രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

രാഷ്ട്രപതി ഛത്തീസ്ഗഢിലെ പണ്ഡിറ്റ് ദീന്‍യാൽ ഉപാധ്യായ സ്മാരക ആരോഗ്യശാസ്ത്ര - ആയുഷ് സര്‍വകലാശാലയുടെ ബിരുദദാന ചടങ്ങിനെ പങ്കെടുത്തു

Posted On: 26 OCT 2024 5:55PM by PIB Thiruvananthpuram

രാഷ്ട്രപതി ദ്രൗപദി മുര്‍മു ഇന്ന് (ഒക്ടോബർ 26, 2024) റായ്പൂരിൽ ഛത്തീസ്ഗഢിലെ പണ്ഡിറ്റ് ദീന്‍യാൽ ഉപാധ്യായ സ്മാരക ആരോഗ്യശാസ്ത്ര - ആയുഷ് സര്‍വകലാശാലയുടെ ബിരുദദാന ചടങ്ങില്‍ പങ്കെടുത്തു.

 

ഛത്തീസ്ഗഡില്‍ ഔഷധസസ്യങ്ങളുടെ വന്‍ശേഖരമുണ്ടെന്ന് ചടങ്ങിൽ സംസാരിക്കവെ രാഷ്ട്രപതി പറഞ്ഞു. ബീജ, ധാവ്ഡ തുടങ്ങിയ വൃക്ഷങ്ങളുടെ ഔഷധ പ്രാധാന്യത്തെക്കുറിച്ച് ഗ്രാമവാസികള്‍ക്കും ഗോത്രവിഭാഗങ്ങള്‍ക്കും അറിയാം. കൃത്യമായ രേഖപ്പെടുത്തലിലൂടെയും ക്രോഡീകരണത്തിലൂടെയും ഈ പരമ്പരാഗത അറിവുകള്‍ സംരക്ഷിക്കാനാവും. ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിലൂടെ അത്തരം വിവരങ്ങൾ വിപുലമായ തോതിൽ ശാസ്ത്രീയമായി ഉപയോഗിക്കാന്‍ സാധിക്കും.

മലമ്പനി, മന്തുരോഗം, ക്ഷയരോഗം തുടങ്ങിയ പകർച്ചവ്യാധികൾ ഇപ്പോഴും പൂർണമായി തുടച്ചുനീക്കപ്പെട്ടിട്ടില്ലെന്ന് രാഷ്ട്രപതി പറഞ്ഞു. ഈ രോഗങ്ങളെ നിര്‍മാര്‍ജനം ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് ഭാരത സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. ആരോഗ്യ പ്രവർത്തകർക്ക് മുൻനിര പോരാളികളെന്ന നിലയിൽ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് സാധാരണക്കാരെ ബോധവല്‍ക്കരിക്കാനാവും. നയ രൂപകർത്താക്കൾക്കും പൊതുജനങ്ങൾക്കുമിടയിൽ ഒരു പാലമായി പ്രവർത്തിക്കാൻ അവർക്ക് സാധിക്കും.

ഗ്രാമപ്രദേശങ്ങൾ സന്ദർശിച്ച് പൊതുജനങ്ങളുടെ യഥാർത്ഥ പ്രശ്‌നങ്ങൾ കണ്ടെത്താൻ ഡോക്ടർമാർക്ക് സാധിക്കുമെന്നും രാഷ്ട്രപതി പറഞ്ഞു. ഗ്രാമപ്രദേശങ്ങളിലെ അവരുടെ താമസം അവരുടെ അനുഭവങ്ങളെ പരിപോഷിപ്പിക്കുകയും സമൂഹത്തോടും രാജ്യത്തോടുമുള്ള ഉത്തരവാദിത്ത ബോധത്തെ ശക്തിപ്പെടുത്തുകയും ചെയ്യും. തൊഴില്‍ ജീവിതത്തിൻ്റെ ഏതാനും വർഷങ്ങൾ ഗ്രാമപ്രദേശങ്ങൾക്കായി സമർപ്പിക്കുന്നത് പരിഗണിക്കണമെന്ന് രാഷ്ട്രപതി ഡോക്ടർമാരോട് അഭ്യർത്ഥിച്ചു.

അധ്യാപകരോടും ഡോക്ടർമാരോടുമുള്ള സമൂഹത്തിന്റെ ആദരമനോഭാവം  സാമൂഹ്യ വിഷയങ്ങളിൽ ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനായി  ഉപയോഗപ്പെടുത്താമെന്ന് രാഷ്ട്രപതി പറഞ്ഞു. ഉദാഹരണത്തിന്, മയക്കുമരുന്നിന്റെ ഉപയോഗം ആരോഗ്യത്തെ മാത്രമല്ല,  സാമൂഹ്യ -  സാമ്പത്തിക നിലകളെയും തരംതാഴ്ത്തുമെന്ന് ജനങ്ങളോട് വിശദീകരിക്കാന്‍ അവര്‍ക്കാവും.  അതുപോലെ രക്തദാനത്തിനും അവയവദാനത്തിനും ജനങ്ങളെ പ്രേരിപ്പിക്കാൻ ഡോക്ടർമാർക്ക് സാധിക്കും.

ബിരുദദാന ദിനം ആഘോഷിക്കാനും ഒപ്പം  ഭാവിയെക്കുറിച്ച് തീരുമാനമടുക്കാനുമുള്ള അവസരമാണെന്ന് രാഷ്ട്രപതി വിദ്യാർഥികളോട് പറഞ്ഞു. അവരുടെ വിദ്യാഭ്യാസത്തിനായി സമൂഹവും സംഭാവന നൽകിയിട്ടുണ്ടെന്ന കാര്യം ഭാവി ആസൂത്രണം ചെയ്യുമ്പോൾ ഓര്‍ക്കേണ്ടതുണ്ടെന്ന് അവര്‍ വിദ്യാര്‍ഥികളെ  ഉപദേശിച്ചു.  വിദ്യാഭ്യാസത്തിനായി സമൂഹം നിക്ഷേപിച്ചത്  സമൂഹത്തിനായി തിരികെ നൽകേണ്ടത് ഓരോരുത്തരുടെയും കടമയാണെന്ന് രാഷ്ട്രപതി ഓർമിപ്പിച്ചു.

2047-ഓടെ ഇന്ത്യയെ വികസിത രാഷ്ട്രമാക്കി മാറ്റുന്നതിൽ വികസിത ഛത്തീസ്ഗഡ്  സുപ്രധാന പങ്ക് വഹിക്കുമെന്ന് രാഷ്ട്രപതി പറഞ്ഞു. ജനങ്ങളുടെ മികച്ച ആരോഗ്യസ്ഥിതി അവരുടെ ഉൽപ്പാദനക്ഷമതയും സർഗാത്മകതയും വർധിപ്പിക്കുന്നതിനാൽ സമഗ്ര വികസനത്തിന് ഏറെ പ്രധാനമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി. അതിനാൽ വികസിത ഛത്തീസ്ഗഢിന്റെ സാക്ഷാത്ക്കാരത്തില്‍ സംസ്ഥാനത്തെ ആരോഗ്യ പ്രവർത്തകർക്ക് സുപ്രധാന പങ്കുവഹിക്കാനുണ്ട്.  

ഛത്തീസ്ഗഢിലെ രണ്ട് എഞ്ചിനീയറിങ് സ്ഥാപനങ്ങളിലും  രണ്ട് മെഡിക്കൽ സ്ഥാപനങ്ങളിലും നടത്തിയ സംവാദങ്ങള്‍ക്കിടെ ലോകത്ത് ന്യായമായ സ്ഥാനം കരസ്ഥമാക്കാന്‍ പൂർണശക്തിയോടെ മുന്നേറുന്ന പുതിയ ഇന്ത്യയുടെ നേര്‍ക്കാഴ്ച യുവാക്കളിൽ കാണാനായെന്നും രാഷ്ട്രപതി പറഞ്ഞു.

********************************




(Release ID: 2068591) Visitor Counter : 12