വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ (IFFI 2024) വർണ്ണശബളമായ പരിപാടികൾ അനാവരണം ചെയ്ത് മുഖ്യമന്ത്രി പ്രമോദ് സാവന്ത്; ചലച്ചിത്രോത്സവം ഗോവയുടെ തനത് സംസ്ക്കാരത്തിന്റെയും ചലച്ചിത്ര പാരമ്പര്യത്തിന്റെയും പ്രദർശനവേദിയാകും
IFFI പരേഡിൽ ഗോവയുടെ ആകാശം ദീപക്കാഴ്‌ചകളാൽ പ്രഭാപൂരിതമാകും: പ്രമോദ് സാവന്ത്
കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയവും (ഭാരത സർക്കാർ), നാഷണൽ ഫിലിം ഡെവലപ്മെൻ്റ് കോർപ്പറേഷനും (NFDC), ഗോവ സർക്കാരും സംയുക്തമായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ (ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ--IFFI) 55-ാമത് പതിപ്പ് പ്രകൃതിരമണീയമായ ഗോവയിലെ എൻ്റർടൈൻമെൻ്റ് സൊസൈറ്റി ഓഫ് ഗോവയുടെ (ESG) നേതൃത്വത്തിൽ 2024 നവംബർ 20 മുതൽ 28 വരെ നടക്കുകയാണ്.
ഗോവ മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്ത്, എൻ്റർടൈൻമെൻ്റ് സൊസൈറ്റി ഓഫ് ഗോവ വൈസ് ചെയർമാൻ ശ്രീമതി ദെലിയാല ലോബോ, വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ജോയിൻ്റ് സെക്രട്ടറിയും NFDC മാനേജിങ് ഡയറക്ടറുമായ ശ്രീ പൃഥുൽ കുമാർ എന്നിവർ IFFIമീഡിയ സെൻ്ററിൽ നടന്ന വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ജോയിൻ്റ് സെക്രട്ടറി ശ്രീമതി വൃന്ദ ദേശായി, വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള PIB ഡയറക്ടർ ജനറൽ ശ്രീമതി സ്മിതാ വത്സ് ശർമ്മ തുടങ്ങിയവരും PIB, ESG എന്നിവിടങ്ങളിൽ നിന്നുള്ള മുതിർന്ന ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.
IFFIപരേഡ് റൂട്ടിൽ ‘സ്കൈ ലാൻ്റേൺ’ മത്സര എൻട്രികൾ പ്രദർശിപ്പിക്കുമെന്നും പങ്കെടുക്കുന്നവർക്ക് ക്യാഷ് റിവാർഡുകൾ നൽകുമെന്നും ഈ വർഷത്തെ പുതിയ സംരംഭങ്ങളെ വിശദീകരിക്കവെ ഡോ. സാവന്ത് അറിയിച്ചു. നവംബർ 22ന് ESG ഓഫീസ് വേദി മുതൽ കലാ അക്കാദമി വരെയാണ് IFFI പരേഡ്.
81 രാജ്യങ്ങളിൽ നിന്നുള്ള 180 ചലച്ചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിക്കും. ചലച്ചിത്രോത്സവ വേദികളിലുടനീളം യാത്രകൾ സുഗമമാക്കുന്നതിന് സൗജന്യ ഗതാഗത സൗകര്യം ഏർപ്പെടുത്തും. ഗോവൻ ഫിലിംസ് എന്ന പ്രത്യേക വിഭാഗത്തിൽ, പ്രാദേശിക പ്രതിഭകളെയും സംസ്‌കാരത്തെയും പ്രകീർത്തിക്കുന്ന 14 സിനിമകൾ പ്രദർശിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി മുഖ്യമന്ത്രി അറിയിച്ചു.
ഗൂഗിൾ, My Gov പ്ലാറ്റ്‌ഫോമുകളുമായുള്ള പങ്കാളിത്തത്തിലൂടെയാണ് ചലച്ചിത്രോത്സവത്തിനായി യൂട്യൂബ് ഇൻഫ്യൂവൻസേഴ്സ് കൂട്ടായ്മ ഉറപ്പാക്കുന്നതെന്ന് NFDC MD ശ്രീ പൃഥുൽ കുമാർ പറഞ്ഞു. ഈ വർഷം 6500 പ്രതിനിധികൾ രജിസ്റ്റർ ചെയ്തതായി NFDC MD അറിയിച്ചു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 25 ശതമാനം വർധന രേഖപ്പെടുത്തി.
ചലച്ചിത്ര പ്രേമികൾക്ക് ചലച്ചിത്രോത്സവം കൂടുതൽ ആസ്വാദ്യകരമാക്കിത്തീർക്കുന്നതിനും സിനിമാ വ്യവസായത്തിൻ്റെ വിവിധ വശങ്ങളെ കുറിച്ച് ആഴത്തിലുള്ള ധാരണ വളർത്തുന്നതിനും സിനിമാ വ്യവസായത്തിന്റെ സമസ്ത മേഖലകളും മാധ്യമപ്രവർത്തകരെ പരിചയപ്പെടുത്തുന്നതിനായി ഒരു പ്രസ് ടൂർ സംഘടിപ്പിക്കുമെന്നും ശ്രീ പൃഥുൽ കുമാർ അറിയിച്ചു. IFFI 2024 യുവ ചലച്ചിത്ര പ്രവർത്തകരെ കേന്ദ്രീകരിച്ചുള്ളതാണെന്നും കഴിഞ്ഞ വർഷം ലഭിച്ച 550 എൻട്രികളെ അപേക്ഷിച്ച് CMOT വിഭാഗത്തിൽ 1032 എൻട്രികൾ ലഭിച്ചതായി അദ്ദേഹം വ്യക്തമാക്കി.
മാധ്യമങ്ങൾക്കിടയിൽ ചലച്ചിത്രോത്സവത്തിന് ലഭിക്കുന്ന വർദ്ധിച്ച സ്വീകാര്യതയും പ്രാദേശിക പ്രാതിനിധ്യം മെച്ചപ്പെടുത്തുന്നതിലുണ്ടായ സുപ്രധാന മുന്നേറ്റവും ഭാരതസർക്കാരിലെ വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിലുള്ള PIB DG ശ്രീമതി സ്മിത വത്സ് ശർമ്മ അടിവരയിട്ടു സൂചിപ്പിച്ചു. മാധ്യമപ്രവർത്തകരിൽ നിന്നുള്ള അപേക്ഷകളിലും വർദ്ധനയുണ്ട്. ആകെ 840 അപേക്ഷകൾ ലഭിച്ചു. അതിൽ 284 എണ്ണം ഗോവയിൽ നിന്നുള്ളതാണ്. രാജ്യത്തെ നാനാഭാഗങ്ങളിലേക്കും ചലച്ചിത്രോത്സവ വാർത്തകൾ എത്തിക്കുന്നതിന് കൊങ്കണി ഭാഷയിലുൾപ്പെടെയുള്ള പ്രാദേശിക ഭാഷകളിൽ PIB പ്രാദേശിക കേന്ദ്രങ്ങൾ പത്രക്കുറിപ്പുകൾ പുറത്തിറക്കും.
(Release ID: 2075141)
Visitor Counter : 41