വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
iffi banner

സാങ്കേതികവിദ്യയുടെ സംയോജനവും സർഗാത്മക ആവാസവ്യവസ്ഥയുടെ ശക്തമായ വികസനവും കൊണ്ട് ഇന്ത്യയുടെ സർഗാത്മക മേഖല അഭിവൃദ്ധി പ്രാപിക്കുന്നത് തുടരും : ഐഎഫ്എഫ്ഐയുടെ ഉദ്ഘാടന ചടങ്ങിൽ വീഡിയോ സന്ദേശത്തിൽ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്.

 ‘വികേന്ദ്രീകൃത സർഗ്ഗാത്മക വിപ്ലവം’ - ഗുവാഹത്തി, കൊച്ചി, ഇൻഡോർ തുടങ്ങിയ നഗരങ്ങൾ സർഗാത്മകതയുടെ പ്രഭവകേന്ദ്രങ്ങളായി ഉയർന്നുവരുന്നു: കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്

" ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്ര മേള (IFFI), ഇന്ത്യൻ ചലച്ചിത്ര വ്യവസായത്തിൻ്റെ വികസനത്തിൽ ഒരു സുപ്രധാന നാഴികക്കല്ലായി മാറിയിരിക്കുന്നു. ഊർജസ്വലവും അതിവേഗം വളരുന്നതുമായ ഉള്ളടക്ക സൃഷ്ടാക്കളുടെ സമ്പദ്‌വ്യവസ്ഥ വികസിപ്പിക്കുന്നതിലാണ് ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്”.ഇന്ന് ഗോവയിൽ നടന്ന 55-ാമത് ഐഎഫ്എഫ്ഐയുടെ പ്രൗഢഗംഭീരമായ ഉദ്ഘാടന ചടങ്ങിനിടെ കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവ് വീഡിയോ സന്ദേശത്തിൽ പറഞ്ഞു.

 രാജ്യത്തിൻ്റെ സമ്പന്നമായ സാംസ്കാരിക പൈതൃകം പ്രദർശിപ്പിക്കുകയും സാമ്പത്തിക വളർച്ചയ്ക്ക് സംഭാവന നൽകുകയും ചെയ്യുന്ന ഒരു ചലനാത്മക ശക്തിയായി ഇന്ത്യയുടെ സർഗ്ഗാത്മക മേഖല മാറിയിട്ടുണ്ടെന്ന് മന്ത്രി എടുത്തുപറഞ്ഞു. "ഇന്ത്യയുടെ വൈവിധ്യമാർന്ന സംസ്‌കാരങ്ങൾ, പാചകരീതികൾ, സമ്പന്നമായ പൈതൃകം, ഇന്ത്യൻ സാഹിത്യത്തിൻ്റെയും ഭാഷകളുടെയും അമൂല്യ സവിശേഷതകൾ എന്നിവ രസകരവും സർഗ്ഗാത്മകവുമായ രീതിയിൽ പ്രദർശിപ്പിക്കുന്ന നൂതന ഉള്ളടക്കവുമായി വ്യക്തികൾ മുന്നോട്ട് വരുന്നു. രാജ്യം, സർഗാത്മക പ്രതിഭകളെ ശാക്തീകരിക്കുകയും നൂതനാശയത്തെ പ്രോത്സാഹിപ്പിക്കുകയും ലോക വേദിയിൽ സാംസ്‌കാരിക നയതന്ത്രം മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യുന്നു.” അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയുടെ അതുല്യമായ സ്വത്വം പ്രതിഫലിപ്പിക്കുന്നതോടൊപ്പം ആഗോള പ്രേക്ഷകരെ സ്വാധീനിക്കുന്ന കഥകൾ തയ്യാറാക്കാൻ അത്യാധുനിക സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്താൻ കേന്ദ്രമന്ത്രി ഉള്ളടക്ക സൃഷ്ടാക്കളോട് ആഹ്വാനം ചെയ്തു.“സാങ്കേതികവിദ്യയുടെ സംയോജനവും സർഗാത്മക ആവാസവ്യവസ്ഥയുടെ ശക്തമായ വികസനവും കൊണ്ട് ഇന്ത്യയുടെ സർഗാത്മക മേഖല അഭിവൃദ്ധി പ്രാപിക്കുന്നത് തുടരുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.” അദ്ദേഹം പറഞ്ഞു.

 എല്ലാ ചലച്ചിത്ര പ്രേമികളെയും ചലച്ചിത്ര പ്രവർത്തകരെയും ഐ എഫ് എഫ് ഐ പ്രതിനിധികളെയും മന്ത്രി ഊഷ്മളമായി സ്വാഗതം ചെയ്തു. ഈ ചലച്ചിത്ര മേള, സർഗ്ഗാത്മക മനസ്സുകൾക്കിടയിൽ പുതിയ പങ്കാളിത്തങ്ങളും സഹകരണങ്ങളും പ്രോത്സാഹിപ്പിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. 

 ഇന്ത്യയുടെ സർഗാത്മക സമ്പദ് വ്യവസ്ഥ : ഒരു ആഗോള ശക്തികേന്ദ്രം

 ഇന്ന് പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ, ഇന്ത്യയുടെ സർഗ്ഗാത്മക സമ്പദ്‌വ്യവസ്ഥയുടെ വളർച്ചാ പാതയെക്കുറിച്ചും ശ്രീ വൈഷ്ണവ് വിശദീകരിച്ചു. 'ഇന്ത്യയുടെ ക്രിയാത്മക സമ്പദ്‌വ്യവസ്ഥ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്നു, ഇപ്പോൾ ഇത് 30 ബില്യൺ ഡോളർ മൂല്യമുള്ളതാണ്. ഇത് ഇന്ത്യയുടെ ജിഡിപിയിലേക്ക് ഏകദേശം 2.5% സംഭാവന ചെയ്യുകയും 8% തൊഴിലാളികൾക്ക് ഉപജീവനമാർഗം നൽകുകയും ചെയ്യുന്നു. ഇൻഫ്ലുവൻസർ മാർക്കറ്റിംഗ് മേഖലയുടെ മാത്രം മൂല്യം 3,375 കോടി രൂപയാണെന്നും 200,000 മുഴുനീള ഉള്ളടക്ക സ്രഷ്‌ടാക്കൾ ഇന്ത്യയുടെ ആഗോള സാന്നിധ്യത്തിന് സംഭാവന നൽകുന്നതായും അദ്ദേഹം പറഞ്ഞു. ഗുവാഹത്തി, കൊച്ചി, ഇൻഡോർ തുടങ്ങിയ നഗരങ്ങൾ ക്രിയാത്മക പ്രഭവകേന്ദ്രങ്ങളായി ഉയർന്നുവരുന്നത് രാജ്യത്തുടനീളം വികേന്ദ്രീകൃത സർഗ്ഗാത്മക വിപ്ലവത്തിന് ഊർജം പകരുന്നതായി മന്ത്രി ചൂണ്ടിക്കാട്ടി.

 ഇന്ത്യയുടെ സർഗാത്മക വ്യവസായങ്ങളുടെ വ്യാപകമായ സ്വാധിനത്തെ ചൂണ്ടിക്കാട്ടിയ മന്ത്രി , അവ ജിഡിപി വളർച്ചയ്ക്ക് ഉപരിയായി മാറിയിട്ടുണ്ട് എന്ന് അഭിപ്രായപ്പെട്ടു.ബോളിവുഡ്, പ്രാദേശിക സിനിമ, മറ്റ് സാംസ്കാരിക ഉൽപ്പന്നങ്ങൾ എന്നിവയിലൂടെ രാജ്യത്തിൻ്റെ ആഗോള മൃദുശക്തിയെ രൂപപ്പെടുത്താൻ ഇത് സഹായിക്കുന്നു.

ഗവൺമെൻ്റിൻ്റെ പരിവർത്തനാത്മക ഇടപെടലുകളെക്കുറിച്ച് മന്ത്രി ആവർത്തിച്ചു. ഉള്ളടക്ക നിർമ്മാണത്തിലും നൂതനാശയത്തിലും രാജ്യത്തെ ഒരു ആഗോള ശക്തി കേന്ദ്രമായി മാറ്റുന്നതിനുള്ള ഒരു സുപ്രധാന സംരംഭമാണ് ലോക ദൃശ്യ ശ്രവ്യ & വിനോദ ഉച്ചകോടി (വേവ്സ്). നൂതനാശയങ്ങൾ കണ്ടെത്തുകയും സഹകരിക്കുകയും സുഗമമായി സൃഷ്ടിക്കുകയും ചെയ്യുന്നവരാണ് ഭാവി നിശ്ചയിക്കുക ' അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ സർഗ്ഗാത്മക സമ്പദ്‌വ്യവസ്ഥ പ്രചോദനത്തിൻ്റെയും സാമ്പത്തിക വളർച്ചയുടെയും സാംസ്‌കാരിക നയതന്ത്രത്തിൻ്റെയും ആഗോള നേതൃത്വത്തിൻ്റെയും മാർഗ്ഗദീപം ആകട്ടെ. ഓരോ ഇന്ത്യൻ സ്രഷ്ടാവും ഒരു ആഗോള കഥാകൃത്ത് ആകുന്നുവെന്ന് നമുക്ക് ഉറപ്പിക്കാം.നാളെയെ രൂപപ്പെടുത്തുന്ന കഥകൾക്കായി ലോകം ഇന്ത്യയിലേക്ക് നോക്കുന്നു.
ഐഎഫ്എഫ്ഐ ആരംഭിക്കുമ്പോൾ, ആഗോള സർഗ്ഗാത്മക സമ്പദ്‌വ്യവസ്ഥയെ നയിക്കുന്നതിൽ ഇന്ത്യയുടെ സ്രഷ്‌ടാക്കളുടെ പങ്കിനെക്കുറിച്ച് മന്ത്രി തൻ്റെ ലേഖനത്തിൽ ഊന്നിപ്പറഞ്ഞു. 'ആഗോള സർഗ്ഗാത്മക സമ്പദ്‌വ്യവസ്ഥയിൽ നേതൃത്വം വഹിക്കാൻ ഇന്ത്യയുടെ സ്രഷ്‌ടാക്കൾ തയ്യാറാണ്,' അദ്ദേഹം പറഞ്ഞു.


2024 നവംബർ 20 ന് ഐഎഫ്എഫ്ഐയുടെ സ്ഥിരം വേദിയായ ഗോവയിൽ പ്രൗഢമായ ഉദ്ഘാടന ചടങ്ങോടെയാണ് അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ 55-ാം പതിപ്പ് ആരംഭിച്ചത്. ഒമ്പത് ദിവസത്തെ മേള 2024 നവംബർ 28 വരെ നീണ്ടുനിൽക്കും. ഇത് സിനിമാ നിർമ്മാതാക്കൾക്കും സർഗ്ഗാത്മക കലാകാരന്മാർക്കും സിനിമയുടെ സന്തോഷം ആഘോഷിക്കുകയും പങ്കിടുകയും ചെയ്യുന്നതിനുള്ള ഒരു വേദി വാഗ്ദാനം ചെയ്യുന്നു.

************************

iffi reel

(Release ID: 2075328) Visitor Counter : 46