ആഭ്യന്തരകാര്യ മന്ത്രാലയം
azadi ka amrit mahotsav

ഛത്തീസ്ഗഢ് സന്ദർശനത്തിൻ്റെ ആദ്യ ദിനം റായ്പൂരിൽ വച്ച് കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ ഛത്തീസ്ഗഡ് പോലീസിന് 'പ്രസിഡന്റ്‌സ്‌ കളർ' സമ്മാനിച്ചു.

ഏതൊരു സായുധ സേനാവിഭാഗത്തെ സംബന്ധിച്ചിടത്തോളവും 'പ്രസിഡന്റ്‌സ്‌ കളർ' ലഭിക്കുകയെന്നത്  അഭിമാനകരമായ നേട്ടമാണ്; സ്ഥാപിതമായി 25 വർഷം പൂർത്തിയാകുമ്പോഴാണ് ഛത്തീസ്ഗഢ് പോലീസിന് ഈ ബഹുമതി ലഭിക്കുന്നത്.

Posted On: 15 DEC 2024 4:56PM by PIB Thiruvananthpuram

ഛത്തീസ്ഗഢ് സന്ദർശനത്തിൻ്റെ ആദ്യ ദിനം കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ  ഇന്ന് റായ്പൂരിൽ വച്ച് ഛത്തീസ്ഗഢ് പോലീസിനെ സംബന്ധിച്ചിടത്തോളം അഭിമാനനേട്ടമായ 'പ്രസിഡന്റ്‌സ്‌ കളർ' സമ്മാനിച്ചു. ഛത്തീസ്ഗഡ് മുഖ്യമന്ത്രി ശ്രീ വിഷ്ണു ദേവ് സായ്, ഉപമുഖ്യമന്ത്രി ശ്രീ വിജയ് ശർമ്മ തുടങ്ങി ഒട്ടേറെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

ഉത്സാഹം, ധൈര്യം, ശൗര്യം, സമർപ്പണം എന്നീ ഗുണങ്ങൾക്ക് പേരുകേട്ട രാജ്യത്തെ ഏറ്റവും മികച്ച സേനാവിഭാഗങ്ങളിലൊന്നായ ഛത്തീസ്ഗഢ് പോലീസിനെ അഭിനന്ദിക്കുന്നതായി കേന്ദ്ര ആഭ്യന്തര , സഹകരണ മന്ത്രി ശ്രീ അമിത് ഷാ തൻ്റെ പ്രസംഗത്തിൽ പറഞ്ഞു. ഛത്തീസ്ഗഢ് പോലീസിന്റെ അക്ഷീണമായ കഠിനാധ്വാനത്തിൻ്റെയും പ്രതിബദ്ധതയുടെയും ധീരതയുടെയും പൊതുജനങ്ങളുമായുള്ള ആഴത്തിലുള്ള സമ്പർക്കത്തിന്റെയും തെളിവാണ് രജതജൂബിലി വർഷത്തിൽ ‘പ്രസിഡൻ്റ്സ് കളർ’ ലഭിക്കുന്നതെന്ന് എടുത്തു പറഞ്ഞു. ക്രമസമാധാനപാലനം, നക്സലിസത്തിനെതിരായ പോരാട്ടം, ലഹരി മുക്ത ഇന്ത്യക്കായുള്ള പ്രചാരണം, പൊതുസുരക്ഷ, സംസ്ഥാനത്തെ പൗരന്മാരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തൽ എന്നീ മേഖലകളിൽ കാഴ്ച്ച വയ്ക്കുന്ന ബഹുമുഖവും മാതൃകാപരവുമായ സേവനത്തിന് ഛത്തീസ്ഗഢ് പോലീസിനെ അദ്ദേഹം പ്രശംസിച്ചു.

ഇന്ന് സർദാർ വല്ലഭായ് പട്ടേലിൻ്റെ ചരമവാർഷികദിനമാണെന്ന്  ശ്രീ അമിത് ഷാ പറഞ്ഞു. സർദാർ പട്ടേലിൻ്റെ അതുല്യമായ ധൈര്യവും നിശ്ചയദാർഢ്യവുമാണ് രാജ്യത്തെ ഏകീകരിച്ചതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അനുച്ഛേദം 370 റദ്ദാക്കി കശ്മീരിനെ ഇന്ത്യയുടെ മുഖ്യധാരയിലേക്ക് നയിച്ചതോടെ സർദാർ പട്ടേലിന് പൂർത്തിയാക്കാനാകാത്ത ദൗത്യമാണ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നിറവേറ്റിയതെന്നും ശ്രീ ഷാ കൂട്ടിച്ചേർത്തു. രാജ്യം മുഴുവൻ അങ്ങേയറ്റത്തെ കടപ്പാടോടെ സർദാർ പട്ടേലിന് ശ്രദ്ധാഞ്ജലി അർപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഛത്തീസ്ഗഡ് രൂപീകരിക്കണമെന്ന ദീർഘകാല ആവശ്യം ശ്രീ അടൽ ബിഹാരി വാജ്പേയിയാണ്  നിറവേറ്റിയതെന്ന് ശ്രീ അമിത് ഷാ പറഞ്ഞു. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ 2026 മാർച്ച് 31-നകം ഛത്തീസ്ഗഡ് പൂർണമായും നക്സൽ മുക്തമാകുമെന്ന് ആഭ്യന്തരമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഛത്തീസ്ഗഡിൽ മാത്രമല്ല, രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നും നക്സലിസം തുടച്ചുനീക്കാൻ മോദി സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നക്സലിസത്തിനെതിരായ പോരാട്ടത്തിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ മികച്ച പുരോഗതി കൈവരിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ പറഞ്ഞു. 287 നക്സലൈറ്റുകളെ സുരക്ഷാ സേന നിർവീര്യരാക്കി, 1,000 പേരെ അറസ്റ്റ് ചെയ്തു, 837 നക്സലൈറ്റുകൾക്ക് കീഴടങ്ങാൻ സൗകര്യമൊരുക്കി. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദശകത്തിൽ നക്‌സലിസത്തെ ഫലപ്രദമായി പ്രതിരോധിക്കാൻ സാധിച്ചുവെന്നും സുരക്ഷാ ഉദ്യോഗസ്ഥരുടെ ബലിദാനത്തിൽ 73 ശതമാനം കുറവുണ്ടായെന്നും മുൻ ദശകത്തെ അപേക്ഷിച്ച് സാധാരണ പൗരന്മാരുടെ മരണങ്ങളിൽ 70 ശതമാനം കുറവുണ്ടായെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം മറ്റ് സുരക്ഷാ ഏജൻസികളുമായി ചേർന്ന് നക്സലിസത്തിന് നിർണായക പ്രഹരമേൽപ്പിച്ച ഛത്തീസ്ഗഢ് പോലീസിനെ ആഭ്യന്തരമന്ത്രി അഭിനന്ദിച്ചു.

1951-ൽ ഇന്ത്യൻ നാവികസേനയ്ക്കാണ് ആദ്യ ‘പ്രസിഡൻ്റ്സ് കളർ’ ലഭിച്ചതെന്നും, ഇന്ന് ഏതൊരു സായുധ സേനയ്ക്കും ഈ അഭിമാനാർഹമായ ബഹുമതിക്ക് അർഹത നേടണമെങ്കിൽ 25 വർഷത്തെ സേവനം പൂർത്തിയാക്കേണ്ടതുണ്ടെന്നും ശ്രീ അമിത് ഷാ വ്യക്തമാക്കി. ഛത്തീസ്ഗഢ് പോലീസിൻ്റെ 25 വർഷത്തെ സേവനം, അർപ്പണബോധം, ത്യാഗം, പ്രതിബദ്ധത എന്നിവ അംഗീകരിച്ചതിനും ആദരിച്ചതിനും അദ്ദേഹം രാഷ്ട്രപതിയ്ക്ക് നന്ദി രേഖപ്പെടുത്തി.

2026 മാർച്ച് 31-നകം ഛത്തീസ്ഗഡിനെ പൂർണമായും നക്സൽ മുക്തമാക്കാൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി പ്രസ്താവിച്ചു.അക്രമത്തിൻ്റെ പാത ഉപേക്ഷിക്കാൻ നക്സലൈറ്റുകളോട് അദ്ദേഹം അഭ്യർത്ഥിച്ചു. സമൂഹത്തിൻ്റെ മുഖ്യധാരയിൽ ലയിച്ചു ചേരുക, പുരോഗതിയുടെ പാതയിൽ മുന്നേറി  ഛത്തീസ്ഗഡിൻ്റെ വികസനത്തിന് സംഭാവന ചെയ്യുക, അദ്ദേഹം ആഹ്വാനം ചെയ്തു. കീഴടങ്ങുന്ന നക്‌സലൈറ്റുകളുടെ  പുനരധിവാസം ഉറപ്പാക്കും വിധമുള്ള മികച്ച കീഴടങ്ങൽ നയമാണ് ഛത്തീസ്ഗഡ് സർക്കാർ നടപ്പാക്കിയതെന്ന കാര്യവും അദ്ദേഹം എടുത്തുപറഞ്ഞു.

സംഘടിത കുറ്റകൃത്യങ്ങളും ലഹരിമരുന്നു വ്യാപനവും നിശ്ചയദാർഢ്യത്തോടെ ചെറുക്കുന്നതിൽ ഛത്തീസ്ഗഢ് പോലീസ് ഗണ്യമായ വിജയം കൈവരിച്ചതായി ശ്രീ അമിത് ഷാ പ്രസ്താവിച്ചു. 2024 ജനുവരി 1 നും 2024 സെപ്റ്റംബർ 30 നും ഇടയിൽ 1,100 ഓളം ലഹരിമരുന്നു കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.  21,000 കിലോഗ്രാം കഞ്ചാവ്, 6,000 കിലോഗ്രാം കറുപ്പ്, 195,000 ലഹരിഗുളികകൾ എന്നിവ പിടിച്ചെടുത്തു. ഈ കേസുകളുമായി ബന്ധപ്പെട്ട് 1,400 പേരെ അറസ്റ്റ് ചെയ്തു. PITNDPS (Prevention of Illicit Trafficking in Narcotic Drugs and Psychotropic Substances) നിയമം ഫലപ്രദമായി നടപ്പിലാക്കുന്നതിൽ ഛത്തീസ്ഗഢ് മുൻപന്തിയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വികസിത ഛത്തീസ്ഗഡ്, സമൃദ്ധമായ ബസ്തർ എന്ന ദർശനം സാക്ഷാത്കരിക്കുന്നതിൽ ഛത്തീസ്ഗഡ് പോലീസിലെ ഓരോ ഉദ്യോഗസ്ഥനും നിർണായക പങ്ക് വഹിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ 2047ഓടെ വികസിത ഇന്ത്യ കെട്ടിപ്പടുക്കാനുള്ള യാത്രയിൽ ഛത്തീസ്ഗഢിൻ്റെ നിർണ്ണായക സംഭാവന തങ്ക ലിപികളിൽ രേഖപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

'പ്രസിഡന്റ്‌സ്‌ കളർ' ഒരു കീർത്തിമുദ്ര മാത്രമല്ല, സേവനത്തിൻ്റെയും ത്യാഗത്തിൻ്റെയും സമർപ്പണത്തിൻ്റെയും പ്രതീകമാണെന്ന് ഛത്തീസ്ഗഢ് പോലീസിലെ ഉദ്യോഗസ്ഥരോട് കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞു. തളരാതെ ചെറുത്തുനിൽക്കേണ്ട എണ്ണമറ്റ വെല്ലുവിളികളുടെ ഓർമ്മപ്പെടുത്തലാണ് ഈ മുദ്രയെന്ന്  അദ്ദേഹം പറഞ്ഞു. 'പ്രസിഡന്റ്‌സ്‌ കളർ' ഒരു ബഹുമതി മാത്രമല്ല, ഉത്തരവാദിത്തം കൂടിയാണ്, ഛത്തീസ്ഗഡ് പോലീസിലെ ഓരോ ഉദ്യോഗസ്ഥനും ഈ ഉത്തരവാദിത്തം ഉയർത്തിപ്പിടിക്കുമെന്നും സ്വന്തം കടമ നിറവേറ്റുന്നതിൽ അല്പം പോലും വിട്ടുവീഴ്ച്ച ചെയ്യില്ലെന്നും ശ്രീ അമിത് ഷാ വ്യക്തമാക്കി.


(Release ID: 2084699) Visitor Counter : 42