പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

അമേരിക്കൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഡൊണാൾഡ് ട്രംപിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി


ഗംഭീരവും ഉജ്വലവുമായ ഈ വിജയം അമേരിക്കൻ ജനതയുടെ അഗാധമായ വിശ്വാസത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി

ആഗോള സമാധാനത്തിനും സുസ്ഥിരതയ്ക്കും ഇന്ത്യ-അമേരിക്ക സമഗ്ര ആഗോള തന്ത്രപ്രധാന പങ്കാളിത്തത്തിന്റെ പ്രാധാന്യം ഇരുനേതാക്കളും ആവർത്തിച്ചു

വിശാലമായ മേഖലകളിലുടനീളം ഉഭയകക്ഷിബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധത നേതാക്കൾ ആവർത്തിച്ചുറപ്പിച്ചു

Posted On: 06 NOV 2024 11:30PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി ടെലിഫോൺ സംഭാഷണം നടത്തി.

അമേരിക്കയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിനും കോൺഗ്രസ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ വിജയത്തിനും പ്രധാനമന്ത്രി അദ്ദേഹത്തെ ഊഷ്മളമായി അഭിനന്ദിച്ചു.

വിസ്മയകരവും ഉജ്വലവുമായ വിജയം അദ്ദേഹത്തിന്റെ നേതൃത്വത്തിലും കാഴ്ചപ്പാടിലുമുള്ള അമേരിക്കൻ ജനതയുടെ ആഴത്തിലുള്ള വിശ്വാസത്തെ പ്രതിഫലിപ്പിക്കുന്നതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

പ്രസിഡന്റ് ട്രംപിന്റെ ആദ്യ ഊഴത്തിലെ ഇന്ത്യ-അമേരിക്ക പങ്കാളിത്തത്തിന്റെ ഗുണപരമായ മുന്നോട്ടുപോക്കിനെ പ്രതിഫലിപ്പിച്ച പ്രധാനമന്ത്രി, 2019 സെപ്റ്റംബറിൽ ഹൂസ്റ്റണിൽ നടന്ന ഹൗഡി മോദി പരിപാടിയും 2020 ഫെബ്രുവരിയിൽ പ്രസിഡന്റ് ട്രംപിന്റെ ഇന്ത്യാ സന്ദർശന വേളയിൽ അഹമ്മദാബാദിൽ നടന്ന നമസ്‌തേ ട്രംപ് പരിപാടിയും ഉൾപ്പെടെയുള്ള അവരുടെ അവിസ്മരണീയ ആശയവിനിമയങ്ങൾ അനുസ്മരിച്ചു.

ഇരുരാജ്യങ്ങളിലെയും ജനങ്ങളുടെ പ്രയോജനത്തിനും ആഗോള സമാധാനത്തിനും സുസ്ഥിരതയ്ക്കും ഇന്ത്യ-അമേരിക്ക സമഗ്ര ആഗോള തന്ത്രപ്രധാന പങ്കാളിത്തത്തിന്റെ പ്രാധാന്യം ഇരുനേതാക്കളും ആവർത്തിച്ചു.

സാങ്കേതികവിദ്യ, പ്രതിരോധം, ഊർജം, ബഹിരാകാശം തുടങ്ങി നിരവധി മേഖലകളിൽ ഉഭയകക്ഷിബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് ഒരുമിച്ച് പ്രവർത്തിക്കാനുള്ള തങ്ങളുടെ പ്രതിബദ്ധത അവർ ആവർത്തിച്ചു.

***

NK


(Release ID: 2071393) Visitor Counter : 21