ഫിഷറീസ്, ആനിമൽ ഹസ്ബൻഡറി & ഡയറി മന്ത്രാലയം
azadi ka amrit mahotsav

കടൽപ്പായൽ വ്യവസായം വർദ്ധിപ്പിക്കുന്നതിന് പുതിയ ഇറക്കുമതി മാർഗ്ഗനിർദ്ദേശങ്ങളുമായി കേന്ദ്രഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരോൽപ്പാദന മന്ത്രാലയം സുപ്രധാന നടപടികൾ സ്വീകരിച്ചു

Posted On: 25 OCT 2024 1:54PM by PIB Thiruvananthpuram

ഒരു സുപ്രധാന നീക്കത്തിൽ, കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരോൽപ്പാദന മന്ത്രാലയം ‘ഇന്ത്യയിലേക്ക് ജീവനുള്ള കടൽപ്പായൽ ഇറക്കുമതി ചെയ്യുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ’ പുറപ്പെടുവിച്ചു . തീരദേശ ഗ്രാമങ്ങളുടെ ഒരു പ്രധാന സാമ്പത്തിക ചാലകമെന്ന നിലയിൽ കടൽപ്പായൽ സംരംഭങ്ങളുടെ വികസനം ശക്തിപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.ഈ പ്രവർത്തനങ്ങളിൽ എല്ലാം പരിസ്ഥിതി സംരക്ഷണത്തിനും ജൈവ സുരക്ഷാ ആശങ്കകൾക്കും പ്രത്യേക പ്രാധാന്യം നൽകിക്കൊണ്ട്, മത്സ്യത്തൊഴിലാളി സമൂഹത്തിൻ്റെ ഉപജീവന സുസ്ഥിരതയും സാമൂഹിക-സാമ്പത്തിക ഉന്നമനവും ഉറപ്പാക്കുകയും ലക്ഷ്യമാക്കുന്നു.


 കർഷകർക്ക്, ഗുണമേന്മയുള്ള കടൽ പായൽ വിത്ത് സ്റ്റോക്ക് ലഭ്യമാണെന്ന് ഉറപ്പാക്കുന്നതിന് മാർഗ്ഗ നിർദ്ദേശം സഹായിക്കും. വിദേശത്ത് നിന്ന് ഉയർന്ന ഗുണമേന്മയുള്ള കടൽ പായൽ വിത്ത് / ജെംപ്ലാസമോ ഇറക്കുമതി ചെയ്തു കൊണ്ട്, ആഭ്യന്തരമായി അവയുടെ ഉൽപാദനം വർദ്ധിപ്പിക്കുകയാണ് മാർഗ്ഗനിർദ്ദേശങ്ങളിലൂടെ ലക്ഷ്യമിടുന്നത്. വാണിജ്യാടിസ്ഥാനത്തിൽ മൂല്യവത്തായ കടൽ പായൽ ഇനങ്ങളുടെ വിത്ത് ലഭ്യതയിലെ കുറവും , ഏറ്റവും സാധാരണയായി കൃഷിചെയ്യുന്ന കടൽപ്പായൽ ഇനമായ കപ്പാഫിക്കസിൻ്റെ വിത്ത് വസ്തുക്കളുടെ ഗുണനിലവാരത്തകർച്ചയുമാണ് നിലവിൽ, രാജ്യത്തെ കടൽപ്പായൽ സംരംഭങ്ങൾ നേരിടുന്ന പ്രധാന വെല്ലുവിളി.

കേന്ദ്ര ഗവൺമെൻ്റിൻ്റെ പ്രധാന പദ്ധതിയായ പ്രധാൻ മന്ത്രി മത്സ്യ സമ്പദ യോജന (പിഎംഎംഎസ്‌വൈ) വഴി, 2025-ഓടെ രാജ്യത്തിൻ്റെ കടൽപ്പായൽ ഉൽപ്പാദനം 1.12 ദശലക്ഷം ടണ്ണിലധികം വർധിപ്പിക്കാൻ ലക്ഷ്യമിടുന്നു. ഇതിന്റെ ഭാഗമായി 127.7 കോടി രൂപ മുതൽമുടക്കിൽ തമിഴ്‌നാട്ടിൽ വിവിധോദ്ദേശ്യ കടൽപ്പായൽ പാർക്ക് സ്ഥാപിക്കുന്നതാണ് സുപ്രധാന പ്രവർത്തന നടപടി.

 ജീവനുള്ള കടൽപ്പായൽ ഇറക്കുമതി ചെയ്യുന്നതിനുള്ള വ്യക്തമായ നിയന്ത്രണ ചട്ടക്കൂട്, സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കൽ, കീടങ്ങളും രോഗങ്ങളും ഉണ്ടെങ്കിൽ അവ തടയുന്നതിനുള്ള കർശനമായ ക്വാറൻ്റൈൻ നടപടിക്രമങ്ങൾ, സാധ്യതയുള്ള ജൈവ സുരക്ഷാ ആശങ്കകൾ തിരിച്ചറിയുന്നതിനുള്ള അപകടസാധ്യതാ വിലയിരുത്തൽ പ്രവർത്തനങ്ങൾ, ഇറക്കുമതിക്ക് ശേഷമുള്ള നിരീക്ഷണം എന്നിവ ഉൾപ്പടെ ജീവനുള്ള കടൽപ്പായൽ ഇറക്കുമതി ചെയ്യുന്നതിന് നിലവിലുള്ള മാനദണ്ഡങ്ങളെ,  ശക്തിപ്പെടുത്തുന്നതിന്  സഹായിക്കുന്ന നിബന്ധനകളാണ് ഈ മാർഗ്ഗനിർദ്ദേശങ്ങൾ മുന്നോട്ടുവയ്ക്കുന്നത്.


പാരിസ്ഥിതിക സുസ്ഥിരതയും സാമ്പത്തിക വളർച്ചയും ഉറപ്പാക്കുന്ന തരത്തിൽ ഉത്തരവാദിത്തമുള്ള കടൽപ്പായൽ കൃഷിയെ ഈ മാർഗ്ഗനിർദ്ദേശം പ്രോത്സാഹിപ്പിക്കും. കൂടാതെ, പുതിയ കടൽപ്പായൽ ഇനങ്ങളുടെ ഇറക്കുമതി, ഗവേഷണത്തിനും വികസനത്തിനും ഉത്തേജനം നൽകും.ഇത് ചുവപ്പ്, തവിട്ട്, പച്ച ആൽഗകളിൽ ഉൾപ്പെടുന്ന വിവിധതരം കടൽപ്പായൽ ഉൽപ്പാദനം വർദ്ധിപ്പിച്ച്, കടൽപ്പായൽ സംസ്കരണത്തിനും മൂല്യവർദ്ധിത സംരംഭങ്ങൾക്കും വഴിയൊരുക്കും. ഇത് രാജ്യത്തിൻ്റെ മൊത്തത്തിലുള്ള കയറ്റുമതി വർദ്ധിപ്പിക്കുകയും തീരദേശ ഗ്രാമങ്ങളുടെ ഉപജീവനം ഉറപ്പാക്കുകയും ചെയ്യും.

 മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, ഇന്ത്യയിലേക്ക് ജീവനുള്ള കടൽപ്പായൽ ഇറക്കുമതി ചെയ്യുന്നതിന്, ഇറക്കുമതിക്കാർ ഫിഷറീസ് വകുപ്പിന് വിശദമായ അപേക്ഷ സമർപ്പിക്കണം.അത് ഇന്ത്യൻ ജല മേഖലയിലേക്ക് വിദേശ ജലജീവികളെ കൊണ്ടുവരുന്നത് നിരീക്ഷിക്കുന്നതിനുള്ള ദേശീയ സമിതി അവലോകനം ചെയ്യും. സമിതിയുടെ അംഗീകാരം ലഭിച്ചാൽ, ഉയർന്ന ഗുണമേന്മയുള്ള കടൽപ്പായൽ ജെo പ്ലാസം ഇറക്കുമതി സുഗമമാക്കിക്കൊണ്ട്, ഫിഷറീസ് വകുപ്പ് നാലാഴ്ചയ്ക്കുള്ളിൽ ഇറക്കുമതി പെർമിറ്റ് നൽകും.


 രാജ്യത്തേക്ക് ജീവനുള്ള കടൽപ്പായൽ ഇറക്കുമതി ചെയ്യുന്നതിനുള്ള സമഗ്രമായ നിയന്ത്രണ ചട്ടക്കൂട്, ഈ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു. ഈ പ്രക്രിയ സുരക്ഷിതമായും സുഗമമായും ഉത്തരവാദിത്തത്തോടെയും നടക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നു. ഈ പുതിയ അവസരങ്ങൾ പ്രയോജനപ്പെടുത്താനും കടൽപ്പായൽ വ്യവസായത്തിൻ്റെ വളർച്ചയ്ക്ക് സംഭാവന നൽകാനും ഗവേഷകർ, സംരംഭകർ, കർഷകർ തുടങ്ങിയ പങ്കാളികളെ കേന്ദ്ര ഫിഷറീസ് വകുപ്പ് പ്രോത്സാഹിപ്പിക്കുന്നു.


(Release ID: 2068084) Visitor Counter : 48