വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
കർട്ടൻ റൈസർ - ഐ എഫ് എഫ് ഐ 2024- വാർത്താകുറിപ്പ്
ഐ എഫ് എഫ് ഐ- 2024: മുഖ്യമന്ത്രി പ്രമോദ് സാവന്ത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ വിശദാംശങ്ങൾ അനാവരണം ചെയ്തു; ഗോവൻ സംസ്ക്കാരവും ചലച്ചിത്ര മികവും മേളയുടെ സവിശേഷത.
Posted On:
19 NOV 2024 3:16PM by PIB Thiruvananthpuram
ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്ര (ഐഎഫ്എഫ്ഐ) മേളയുടെ 55-ാമത് പതിപ്പ് 2024 നവംബർ 20 മുതൽ 28 വരെ പ്രകൃതി രമണീയമായ ഗോവയിൽ നടക്കും.
മേളയിൽ 81 രാജ്യങ്ങളിൽ നിന്നുള്ള 180 അന്താരാഷ്ട്ര സിനിമകൾ പ്രദർശിപ്പിക്കുമെന്ന് ഗോവ മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്ത് ഗോവയിൽ കർട്ടൻ റൈസർ വാർത്ത സമ്മേളനത്തിൽ മാധ്യമങ്ങളോട് പറഞ്ഞു. എല്ലാ പ്രതിനിധികൾക്കും, മേളയുടെ വേദികളിലുടനീളം യാത്ര സുഗമമാക്കുന്നതിന് സൗജന്യ ഗതാഗത സൗകര്യം ക്രമീകരിക്കും.മേളയിൽ ഗോവൻ ചലച്ചിത്രങ്ങൾക്കായി ഒരു പ്രത്യേക വിഭാഗം ഉണ്ടായിരിക്കും.അതിൽ പ്രാദേശിക മികവും ,സംസ്കാരവും ആഘോഷിക്കുന്ന 14 സിനിമകൾ പ്രദർശിപ്പിക്കുമെന്ന് ശ്രീ സാവന്ത് പറഞ്ഞു. ഐഎഫ്എഫ്ഐ പരേഡിൻ്റെ ഭാഗമായി 'സ്കൈ ലാൻ്റേൺ' മത്സരം നടത്തുകയും വിജയികൾക്ക് ക്യാഷ് അവാർഡുകൾ നൽകുകയും ചെയ്യും . നവംബർ 22ന് ഇ എസ് ജി ഓഫീസ് വേദിയിൽ നിന്ന് കലാ അക്കാദമിയിലേക്ക് ഐ എഫ്പ എഫ്രേ ഐ ഡ് സംഘടിപ്പിക്കുമെന്ന് ശ്രീ സാവന്ത് അറിയിച്ചു.
മേള,പരിസ്ഥിതി സൗഹൃദമാക്കാനും സമൂഹത്തിൻ്റെ നാനാതുറകളിലുള്ളവർക്കും പ്രാപ്യമാക്കാനുമുള്ള എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് ഗോവയിലെ എൻ്റർടൈൻമെൻ്റ് സൊസൈറ്റി വൈസ് ചെയർമാൻ . ഡെലിയാല ലോബോ മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ വർഷത്തെക്കാൾ 25 ശതമാനം വർധന രേഖപ്പെടുത്തി ഈ വർഷം 6500 പ്രതിനിധികൾ രജിസ്റ്റർ ചെയ്തതായി വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയ ജോയിൻ്റ് സെക്രട്ടറിയും എൻഎഫ്ഡിസി മാനേജിംഗ് ഡയറക്ടറുമായ ശ്രീ പൃഥുൽ കുമാർ പറഞ്ഞു. ചലച്ചിത്ര പ്രേമികൾക്ക് മേള കൂടുതൽ പ്രാപ്യമാക്കുന്നതിനായി ഈ വർഷം 6 ലധികം പ്രദർശന സ്ക്രീനുകളും 45 ശതമാനം കൂടുതൽ സ്‌ക്രീനിംഗ് തിയേറ്ററുകളും ലഭ്യമാക്കും. ചലച്ചിത്ര മേഖലയിലെ പ്രമുഖർ മേളയിൽ പങ്കെടുക്കുമെന്ന് ശ്രീ. കുമാർ പറഞ്ഞു. ജനപങ്കാളിത്തവും ആസ്വാദന അനുഭവത്തിൻ്റെ ഗുണനിലവാരവും കണക്കിലെടുത്ത് ഈ വർഷം ചലച്ചിത്രമേള ,പുതിയ ഉയരങ്ങളിലെത്തുന്നുവെന്ന് ഉറപ്പാക്കാൻ വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവിൻ്റെ നേതൃത്വത്തിൽ എൻഎഫ്ഡിസി എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും ശ്രീ കുമാർ സൂചിപ്പിച്ചു. മേളയുടെ ഒരുക്കങ്ങൾ വാർത്താ വിതരണ പ്രക്ഷേപണ സഹമന്ത്രി ഡോ. എൽ മുരുകൻ തുടർച്ചയായി അവലോകനം ചെയ്തിട്ടുണ്ട്.
വാർത്താ സമ്മേളനത്തിൽഐ എഫ് എഫ് ഐ 2024-ൻ്റെ പ്രധാന സവിശേഷതകൾ മാധ്യമങ്ങളോട് വിശദീകരിച്ചു. അവ ചുവടെ വായിക്കാം:
•ഐ എഫ് എഫ് ഐ 2024 സംഘടിപ്പിച്ചിരിക്കുന്നത് യുവ ചലച്ചിത്ര പ്രവർത്തകരെ കേന്ദ്രീകരിച്ചാണ്. കഴിഞ്ഞ വർഷം ലഭിച്ച 550 അപേക്ഷകളുമായി താരതമ്യം ചെയ്യുമ്പോൾ CMOT (നാളെയുടെ സർഗ്ഗാത്മക പ്രതിഭകൾ ) വിഭാഗത്തിൽ 1032 അപേക്ഷകൾ ലഭിച്ചു.
- വാർത്താ വിതരണ പ്രക്ഷേപണ മന്ത്രിയുടെ ദീർഘവീക്ഷണത്തോടെയുള്ള മാർഗനിർദേശപ്രകാരം, ഐ എഫ് എഫ് ഐ 2024 യുവ ചലച്ചിത്ര പ്രവർത്തകരെ കേന്ദ്രീകരിക്കുന്നു . യുവ പ്രതിഭകളെ പിന്തുണയ്ക്കുന്നതിനായി "നാളത്തെ സർഗാത്മക പ്രതിഭകൾ " എന്ന സംരംഭം (മുൻ പതിപ്പിൽ 75 ആയിരുന്നത്) 100 എണ്ണം ആയി വിപുലീകരിച്ചു. രാജ്യത്തുടനീളമുള്ള യുവ ചലച്ചിത്ര വിദ്യാർത്ഥികളെ മേളയിൽ പങ്കെടുക്കാൻ ക്ഷണിച്ചു.
- വളർന്നുവരുന്ന പ്രതിഭകളെ ആദരിക്കുന്നതിനായി മികച്ച നവാഗത ഇന്ത്യൻ സംവിധായകൻ എന്ന വിഭാഗത്തിൽ പുതുതായി പുരസ്കാരം അവതരിപ്പിച്ചു.ക്യൂറേറ്റഡ് മാസ്റ്റർക്ലാസുകൾ, പാനൽ ചർച്ചകൾ, യുവ സ്രഷ്‌ടാക്കൾക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ചലച്ചിത്ര പ്രദർശനങ്ങൾ എന്നിവയുണ്ടാകും. കൂടാതെ, സംഗീതം, നൃത്തം, സംവേദനാത്മക അനുഭവങ്ങൾ എന്നിവയിലൂടെ യുവാക്കളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിന് IFFiesta എന്ന പരിപാടി സംഘടിപ്പിച്ചിരിക്കുന്നു.
- ഐ എഫ് എഫ് ഐ -2024 ന് 101 രാജ്യങ്ങളിൽ നിന്ന് 1,676 എൻട്രികൾ ലഭിച്ചു. ഈ റെക്കോർഡ് എണ്ണം, മേളയുടെ വളരുന്ന അന്താരാഷ്ട്ര സ്വീകാര്യതയുടെ തെളിവാണ്. 16 ലോക പ്രീമിയറുകൾ, 3 ഇൻ്റർനാഷണൽ പ്രീമിയറുകൾ, 43 ഏഷ്യൻ പ്രീമിയറുകൾ, 109 ഇന്ത്യൻ പ്രീമിയറുകൾ എന്നിവയുൾപ്പെടെ 81 രാജ്യങ്ങളിൽ നിന്നുള്ള 180-ലധികം അന്താരാഷ്ട്ര സിനിമകൾഐ എഫ് എഫ് ഐ -2024 ൽ അവതരിപ്പിക്കും. ആഗോള തലത്തിൽ നിന്ന് പ്രശസ്തമായവയും അവാർഡ് നേടിയവയുമായ സിനിമകൾ തിരഞ്ഞെടുക്കുന്നതിലൂടെ, ഈ വർഷത്തെ ചലച്ചിത്ര മേള പ്രേക്ഷകരിൽ നിതാന്ത സ്വാധീനം ചെലുത്താൻ ഒരുങ്ങുകയാണ്.
- മേളയിലെ കൺട്രി ഓഫ് ഫോക്കസ് ഓസ്ട്രേലിയയാണ്. സ്‌ക്രീൻ ഓസ്‌ട്രേലിയയും എൻഎഫ്‌ഡിസിയും തമ്മിലുള്ള ധാരണാപത്രം (എംഒയു) വഴി ഇന്ത്യയുമായുള്ള സഹകരണം പ്രോത്സാഹിപ്പിക്കുകയും പ്രത്യേക വിഭാഗത്തിലായി ചലച്ചിത്രങ്ങൾ പ്രദർശിപ്പിക്കുകയും ചെയ്യും. പ്രമുഖ ബ്രിട്ടീഷ് പോപ്‌സ്റ്റാർ റോബി വില്യംസിൻ്റെ ജീവിതത്തിലേയ്ക്ക് വെളിച്ചം വീശുന്ന മൈക്കൽ ഗ്രേസി സംവിധാനം ചെയ്ത ഓസ്‌ട്രേലിയൻ ചലച്ചിത്രം ബെറ്റർ മാൻ ആണ് ഉദ്ഘാടന ചലച്ചിത്രം .
- സത്യജിത് റേ ലൈഫ് ടൈം അച്ചീവ്‌മെൻ്റ് അവാർഡ്, അസാധാരണമായ കഥ പറച്ചിൽ രീതിക്കും ഉദ്വേഗം നിറഞ്ഞതും സാംസ്കാരികത പ്രതിധ്വനിക്കുന്നതുമായ ചലച്ചിത്രങ്ങൾ ഒരുക്കുന്നതിൽ പ്രശസ്തനായ ഓസ്‌ട്രേലിയൻ സംവിധായകനും അവാർഡ് ജേതാവുമായ 'ഫിലിപ്പ് നോയ്‌സി'ന് സമ്മാനിക്കും.
- അന്താരാഷ്‌ട്ര മത്സര വിഭാഗത്തിൽ 15 ഫീച്ചർ ഫിലിമുകൾ (12 അന്താരാഷ്ട്ര , 3 ഇൻഡ്യൻ സിനിമകൾ ) ഉണ്ടായിരിക്കും.അവ മികച്ച ചലച്ചിത്രത്തിനുള്ള പുരസ്കാരമായ സുവർണ മയൂരത്തിനും 40 ലക്ഷം കാഷ് പ്രൈസിനുമായി മത്സരിക്കും. മികച്ച ചിത്രത്തിന് പുറമേ, മികച്ച സംവിധായകൻ, മികച്ച അഭിനേതാവ് (പുരുഷൻ), മികച്ച അഭിനേതാവ് (സ്ത്രീ), പ്രത്യേക ജൂറി പുരസ്കാരം എന്നീ വിഭാഗങ്ങളിലും വിജയികളെ നിശ്ചയിക്കും.
- മികച്ച നവാഗത ചലച്ചിത്ര സംവിധായകനുള്ള പുരസ്കാര വിഭാഗത്തിൽ, 5 അന്താരാഷ്‌ട്ര ചിത്രങ്ങൾ , 2 ഇന്ത്യൻ ചിത്രങ്ങൾ എന്നിവ രജതമയൂരം, 10 ലക്ഷം രൂപ ക്യാഷ് പ്രൈസ്, സർട്ടിഫിക്കറ്റ് എന്നിവ അടങ്ങുന്ന പുരസ്കാരത്തിനായി മത്സരിക്കും.
- പ്രശസ്ത ഇന്ത്യൻ ചലച്ചിത്ര നിർമ്മാതാവ് ശ്രീ അശുതോഷ് ഗോവാരിക്കർ (ചെയർപേഴ്സൺ) അന്താരാഷ്‌ട്ര ജൂറിയെ നയിക്കും. സിംഗപ്പൂരിലെ പ്രശസ്ത എഴുത്തുകാരനും സംവിധായകനും നിർമ്മാതാവുമായ ആൻ്റണി ചെൻ, ബ്രിട്ടീഷ് ചലച്ചിത്ര നിർമ്മാതാവ് എലിസബത്ത് കാൾസൺ, ഏഷ്യ ആസ്ഥാനമായുള്ള പ്രമുഖ നിർമ്മാതാവ് ഫ്രാൻ ബോർജിയ, പ്രശസ്ത ഓസ്ട്രേലിയൻ ഫിലിം എഡിറ്റർ ജിൽ ബിൽകോക്ക് എന്നിവർ ജൂറി അംഗങ്ങളാണ്.
- ഇന്ത്യൻ പനോരമ വിഭാഗം- ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരികവും ഭാഷാപരവുമായ വൈവിധ്യത്തെ പ്രതിനിധീകരിക്കുന്ന 25 ഫീച്ചർ ഫിലിമുകളും 20 നോൺ ഫീച്ചർ ഫിലിമുകളും പ്രദർശിപ്പിക്കും. രൺദീപ് ഹൂഡ സംവിധാനം ചെയ്ത സ്വാതന്ത്ര്യ വീർ സവർക്കർ (ഹിന്ദി) വിഭാഗത്തിലെ ഉദ്ഘാടന ചിത്രമായിരിക്കും . നോൺ ഫീച്ചർ ഫിലിം വിഭാഗത്തിൽ , ഘർ ജൈസ കുച്ച് (ലഡാക്കി) ഉദ്ഘാടന ചിത്രമാകും.
- ‘യുവ ചലച്ചിത്ര നിർമ്മാതാക്കളെ ' കേന്ദ്രീകരിച്ചുള്ള ഐഎഫ്എഫ്ഐയുടെ പ്രമേയത്തോട് അനുബന്ധിച്ച് രാജ്യത്തുടനീളമുള്ള യുവ ചലച്ചിത്ര നിർമ്മാണ പ്രതിഭകളെ അംഗീകരിക്കുന്നതിനായി "മികച്ച ഇന്ത്യൻ നവാഗത സംവിധായകൻ" എന്ന വിഭാഗത്തിൽ പുതിയ പുരസ്കാരം ഏർപ്പെടുത്തിയിട്ടുണ്ട്. ആകെ 102 ചിത്രങ്ങളിൽ നിന്ന് 5 എണ്ണം ഈ പുരസ്കാരത്തിനായി മത്സരിക്കും. സർട്ടിഫിക്കറ്റും 5 ലക്ഷം രൂപ ക്യാഷ് പ്രൈസും അടങ്ങുന്ന പുരസ്കാരം സമാപന ചടങ്ങിൽ നൽകും.
- മികച്ച വെബ് സീരീസ് (OTT) വിഭാഗത്തിൽ കഴിഞ്ഞ വർഷം 32 എൻട്രികൾ ലഭിച്ചപ്പോൾ ഈ വർഷം 46 എൻട്രികൾ ലഭിച്ചു. ഏറ്റവും മികച്ചതായി തിരഞ്ഞെടുക്കപ്പെടുന്ന വെബ്പ രമ്പരയ്ക്ക് സർട്ടിഫിക്കറ്റും 10 ലക്ഷം രൂപയും സമ്മാനത്തുകയായി നൽകും.അത് സമാപന ചടങ്ങിൽ പ്രഖ്യാപിക്കും.
- ശതാബ്ദി ആഘോഷങ്ങൾ:ഐ എഫ് എഫ് ഐ- 2024 ഇന്ത്യൻ സിനിമാ ഇതിഹാസങ്ങളായ രാജ് കപൂർ, മുഹമ്മദ് റാഫി, തപൻ സിൻഹ, അക്കിനേനി നാഗേശ്വര റാവു എന്നിവരെ ആദരിക്കും. ഇവരോടുള്ള ആദരസൂചകമായി ഉദ്ഘാടന, സമാപന ചടങ്ങുകളിൽ പ്രത്യേക ദൃശ്യ- ശ്രവ്യ പരിപാടി, IFFiesta യിൽ പ്രത്യേക പരിപാടി,ഇന്ത്യ പോസ്റ്റിൻ്റെ സ്മരണിക തപാൽ സ്റ്റാമ്പ് എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്. ഗവൺമെന്റിന്റെ നാഷണൽ ഫിലിം ഹെറിറ്റേജ് മിഷൻ്റെ (NFHM) കീഴിൽ NFDC-NFAI പുന സൃഷ്ടിച്ച, ഈ ഇതിഹാസങ്ങളുടെ ഓരോ ക്ലാസിക് ചിത്രവുംഐ എഫ് എഫ് ഐ യിൽ പ്രദർശിപ്പിക്കും. അതിൽ രാജ് കപൂറിൻ്റെ ആവാര, അക്കിനേനി നാഗേശ്വര റാവുവിൻ്റെ ദേവദാസ് (1953), മുഹമ്മദ് റാഫിയുടെ ഹം ദോനോ ,തപൻ സിൻഹയുടെ ഹാർമോണിയം എന്നിവ പ്രദർശിപ്പിക്കും.
- റൈസിംഗ് സ്റ്റാർസ് (വളർന്നുവരുന്ന സംവിധായകരെ ആഘോഷിക്കുന്നു), മിഷൻ ലൈഫ് (പരിസ്ഥിതിക്കായുള്ള സിനിമകൾക്ക് വേണ്ടിയുള്ള വിഭാഗം), ഓസ്‌ട്രേലിയ: കൺട്രി ഓഫ് ഫോക്കസ്, ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള തിരഞ്ഞെടുത്ത ക്യുറേറ്റഡ് ചിത്രങ്ങൾ ഉൾപ്പെടുന്ന ട്രീറ്റി കൺട്രി പാക്കേജ് എന്നിങ്ങനെ നാല് പുതിയ അന്താരാഷ്ട്ര വിഭാഗങ്ങൾ മേളയിൽ ഉൾക്കൊള്ളുന്നു.
- ഐ എഫ് എഫ് ഐ - 2024, സ്ത്രീകൾ സംവിധാനം ചെയ്‌ത 47 സിനിമകളും യുവ, നവാഗത സംവിധായകരുടെ 66 സൃഷ്ടികളുമായി പ്രാതിനിധ്യം കുറഞ്ഞ വിഭാഗങ്ങളെ ഉയർത്തിക്കാട്ടുക എന്ന മേളയുടെ പ്രതിബദ്ധതയെ പിന്തുടരുന്നു. കൂടാതെ
ഇത് വൈവിധ്യവും ഉൾപ്പെടുത്തലും പ്രോത്സാഹിപ്പിക്കുന്നു. 'വിമൻ ഇൻ സിനിമ' വിഭാഗം ഉയർന്നുവരുന്ന പ്രതിഭകളെയും വനിതാ സംവിധായകരുടെ ശ്രദ്ധേയമായ സംഭാവനകളെയും ഉയർത്തിക്കാട്ടും.
- INOX മഡ്ഗാവിൻ്റെ 4 തീയറ്ററുകളും INOX പോണ്ടയിലെ 2 തിയേറ്ററുകളും ഉൾപ്പെടെ സ്‌ക്രീനിങ്ങിനായി 6 തീയേറ്ററുകൾഅധികമായി ലഭ്യമാകും. INOX പഞ്ചിo (4), മക്വിനെസ് പാലസ് (1), INOX പോവോരിം (4), INOX മഡ്ഗോൺ (4), INOX പോണ്ട (2), Z സ്‌ക്വയർ, സമ്രാട്ട് അശോക് (2) എന്നീ 5 വേദികളിലായി 270-ലധികം ചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിക്കും. കൂടാതെ ഗോവയിലുടനീളം ഫിലിം പ്രദർശനങ്ങൾക്കായി 5 പിക്ചർ ടൈം ഇൻഫ്ലറ്റബിൾ തിയേറ്ററുകൾ സ്ഥാപിച്ചിട്ടുണ്ട്.
- CMOT സംരംഭത്തിന് ഈ വർഷം 1,032 എൻട്രികളോടെ റെക്കോർഡ് പങ്കാളിത്തം ലഭിച്ചു. ഇത് 2023 നെ അപേക്ഷിച്ച് ഏകദേശം ഇരട്ടിയോളമാണ്. ഈ പദ്ധതി വഴി 13 ചലച്ചിത്ര നിർമ്മാണ മേഖലകളിലായി യുവ പ്രതിഭകളെ പരിപോഷിപ്പിക്കുന്നു. ആദ്യമായി 100 പങ്കാളികളെ ഇത്തവണ ഈ പരിപാടിയിലേക്ക് തിരഞ്ഞെടുത്തിട്ടുണ്ട്. ഇത് സിനിമാ നിർമ്മാതാക്കൾക്കായി ഒരു സവിശേഷ വേദി വാഗ്ദാനം ചെയ്യുന്നു.
- മാസ്റ്റർ ക്ലാസുകൾ, പാനലുകൾ, വ്യവസായ വിനിമയങ്ങൾ :കലാ അക്കാദമിയിൽ എ ആർ റഹ്മാൻ, പ്രസൂൺ ജോഷി, ശബാന ആസ്മി, മണിരത്നം, വിധു വിനോദ് ചോപ്ര തുടങ്ങിയ ചലച്ചിത്ര വ്യവസായ ലോകത്തെ പ്രമുഖരും ഫിലിപ്പ് നോയ്സ്, ജോൺ സീൽ എന്നിവരെ പോലെ അന്താരാഷ്ട്ര പ്രതിഭകളും നയിക്കുന്ന 25 ൽ അധികം മാസ്റ്റർ ക്ലാസുകളും പാനൽ ചർച്ചകളും സിനിമാ പ്രേമികൾക്ക് പ്രതീക്ഷിക്കാം. പങ്കെടുക്കുന്നവർക്ക് സൗണ്ട് ഡിസൈൻ, ഡിജിറ്റൽ യുഗത്തിലെ അഭിനയം, സിനിമാനിർമ്മാണത്തിൻ്റെ ഭാവി എന്നിവയെക്കുറിച്ച് വ്യക്തമായ ഉൾക്കാഴ്ച ലഭിക്കും.
- ഫിലിം ബസാർ 2024: ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ചലച്ചിത്ര വിപണി: ഫിലിം ബസാറിൻ്റെ 18-ാമത് പതിപ്പ് ഇതുവരെയുള്ളതിൽ ഏറ്റവും വലുതാണ്. ചലച്ചിത്ര വിപണിയുടെ വിവിധ തലങ്ങളിലായി 350-ലധികം സിനിമ പ്രോജക്ടുകൾ അവതരിപ്പിക്കുന്നു.
- 'IFFiesta' സാംസ്കാരിക ആഘോഷങ്ങളുമായുള്ള ഒരു സംവേദനാത്മക അനുഭവം: ഐ എഫ് എഫ് ഐ -2024 ൽ സിനിമ, സംഗീതം, നൃത്തം, ഭക്ഷണം, കല, സംവേദനാത്മക അനുഭവങ്ങൾ എന്നിവയുടെ മാന്ത്രികതയിലൂടെ ചലച്ചിത്രമേളയുടെ സാംസ്കാരിക ശോഭ വർദ്ധിപ്പിക്കുന്ന IFFiesta, എന്ന വിനോദ മാമാങ്കം ആദ്യമായി സംഘടിപ്പിക്കും. IFFiesta-യിലെ ക്യൂറേറ്റ് ചെയ്ത തത്സമയ പ്രകടനം, ഭക്ഷണം, രസകരമായ വിനോദങ്ങൾ എന്നിവയ്‌ക്കായുള്ള ഈ പ്രത്യേക മേഖല സൊമാറ്റോയുടെ 'ഡിസ്ട്രിക്റ്റി'ന്റെ സഹായത്തോടെ സംഘടിപ്പിച്ചിരിക്കുന്നു
- പ്രവേശനവും , ഉൾപ്പെടുത്തലും: ഐഎഫ്എഫ്ഐയുടെ ചരിത്രത്തിൽ ആദ്യമായി , 55-ാമത് ഐഎഫ്എഫ്ഐ എല്ലാവർക്കും പ്രവേശനമുള്ള ഒരു പരിപാടിയായിരിക്കും . ചലച്ചിത്ര മേളയിൽ എല്ലാ സിനിമാപ്രവർത്തകർക്കും, പ്രത്യേകിച്ച് ദിവ്യാംഗർ ഉൾപ്പെടെയുള്ള ചലനശേഷി കുറഞ്ഞവർക്ക് പ്രവേശനമുണ്ടെന്ന് ഉറപ്പാക്കാൻ, ഒരു പ്രമുഖ സംഘടനയായ 'സ്വയം' നെ ആക്‌സസിബിലിറ്റി പങ്കാളിയായി ഇന്ത്യ ചലച്ചിത്ര മേള തിരഞ്ഞെടുത്തു. ഐ എഫ് എഫ് ഐ - 2024 ലെ എല്ലാ വേദികളിലും നേരിട്ട്പ്രവേശനം ഉറപ്പാക്കാനും ഭിന്നശേഷിക്കാരെ കുറിച്ച് സന്നദ്ധപ്രവർത്തകരെ ബോധവത്കരിക്കുന്നതിനും എല്ലാവരെയും ഉൾപ്പെടുത്തുന്നതിനും ഗവൺമെന്റ് പ്രതിജ്ഞാബദ്ധമാണ്.ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലെ സിനിമകൾ, പരിപാടികൾ, എന്നിവയിൽ ഓഡിയോ വിവരണങ്ങളും ആംഗ്യ ഭാഷാ വ്യാഖ്യാനവും, മൊബൈൽ ആപ്ലിക്കേഷനുകളുടെ ഉപയോഗത്തിലൂടെ പ്രവേശനക്ഷമത ഉറപ്പാക്കൽ എന്നിവയും സവിശേഷതകളാണ്. പ്രധാനമന്ത്രിയുടെ " എല്ലാവർക്കും ഒപ്പം എല്ലാവരുടെയും വികസനം " എന്ന ആശയം സ്വാംശീകരിച്ചു കൊണ്ട് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലൂടനീളം പ്രവേശന സംവിധാനങ്ങൾക്ക് പ്രത്യേക പ്രാധാന്യം നൽകിയിട്ടുണ്ട്.
To read the Powerpoint presentation by MD, NFDC please click here
Read More – Creative Minds of Tomorrow Details:
https://pib.gov.in/PressReleaseIframePage.aspx?PRID=2067309
https://www.iffigoa.org/public/press_release/screening.pdf
https://pib.gov.in/PressReleaseIframePage.aspx?PRID=2067309
https://pib.gov.in/PressReleaseIframePage.aspx?PRID=2067101
(Release ID: 2075350)
|