വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
പുനഃസ്ഥാപിച്ച ഐതിഹാസിക സിനിമകളുടെ പ്രദര്‍ശനം: ചലച്ചിത്ര സംരക്ഷണത്തില്‍ NFDC ശ്രമങ്ങളുടെ നേര്‍സാക്ഷ്യം
NDFC-NFAI പുനഃസ്ഥാപിച്ച ഐതിഹാസിക കലാസൃഷ്ടികളുടെ പ്രദര്‍ശനത്തിലൂടെ ചലച്ചിത്ര ഇതിഹാസങ്ങൾക്ക് IFFI 2024 ന്റെ ശ്രദ്ധാഞ്ജലി
55-ാമത് ഇന്ത്യാ രാജ്യാന്തര ചലച്ചിത്രമേള (IFFI) "പുനഃസ്ഥാപിക്കപ്പെട്ട ഇതിഹാസങ്ങൾ" എന്ന വിഭാഗത്തിൽ രാജ്യത്തിന്റെ സമ്പന്നമായ ചലച്ചിത്ര പാരമ്പര്യം പ്രദർശിപ്പിക്കുന്നു. ഇന്ത്യയുടെ സമാനതകളില്ലാത്ത ചലച്ചിത്ര പൈതൃകം സംരക്ഷിക്കുന്നതിനും ആഘോഷിക്കുന്നതിനുമായി നാഷണൽ ഫിലിം ഹെറിറ്റേജ് മിഷൻ്റെ (NFHM) കീഴിലുള്ള NFDC ദേശീയ ചലച്ചിത്ര ആര്‍ക്കൈവിന്റെ (NFDC-NFAI) അശ്രാന്ത പരിശ്രമങ്ങളെ ഇത് എടുത്തുകാണിക്കുന്നു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി അതിസൂക്ഷ്മമായി പുനഃസ്ഥാപിച്ച ചില ഐതിഹാസിക സിനിമാസൃഷ്ടികള്‍ ഈ വിഭാഗത്തില്‍ പ്രദർശിപ്പിക്കുന്നു:
നിശബ്ദ സിനിമ
ദാദാസാഹിബ് ഫാൽക്കെ സംവിധാനം ചെയ്ത കാളിയ മർദൻ (1919) എന്ന മാതൃകാ കലാസൃഷ്ടി ലഭ്യമായ 35 എംഎം ഡ്യൂപ്പ് നെഗറ്റീവ് ഫിലിം ഉപയോഗിച്ച് 4K ദൃശ്യമികവോടെ പുനഃസ്ഥാപിച്ചു.
തെലുഗു സിനിമ
ബംഗാളി ഐതിഹാസിക ചിത്രം 'ദേവദാസി'ന്റെ തെലുഗു പതിപ്പ് ദേവദാസു (1953) അക്കിനേനി നാഗേശ്വര റാവുവിനെ ദുരന്തകഥയിലെ നായകനായി അവതരിപ്പിക്കുന്നു. ANR-ൻ്റെ ശതാബ്ദി ആഘോഷങ്ങളെ അടയാളപ്പെടുത്തുന്ന ഈ ചിത്രത്തിന്റെ പുനഃസ്ഥാപനം ഇന്ത്യൻ സിനിമയിലെ അദ്ദേഹത്തിൻ്റെ മായാത്ത സ്വാധീനത്തിന് ശ്രദ്ധാഞ്ജലിയാണ്.
ഹിന്ദി സിനിമ
രാജ് കപൂർ സംവിധാനം ചെയ്ത ആവാര (1951) ലഭ്യമായ 35 എംഎം ഡ്യൂപ്പ് നെഗറ്റീവിൽ നിന്നാണ് പുനഃസ്ഥാപിച്ചത്. ഈ കാലാതീത ഐതിഹാസിക ചിത്രം സമ്പത്ത്, അധികാരം, വിധി എന്നീ പ്രമേയങ്ങളിലൂടെ സഞ്ചരിക്കുന്നു. NFDC-NFA ലേക്ക് കപൂർ കുടുംബം നൽകിയ ചലച്ചിത്രസാമഗ്രികളുടെ വിലമതിക്കാനാകാത്ത സംഭാവനയാണ് ഈ പുനഃസ്ഥാപനം സാധ്യമാക്കിയത്.
രണ്ടാം ലോകമഹായുദ്ധത്തിൻ്റെ പശ്ചാത്തലത്തിലൊരുക്കി ദേവ് ആനന്ദിന്റെ ഇരട്ട വേഷത്തിലൂടെയും ജയ്ദേവിൻ്റെ ഐതിഹാസിക ശബ്ദവിന്യാസത്തിലൂടെയും ശ്രദ്ധേയമായ ഹം ദോനോ (1961) എന്ന ഐതിഹാസിക ചിത്രത്തിന്റെ പുനഃസ്ഥാപനം മുഹമ്മദ് റാഫിയുടെ ജന്മശതാബ്ദിയ്ക്കുള്ള ആദരമാണ്.
ഗോവയിലെ പോർച്ചുഗീസ് ഭരണത്തിനെതിരായ ചെറുത്തുനിൽപ്പിൻ്റെ ആവേശകരമായ കഥയുമായി അമിതാഭ് ബച്ചന്റെ യുവത്വം കാണിക്കുന്ന സാത്ത് ഹിന്ദുസ്ഥാനി (1969) രാജ്യത്തെ സിനിമയുടെ സ്ഥായിയായ പാരമ്പര്യത്തിൻ്റെ തെളിവാണ്. 35 എംഎം ക്യാമറ നെഗറ്റീവിൽ നിന്ന് പുനഃസ്ഥാപിച്ച ഈ ചിത്രം ഐക്യത്തിൻ്റെയും രാജ്യസ്‌നേഹത്തിൻ്റെയും ആത്മാവിനെ ആഘോഷിക്കുന്നു.
ബംഗാളി സിനിമ
ഐതിഹാസിക സംവിധായകന്‍ തപൻ സിൻഹയുടെ ഹാർമോണിയം (1976) അദ്ദേഹത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി പ്രദർശിപ്പിക്കുന്നു. ഒരു ഹാർമോണിയത്തിൻ്റെ ദുരന്തയാത്രയുടെ കഥപറയുന്ന സിൻഹ തന്നെ സംഗീതം ഒരുക്കിയ ഈ ഹൃദ്യമായ ചിത്രം പശ്ചിമ ബംഗാൾ സംസ്ഥാന ഫിലിം ആർക്കൈവ് സംരക്ഷിച്ചിരിക്കുന്ന 35 എംഎം യഥാര്‍ത്ഥ ക്യാമറ നെഗറ്റീവിൽ നിന്നാണ് പുനഃസ്ഥാപിച്ചത്.
സത്യജിത് റേയുടെ ഐതിഹാസികമായ കൽക്കട്ട കഥാത്രയത്തിന്റെ ഭാഗമായ സീമബദ്ധ (1971) ഉത്സാഹിയായ ഒരു വിപണി മാനേജരുടെ ജീവിതത്തിലൂടെ കോർപ്പറേറ്റ് ക്രൂരതയെ അനാവരണം ചെയ്യുന്നു. പീറ്റർ ഫാനിന്റെ ഒരു മിനുറ്റ് ദൈര്‍ഘ്യമുള്ള പരസ്യം പ്രദർശിപ്പിക്കുന്ന നേരത്തെ ലഭ്യമല്ലാതിരുന്ന കളര്‍ ഭാഗവും പുനഃസ്ഥാപനത്തില്‍ ഉൾപ്പെടുന്നു. 2022-ൽ പ്രതിധ്വന്തി പുനഃസ്ഥാപിച്ചതിന് പിന്നാലെ കൽക്കട്ട കഥാത്രയം പൂര്‍ണമായും വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ തുടരുന്നതിന്റെ ഭാഗമാണ് ഈ പുനഃസ്ഥാപനം.
ചലച്ചിത്ര സംരക്ഷണത്തിൽ ഒരു നാഴികക്കല്ല്
നൂതനമായ 4K സ്കാനിംഗ്, വര്‍ണ ക്രമീകരണം, ശബ്ദവിന്യാസം പുനഃസ്ഥാപിക്കല്‍ എന്നീ സങ്കേതങ്ങള്‍ ഉപയോഗിച്ച് 300-ലധികം പ്രത്യേക ജീവനക്കാരാണ് ഈ വിശിഷ്ട ചലച്ചിത്ര ശേഷിപ്പുകളുടെ പുനഃസ്ഥാപനം ഏറ്റെടുത്തത്. ആധുനിക സിനിമാ സാങ്കേതിക നിലവാരത്തിനൊപ്പം ചിത്രങ്ങള്‍ അവയുടെ യഥാർത്ഥ സത്ത നിലനിർത്തുന്നുവെന്ന് ഉറപ്പാക്കാൻ നഷ്‌ടമായ ഫ്രെയിമുകൾ, ഫിലിമുകളിലെ പോറലുകളും മറ്റ് കേടുപാടുകളും തുടങ്ങിയവ അതിസൂക്ഷ്മമായി നവീകരിച്ചു. കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലെ NFDC-NFAI യുടെ ഈ അഭൂതപൂർവമായ ശ്രമങ്ങൾ ഇന്ത്യന്‍ സിനിമാ പാരമ്പര്യം സംരക്ഷിക്കുന്നതിൽ സുപ്രധാന നാഴികക്കല്ലാണ്. ഏറ്റവും മികച്ച സംരക്ഷിത ചലച്ചിത്ര ഘടകങ്ങളിലൂടെ ഉയർന്ന നിലവാരമുള്ള പുനഃസ്ഥാപനം ഉറപ്പാക്കിക്കൊണ്ട് ഭാവി തലമുറകൾക്കായി ഈ ഐതിഹാസിക കലാസൃഷ്ടികളെ NFDC-NFAI ജീവസുറ്റതാക്കി നിലനിര്‍ത്തുന്നു. ലോകമെങ്ങുമുള്ള പ്രേക്ഷകരെ പ്രചോദിപ്പിക്കുകയും ബോധവൽക്കരിക്കുകയും ചെയ്യുന്ന മാതൃകാ ചലച്ചിത്ര പ്രവര്‍ത്തകരെയും കഥാകൃത്തുക്കളെയും ആദരിക്കുന്നതിനുള്ള ശ്രമം കൂടിയാണ് 55-ാമത് ഇന്ത്യാ രാജ്യാന്തര ചലച്ചിത്രമേളയിലെ പുനഃസ്ഥാപിച്ച ഐതിഹാസിക ചിത്രങ്ങളുടെ പ്രദർശനം.

(Release ID: 2078257)
Visitor Counter : 29