തൊഴില്‍, ഉദ്യോഗ മന്ത്രാലയം
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി ശ്രീമതി അനുപ്രിയ പട്ടേൽ 2024ലെ 21-ാമത് സി ഐ ഐ ആരോഗ്യ ഉച്ച കോടിയെ അഭിസംബോധന ചെയ്തു
Posted On:
19 DEC 2024 3:07PM by PIB Thiruvananthpuram
ന്യൂഡൽഹി : 19 ഡിസംബർ 2024
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി ശ്രീമതി. അനുപ്രിയ പട്ടേൽ കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയുടെ (സിഐഐ) 21-ാമത് ആരോഗ്യ ഉച്ചകോടിയെ അഭിസംബോധന ചെയ്തു . കേന്ദ്ര ആരോഗ്യ സെക്രട്ടറി ശ്രീമതി പുണ്യ സലില ശ്രീവാസ്തവയും പങ്കെടുത്തു. "വികസിത ഭാരതം 2047-നായി ആരോഗ്യ സംരക്ഷണ പ്രവർത്തനങ്ങളെ പരിവർത്തനം ചെയ്യുക" എന്നതാണ് ഉച്ചകോടിയുടെ പ്രമേയം.
“ഇന്ത്യയുടെ മെഡ്‌ടെക് വിപ്ലവം : 2047-ലേക്കായുള്ള മെഡ്‌ടെക് വിപുലീകരണ കർമ്മ പദ്ധതി” എന്ന വിഷയത്തെക്കുറിച്ചുള്ള പ്ലീനറി സെഷനിൽ “രാജ്യത്തിൻ്റെ വർദ്ധിച്ചുവരുന്ന ആരോഗ്യ സംരക്ഷണ ആവശ്യകത, സാങ്കേതിക കണ്ടുപിടുത്തങ്ങൾ, ഗവണ്മെന്റ് പിന്തുണ, ഉയർന്നുവരുന്ന വിപണി അവസരങ്ങൾ എന്നിവയിലൂടെ വിപുലമായ വളർച്ചാ സാധ്യതകളുള്ള ഇന്ത്യൻ മെഡിക്കൽ ഉപകരണ മേഖല, ആരോഗ്യരംഗത്തെ ഒരു 3ഉയർന്നുവരുന്ന മേഖലയാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.ഈ മേഖലയുടെ വലുപ്പം ഏകദേശം 14 ബില്യൺ ഡോളറാണെന്നും 2030 ഓടെ ഇത് 30 ബില്യൺ ഡോളറായി വളരുമെന്നും അവർ അറിയിച്ചു. ജപ്പാൻ, ചൈന, ദക്ഷിണ കൊറിയ എന്നിവയ്ക്ക് പിന്നാലെ ഏഷ്യയിലെ നാലാമത്തെ വലിയ മെഡിക്കൽ ഉപകരണ വിപണിയാണ് ഇന്ത്യയെന്നും അവർ എടുത്തുപറഞ്ഞു. ലോകത്തിലെ മികച്ച 20 മെഡിക്കൽ ഉപകരണ വിപണികളിൽ ഒന്നാണ് ഇന്ത്യ .
മെഡ്‌ടെക് വ്യവസായം ആരോഗ്യ സംരക്ഷണത്തിൻ്റെ ഒരു ഘടകം മാത്രമല്ലെന്നും കൂടുതൽ ശക്തവും കൂടുതൽ തുല്യവുമായ ആരോഗ്യ പരിരക്ഷാ സംവിധാനം സൃഷ്ടിക്കുന്നതിന് രോഗികളെയും പണമടയ്ക്കുന്നവരെയും ദാതാക്കളെയും റെഗുലേറ്റർമാരെയും ബന്ധിപ്പിക്കുന്ന ഉത്തേജകമാണ് മെഡ്‌ടെക് വ്യവസായമെന്ന് കേന്ദ്രമന്ത്രി പ്രസ്താവിച്ചു. ആരോഗ്യ സംരക്ഷണത്തിൽ AI യുടെ സാധ്യതകൾ എടുത്തു പറഞ്ഞ ശ്രീമതി അനുപ്രിയ പട്ടേൽ "ആരോഗ്യ സംരക്ഷണ വെല്ലുവിളികൾ സുഗമമാക്കുന്നതിനും നേരിടുന്നതിനും പുതിയ രീതികൾ സൃഷ്ടിക്കുന്നതിനും പുതിയ അവസരങ്ങൾ കണ്ടെത്തുന്നതിനും ആരോഗ്യ സംരക്ഷണ മേഖലയിലെ AI നൂതനാശയം നിർണായകമാണെന്ന്" പറഞ്ഞു. മെഡിക്കൽ ഉപകരണ ആവാസ വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിനായി ആഭ്യന്തര ഉൽപ്പാദനം വർദ്ധിപ്പിക്കുക, ഗവേഷണം പ്രോത്സാഹിപ്പിക്കുക, നൈപുണ്യ വികസനം വർദ്ധിപ്പിക്കുക,ആഗോള വിപണിയിൽ ഇന്ത്യയുടെ വിഹിതം വർധിപ്പിക്കുക, എന്നിവയിൽ കേന്ദ്ര ഗവൺമെന്റിന്റെ ശ്രമങ്ങൾ ശ്രീമതി പട്ടേൽ എടുത്തുപറഞ്ഞു. "
സ്വാഭാവികപാതയ്ക്ക് കീഴിൽ 100% എഫ്ഡിഐ അനുവദിച്ചതും നിയന്ത്രണ ചട്ടക്കൂടുകൾ , അടിസ്ഥാന സൗകര്യ വികസനം, ആർ & ഡി, നിക്ഷേപ ആകർഷണം, മാനവ വിഭവശേഷി വികസനം എന്നിവയെ അഭിസംബോധന ചെയ്യുന്നതിന് 2023 ലെ ദേശീയ മെഡിക്കൽ ഉപകരണ നയത്തിൻ്റെ അംഗീകാരവും ഗവൺമെന്റ് സ്വീകരിച്ച പ്രധാന നയ തീരുമാനങ്ങളിൽ ഉൾപ്പെടുന്നു. മികവിൻ്റെ കേന്ദ്രങ്ങൾ സ്ഥാപിക്കൽ, NIPER-കളിലെ കോഴ്സുകൾ, മെഡ്‌ടെക് വിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതിനുള്ള സംരംഭങ്ങൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നു.
എക്‌സ്‌പോർട്ട് പ്രൊമോഷൻ കൗൺസിൽ ഫോർ മെഡിക്കൽ ഡിവൈസസ് (ഇപിസിഎംഡി) രൂപീകരിക്കുകയും നാഷണൽ മെഡിക്കൽ ഡിവൈസസ് പ്രമോഷൻ കൗൺസിൽ (എൻഎംഡിപിസി) പുനഃസംഘടിപ്പിക്കുകയും ചെയ്തുകൊണ്ട് കയറ്റുമതിയും വ്യവസായ സഹകരണവും വർധിപ്പിക്കാൻ ഗവൺമെന്റ് നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. “മെഡിക്കൽ ഉപകരണങ്ങളുടെ കയറ്റുമതി സുഗമമാക്കുക, നിയന്ത്രണ വെല്ലുവിളികൾ പരിഹരിക്കുക, ബിസിനസ്സ് എളുപ്പമാക്കുക, ആഗോള മെഡിക്കൽ ഉപകരണ വിപണിയിൽ ഇന്ത്യയുടെ സ്ഥാനം കൂടുതൽ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഈ സ്ഥാപനങ്ങളിലൂടെ ലക്ഷ്യമിടുന്നത്” അവർ പറഞ്ഞു.
ആകെ 400 കോടി രൂപ ചെലവിൽ മെഡിക്കൽ ഉപകരണ പാർക്കുകൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതി ആരംഭിക്കും. അതിൽ അടിസ്ഥാന സൗകര്യ വികസനത്തിനായി ഉത്തർപ്രദേശ്, തമിഴ്നാട്, മധ്യപ്രദേശ്, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങൾക്ക് 100 കോടി രൂപ വീതം നൽകുമെന്നും അവർ അറിയിച്ചു. "കൂടാതെ,500 കോടി രൂപ ധനസഹായത്തോടെ ഫാർമ-മെഡ്‌ടെക് മേഖലയിലെ ഗവേഷണ പ്രോത്സാഹനം (PRIP), മെഡിക്കൽ ഉപകരണ വ്യവസായത്തെ ശക്തിപ്പെടുത്തുന്നതിനുള്ള പദ്ധതി എന്നിവ നടപ്പാക്കും. നൂതനാശയം പ്രോത്സാഹിപ്പിക്കുന്നതിനും ഉൽപ്പാദന ശേഷി വർദ്ധിപ്പിക്കുന്നതിനും നൈപുണ്യ വികസനത്തെ പിന്തുണയ്ക്കുന്നതിനും വ്യവസായ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും ഇതിലൂടെ ലക്ഷ്യമിടുന്നു. സ്വാശ്രയത്വം, നൂതനാശയം, മെഡ്‌ടെക് വ്യവസായത്തിലെ ആഗോള മത്സരക്ഷമത എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ആത്മനിർഭർ ഭാരതത്തിൻ്റെ കാഴ്ചപ്പാടുമായി ഈ ശ്രമങ്ങൾ യോജിക്കുന്നതായും കേന്ദ്ര മന്ത്രി പറഞ്ഞു.
SKY
(Release ID: 2086002)
Visitor Counter : 18