വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
ചലച്ചിത്ര നിരൂപണം: വിമർശനം മുതൽ വായന വരെ’ - IFFI 2024-ൽ മാധ്യമ പ്രതിനിധികൾക്ക് ചലച്ചിത്രാസ്വാദനത്തില്‍ പരിശീലനം
#IFFIWood, 19 നവംബര്‍ 2024
വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലെ പ്രസ് ഇൻഫർമേഷൻ ബ്യൂറോ (PIB) പൂനെയിലെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുമായി (FTII) സഹകരിച്ച് ഗോവയിൽ 55-ാമത് ഇന്ത്യാ രാജ്യാന്തര ചലച്ചിത്ര മേളയുടെ (IFFI) ഭാഗമായി. ‘ചലച്ചിത്ര നിരൂപണം: വിമർശനം മുതൽ വായന വരെ’ എന്ന വിഷയത്തിൽ മാധ്യമ പ്രതിനിധികള്‍ക്കായി ആകർഷകമായ ചലച്ചിത്രാസ്വാദന പരിശീലനം സംഘടിപ്പിച്ചു. ചലച്ചിത്ര കലയുടെയും നിര്‍മാണത്തിന്റെയും വിവിധ വശങ്ങളെക്കുറിച്ചും സിനിമകൾ അറിവോടെ വായിക്കാൻ പഠിക്കേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ചും സമഗ്രപഠനത്തിന് IFFI മാധ്യമ പ്രതിനിധികൾക്ക് മാത്രമായാണ് പരിശീലനം സംഘടിപ്പിച്ചത്. പൂനെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോ. ഇന്ദ്രനീൽ ഭട്ടാചാര്യ, പ്രൊഫ. അംലൻ ചക്രവർത്തി, ശ്രീമതി മാലിനി ദേശായി തുടങ്ങിയ ഈ രംഗത്തെ വിദഗ്ധര്‍ പരിശീലനത്തിന് നേതൃത്വം നൽകി.
'ചലച്ചിത്ര അവലോകനത്തിലെ തത്വങ്ങൾ' എന്ന വിഷയം പ്രൊഫ. ഡോ. ഇന്ദ്രനീൽ ഭട്ടാചാര്യ പരിചയപ്പെടുത്തി. തുടർന്ന് പ്രൊഫ. അംലൻ ചക്രവർത്തിയുടെ നേതൃത്വത്തിൽ 'ചിത്രസംയോജനം ഒരു കലാപരമായ ഉപകരണം' എന്ന വിഷയത്തിലായിരുന്നു പരിശീലനം. ‘വെളിച്ചവിന്യാസം ഒരു നാടകീയ ഉപകരണം’ എന്നതിന്റെ പ്രാധാന്യം തേടുന്നതായിരുന്നു പ്രൊഫ. മാലിനി ദേശായിയുടെ നേതൃത്വത്തില്‍ നടന്ന പരിശീലനം.
ചലച്ചിത്രാസ്വാദനം കേവലം പ്രശംസ മാത്രമല്ല, മനസ്സിലാക്കലാണെന്ന പ്രസ്താവനയിലൂടെ പ്രൊഫ. അംലൻ ചക്രവർത്തിയും ചലച്ചിത്രാസ്വാദനത്തിന്റെ പ്രാധാന്യത്തെ എടുത്തുകാട്ടി. ഓരോ ചലച്ചിത്രവും പ്രേക്ഷകരെ സ്വാധീനിക്കുന്ന തരത്തിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ചില സിനിമകൾ നിങ്ങളില്‍ നിലനില്‍ക്കുന്നു, അതെന്തുകൊണ്ടെന്ന് നിങ്ങൾ ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു. 2025 ലെ ഓസ്‌കാർ പുരസ്‌കാരങ്ങൾക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക ചിത്രമായ ‘ലാപതാ ലേഡീസി’നെ ഉദാഹരിച്ച് സിനിമകളിൽ ഉൾച്ചേർത്ത ആഴമേറിയ സാമൂഹ്യ അർത്ഥ തലങ്ങളെക്കുറിച്ച് അദ്ദേഹം വിവരിച്ചു
പിന്നീട് ഹ്രസ്വചിത്രങ്ങളുടെ വിശകലനത്തെക്കുറിച്ച് പ്രൊഫ. ഭട്ടാചാര്യ നടത്തിയ പ്രത്യേക പരിശീലനം ഹ്രസ്വചിത്രങ്ങളുടെ ഘടനയെയും കഥപറച്ചിലിൻ്റെ സാങ്കേതികതയെയും കുറിച്ച് വിലപ്പെട്ട ഉൾക്കാഴ്ചകൾ നല്‍കി.
മാധ്യമങ്ങളുടെ സജീവ പങ്കാളിത്തത്തിന് നന്ദി പറഞ്ഞ NFDC മാനേജിംഗ് ഡയറക്ടർ ശ്രീ പൃഥുൽ കുമാർ ചലച്ചിത്രങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിൽ മാധ്യമങ്ങൾ വഹിക്കുന്ന സുപ്രധാന പങ്ക് എടുത്തുപറഞ്ഞു. ചലച്ചിത്ര ലോകത്തേക്ക് ആഴത്തിൽ ഇറങ്ങിച്ചെല്ലാന്‍ ചലച്ചിത്രാസ്വാദന പരിശീലനം സഹായകമാകുമെന്നും ചലച്ചിത്രങ്ങള്‍ മനസ്സിലാക്കാനും അവയെക്കുറിച്ച് എഴുതുന്നതാനും മാധ്യമങ്ങളെ സജ്ജരകാക്കുമെന്നും സിനിമകളെ മനസ്സിലാക്കേണ്ടതിൻ്റെ പ്രാധാന്യം വ്യക്തമാക്കിക്കൊണ്ട് അദ്ദേഹം പറഞ്ഞു.
സിനിമ ആഘോഷിക്കുന്നതിലും സിനിമകൾ രാജ്യത്തിനകത്തും പുറത്തും എത്തിക്കുന്നതിലും മാധ്യമങ്ങൾ നിർണായക പങ്ക് വഹിക്കുന്നതിനാല്‍ ഗോവന്‍, അഖിലേന്ത്യാ പ്രതിനിധികൾ ഉൾപ്പെടെ ഇന്ത്യയിലുടനീളമുള്ള മാധ്യമങ്ങൾക്ക് ഈ പരിശീലനം ലഭ്യമാക്കിയിട്ടുണ്ടെന്നും അതുകൊണ്ടാണ് മാധ്യമപ്രവര്‍ത്തകര്‍ക്കായി IFFI സമയത്തുതന്നെ പരിശീലനം സംഘടിപ്പിച്ചതെന്നും വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം പശ്ചിമ മേഖല ഡയറക്ടർ ജനറൽ ശ്രീമതി സ്മിത വാട്സ് ശർമ്മ അഭിസംബോധനയില്‍ പറഞ്ഞു. പരിപാടി സാധ്യമാക്കിയതില്‍ FTII-യുടെ വിലമതിക്കാനാകാത്ത പിന്തുണക്ക് അവർ നന്ദി അറിയിച്ചു.
സിനിമകളെ ആഘോഷിക്കുന്നതിനൊപ്പം അവയുടെ സങ്കീർണ്ണമായ വിശദാംശങ്ങളിലേക്ക് ആഴ്ന്നിറങ്ങേണ്ടതിൻ്റെ ആവശ്യകത പിഐബി മുംബൈ ജോയിൻ്റ് ഡയറക്ടർ സയ്യിദ് റബീഹാഷ്മി എടുത്തുപറഞ്ഞു.
ആശയങ്ങൾ കൈമാറുന്നതിലും ചലച്ചിത്രകലയെ മനസ്സിലാക്കാൻ ലോകത്തെ സഹായിക്കുന്നതിലും മാധ്യമങ്ങൾ സുപ്രധാന പങ്ക് വഹിക്കുന്നുവെന്ന് ഇത്തരം സംരംഭങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് പ്രതിപാദിക്കവെ പ്രൊഫ. മാലിനി ദേശായി പറഞ്ഞു. ചലച്ചിത്ര സംവിധായകര്‍ എന്ന നിലയിൽ ഞങ്ങൾ ഞങ്ങളുടെ കാഴ്ചപ്പാടുകൾ പ്രേക്ഷകരോട് ആശയവിനിമയം നടത്തുന്നു. പ്രേക്ഷകരുമായി ആശയവിനിമയത്തിൽ ഏർപ്പെട്ടിരിക്കുന്ന ചലച്ചിത്ര പ്രവര്‍ത്തകരും മാധ്യമ പ്രതിനിധികളും തമ്മിലെ ഈ സംവാദം പരസ്പര വീക്ഷണത്തെക്കുറിച്ചുള്ള ധാരണയെ ഏറെ സമ്പന്നമാക്കിയെന്നും അവര്‍ പറഞ്ഞു.
ചലച്ചിത്ര മാധ്യമപ്രവര്‍ത്തകരെ പരിശീലിപ്പിക്കുന്നതിന് മന്ത്രാലയം നടത്തുന്ന മഹത്തായ ഈ സംരംഭം സിനിമയെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ അറിവ് വർധിപ്പിക്കുമെന്ന് 1999 മുതൽ IFFI റിപ്പോർട്ട് ചെയ്യുന്ന സ്‌ക്രീൻ ഗ്രാഫിയ പ്രതിനിധി ഹർഷിത ഉദ്യമത്തെ അഭിനന്ദിച്ചുകൊണ്ട് പറഞ്ഞു. ഭാവി പതിപ്പുകളിലും ഈ പരിശീലനം ആവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അവര്‍ പറഞ്ഞു.
1983 മുതൽ IFFI-യിൽ പങ്കെടുക്കുന്ന തനിക്ക് ഈ പരിശീലനം ഏറെ വിജ്ഞാനപ്രദവും അറിവു പകരുന്നതുമായിരുന്നുവെന്ന് നാല് പതിറ്റാണ്ടുകളായി IFFI-യില്‍ പങ്കെടുക്കുന്ന മുതിർന്ന മാധ്യമപ്രവർത്തകന്‍ ശ്രീ സത്യേന്ദർ മോഹൻ പറഞ്ഞു 55-ാമത് IFFI-യ്ക്ക് പ്രത്യേക മൂല്യം നല്‍കിക്കൊണ്ട് ആഴത്തിലുള്ള ചലച്ചിത്രാസ്വാദനത്തിന് പരിശീലനം മാധ്യമ പ്രവർത്തകരെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സമാപന സമ്മേളനത്തോടെ അവസാനിച്ച പരിശീലന പരിപാടിയില്‍ പങ്കെടുത്ത 30-ലധികം മാധ്യമ പ്രതിനിധികൾക്ക് ചലച്ചിത്രാസ്വാദനത്തെക്കുറിച്ചുള്ള ധാരണ വർധിപ്പിക്കുന്നതിനുള്ള അവരുടെ ശ്രമങ്ങളുടെ അംഗീകാരമായി സാക്ഷ്യപത്രങ്ങളും വിതരണം ചെയ്തു.
********************
(Release ID: 2074901)
Visitor Counter : 16
Read this release in:
Punjabi
,
Assamese
,
Tamil
,
English
,
Marathi
,
Urdu
,
Hindi
,
Konkani
,
Bengali-TR
,
Gujarati
,
Telugu
,
Kannada