ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

ക്ഷയരോഗബാധയും മരണനിരക്കും കുറയ്ക്കുന്നതിനുള്ള 100 ദിവസത്തെ രാജ്യവ്യാപക തീവ്രയജ്ഞ പരിപാടിയ്ക്ക് ഹരിയാനയിലെ പഞ്ച്കുളയിൽ കേന്ദ്ര ആരോഗ്യമന്ത്രി ശ്രീ.ജെ.പി.നദ്ദ തുടക്കം കുറിച്ചു  

രാജ്യത്തുടനീളം, ക്ഷയരോഗബാധ ഏറ്റവും കൂടുതലുള്ള 347 ജില്ലകളിലെ രോഗബാധിതരെ അതിവേഗം കണ്ടെത്തി ചികിത്സിക്കുന്നതിനുള്ള 100 ദിവസത്തെ കേന്ദ്രീകൃത പ്രചാരണമാണിതെന്ന് ശ്രീ ജെ പി നദ്ദ വ്യക്തമാക്കി

Posted On: 07 DEC 2024 3:33PM by PIB Thiruvananthpuram

ഇന്ത്യയുടെ ക്ഷയരോഗ നിർമ്മാർജ്ജന ദൗത്യത്തിൽ നിർണ്ണായക വഴിത്തിരിവാകുന്ന 100 ദിവസത്തെ തീവ്രയജ്ഞ പരിപാടിയ്ക്ക് ഹരിയാനയിലെ പഞ്ച്കുളയിൽ മുഖ്യമന്ത്രി ശ്രീ നയാബ് സിംഗ് സൈനി, ആരോഗ്യമന്ത്രി ആരതി സിംഗ് റാവു എന്നിവരുടെ സാന്നിധ്യത്തിൽ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ശ്രീ ജഗത് പ്രകാശ് നദ്ദ തുടക്കം കുറിച്ചു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രിമാരായ ശ്രീ പ്രതാപറാവു ജാദവ്, ശ്രീമതി അനുപ്രിയ പട്ടേൽ എന്നിവർ വെർച്വലായി, പരിപാടിയിൽ പങ്കെടുത്തു. ഇനിയും തിരിച്ചറിയാത്ത ക്ഷയരോഗബാധിതരെ, പ്രത്യേകിച്ച് ഉയർന്ന അപകടസാധ്യതയുള്ള വിഭാഗങ്ങളിലെ രോഗികളെ കണ്ടെത്തി ചികിത്സിക്കുക, മരണങ്ങൾ ഗണ്യമായി കുറയ്ക്കുക എന്നിവയാണ് രാജ്യത്തുടനീളം 347 ജില്ലകളിൽ നടപ്പാക്കുന്ന തീവ്രയജ്ഞ പരിപാടിയുടെ ലക്ഷ്യം.

ക്ഷയരോഗം നിർമ്മാർജ്ജനം ചെയ്യുന്നതിനുള്ള അചഞ്ചലമായ പ്രതിബദ്ധത ഉയർത്തിപ്പിടിക്കാനും ടിബി-മുക്ത് ഭാരത് (ക്ഷയരോഗമുക്ത ഇന്ത്യ) എന്ന ലക്ഷ്യത്തിന് ഊർജ്ജം പകരാനുമാണ് ഈ പ്രചാരണം ആരംഭിക്കുന്നതെന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്യവേ കേന്ദ്ര ആരോഗ്യമന്ത്രി പ്രസ്താവിച്ചു. 100 ദിവസത്തെ കേന്ദ്രീകൃത പ്രചാരണമായിരിക്കുമിതെന്ന് സൂചിപ്പിച്ച അദ്ദേഹം, ക്ഷയ രോഗബാധ ഏറ്റവും കൂടുതലുള്ള 347 ജില്ലകളിലെ രോഗികളെ അതിവേഗം കണ്ടെത്തി ചികിത്സ ലഭ്യമാക്കാനാണ് ശ്രമിക്കുന്നതെന്നും അറിയിച്ചു.

ക്ഷയരോഗത്തിനെതിരായ രാജ്യത്തിന്റെ ദീർഘമായ പോരാട്ടത്തെ ശ്രീ നദ്ദ എടുത്തുപറഞ്ഞു. “ക്ഷയരോഗത്തെ‘ മന്ദഗതിയിലുള്ള മരണം’ ആയി കണക്കാക്കപ്പെട്ടിരുന്ന ഒരു കാലമുണ്ടായിരുന്നു, രോഗ വ്യാപനം തടയുന്നതിനായി ക്ഷയരോഗികളെ കുടുംബാംഗങ്ങൾ പോലും അകറ്റിനിർത്തുകയും ഒറ്റപ്പെടുത്തുകയും ചെയ്തിരുന്നു. 1962 ണ് ശേഷം, ക്ഷയരോഗനിർമ്മാർജ്ജനത്തിനുള്ള ഒട്ടേറെ പ്രചാരണ പരിപാടികൾ രാജ്യം ആരംഭിച്ചു. സുസ്ഥിര വികസന ലക്ഷ്യങ്ങൾ നേടുന്നതിന് നിശ്ചയിച്ചിട്ടുള്ള 2030 ലെ സമയപരിധിക്ക് ഏറെ മുമ്പുതന്നെ ക്ഷയരോഗം നിർമ്മാർജ്ജനം ചെയ്യാനുള്ള നിർദ്ദേശങ്ങൾ 2018 ൽ ആദരണീയ പ്രധാനമന്ത്രി മുന്നോട്ടു വയ്ക്കുകയുണ്ടായി .

ക്ഷയരോഗ ബന്ധിതമായ സേവനങ്ങൾ രോഗീ സൗഹൃദവും വികേന്ദ്രീകൃതവുമാക്കുന്നതിന് പുതിയ തന്ത്രങ്ങൾ ആവിഷ്‌ക്കരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി അറിയിച്ചു. ക്ഷയരോഗം നേരത്തെ കണ്ടെത്തുന്നതിന് സഹായകമായി വർത്തിക്കുന്ന രാജ്യത്തുടനീളമുള്ള 1.7 ലക്ഷത്തിലധികം ആയുഷ്മാൻ ആരോഗ്യ മന്ദിറുകളുടെ ശൃംഖലയ്ക്ക് നന്ദി രേഖപ്പെടുത്തേണ്ട സമയമാണിതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 2014-ൽ 120 ലബോറട്ടറികൾ ഉണ്ടായിരുന്നത് ഇന്ന് 8,293 ലബോറട്ടറികളാക്കി ഉയർത്തിക്കൊണ്ട് രോഗനിർണ്ണയ സേവനങ്ങൾ സർക്കാർ ഗണ്യമായി വർധിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

1.17 കോടിയിലധികം ക്ഷയരോഗികൾക്ക് നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം വഴി 3,338 കോടി രൂപയുടെ നി-ക്ഷയ് പിന്തുണ നൽകിയ കാര്യം ശ്രീ നദ്ദ എടുത്തുപറഞ്ഞു. സർക്കാർ അടുത്തിടെ നിക്ഷയ് പോഷൻ തുക 500 രൂപയിൽ നിന്ന് 1000 രൂപയായി വർധിപ്പിച്ചതായും ക്ഷയരോഗികൾക്കുള്ള പോഷണ സഹായത്തിൽ എനർജി ബൂസ്റ്ററുകൾ ഉൾപ്പെടുത്തിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

പുതിയ ക്ഷയ രോഗികളെ കണ്ടെത്തുന്നതിൽ സ്വകാര്യ പ്രാക്ടീഷണർമാരുടെ നിർബന്ധിത സഹകരണം ഉറപ്പാക്കിയിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ ഉടനടി ചികിത്സ ആരംഭിക്കാൻ കഴിയുമെന്നും ശ്രീ നദ്ദ അറിയിച്ചു.

ഇന്ത്യയിലെ ക്ഷയരോഗ നിരക്കിലുണ്ടാകുന്ന കുറവ്, 2015-ലെ 8.3% ൽ നിന്ന് 17.7% ആയി ഇരട്ടിയിലധികം വർദ്ധിച്ചു. രോഗം കുറച്ചുകൊണ്ടുവരുന്നതിൽ ആഗോള ശരാശരിയേക്കാൾ ഏറെ മുന്നിലാണ് രാജ്യം. കഴിഞ്ഞ 10 വർഷത്തിനിടെ ഇന്ത്യയിൽ ക്ഷയരോഗം മൂലമുള്ള മരണങ്ങൾ 21.4% കുറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ക്ഷയരോഗ നിർമ്മാർജ്ജനത്തിനുള്ള പ്രതിബദ്ധത ആവർത്തിച്ചുറപ്പിക്കാൻ ബന്ധപ്പെട്ട പങ്കാളികളെ പ്രോത്സാഹിപ്പിച്ചുകൊണ്ടാണ് കേന്ദ്ര ആരോഗ്യമന്ത്രി തൻ്റെ പ്രസംഗം അവസാനിപ്പിച്ചത്.

പരിപാടിയുടെ ഉദ്‌ഘാടനവേളയിൽ, മരുന്നുകളെ പ്രതിരോധിക്കുന്ന ക്ഷയ രോഗബാധ നേരിടുന്നതിനുള്ള BPaLM സംവിധാനം നടപ്പിലാക്കുന്നതിനായി കേന്ദ്രീകൃത മാർഗ്ഗനിർദ്ദേശങ്ങളും ശ്രീ നദ്ദ പ്രകാശനം ചെയ്തു. കൂടാതെ, വിവിധ പ്രാദേശിക ഭാഷകളിലുള്ള സമഗ്രമായ വിവരങ്ങളും, ഇൻഫർമേഷൻ, എഡ്യൂക്കേഷൻ, കമ്മ്യൂണിക്കേഷൻ (IEC) പ്രചാരണ സാമഗ്രികളും അദ്ദേഹം പുറത്തിറക്കി. ക്ഷയരോഗത്തെ വിജയകരമായി അതിജീവിച്ചവരെയും നിക്ഷയ് മിത്രമാരെയും പരിപാടിയിൽ ആദരിച്ച കേന്ദ്ര ആരോഗ്യമന്ത്രി ഫുഡ് ബാകറ്റ്സും വിതരണം ചെയ്തു.

രാജ്യത്തുടനീളം ക്ഷയ രോഗികളെ കണ്ടെത്തി ചികിത്സിക്കുന്ന മൊബൈൽ വാനുകളായ "നി-ക്ഷയ് വാഹൻ" ഹരിയാനയിൽ പുറത്തിറക്കി.

കൂടുതൽ വിവരങ്ങൾക്ക് https://pib.gov.in/PressReleasePage.aspx?PRID=2081919 എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

 


(Release ID: 2082116) Visitor Counter : 21