വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ സഹമന്ത്രി ഡോ. എൽ. മുരുകൻ IFFI 2024-ൻ്റെ മുന്നൊരുക്കങ്ങൾ അവലോകനം ചെയ്തു
2024 നവംബര്‍ 20 മുതൽ 28 വരെ ഗോവയിൽ നടക്കുന്ന 55-ാമത് ഇന്ത്യാ രാജ്യാന്തര ചലച്ചിത്ര മേളയുടെ (IFFI) ഒരുക്കങ്ങൾ അവലോകനം ചെയ്യാൻ കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ, പാർലമെൻ്ററികാര്യ സഹമന്ത്രി ഡോ. എൽ. മുരുകൻ ഇന്ന് പ്രധാന പങ്കാളികളുമായി യോഗം ചേര്‍ന്നു.
ചലച്ചിത്രമേള തടസ്സങ്ങളില്ലാതെ നടത്താന്‍ ഏകീകൃത ശ്രമങ്ങളുടെ ആവശ്യകത പ്രതിപാദിച്ച ഡോ. മുരുകൻ ഗോവയുടെ ആഘോഷത്തിൻ്റെ ഊർജ്ജസ്വലമായ ആത്മാവിനെയും സാംസ്കാരിക വൈവിധ്യത്തെയും IFFI പ്രതിഫലിപ്പിക്കണമെന്ന് യോഗത്തില്‍ ഊന്നിപ്പറഞ്ഞു. മേളയെ പുതിയ ഉയരങ്ങളിലെത്തിക്കാൻ എല്ലാ പങ്കാളികളും ആത്മാർത്ഥമായി സഹകരിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.
ഇന്ത്യൻ സിനിമയുടെ വൈവിധ്യം ആഘോഷിക്കാനുള്ള വേദിയെന്ന നിലയിൽ IFFI-യുടെ പ്രാധാന്യം അദ്ദേഹം എടുത്തുപറഞ്ഞു. ഇന്ത്യൻ സിനിമയെ രൂപീകരിക്കുന്ന ഭാഷകളുടെയും സംസ്കാരങ്ങളുടെയും പാരമ്പര്യങ്ങളുടെയും വിപുലമായ വൈവിധ്യത്തെ മേള പ്രതിനിധീകരിക്കേണ്ടത് അനിവാര്യമാണെന്നും പ്രാദേശിക സിനിമകൾ മുതൽ ദേശീയ ജനപ്രിയ സിനിമകൾ വരെ ഇന്ത്യയുടെ സിനിമാ ബഹുസ്വരതയുടെ യഥാർത്ഥ പ്രതിഫലനമായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മേളയുടെ വ്യാപ്തിയും ദൃശ്യപരതയും ലോകമെങ്ങുമെത്തിക്കാനുള്ള ആഗോള മാധ്യമങ്ങളുടെ സാധ്യതകളും ഡോ. മുരുകൻ പ്രതിപാദിച്ചു.
യോഗത്തിന് ശേഷം ചലച്ചിത്രമേളയുടെ ഭാഗമായ ഫിലിം ബസാർ നടക്കുന്ന പ്രൊമെനേഡ്, ഗോവ മാരിയറ്റ് റിസോർട്ട് എന്നിവയുൾപ്പെടെ പ്രധാന വേദികള്‍ ഡോ.മുരുകൻ സന്ദർശിച്ചു. ചലച്ചിത്ര പ്രദർശനങ്ങളുടെ പ്രധാന വേദിയായ കലാ അക്കാദമി, ഐനോക്‌സ് തിയേറ്റർ എന്നിവയും ഈ വർഷത്തെ മേളയുടെ പ്രധാന ആകർഷണമായ 'IFFIesta' എന്ന വിനോദവേദിയ്ക്ക് കളമൊരുങ്ങുന്ന DB ഗ്രൗണ്ടും അദ്ദേഹം സന്ദർശിച്ചു. ചലച്ചിത്രമേളയുടെ ഉദ്ഘാടന-സമാപന ചടങ്ങുകൾക്ക് വേദിയാകുന്ന ഡോ. ശ്യാമപ്രസാദ് മുഖർജി സ്റ്റേഡിയവും സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷൻ്റെ മൾട്ടിമീഡിയ പ്രദർശനമായ ‘സഫർനാമ’യുടെ വേദിയായ ധാരീയ സംഗമും മന്ത്രി സന്ദർശിച്ചു.
ഗോവ ചീഫ് സെക്രട്ടറി ഡോ. വി.കാണ്ഡവേലു, വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം ഡയറക്ടർ ജനറൽ (പടിഞ്ഞാറന്‍ മേഖല) ശ്രീമതി സ്മിതാ വാട്സ് ശർമ; ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ ശ്രീ. പൃഥുൽ കുമാർ, ഗോവ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് സെക്രട്ടറി ശ്രീ രമേഷ് വർമ, ഉത്തര ഗോവ എസ്പി അക്ഷത് കൗശൽ ഐപിഎസ്, വിഐപി സെക്യൂരിറ്റി എസ്പി കിരൺ പൊതുവാൾ, എൻ്റർടൈൻമെൻ്റ് സൊസൈറ്റി ഓഫ് ഗോവ ജനറൽ മാനേജർ ശ്രീമതി മൃണാൽ വാക്ക് ഉൾപ്പെടെ മുതിർന്ന ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.
(Release ID: 2073562)
Visitor Counter : 23