വാണിജ്യ വ്യവസായ മന്ത്രാലയം
ഇന്ത്യയും യൂറോപ്യൻ യൂണിയനും ലക്ഷ്യമിടുന്നത് സമഗ്രവും സന്തുലിതവും അഭിലാഷപൂർണ്ണവും ഉഭയകക്ഷി പ്രയോജനപ്രദവുമായ സ്വതന്ത്ര വ്യാപാര കരാർ: കേന്ദ്ര മന്ത്രി ശ്രീ പിയൂഷ് ഗോയൽ
Posted On:
12 DEC 2024 11:17AM by PIB Thiruvananthpuram
ന്യൂ ഡൽഹി : 12 ഡിസംബർ 2024
യൂറോപ്യൻ കമ്മീഷൻ പ്രതിനിധി സംഘത്തിലെ ഓസ്ട്രിയ, ബെൽജിയം, ബൾഗേറിയ, ചെക്ക് റിപ്പബ്ലിക്, എസ്തോണിയ, ഇറ്റലി, അയർലൻഡ്, ലാത്വിയ, ലിത്വാനിയ, മാൾട്ട, പോളണ്ട്, പോർച്ചുഗൽ, റൊമാനിയ, സ്ലോവാക് റിപ്പബ്ലിക്, സ്‌പെയിൻ, സ്വീഡൻ എന്നിവിടങ്ങളിൽ നിന്നുള്ള അംബാസഡർമാരുമായി കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയൽ ചർച്ച നടത്തി. വാണിജ്യ, വ്യവസായ സഹമന്ത്രി ശ്രീ ജിതിൻ പ്രസാദ, വാണിജ്യ സെക്രട്ടറി, DPIIT സെക്രട്ടറി ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.
ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിൽ കൂടുതൽ ഊഷ്മളമായിക്കൊണ്ടിരിക്കുന്ന ബന്ധത്തെക്കുറിച്ചും വർദ്ധിച്ചുവരുന്ന വ്യാപാരത്തെക്കുറിച്ചും പരാമർശിച്ച ശ്രീ ഗോയൽ, സമഗ്രവും സന്തുലിതവും അഭിലാഷപൂർണ്ണവും ഉഭയകക്ഷി പ്രയോജനപ്രദവുമായ സ്വതന്ത്ര വ്യാപാര കരാറാണ് (FTA) ഇരുപക്ഷവും ലക്ഷ്യമിടുന്നതെന്നും വ്യക്തമാക്കി. സ്വാതന്ത്രവ്യാപാര കരാർ (FTA) സംബന്ധിച്ച് 9 റൗണ്ട് ഊർജ്ജിതമായ ചർച്ചകൾ പൂർത്തിയാകുമ്പോൾ വാണിജ്യകാര്യങ്ങളിലെ പരസ്പര സംവേദനക്ഷമത മനസ്സിലാക്കിക്കൊണ്ട് അർത്ഥവത്തായ പരിസമാപ്തിയിൽ എത്തിച്ചേരുന്നതിന് രാഷ്ട്രീയ നിർദ്ദേശങ്ങൾ അനിവാര്യമാണെന്ന് ഇരുപക്ഷവും വിലയിരുത്തി. പൊതുവും എന്നാൽ വ്യതിരിക്തവുമായ ഉത്തരവാദിത്തം (CBDR) എന്ന തത്വം പാലിക്കുന്നതാകണം സുസ്ഥിരതാ ചർച്ചകളെന്നും, നിർവ്വഹണവേളയിൽ വികസനത്തിൻ്റെ വ്യത്യസ്ത വശങ്ങൾ കണക്കിലെടുക്കണമെന്നും മന്ത്രി അടിവരയിട്ടു പറഞ്ഞു.
സമ്പദ്‌വ്യവസ്ഥ പ്രതിവർഷം 7-8% വളർച്ച കൈവരിക്കുമെന്നും അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ മൂന്നാമത്തെ വലിയ ആഗോള സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശേഷമുണ്ടാകുന്ന ദ്രുതവും ബഹുഗുണീകൃതവുമായ വളർച്ച ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനത്തെ (GDP) 2047-ഓടെ 35 ട്രില്യൺ ഡോളർ എന്ന നാഴികക്കല്ലിൽ എത്തിക്കും. ബൃഹത്തും ഇനിയും ഉപയോഗിക്കപ്പെടാത്തതുമായ സാമ്പത്തിക സാധ്യതകൾ അംഗീകരിച്ചുകൊണ്ടും, ഇരു സമ്പദ്‌വ്യവസ്ഥകളെയും സമന്വയിപ്പിച്ചു കൊണ്ടും വിതരണ ശൃംഖലയിൽ സുസ്ഥിരത വളർത്തിയെടുക്കുന്നതിലൂടെ ഇരു രാജ്യങ്ങൾക്കും വലിയ നേട്ടമുണ്ടാക്കാനാകുമെന്ന് യൂറോപ്യൻ പക്ഷം വ്യക്തമാക്കി. ഇന്ത്യ-EU ട്രേഡ് ആൻഡ് ടെക്‌നോളജി കൗൺസിലിന്റെ പുരോഗതി ചർച്ച ചെയ്യാനുള്ള അവസരവും ഈ ആശയവിനിമയത്തിനിടെ ലഭിച്ചു. യുണൈറ്റഡ് സ്റ്റേറ്റ്സിനെ ഒഴിച്ചു നിർത്തിയാൽ ഇന്ത്യ മാത്രമാണ്, യൂറോപ്യൻ യൂണിയനിൽ ഇത്തരമൊരു സംവിധാനം അനുവദിക്കപ്പെട്ട ഏക രാജ്യം.
2023-24 ൽ 137.41 ബില്യൺ യുഎസ് ഡോളറായിരുന്നു യൂറോപ്യൻ യൂണിയനുമായുള്ള ഇന്ത്യയുടെ ഉഭയകക്ഷി വ്യാപാരം. ഇന്ത്യയുടെ ഏറ്റവും വലിയ ചരക്ക് വ്യാപാര പങ്കാളിയാണ് യൂറോപ്യൻ യൂണിയൻ. കൂടാതെ, ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള 2023-ലെ സേവന വ്യാപാരം 51.45 ബില്യൺ യുഎസ് ഡോളറായായി കണക്കാക്കപ്പെടുന്നു. മൂല്യ ശൃംഖലകൾ സുരക്ഷിതമാക്കുന്നതിനൊപ്പം ചരക്കുകളുടെയും സേവനങ്ങളുടെയും കയറ്റുമതി കൂടുതൽ വിപുലീകരിക്കുന്നതിനും വൈവിധ്യവത്കരിക്കുന്നതിനും യൂറോപ്യൻ യൂണിയനുമായുള്ള വ്യാപാര കരാർ ഇന്ത്യയെ സഹായിക്കും. ആഗോള വ്യാപാരത്തിൽ, സ്വന്തം വിപണി വിഹിതം വർധിപ്പിക്കും വിധമുള്ള സന്തുലിത കരാറുകൾ പ്രധാന ആഗോള സമ്പദ്‌വ്യവസ്ഥകളുമായി സൃഷ്ടിക്കാനാണ് ഇന്ത്യയുടെ ശ്രമം
SKY/GG
(Release ID: 2083609)
Visitor Counter : 26