യനീതി- ശാക്തീകരണ മന്ത്രി ശ്രീ വീരേന്ദ്ര കുമാര്‍, കേന്ദ്ര ജലശക്തി മന്ത്രി ശ്രീ സി ആര്‍ പാട്ടീല്‍ എന്നിവരും മറ്റു പ്രമുഖരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
പശ്ചാത്തലം
കെന്‍-ബെത്വ നദിയെ ബന്ധിപ്പിക്കുന്ന ദേശീയ പദ്ധതിക്ക് പ്രധാനമന്ത്രി തറക്കല്ലിട്ടു, ദേശീയ വീക്ഷണ പദ്ധതി പ്രകാരം നദികളെ ബന്ധിപ്പിക്കുന്ന രാജ്യത്തെ ആദ്യത്തെ പദ്ധതിയാണിത്. ഈ പദ്ധതി മധ്യപ്രദേശിലെയും ഉത്തര്‍പ്രദേശിലെയും വിവിധ ജില്ലകളില്‍ ലക്ഷക്കണക്കിന് കര്‍ഷക കുടുംബങ്ങള്‍ക്ക് ജലസേചന സൗകര്യം ലഭ്യമാക്കും. മേഖലയിലെ ജനങ്ങള്‍ക്ക് കുടിവെള്ള സൗകര്യവും പദ്ധതിയിലൂടെ ലഭിക്കും. ഇതോടൊപ്പം ജലവൈദ്യുത പദ്ധതികള്‍ ഹരിത ഊര്‍ജമായി 100 മെഗാവാട്ടില്‍ കൂടുതല്‍ സംഭാവന ചെയ്യും. ഗ്രാമീണ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനൊപ്പം ഈ പദ്ധതി നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും.
1153 അടല്‍ ഗ്രാം സുശാസന്‍ കെട്ടിടങ്ങളുടെ തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്തുകളുടെ പ്രവര്‍ത്തനത്തിലും ഉത്തരവാദിത്തങ്ങളിലും പ്രാദേശിക തലത്തില്‍ നല്ല ഭരണം സാധ്യമാക്കുന്നതില്‍ ഈ കെട്ടിടങ്ങള്‍ ഒരു പ്രധാന പങ്ക് വഹിക്കും.
ഊര്‍ജ പര്യാപ്തതയ്ക്കും ഹരിത ഊര്‍ജം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള തന്റെ പ്രതിബദ്ധതയ്ക്ക് അനുസൃതമായി, മധ്യപ്രദേശിലെ ഖാണ്ഡവ ജില്ലയിലെ ഓംകാരേശ്വരില്‍ സ്ഥാപിച്ച ഓംകാരേശ്വര്‍ ഫ്‌ളോട്ടിങ് സൗരോര്‍ജ പദ്ധതി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. പദ്ധതി കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുകയും 2070-ഓടെ നെറ്റ് സീറോ കാര്‍ബണ്‍ എമിഷന്‍ എന്ന ഗവണ്‍മെന്റിന്റെ ദൗത്യത്തിന് സംഭാവനകള്‍ അര്‍പ്പിക്കുകയും ചെയ്യും. ജലബാഷ്പീകരണം കുറയ്ക്കുന്നതിലൂടെ ജലസംരക്ഷണത്തിനും ഇത് സഹായകമാകും.
-NK-
(Release ID: 2087888)
Visitor Counter : 43
Read this release in:
English
,
Telugu
,
Urdu
,
Marathi
,
Hindi
,
Manipuri
,
Bengali-TR
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Kannada